Image

സബ്‌ കളക്ടര്‍ ദിവ്യ എസ്‌.അയ്യര്‍ ഭൂമിയിടപാട്‌ ഗൗരവത്തിലെടുത്തില്ലെന്ന്‌ റവന്യൂ വകുപ്പിന്റെ കുറ്റപ്പെടുത്തല്‍

Published on 22 March, 2018
സബ്‌ കളക്ടര്‍ ദിവ്യ എസ്‌.അയ്യര്‍ ഭൂമിയിടപാട്‌ ഗൗരവത്തിലെടുത്തില്ലെന്ന്‌ റവന്യൂ വകുപ്പിന്റെ കുറ്റപ്പെടുത്തല്‍

തിരുവനന്തപുരം : ഭൂമിയിടപാടുമായി ബന്ധപ്പെട്ട ലാന്‍ഡ്‌ റവന്യൂ കമ്മിഷണറുടെ റിപ്പോര്‍ട്ട്‌ സബ്‌ കളക്ടര്‍ ദിവ്യ എസ്‌. അയ്യരെ സംരക്ഷിക്കുന്നതെന്ന്‌ റവന്യൂ വകുപ്പിന്റെ കുറ്റപ്പെടുത്തല്‍. കളക്ടര്‍ ഭൂമിയിടപാട്‌ ഗൗരവത്തില്‍ എടുത്തില്ലെന്നും വിഷയത്തില്‍ തുടര്‍ നടപടിയെടുക്കണമെന്നും റവന്യൂ വകുപ്പ്‌ ആവശ്യപ്പെട്ടു.

ഇതിനിടെ, റവന്യൂ മന്ത്രി ആവശ്യപ്പെട്ട്‌ രണ്ടു ദിവസം കഴിഞ്ഞിട്ടും ലാന്റ്‌ റവന്യൂ കമ്മിഷണര്‍ റിപ്പോര്‍ട്ട്‌ നല്‍കിയില്ല. റിപ്പോര്‍ട്ട്‌ വൈകുന്നതില്‍ റവന്യൂ മന്ത്രി അതൃപ്‌തിയിലാണ്‌.

വര്‍ക്കല അയിരൂര്‍ വില്ലേജില്‍ റോഡ്‌ പുറമ്‌ബോക്കാണെന്ന്‌ കണ്ടെത്തി തഹസില്‍ദാര്‍ ഏറ്റെടുത്ത 27 സെന്റ്‌ ഭൂമിയാണ്‌ സബ്‌ കളക്ടര്‍ സ്വകാര്യ വ്യക്തിയ്‌ക്ക്‌ തിരിച്ചു നല്‍കിയത്‌. ദിവ്യ എസ്‌.അയ്യരുടെ നടപടി ഭര്‍ത്താവും എംഎല്‍എയുമായ കെ.എസ്‌ ശബരീനാഥന്റെ താത്‌പര്യപ്രകാരമാണെന്നായിരുന്നു ആരോപണം.

ഇതേതുടര്‍ന്ന്‌ വര്‍ക്കല എംഎല്‍എ വി. ജോയിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യൂ മന്ത്രി അന്വേഷണത്തിന്‌ ഉത്തരവിട്ടു. തിങ്കളാഴ്‌ച വൈകിട്ട്‌ റിപ്പോര്‍ട്ട്‌ നല്‍കാനാണ്‌ ആവശ്യപ്പെട്ടതെങ്കിലും ചൊവ്വാഴ്‌ച കഴിഞ്ഞിട്ടും ലാന്റ്‌ റവന്യൂ കമ്മിഷണര്‍ റിപ്പോര്‍ട്ട്‌ നല്‍കിയില്ല. ഇത്‌ ദിവ്യ എസ്‌.അയ്യരെ സംരക്ഷിക്കാനാണെന്ന്‌ ആക്ഷേപം ഉയര്‍ന്നതാണ്‌ റവന്യൂ മന്ത്രിയുടെ അതൃപ്‌തിയ്‌ക്ക്‌ ഇടയാക്കിയിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക