Image

നോമ്പിന്റെ വഴികളിലൂടെ...(പകല്‍ക്കിനാവ്- 99: ജോര്‍ജ് തുമ്പയില്‍)

Published on 23 March, 2018
നോമ്പിന്റെ വഴികളിലൂടെ...(പകല്‍ക്കിനാവ്- 99: ജോര്‍ജ് തുമ്പയില്‍)
ഈശ്വരനെ ഹൃദയത്തോടു ചേര്‍ത്തു വയ്ക്കുന്ന അനുഭവമാണ് നോമ്പുകാലം ഓരോരുത്തര്‍ക്കും പ്രദാനം ചെയ്യുന്നത്. നോമ്പു നാളുകളില്‍ ഉരുത്തിരിയേണ്ട നോവുകളെക്കുറിച്ചും നൊമ്പരങ്ങളെക്കുറിച്ചും ആലോചിക്കേണ്ട സമയമാണിത്. ത്യാഗത്തിന്റെയും സഹനത്തിന്റെയും നേര്‍സാക്ഷ്യങ്ങളാണിത്. ശരിക്കും നോമ്പിന്റെ പ്രസക്തി എന്താണ്? ഇന്ന് പലര്‍ക്കും അരോചകമായി തോന്നാവുന്ന ഒരു പദമായി നോമ്പു മാറിയിട്ടുണ്ടോ എന്ന് ന്യായമായും ഇപ്പോള്‍ സംശയിക്കേണ്ടതുണ്ട്. ആധുനിക കാലത്ത് വ്രതശുദ്ധി നിറഞ്ഞ നോമ്പിനോടുള്ള മനുഷ്യന്റെ സമീപനവും കാഴ്ചപ്പാടുകളും ഏറെ വികലമായി മാറിയിട്ടുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

മാനസാന്തരത്തിന്റെ കണ്ണുനീര്‍ ഒഴുകി ഓരോരുത്തരിലുമുള്ള പാപത്തിന്റെ അഗ്നിജ്വാലകളെ കെടുത്തിക്കളയാന്‍ ഈ നോമ്പ് കാലത്തിനു കഴിയണം. ഓരോരുത്തരിലും പാപത്തിന്റെ കറയുണ്ട്. മനസ്സില്‍ നിറഞ്ഞു പതയുന്ന ഈ വിഷത്തെ പുറത്തേക്ക് ഒഴുക്കി കളയാന്‍, പാപത്തിന്റെ വേരിനെ പിഴുതെറിയാന്‍ ഓരോരുത്തരും സ്വയം മാറേണ്ടതുണ്ട്. അതിനുള്ള വഴിയാണ്, നോമ്പിന്റെ ഈ തീര്‍ഥാടനകാലം. അറ്റു പോയ ഓരോ ബന്ധങ്ങളും അരുമയോടെ പുതുക്കലാണ് അതിന്റെ ലക്ഷ്യം. നിലതെറ്റി പോയ ജീവിതം പാപരഹിതമായി ക്രമപ്പെടുത്തലാണത്. അതിനു വേണ്ടി പാപത്തിന്റെ കയത്തില്‍ നിന്നും പൊന്തി വന്നു മാനസാന്തരപ്പെടുക എന്നതാണ് നമുക്ക് ഇവിടെ അനുഷ്ഠിക്കാനുള്ള കര്‍മ്മം. അതിനായി നാം സ്വയം തിരിച്ചറിഞ്ഞ്, സ്വയം മാനസാന്തരപ്പെട്ട്, സ്വയം അവനവനിലെ ദുഷ്ടതകളില്‍ നിന്നും പുറന്തോട് പൊളിച്ചു പുറത്തു വരണം. അത്യന്തികമായി ദൈവത്തോടു ചേര്‍ന്നു സഞ്ചരിക്കുക മാത്രമാണ് അതിനുള്ള പ്രതിവിധി. അതിനായി ഒരുങ്ങിയിറങ്ങേണ്ട കാലമാണിത്.

ഒരാള്‍ എങ്ങനെ വ്രതശുദ്ധിയുള്ള മനുഷ്യനായി മാറും? മനസും ഹൃദയവും ചുമക്കുന്ന അധിക ഭാരങ്ങള്‍ നീക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. അധികഭാരങ്ങള്‍ എന്നാല്‍ നമുക്ക് ആവശ്യമുള്ള അഹങ്കാരം, വെറുപ്പ്, സേച്ഛ്വാധിപത്യം എന്നു തുടങ്ങി ഒരിക്കലും മനുഷ്യ നന്മയ്ക്കു ഹിതമല്ലാത്തതു ചുമക്കുന്നു എന്നുള്ളതാണ്. അതിനാല്‍ തന്നെ നോമ്പ് ബാഹ്യതകളെ മുറിച്ചെറിയുക എന്നതിലുപരി ആന്തരികതയെ ക്രമവത്കരിക്കുക എന്നതിലേക്കു വിരല്‍ചൂണ്ടുന്നു. മതവിദ്വേഷത്തിന്റെയും വര്‍ഗ്ഗീയതയുടെയും എന്തിന് അയല്‍ക്കാരനോടുള്ള വിദ്വേഷത്തിന്റെയും മുന്നില്‍ മുട്ടു കുത്തി കൊണ്ടു പാപങ്ങള്‍ ഏറ്റുവാങ്ങി, നമുക്കു മനുഷ്യനായി ഉയിര്‍ക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കണം ഈ വ്രതശുദ്ധിയുള്ള നാളുകളെ നാം കാണേണ്ടത്. തന്നെ ദ്രോഹിക്കുന്നവരെ, തന്നെ തള്ളിപ്പറയുന്നവരെ, തന്നെ അപമാനിക്കുന്നവരെയെല്ലാം ദൈവചനത്തിന്റെ സമഗ്രമായ സ്വാധീനം പകര്‍ന്നു നല്‍കി കൂടെ നിര്‍ത്താന്‍ നോമ്പ് നോല്‍ക്കുന്ന ഓരോരുത്തര്‍ക്കും കഴിയണം. അതൊരു സ്വര്‍ഗ്ഗീയമായ അനുഭവമാണ്. അതാണ് നമ്മുടെ ഫലവും, അനുഭവിക്കാന്‍ കഴിയേണ്ടതും. അതു സമര്‍പ്പണത്തിന്റെ പാഥേയമാണ്. അതാണ് ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്വര്‍ഗ്ഗസന്നിധി. അതാണു മനുഷ്യത്വത്തിന്റെ ദിവ്യതയായി പ്രോജ്വലിക്കേണ്ടത്.

അതിനിടയിലും അറിയണം, വര്‍ഗീയതയുടെ അഴിഞ്ഞാട്ടങ്ങളെ, അതിന്റെ വേദനകളെ കണ്ടില്ലെന്നു നടിക്കരുതെന്ന സത്യം. പിഞ്ചു കുഞ്ഞുങ്ങളെ കാലില്‍ പിടിച്ചു കത്തിയിലേക്ക് എറിയുന്ന ചരിത്രഗാഥകളെ തിരച്ചറിയണം. ബോംബുകളുടെ അലര്‍ച്ചയും നിലവിളിയും ക്രൗരതയുടെ കാഹളവും ഓര്‍ക്കണം. ഇവ നമുക്ക് പകര്‍ന്നു തരുന്നത് എത്രയോ നരകതുല്യമായ ജീവിതങ്ങളാണ്. ഇതെല്ലാം നമുക്കു ചുറ്റുമുണ്ട്. അതിനെ നമുക്ക് തരണം ചെയ്യണം. ദുരിതമനുഭവിക്കുന്നവരെയും അവശവിഭാഗങ്ങളെയും ചേര്‍ത്തു പിടിക്കണം. അവരോടു നാം സ്വര്‍ഗ്ഗരാജ്യത്തിന്റെ മഹത്വത്തെക്കുറിച്ച് ഉദ്‌ഘോഷിക്കണം. അതിനുള്ള സ്വയം ഒരുങ്ങലാണ്, ഈ വ്രതനാളുകള്‍. ഈ ത്യാഗോജ്വലമായ ദിനരാത്രങ്ങള്‍ നമ്മുടെ ഹൃദയ പ്രഘോഷണമായി തിരിച്ചറിയണം.

സഹനങ്ങളുടെ ദുര്‍ഘടങ്ങളില്‍ വീണുടഞ്ഞ് ക്രിസ്തുവിന്റെ സൗരഭ്യമായി മാറാന്‍, ഈ വലിയ നോമ്പുകാലത്തിലൂടെ നമുക്കു കഴിയണം. മഹത്വത്തിന്റെ മലമുകളില്‍ നിന്നും ഉയിര്‍ക്കാന്‍ നമുക്കു കഴിയണം. അറിയണം, അതിനൊരു ലളിതക്രിയയുമില്ല പകരം വയ്ക്കാന്‍. കേവലമായ മാനസിക ധ്യാനത്തിന്റെ സുഖാലസ്യമല്ല നമുക്കു വേണ്ടത്, വിശ്വാസമാകുന്ന കടന്നുപോകലിന് അതൊരിക്കലും ബലം പകരില്ല. ജീവിതത്തിന്റെ പടവുകളില്‍ ചുവടുറപ്പിച്ച് ജീവിതാനുഭവങ്ങളില്‍ ക്രിസ്തുരഹസ്യങ്ങള്‍ ചേര്‍ത്തുവച്ച് സ്ഫുടം ചെയ്യണം. ദൈവത്തിലേക്കുള്ള പ്രവേശന പടികള്‍ ക്ഷമിക്കലും പാദംകഴുകലുമാണ്. ഒപ്പം, ഇന്ദ്രിയങ്ങളെ നിജപ്പെടുത്തി ഉപയോഗിക്കലാണ്. ഉറച്ച വിശ്വാസത്തെ ഹൃദയത്തോടു ചേര്‍ത്തു വെക്കലാണ്.

ജീവിതത്തില്‍ ഓരോ നിമിഷവും നാം നേരിടുന്നത് തിരസ്ക്കരണാനുഭവങ്ങളാണെന്നും നമുക്ക് കൈപിടിച്ച് നടക്കാന്‍ നമ്മുടെ വിശ്വാസജീവിതം മാത്രമേയുള്ളുവെന്നു തിരിച്ചറിയുമ്പോഴാണ് യഥാര്‍ത്ഥ്യത്തില്‍ നോമ്പുകാല ജീവിതം സാര്‍ത്ഥകമാവുന്നത്. സുബോധം നഷ്ടപ്പെട്ടവനായും, തച്ചന്റെ മകനായും, ദൈവദൂഷകനായും ജീവിത വഴിയില്‍ എണ്ണപ്പെട്ട ക്രിസ്തുവിന്റെ മുഖത്തേക്ക് നോക്കാന്‍ നൊമ്പരമുരുക്കുന്ന തിരസ്ക്കാരാനുഭവങ്ങളെ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നതാകണം നോമ്പിന്റെ വഴി. ഈ നോമ്പിന്റെ വഴിയിലൂടെ നടന്നു കയറുമ്പോള്‍ നാമറിയുന്നു, ത്യാഗത്തിന്റെയും സഹനത്തിന്റെയും യഥാര്‍ത്ഥ വേദന. അതാണ് നമുക്ക് നഷ്ടപ്പെട്ടതും നാളിതുവരെ നാം അന്വേഷിച്ചു നടന്നതും. അതിനു വേണ്ടിയാണ് നാം ക്രൂരനായത്. അതിനു വേണ്ടിയാണ് നാം ബന്ധങ്ങള്‍ അറ്റുമുറിച്ചത്. അതിനു വേണ്ടിയാണ് നാം തന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടിയത്. നാം അന്വേഷിച്ചു നടന്നതു നമ്മുടെ ഉള്ളില്‍ തന്നെയുണ്ടെന്ന തിരിച്ചറിവു നല്‍കുന്ന ഈ നോമ്പിന്റെ വഴി നിങ്ങളെ ഓരോരുത്തരെയും ശുദ്ധമാക്കട്ടെ എന്നു മാത്രം പ്രാര്‍ത്ഥിക്കുന്നു.
Join WhatsApp News
Ninan Mathullah 2018-03-24 07:11:49
Thanks for sharing good thoughts.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക