Image

ഒന്നോ രണ്ടോ പേര്‍ക്കായി വികസന പദ്ധതി ഉപേക്ഷിക്കാനാകില്ല; കീഴാറ്റൂരിലെ വയല്‍ക്കിളി നിലപാട് വ്യക്തമാക്കി പിണറായി

Published on 22 March, 2018
ഒന്നോ രണ്ടോ പേര്‍ക്കായി വികസന പദ്ധതി ഉപേക്ഷിക്കാനാകില്ല; കീഴാറ്റൂരിലെ വയല്‍ക്കിളി നിലപാട് വ്യക്തമാക്കി പിണറായി
കണ്ണൂര്‍ കീഴാറ്റൂരില്‍ ബൈപ്പാസിനെതിരെ സമരം ചെയ്യുന്ന 'വയല്‍ക്കിളികള്‍' പ്രവര്‍ത്തകരോട് യാതൊരു വാശിയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ സര്‍ക്കാരിന് മുന്നില്‍ മറ്റ് വഴികളില്ല. വികസന പദ്ധതികള്‍ നടത്തണമെന്ന് നിര്‍ബന്ധവും വാശിയും വേണം. അല്ലെങ്കില്‍ അത് ഭാവി തലമുറയോട് ചെയ്യുന്ന തെറ്റായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

60 കുടുംബങ്ങളില്‍ 56 പേരും പദ്ധതിയെ പിന്തുണയ്ക്കുന്നുണ്ട്. ഇവരെല്ലാം ഭൂമി നല്‍കാന്‍ സമ്മതിച്ചിട്ടുണ്ട്. ബൈപ്പാസിനോട് എതിര്‍പ്പുള്ളത് മൂന്ന് നാല് കുടുംബത്തിന് മാത്രമാണ്. എന്നാല്‍ പിന്നീട് സമരം നയിക്കാന്‍ കൂടുതല്‍ പേര്‍ എത്തുകയായിരുന്നു. ഒന്നോ രണ്ടോ പേര്‍ക്ക് വേണ്ടി വികസന പദ്ധതി ഉപേക്ഷിക്കാനാകില്ല. ആവശ്യമായ പുനരധിവാസം നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ സമീപനം- മുഖ്യമന്ത്രി വ്യക്തമാക്കി.

ബൈപ്പാസ് നിര്‍മിക്കാന്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം സമരക്കാരെ മുഖ്യമന്ത്രി പൂര്‍ണമായും തള്ളിയിരുന്നു. കീഴാറ്റൂരിനെ നന്ദിഗ്രാമും സിംഗൂരുമായി താരതമ്യപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നും അനാവശ്യ എതിര്‍പ്പുകള്‍ക്കു പാര്‍ട്ടി വഴങ്ങില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക