Image

ഭൂമിയിടപാട്: മെത്രാന്മാരുടെ സംയുക്ത പ്രസ്താവന, പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടും

Published on 24 March, 2018
ഭൂമിയിടപാട്: മെത്രാന്മാരുടെ സംയുക്ത പ്രസ്താവന, പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടും
എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിവിവാദവുമായി ബന്ധപ്പെട്ട് ഇന്നലത്തെ വൈദികസമിതി യോഗത്തിനു ശേഷം മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും മാര്‍ ജോസ് പുത്തന്‍വീട്ടിലും ഒപ്പിട്ടു പ്രസിദ്ധീകരണത്തിനു നല്കിയ പ്രസ്താവനയുടെ പൂര്‍ണരൂപം:

എറണാകുളം അങ്കമാലി വൈദിക സമിതി യോഗം അതിരൂപതയുടെ ഭൂമിവിവാദവുമായി ഉടലെടുത്ത പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരത്തിന് ഉള്ള തുടക്കമായെന്നതില്‍ ഏറെ സന്തോഷമുണ്ട്. തുടര്‍ ചര്‍ച്ചകളിലൂടെയും നടപടികളിലൂടെയും ഈ പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടും. 

സോഷ്യല്‍ മീഡിയയിലൂടെയും ടിവി ചാനലുകളിലൂടെയും തെറ്റായ വിവരങ്ങള്‍ നല്കി ഈ പ്രശ്‌നം ആളിക്കത്തിച്ചത് ദൗര്‍ഭാഗ്യകരമായിപ്പോയി. ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുന്നു:

1. അതിരൂപതയിലെ പിതാക്കന്മാരെയും വൈദികരെയും വിശ്വാസസമൂഹത്തെയും അധിക്ഷേപിച്ചുകൊണ്ട് ഒരു വിഭാഗം സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ തെറ്റായ പ്രചരണങ്ങളോട് പൂര്‍ണമായും വിയോജിക്കുന്നു.

2. മെത്രാപ്പോലീത്തയ്ക്കു വേണ്ടിയോ സഭയ്ക്കുവേണ്ടിയോ സംസാരിക്കാന്‍ ആരെയും ചാനലുകളിലോ മറ്റു മാധ്യമങ്ങളിലോ നിയോഗിച്ചിട്ടില്ല. ആവശ്യമുള്ള സമയങ്ങളില്‍ നിര്‍ദേശപ്രകാരം ഔദ്യോഗിക വക്താക്കള്‍ സംസാരിക്കുന്നതാണ്.

3. ഈ പ്രശ്‌നത്തിന് സീറോ മലബാര്‍ സഭയിലെ ആരാധനക്രമ വിവാദവുമായി യാതൊരു ബന്ധവുമില്ല.

എറണാകുളം അതിരൂപതയിലെ വൈദികരും സന്യസ്തരും അത്മായരും സംഘാതമായി സഭയിലെ പ്രശ്‌നങ്ങള്‍ ക്രിസ്തീയ ചൈതന്യത്തില്‍ പരിഹരിച്ചിട്ടുള്ള പാരന്പര്യത്തിന്റെ വെളിച്ചത്തില്‍ ഈ പ്രശ്‌നത്തെയും മറികടന്ന് മുന്നോട്ടു പോകാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് പ്രത്യേകം നന്ദി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക