Image

നിലപാട് മാറ്റി കെ.സി.എ; ' ക്രിക്കറ്റ് കാര്യവട്ടത്ത് മതി'

Published on 21 March, 2018
നിലപാട് മാറ്റി കെ.സി.എ; ' ക്രിക്കറ്റ് കാര്യവട്ടത്ത് മതി'
ഇന്ത്യ-വിന്‍ഡീസ് ഏകദിനം കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ വച്ചു നടത്താനുള്ള തീരുമാനത്തില്‍ നിന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പിന്‍മാറുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ക്ക് വേണ്ടി കലൂര്‍ സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ ടര്‍ഫ് നശിപ്പിച്ച് ക്രിക്കറ്റ് മത്സരം നടത്താനുള്ള തീരുമാനത്തിനെതിരെ വ്യാപക എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് കെ.സി.എ നിലപാട് തിരുത്തുന്നത്. 

വിവാദമുണ്ടാക്കി കൊച്ചിയില്‍ കളി നടത്താനില്ലെന്ന് കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. ഇക്കാര്യത്തില്‍ ബ്ലാസ്റ്റേഴ്സുമായോ സര്‍ക്കാരുമായോ ഒരു ഏറ്റുമുട്ടലിനില്ല. ഫുട്ബോളും ക്രിക്കറ്റും ഒരു പോലെ വളരട്ടെ എന്നാണ് തങ്ങളുടെ നിലപാട്. 

വിഷയത്തില്‍ ഇടപെട്ട കായികമന്ത്രി തന്നെ വിളിച്ചിരുന്നു. ഈ വര്‍ഷത്തെ ക്രിക്കറ്റ് മത്സരം കാര്യവട്ടത്ത് തന്നെ നടക്കട്ടെ എന്ന നിര്‍ദേശമാണ് അദ്ദേഹം മുന്‍പോട്ട് വച്ചത്. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് പിടിവാശിയുമില്ലെന്ന് മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ജയേഷ് ജോര്‍ജ് പറയുന്നു. 
വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കെ.സി.എ, ബ്ലാസ്റ്റേഴ്സ്, ജിഡിസിഎ ഭാരവാഹികള്‍ ഇന്ന് യോഗം ചേരുന്നുണ്ട്. ഇപ്പോള്‍ കളി തിരുവനന്തപുരത്തേക്ക് മാറ്റിയാലും ഭാവിയില്‍ കലൂരിലും കാര്യവട്ടത്തും മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള മാനദണ്ഡം ഇന്നത്തെ യോഗത്തിലുണ്ടാവും എന്നാണ് സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക