Image

യൂറോപ്പില്‍ സമ്മര്‍സമയം മാര്‍ച്ച് 25 ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും

Published on 22 March, 2018
യൂറോപ്പില്‍ സമ്മര്‍സമയം മാര്‍ച്ച് 25 ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും

ബ്രൗണ്‍ഷ്വൈഗ്: യൂറോപ്പില്‍ സമ്മര്‍സമയം മാര്‍ച്ച് 25 ന് ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും. ഒരു മണിക്കൂര്‍ മുന്നോട്ടു മാറ്റിവച്ചാണ് സമ്മര്‍ ടൈം ക്രമീകരിക്കുന്നത്. അതായത് പുലര്‍ച്ചെ രണ്ടു മണിയെന്നുള്ളത്് മൂന്നാക്കി മാറ്റും. നടപ്പു വര്‍ഷത്തില്‍ മാര്‍ച്ച് മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഈ സമയമാറ്റം നടത്തുന്നത്്. വര്‍ഷത്തിലെ ഏറ്റവും നീളം കുറഞ്ഞ രാത്രിയാണിത്.

ജര്‍മനിയിലെ ബ്രൗണ്‍ഷ്വൈഗിലുള്ള ഭൗതിക ശാസ്ത്രസാങ്കേതിക കേന്ദ്രത്തിലാണ് (പിറ്റിബി) ഈ സമയമാറ്റ ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നത്. ഫ്രാങ്ക്ഫര്‍ട്ടില്‍ സ്ഥാപിച്ചിട്ടുള്ള ടവറില്‍ നിന്നും സിഗ്്‌നലുകള്‍ പുറപ്പെടുവിച്ച് സ്വയംചലിത നാഴിക മണികള്‍ പ്രവര്‍ത്തിക്കുന്നു. 1980 മുതലാണ് ജര്‍മനിയില്‍ സമയ മാറ്റം ആരംഭിച്ചത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും ഇപ്പോള്‍ സമയ മാറ്റം പ്രാവര്‍ത്തികമാണ്. അതുവഴി മധ്യയൂറോപ്യന്‍ സമയവുമായി (എംഇഇസഡ്) തുല്യത പാലിക്കാന്‍ സഹായകമാകും. പകലിന് ദൈര്‍ഘ്യം കൂടുതലായിരിയ്ക്കും എന്നതാണ് ഇതിന്റെ അടിസ്ഥാനം.

വര്‍ഷത്തിലെ ഒക്ടോബര്‍ മാസം അവസാനം വരുന്ന ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കൂര്‍ പിറകോട്ടു മാറ്റിയാണ് വിന്റര്‍ ടൈം ക്രമപ്പെടുത്തുന്നത്. സമ്മര്‍ടൈം മാറുന്ന ദിവസം നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് ഒരു മണിക്കൂര്‍ ജോലി കുറച്ചു ചെയ്താല്‍ മതി. പക്ഷെ വിന്റര്‍ ടൈം മാറുന്ന ദിനത്തില്‍ രാത്രി ജോലിക്കാര്‍ക്ക് ഒരു മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യുകയും വേണം. ഇത് അധിക സമയമായി കണക്കാക്കി വേതനത്തില്‍ വകയിരുത്തും. രാത്രിയില്‍ നടത്തുന്ന ട്രെയിന്‍ സര്‍വീസിലെ സമയമാറ്റ ക്രമീകരണങ്ങള്‍ ഓട്ടോമാറ്റിക് സംവിധാനങ്ങളാണ് ചിട്ടയായി ചെയ്യുന്നത്.

സമയമാറ്റത്തെ യൂറോപ്യന്‍ ജനത തികച്ചും അര്‍ത്ഥശൂന്യമായിട്ടാണ് ഇപ്പോള്‍ കാണുന്നതെങ്കിലും ആധികാരികമായി ഇതിനൊരു പരിഹാരം യൂറോപ്യന്‍ യൂണിയന്റെ ഭാഗത്തു നിന്നും യൂറോപ്പിലെ മറ്റു രാജ്യത്തു നിന്നും ഉണ്ടായത് പുതിയൊരു ഉണര്‍വ് ഉണ്ടാക്കിയിരിയ്ക്കയാണ്.

ഈ സമയമാറ്റം വേണ്ടെന്നുവെയ്ക്കാന്‍ ഫെബ്രുവരിയില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അനുമതി നല്‍കിയിരുന്നു. 28 അംഗ ഇയു ബ്ലോക്കില്‍ ഹംഗറിയാണ് വിന്റര്‍, സമ്മര്‍ സമയങ്ങള്‍ ഏകീകരിക്കാന്‍ അനുവദിയ്ക്കുന്ന പ്രമേയം ഇയു പാര്‍ലമെന്റില്‍ കൊണ്ടുവന്നതും വോട്ടിനിട്ട് തീരുമാനിച്ചും. എന്നാല്‍ അന്തിമ തീരുമാനം ഇയു കമ്മീഷനു വിട്ടിരിയ്ക്കുകയാണ്. ഇയു കമ്മീഷന്‍ അംഗീകരിച്ചാല്‍ ഒരു പക്ഷെ കഴിഞ്ഞ 28 വര്‍ഷമായി കീഴ്വഴക്കംപോലെ തുടരുന്ന സമയമാറ്റ പ്രക്രിയയിലെ അവസാനത്തെ സമയമാറ്റം ആയിരിയ്ക്കും മാര്‍ച്ച് 25 ന് നടക്കുന്നത്. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക