Image

സൗഹൃദം സംഘടനയെ നയിക്കാന്‍ പ്രചോദനമായി - ജി.കെ. പിള്ള

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 20 March, 2012
സൗഹൃദം സംഘടനയെ നയിക്കാന്‍ പ്രചോദനമായി - ജി.കെ. പിള്ള
ന്യൂയോര്‍ക്ക്‌: സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ നിന്ന്‌ സൗഹൃദപരമായ കൂട്ടായ്‌മയിലേക്കുള്ള മാറ്റമാണ്‌ ഫൊക്കാന പ്രസിഡന്റ്‌ എന്ന നിലയില്‍ തന്റെ ഏറ്റവും വലിയ നേട്ടവും സംഭാവനയുമെന്ന്‌ ഫൊക്കാന പ്രസിഡന്റ്‌ ജി.കെ. പിള്ള വിലയിരുത്തി. സംഘടനയിലെ പിളര്‍പ്പിന്റെ പശ്ചാത്തലത്തിലാണ്‌ സ്ഥാനമേല്‌ക്കുന്നത്‌. എന്നാല്‍, വിമര്‍ശനത്തിന്റെ കൂരമ്പുകള്‍ എറിയുവാനോ ആരുമായെങ്കിലും മത്സരത്തിനൊ താന്‍ തയ്യാറല്ലായിരുന്നു. അത്‌ ഫലം കണ്ടു. ഇപ്പോള്‍ അന്തരീക്ഷം പരമാവധി ശാന്തമാണ്‌. മലയാളികളുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്‍തൂക്കം കൊടുത്തുകൊണ്ട്‌ സംഘടനയെ മുന്നോട്ടു നയിക്കാനാണ്‌ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച്‌ 17 ശനിയാഴ്‌ച
ന്യൂയോര്‍ക്ക്‌ ക്വീന്‍സിലെ ടൈസണ്‍ സെന്ററില്‍ ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയണ്‍ സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ കിക്ക്‌ഓഫിനോടനുബന്ധിച്ച്‌ നടത്തിയ പത്രസമ്മേളനത്തിലാണ്‌ ഫൊക്കാന പ്രസിഡന്റ്‌ തന്റെ മനസ്സു തുറന്നത്‌. പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ഒരു ബിസിനസ്സുകാരനെന്ന നിലയില്‍ മാത്രമാണ്‌ ജനങ്ങള്‍ തന്നെ കണ്ടിരുന്നത്‌. നിശ്ശബ്ദമായി സംഘടനാ രംഗത്ത്‌ താന്‍ ദീര്‍ഘനാളായി ഉണ്ടായിരുന്നു എങ്കിലും പ്രശസ്‌തിക്കോ പേരിനോ വേണ്ടി മുഖ്യധാരയില്‍ വന്നിരുന്നില്ല. പലര്‍ക്കും തന്നില്‍ പ്രതീക്ഷപോലും ഇല്ലായിരുന്നു. സംഘടനാ നേതൃത്വം വിട്ടുകഴിഞ്ഞാലും സമൂഹനന്മയ്‌ക്കായി തന്നാല്‍ കഴിയുന്ന എല്ലാവിധ സഹായസഹകരണങ്ങളും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്‍ ഏറെ പുതുമകള്‍ നിറഞ്ഞതായിരിക്കുമെന്ന്‌ പ്രസിഡന്റും സഹപ്രവര്‍ത്തകരും ഉറപ്പു നല്‍കി. താമസവും ഭക്ഷണവും ഉള്‍പ്പെട്ടതാണ്‌ രജിസ്‌ട്രേഷന്‍. വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ ഭക്ഷണശാലകള്‍ കണ്‍വന്‍ഷന്‍ വേദിയില്‍തന്നെ ഒരുക്കുന്നുണ്ടെന്നുള്ളതാണ്‌ സുപ്രധാനം.

യുവജനങ്ങള്‍ക്ക്‌ ഏറെ പ്രാധാന്യം നല്‍കുന്ന സംഘടനയാണ്‌ ഫൊക്കാനയെന്ന്‌ യുവ നേതാവായ ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ്‌ പറഞ്ഞു. ഫൊക്കാനയുടെ അഭിമാനമായ സ്‌പെല്ലിംഗ്‌ ബീ മത്സരം ഇന്ന്‌ അമേരിക്കയിലുടനീളം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഹൂസ്റ്റണില്‍ ഒരു ദിവസം മുഴുവന്‍ യുവജനങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്നു. അവരുടേതായ കണ്‍വന്‍ഷനായിരിക്കും ആ ദിവസം അരങ്ങേറുക എന്ന്‌ ബോബി പറഞ്ഞു. വിവിധയിനം പരിപാടികള്‍, സെമിനാറുകള്‍ എന്നിവ പ്രത്യേകതയായിരിക്കും. കൂടാതെ, ബാസ്‌ക്കറ്റ്‌ ബോള്‍ മത്സരവും കണ്‍വന്‍ഷന്റെ ഭാഗമായി ഇക്കൊല്ലം നടത്തുന്നുണ്ട്‌. വിജയിക്കുന്ന ടീമിന്‌ 5000 ഡോളറാണ്‌ സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്‌. ഫൊക്കാനയുടെ ചരിത്രത്തില്‍ ഇദംപ്രഥമമായാണ്‌ ഈ മത്സരം.

`അനന്തപുരി' എന്ന്‌ നാമകരണം ചെയ്‌തിരിക്കുന്ന കണ്‍വന്‍ഷന്‍ വേദിയില്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്‌ കണ്‍വന്‍ഷന്‍ ഉത്‌ഘാടനം ചെയ്യാനെത്തുമെന്ന പ്രതീക്ഷയാണുള്ളതെന്ന്‌ ട്രഷറര്‍ ഷാജി ജോണ്‍ പ്രസ്‌താവിച്ചു. കണ്‍വന്‍ഷന്‌ അമേരിക്കന്‍ മലയാളികളില്‍ നിന്ന്‌ നല്ല പ്രതികരണമാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. ഇരുന്നൂറില്‍പരം കുടുംബങ്ങള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്‌തു കഴിഞ്ഞു. വിവിധ ഭാഗങ്ങളില്‍ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫുകള്‍ നടന്നുകൊണ്ടിരിക്കുന്നു.

സാധാരണ കണ്‍വന്‍ഷനുകള്‍ മൂന്നു ദിവസമാണെങ്കില്‍ ഇപ്രാവശ്യത്തെ കണ്‍വന്‍ഷന്‍ നാലു ദിവസമാണെന്ന പ്രത്യേകതയുമുണ്ട്‌. സാമ്പത്തികമായി കണ്‍വന്‍ഷന്‌ ബാധ്യതയൊന്നും വരുത്തുകയില്ലെന്ന്‌ ഷാജി ജോണ്‍ പറഞ്ഞു.

2012-ലെ കണ്‍വന്‍ഷനില്‍ വെച്ചായിരിക്കും ഫൊക്കാനയുടെ ഇലക്ഷന്‍ നടക്കുക. സുഗമമായ നടത്തിപ്പിന്‌ ഒരു കമ്മീഷണറും രണ്ടു മെംബര്‍മാരുമടങ്ങുന്ന ഒരു കമ്മിറ്റിയായിരിക്കും ഇലക്ഷന്‍ നിയന്ത്രിക്കുക. പ്രശനങ്ങളൊന്നുമില്ലാത്ത ഒരു സാഹചര്യമാണെങ്കില്‍ പോലും, യാതൊരു വേര്‍തിരിവുമില്ലാതെ എല്ലാ സംഘടനകളിലേയും ഡലിഗേറ്റ്‌സിനെ ഉള്‍പ്പെടുത്തിക്കൊണ്ട്‌ സത്യസന്ധമായ രീതിയിലായിരിക്കും ഇലക്ഷന്‍ നടത്തുക എന്ന്‌ രാജന്‍ പടവത്തില്‍, ജോണ്‍ ഐസക്‌ എന്നിവര്‍ പ്രസ്‌താവിച്ചു.

വനിതകള്‍ക്കായി പ്രത്യേകം പരിപാടികള്‍ ഉണ്ടായിരിക്കുമെന്ന്‌ എക്‌സി.വൈസ്‌ പ്രസിഡന്റ്‌ ലീലാ മാരേട്ട്‌ പറഞ്ഞു.?2010 ആല്‍ബനി കണ്‍വന്‍ഷനില്‍ അതിവിപുലമായ രീതിയില്‍ ഒരു യൂത്ത്‌ സെമിനാര്‍ നടത്തിയതുപോലെ ഈ വര്‍ഷവും യൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അതിഗംഭീരമായ പരിപാടികളാണ്‌ ഹൂസ്റ്റണില്‍ പ്ലാന്‍ ചെയ്‌തിരിക്കുന്നതെന്ന്‌ ട്രസ്റ്റീ ബോര്‍ഡിന്റെ യുവജന പ്രതിനിധിയും കണ്‍വന്‍ഷന്‍ വൈസ്‌ ചെയര്‍മാനുമായ ഗണേശ്‌ നായര്‍ പറഞ്ഞു.

യുവജനങ്ങളുടെ സജീവസാന്നിദ്ധ്യത്തില്‍ അതിവിപുലമായ കണ്‍വന്‍ഷനാണ്‌ ഇക്കൊല്ലം വിഭാവനം ചെയ്‌തിരിക്കുന്നതെന്നും, ഈ മാമാങ്കത്തിലേക്ക്‌ വടക്കേ അമേരിക്കയിലേയും കാനഡയിലേയും എല്ലാ മലയാളികളേയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു എന്നു ചിക്കാഗോയില്‍ നിന്നുള്ള അഗസ്റ്റിന്‍ കരിംകുറ്റിയില്‍ അഭ്യര്‍ത്ഥിച്ചു.

അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക്‌ നമ്മുടെ യുവജനങ്ങളെ എങ്ങനെ കൊണ്ടുവരാമെന്ന ചര്‍ച്ച ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും,അതിനുവേണ്ടി ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കാന്‍ ജനറല്‍ കൗണ്‍സിലിനോട്‌ ആവശ്യപ്പെടാന്‍ നാഷണല്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്നും ഫൊക്കാന ജോയിന്റ്‌ ട്രഷറര്‍ വര്‍ഗീസ്‌ പാലമലയില്‍ പ്രസ്‌താവിച്ചു.

ചിക്കാഗോയില്‍ ഏകദേശം അഞ്ഞൂറോളം യുവജനങ്ങളെ പങ്കെടുപ്പിച്ച്‌ ഒരു കണ്‍വന്‍ഷനും വോളിബോള്‍ മത്സരവും സംഘടിപ്പിക്കാന്‍ കഴിഞ്ഞു എന്നും, ഹൂസ്റ്റണ്‍ കണ്‍വന്‍ഷനില്‍ കഴിയുന്നത്രയും യുവജനങ്ങളെ പങ്കെടുപ്പിക്കുമെന്നും മറിയാമ്മ പിള്ള പറഞ്ഞു. കേരളത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല, ആതുര ശുശ്രൂഷാ രംഗത്തും ഫൊക്കാനയുടെ പ്രാതിനിധ്യം ഇപ്പോള്‍ ഉണ്ട്‌. കൂടാതെ, അമേരിക്കയില്‍ മാത്രമല്ല കേരള സര്‍ക്കാരുമായി സഹകരിച്ച്‌ അവിടെയും സ്‌പെല്ലിംഗ്‌ ബീ സംഘടിപ്പിക്കാനുള്ള ചര്‍ച്ചകളും നടന്നു വരുന്നു എന്ന്‌ അവര്‍ പറഞ്ഞു.

ഈ വര്‍ഷത്തെ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന അതിഥികള്‍ ആരുംതന്നെ നിരാശരാകേണ്ടി വരില്ല എന്ന്‌ ബാങ്ക്വറ്റ്‌ കോ-ഓര്‍ഡിനേറ്ററായ ജോസഫ്‌ കുരിയപ്പുറം പറഞ്ഞു. ഫൈവ്‌ സ്റ്റാര്‍ ഹോട്ടലില്‍ ഫൈവ്‌ സ്റ്റാര്‍ സെറ്റപ്പില്‍ തന്നെ വിഭവസമൃദ്ധമായ ഭക്ഷണം നാലു ദിവസവും  വിളമ്പുന്നതയിരിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.
സൗഹൃദം സംഘടനയെ നയിക്കാന്‍ പ്രചോദനമായി - ജി.കെ. പിള്ള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക