Image

മനസ്സിലെ ഞെട്ടുറപ്പുള്ള ചക്ക (സനല്‍ നിയോഗം )

സനല്‍ നിയോഗം Published on 23 March, 2018
മനസ്സിലെ ഞെട്ടുറപ്പുള്ള ചക്ക (സനല്‍ നിയോഗം )
ചക്കയെ നമ്മുടെ ഔദ്യോഗിക ഫലമായി പ്രഖാപിച്ചതില്‍ അതി നിഗൂഢമായ ഒരു ആനന്ദം മനസ്സില്‍ ഇല്ലെന്നു പറഞ്ഞാല്‍ അത് മനസ്സാക്ഷിയോടു ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും... ഒരു ഒന്‍പത് അംഗ കുടുംബത്തിന്റെ ദൈനംദിന ജീവിതം നില നിര്‍ത്തുന്നതില്‍ ഒട്ടും കുറവില്ലാത്ത ഒരു പങ്ക് ഈ ചക്കയും വഹിച്ചിട്ടുണ്ടല്ലോ പണ്ട്.

എറണാകുളം മാര്‍ക്കറ്റിലെ തെക്കേവഴിയിലെ കടവരാന്തകളിലൊന്നില്‍ ഇരുന്ന്, മനസ്സില്‍ ഏഴു മക്കളേയും അവരുടെ തള്ളയേയും മാത്രം കുടിയിരുത്തി, ഒരു പകലിലെ മുഴുവനും, പൊടിയും വെയിലും മഴയും വകവയ്ക്കാതിരുന്നുളള കച്ചവടവും കഴിഞ്ഞ്, നാട്ടിലേക്കുള്ള അവസാന ബോട്ടിലെ ഒന്നര മണിക്കൂര്‍ നീണ്ട യാത്രയും ചെയ്ത്, രാത്രി ഏറെ വൈകി ക്ഷീണിച്ച് അവശനായി വിയര്‍ത്തൊട്ടി മുഷിഞ്ഞ വേഷത്തോടെ കയറി വരുന്ന മെല്ലിച്ച ശരീരമുള്ള അച്ഛന്റെ വലത്തേ തോളില്‍ ഒരു ചാക്ക്‌കെട്ട് ഉണ്ടാകും.

അതില്‍ ചിലപ്പോള്‍, മാര്‍ക്കറ്റില്‍ കുറഞ്ഞ വിലക്ക് കിട്ടുന്ന പലതരം പച്ചക്കറികളാകാം. അല്ലെങ്കില്‍ വാടിയ സബര്‍ജിലിയും പൈനാപ്പിളും മാമ്പഴവും പോലുള്ള ആര്‍ഭാടമില്ലാത്ത പഴവര്‍ഗ്ഗങ്ങള്‍. ചിലപ്പോള്‍ പരിപ്പും പയറും കടലയും ശര്‍ക്കരയും പോലുള്ള പലചരക്കു സാധനങ്ങള്‍. മറ്റു ചിലപ്പോള്‍ ഉച്ചക്കത്തെ ചോറിന് കൂട്ടാന്‍ പയറ് ചേര്‍ത്ത് തോരന്‍ വെക്കാനായി, ഉപ്പേരിക്ക് പൊളിച്ചെടുത്ത ശേഷം ബേക്കറിക്കാര്‍ ഉപേക്ഷിച്ച ഏത്തക്കാത്തോടിന്റെ ഒരു മുഴുവന്‍ കുലയാകാം. തോളിലെ ചാക്കുകെട്ടിന്റെ രൂപം ഇത്തിരി ഉരുണ്ടിട്ടാണെങ്കില്‍ തീര്‍ച്ചയായും അത് നല്ലോണം പഴുത്ത് സുഗന്ധം പരത്തുന്ന ഒരു വരിക്കച്ചക്കയാകും.

അച്ഛനെത്തുമ്പോള്‍ ഇളയ കുട്ടികളായ ഞങ്ങള്‍ (ചേട്ടനും അനിയനും ഞാനും) കാത്തിരുന്ന് മടുത്ത് മിക്കപ്പോഴും ഉറങ്ങിപ്പോയിട്ടുണ്ടാകും. അമ്മ കുലുക്കി വിളിമ്പോഴാണ് പിന്നെ കണ്ണുതിരുമി ഒരു സ്വപനത്തില്‍ നിന്നെന്നവണ്ണം ആലസ്യത്തോടെ ഉണര്‍ന്നു വരിക.

അച്ഛന്‍ ചക്ക കൊണ്ടുവരുന്ന ദിവസമാണെങ്കില്‍ അതിന്റെ ചെറിയൊരു കോന്താകും ഞങ്ങള്‍ ഒന്‍പത് പേരുടേയും അന്നത്തെ ഒരു രാത്രിയിലെ ഭക്ഷണം. അത് ഞങ്ങള്‍ക്കന്ന് സമൃദ്ധമായി ഭക്ഷണം കിട്ടിയ രാത്രികളില്‍ ഒന്നാകും.

മുറ്റം നിറയെ മാവുള്ളതുകൊണ്ട് മാമ്പഴക്കാലമായാല്‍ അത്താഴം ഒന്നോ രണ്ടോ മാമ്പമഴത്തില്‍ തീരും. രാത്രി ചക്ക മുറിച്ചാല്‍ അതിന്റെ കുരുവും പൂഞ്ഞിലും എല്ലാം പിറ്റേന്നു മുതല്‍ ഉച്ചക്കത്തെ ചോറിന് പലതരം കറികളായി മുന്നില്‍ വരും. ചക്ക മുറിക്കാന്‍ വേണ്ടിമാത്രം വാള് കത്തി എന്നൊരു കത്തി തന്നെ ഉണ്ടായിരുന്നു അന്ന് വീട്ടില്‍.

അന്നൊക്കെ എന്തു കിട്ടിയാലും നല്ല രുചിചായിരുന്നു. വിശപ്പാണ് ഭക്ഷണത്തിന് രുചി തരുന്നതെന്നു മനസ്സിലാവാന്‍ പിന്നെയും ഒരുപാട് കാലം വേണ്ടിവന്നു. ഏറ്റവും രുചിയുള്ള പഴമായി ഇന്നും മനസ്സിലുള്ളത് ആ പഴയ ചക്കപ്പഴം തന്നെ!

പറയൂ, ഞങ്ങള്‍ എങ്ങനെ മറക്കും, ഒരിക്കല്‍ ഇല്ലായ്മകളിലെ അത്താഴങ്ങളെ സമ്പന്നമാക്കിയ ഈ ചക്കപ്പഴത്തെ!

മനസ്സിലെ ഞെട്ടുറപ്പുള്ള ചക്ക (സനല്‍ നിയോഗം )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക