Image

രേഖാ നായര്‍ക്ക് നാമം മാനവികതയ്ക്കുള്ള 2018 എക്സലന്‍സ് അവാര്‍ഡ്

ഫ്രാന്‍സിസ് തടത്തില്‍ Published on 24 March, 2018
രേഖാ നായര്‍ക്ക് നാമം മാനവികതയ്ക്കുള്ള   2018 എക്സലന്‍സ്  അവാര്‍ഡ്
ന്യൂജേഴ്സി :- പ്രാണന്‍ പകുത്തു നല്‍കാന്‍ ജീവന്റെ അവയവം മുറിച്ചു നല്‍കിയ രേഖാ നായര്‍ക്ക് നോര്‍ത്ത് അമേരിക്കന്‍ മലയാളി ആന്‍ഡ് അസോസിയേറ്റഡ് മെമ്പേഴ്‌സിന്റെ (നാമം-NAMAM ) ഈ വര്‍ഷത്തെ നാമം 2018 എക്സലന്‍സ്   അവാര്‍ഡ് ഫോര്‍ ബെസ്റ്റ് ഹ്യുമാനിറ്റേറിയന്‍ പുരസ്‌കാരം. ഒരു പക്ഷേ അമേരിക്കയിലെ മലയാളികളിലാര്‍ക്കും തന്നെ മനസറിഞ്ഞു ചെയ്യാന്‍ കഴിയാത്ത കാര്യമായ വൃക്കദാനം എന്ന മഹാദാനത്തിലൂടെയാണ് മാനവികത (humanity ) യുടെ യശഃസ്സ് വാനോളമുയര്‍ത്തിയത്.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം പരിചയപ്പെട്ടിട്ടുള്ള ഒരു യുവതിയുടെ ആയുസ്സിനു ദൈര്‍ഘ്യം കൂട്ടാന്‍ ഈശ്വരന്‍ നേരിട്ടു നിയോഗിച്ച ഈ ചെറുപ്പക്കാരി ദൈവം തോന്നിപ്പിച്ച ഒരു ഉള്‍വിളി എന്നപോലെയാണ് അവളെ അറിയുവാനും പിന്നീട് വിളിക്കുവാനും പ്രേരിതയായത്. വൃക്കരോഗം വൃക്കമാറ്റി വെയ്ക്കലിന്റെ വക്കോളമെത്തിയപ്പോഴാണ് നിനച്ചിരിക്കാത്ത നേരത്ത് ഒരു ദിവസം രേഖയുടെ ടെലിഫോണ്‍ സന്ദേശവും ടെക്സ്റ്റ് മെസേജും 2017 ഏപ്രില്‍ മാസത്തില്‍ ആശ്വാസ ദൂതായി എത്തിയത്. അങ്ങനെ 2017 ജൂലൈ 11-ന് ആ മഹത്തായ സംഭവം നടന്നു. രേഖയുടെ ഒരു കിഡ്നി ആ യുവതിയില്‍ പറിച്ചു നട്ടു. ന്യൂജേഴ്സിയിലെ ലിവിംഗ്സ്റ്റണിലുള്ള സെയിന്റ് ബര്‍ണ്ബാസ് മെഡിക്കല്‍ സെന്ററില്‍ നടന്ന കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രീയ വിജയകരമായി പൂര്‍ത്തീകരിക്കപ്പെട്ടപ്പോള്‍ ആ യുവതിയുടെ ജീവിതത്തിന്റെ ഒരു പുതിയ ഏടു തുറക്കുകയായിരുന്നു. മനമുരുക്കി നൈവേദ്യമായി നല്‍കിയ പ്രാത്ഥനകള്‍ കേട്ട ദൈവം മനമറിഞ്ഞു നല്‍കിയ കൃപ ലഭിച്ചത് ഹൃദയത്തില്‍ ദൈവത്തിനിന്റെ കൈയ്യൊപ്പ് ചാര്‍ത്തിയ രേഖ എന്ന കാരുണ്യത്തിന്റെ നിറകുടത്തിലൂടെയായിരുന്നു. തനിക്കു ലഭിച്ച പുതുജീവന് ഒരായിരം നന്ദിയും കടപ്പാടും അര്‍പ്പിച്ചുകൊണ്ട് ആ പൂര്‍ണ്ണ ആരോഗ്യത്തോടെ ആശുപത്രിയില്‍ നിന്നും മടങ്ങിയപ്പോള്‍ രേഖയാകട്ടെ ഒരു വലിയ കര്‍ത്തവ്യം നിര്‍വ്വഹിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ എപ്പോഴും മുഖത്തു നിറയുന്ന നിറപുഞ്ചിരിയോടെ സാധാരണ ജീവിതത്തിലേക്കും മടങ്ങി.

2017 വര്‍ഷത്തില്‍ അമേരിക്കയിലും ഇന്ത്യയിലുമൊക്കെയായി മാധ്യമങ്ങളില്‍ വലിയ ന്യൂസ്മേക്കര്‍ എന്ന പദവി അലങ്കരിച്ച രേഖയെ തേടി എത്തിയത് അനുമോദനങ്ങളുടെയും പുരസ്‌കാരങ്ങളുടെയും ബഹുമതികളുടെയും പെരുമഴ തന്നെയായിരുന്നു. അതുകൊണ്ടു തന്നെ 'നാമ'ത്തിന്റെ ഈ വര്‍ഷത്തെ മാനവികതയ്ക്കുള്ള പുരസ്‌കാരം രേഖയ്ക്ക് നല്‍കാനുള്ള തീരുമാനവും നൂറുശതമാനവും നീതീകരിക്കപ്പെട്ടതാകുന്നു. നാമം 2018 എക്‌സലന്റ് അവാര്‍ഡ് ഫോര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡിന് രേഖക്കു നല്‍കുക എന്നതില്‍ ഒരേ സ്വരമാണുണ്ടായതെന്നു നാമം സ്ഥാപകനും സെക്രട്ടറി ജനറലുമായ മാധവന്‍ ബി.നായര്‍, പ്രസിഡന്റ് മാലിനി നായര്‍, അഡ്വസറി കമ്മിറ്റി ചെയര്‍മാന്‍ ഗീതേഷ് തമ്പി, സെക്രട്ടറി സജിത്ത് ഗോപിനാഥ്, വൈസ് പ്രസിഡന്റ് ആശാ നായര്‍, ട്രഷറര്‍ അനിത നായര്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രീയ സുബ്രഹ്മണ്യം, വര്‍ഗ്ഗീസ് ആന്റണി, രഞ്ജിത്ത് പിള്ള, തുമ്പി അന്‍സൂദ്, വിനി നായര്‍, സുനില്‍ നമ്പ്യാര്‍, ഡോ. പദ്മജ നായര്‍ എന്നിവര്‍ എന്നിവര്‍ സംയുക്തമായി അറിയിച്ചു. ലോകം മുഴുവനുമുള്ള പ്രവാസി മലയാളികളുടെ അഭിമാനമായി മാറിയ രേഖയെ ആദരിക്കുന്നതിലൂടെ നാമം ലോകം മുഴുവനുമുള്ള മലയാളികള്‍ക്കുള്ള ആദരം രേഖക്ക് സമര്‍പ്പിക്കുകയാണെന്ന് മാധവന്‍ ബി. നായര്‍ അഭിപ്രായപ്പെട്ടു. ഏപ്രില്‍ 28-ന് വൈകുന്നേരം 5ന് ന്യൂജേഴ്സിയിലെ എഡിസണിലുള്ള റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ നടക്കുന്ന ചടങ്ങില്‍ രേഖാനായര്‍ പുരസ്‌കാരം ഏറ്റുവാങ്ങും.

വൃക്കദാനം എന്ന മഹാത്യാഗത്തിലൂടെ അമേരിക്കന്‍ മലയാളികളുടെ യശഃസുയര്‍ത്തിയ രേഖ നായര്‍ അവയവദാനത്തിന്റെ പ്രവാസി മലയാളികളുടെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ എന്തുകൊണ്ടും യോഗ്യതയുള്ള ആളാണെന്ന കാര്യം നിസംശയം പറയാം. 2017 ജനുവരിയിലാണ് രേഖനായര്‍ വൃക്കകള്‍ക്ക് തകരാറിലായ ഈ യുവതിയെക്കുറിച്ചറിയുന്നത്.

വൃക്കമാറ്റിവയ്ക്കലിലെ സാങ്കേതികത്വങ്ങളെക്കുറിച്ചൊന്നും അറിവുകള്‍ ഒന്നുംതന്നെയില്ലെങ്കിലും ആ കുട്ടിയെ സഹായിക്കണമെന്നു തോന്നി. തന്റെ കിഡ്നി മാച്ചു ചെയ്യുകയാണെങ്കില്‍ ദാനം ചെയ്യാന്‍ തയ്യാറാണെന്നറിയിച്ച് ടെക്സ്റ്റ് സന്ദേശം അയച്ചു. പക്ഷേ, പിന്നീട് അനക്കമൊന്നും കാണാതെ വന്നപ്പോള്‍ ഏപ്രില്‍ മാസത്തില്‍ വീണ്ടും ടെക്സ്റ്റ് ചെയ്തു മറ്റാരെയെങ്കിലും ഡോണര്‍മാരായി ലഭിച്ചോ എന്നറിയാന്‍ വേണ്ടിയായിരുന്നു. ഇല്ലെങ്കില്‍ താന്‍ ഇപ്പോഴും തയ്യാറാണെന്നും അറിയിച്ചു. ആരെയും ലഭിച്ചില്ലെന്നാണ് മറുപടി ലഭിച്ചു. പിന്നീട് വൃക്കദാനത്തിനു മുമ്പായി നടത്തേണ്ട ടെസ്റ്റുകള്‍ക്കുള്ള ഓണ്‍ അപേക്ഷകളും പൂരിപ്പിച്ച് അയച്ച ശേഷം രണ്ടാഴ്ച്ചയ്ക്കകം ടെസ്റ്റ് നടത്തി. ഒരാഴ്ച്ചയ്ക്കുള്ളില്‍ ആശുപത്രിയില്‍ നിന്നും ഒരു സന്ദേശം വന്നു. ''യു ആര്‍ മാച്ച്!''

ഇനി ഒരു തീരുമാനമെടുത്തേ പറ്റൂ. വാക്കു പറഞ്ഞതാണ്. ജീവിതത്തില്‍ പറഞ്ഞ വാക്കുകള്‍ പാലിക്കാതിരുന്നിട്ടില്ല. ഭര്‍ത്താവിനോടു കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ തന്റെ ഇഷ്ടം എന്താണെന്നു വെച്ചാല്‍ ചെയ്യാന്‍ പറഞ്ഞു. ഒരാഴ്ച്ച കഴിഞ്ഞ് ആ യുവതിയെ വിളിച്ച് കാര്യമറിയിച്ചു. ''കിഡ്നി മാച്ചാണ് ഞാന്‍ തന്നു കൊള്ളാം. കാര്യങ്ങള്‍ നീക്കിക്കൊള്ളൂ.''- എടുത്ത തീരുമാനത്തില്‍ മാറ്റം വരുത്താതെ നിലപാട് വ്യക്തമാക്കി. പിന്നാലെ ഏതാനം ടെസ്റ്റുകള്‍ കൂടി. അതിനിടെ സ്വീകര്‍ത്താവിനും ദാതാവിനും ബോധവത്കരണ ക്ലാസ്സുകള്‍. അങ്ങനെ 2017 ജൂലൈ 11- നായിരുന്നു തന്റെ ജീവിതത്തില്‍ തന്നെ ഏറ്റവും വലിയൊരു പുണ്യകര്‍മ്മം ചെയ്തതിനുള്ള സാഫല്യമടയുന്നത്. വൃക്കകളിലൊന്ന് ആ യുവതിയിലേക്കു പറിച്ചു നട്ടു. ഒന്നു നഷ്ടപ്പെട്ടപ്പോള്‍ മറ്റൊന്നു തിരികെ ലഭിച്ചുവെന്ന് രേഖയുടെ സാക്ഷ്യം. തന്റെ ജീവന്റെ തുടിപ്പുകള്‍ ചലിക്കുന്ന മറ്റൊരു സഹോദരിയെ. രണ്ടു വൃക്കകളും തകരാറിലായ ആ യുവതിയില്‍ രേഖയുടെ വൃക്ക പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ഇവിടെ രേഖയുടെ നഷ്ടപ്പെട്ട വൃക്കയുടെ പ്രവര്‍ത്തനം രണ്ടാമത്തെ വൃക്ക പൂര്‍ണ്ണമായും ഏറ്റെടുത്തു. അങ്ങനെ രണ്ടുപേര്‍ക്കും ആരോഗ്യപൂര്‍ണ്ണമായ ജീവിതത്തിലേക്ക് ഒരു മടക്കയാത്രയായിരുന്നു.

ഇരുവരും പൂര്‍ണ്ണമായും സൗഖ്യം പ്രാപിച്ചതിനുശേഷമാണ് പുറം ലോകം ഈ സത്യം അറിയുന്നത്. ഇതു പരമാവധി രഹസ്യമാക്കി വയ്കാനായിരുന്നു രേഖയുടെ തീരുമാനം. നിസാരമായ സഹായങ്ങള്‍ ചെയ്യുന്നതു വരെ വലിയ കാരുണ്യ പ്രവര്‍ത്തികളാക്കി പര്‍വ്വതീകരിച്ചു വര്‍ത്തകളാക്കുന്ന ലോകത്തു നിന്നു മാറി നില്‍ക്കാനുള്ള തീരുമാനം മാധ്യമങ്ങള്‍ മണത്തറിഞ്ഞു. ഇത്രയും മഹത്തായ കാരുണ്യ പ്രവര്‍ത്തി പുറം ലോകമറിയേണ്ടത് മറ്റുള്ളവര്‍ക്ക് നല്‍കുന്ന ഒരു നല്ല സന്ദേശമാണെന്ന മാധ്യമങ്ങളുടെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങേണ്ടി വന്നപ്പോള്‍ വലിയൊരു ന്യൂസ് ബ്രേക്ക് ആയി ആ പുണ്യ പ്രവര്‍ത്തി മാറി. പിന്നീടങ്ങോട്ട് രേഖയെത്തേടി അഭിനന്ദന പ്രവാഹമൊഴുകുകയായിരുന്നു. വ്യക്തികള്‍, സംഘടനകള്‍ എന്നുവേണ്ട സമൂഹത്തിന്റെ സമസ്ത മേഖലകളില്‍ നിന്നുമുള്ള നിരവധി ആളുകളാണ് മാനവികതയുടെ യഥാര്‍ത്ഥ മുഖം കാട്ടിയ രേഖ എന്ന ഈ യുവതിയെ അനുമോദിക്കാനും ആദരിക്കാനും മുന്നോട്ടു വന്നത്. തന്റെ വൃക്കയുമായി ജീവിക്കുന്ന ആ കുട്ടിയെ ലോകത്തിന് പരിചയപ്പെടുത്തിയത് തന്റെ സ്വന്തം സഹോദരിയായിട്ടായിരുന്നു.. ആ സാഹോദര്യമായിരുന്നു രേഖ എന്ന മാനവികതയുടെ പര്യായമായ പെണ്‍കുട്ടിയുടെ ജീവിത രഹസ്യം.

ഇത്ര വലിയ പുണ്യം ചെയ്ത രേഖയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്. താന്‍ അത്ര വലിയ കാര്യമൊന്നും ചെയ്തിട്ടില്ല. നമുക്ക് നല്ലൊരു ഹൃദയമുണ്ടെങ്കില്‍ ആര്‍ക്കും ചെയ്യാവുന്ന പുണ്യകര്‍മ്മം മാത്രം. രേഖയുടെ ലളിതമായ വാക്കുകളിലെ ആഴം എത്ര വ്യാപ്തമാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ടാണ് താനുമായി ഒരു ബന്ധവുമില്ലാത്ത ഒരാള്‍ക്ക് വൃക്കദാനം ചെയ്യാന്‍ തയ്യാറായി എന്ന പലരുടേയും ചോദ്യത്തിനു മുമ്പില്‍ രേഖ മനസ്സു തുറന്നു. രോഗം വരുന്നത് ആരുടെയും കുറ്റമല്ല. ഈ ഭൂമിയില്‍ എല്ലാവര്‍ക്കും പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിക്കുവാനുള്ള അവകാശമുണ്ട്. അത് എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണമാകണമെങ്കില്‍ വിധി നിര്‍ഭാഗ്യമായി എത്തിയ ദീപ്തിമാരെപ്പോലെയുള്ളവരെ മനസ്സറിഞ്ഞു സഹായിക്കണം. എങ്കിലെ നമ്മുടെയൊക്കെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുകയുള്ളൂ. 

നാം ദീപ്തിയുടെ അവസ്ഥയില്‍ നില്‍ക്കുമ്പോഴും ഇത്തരം നിര്‍ഭാഗ്യങ്ങളിലൂടെ കടന്നു പോകുമ്പോഴും മാത്രമാണ് ഇത്തരം കാരുണ്യപ്രവര്‍ത്തനങ്ങളുടെ വ്യാപ്തി മനസ്സിലാകുകയുള്ളൂ. ഇന്നല്ലെങ്കില്‍ നാളെ നമ്മളിലോരോത്തര്‍ക്കും വന്നുചേരാം ഈ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍. മറ്റുള്ളവരുടെ പ്രശ്നങ്ങളും വേദനകളും മനസ്സിലാക്കി നന്മപ്രവര്‍ത്തിക്കുന്നതിനു വേണ്ടത് അനുകമ്പയോടുകൂടിയ ആര്‍ദ്രമായ ഹൃദയമാണ്. അവിടെ ബന്ധങ്ങള്‍ ഒരു തടസ്സമാകരുത്. തീരുമാനം നമ്മുടേത് മാത്രമാകണം- നമ്മുടേത് മാത്രം. നമ്മുക്കതു ചെയ്യാന്‍ കഴിയുമെന്ന ഉറച്ച തീരുമാനം. രേഖയുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള വാക്കുകള്‍ താന്‍ ഇത്തരമൊരു തീരുമാനമെടുത്ത സാഹചര്യത്തെക്കുറിച്ച് വ്യക്തമാക്കുന്നു.ആ കുട്ടിക്ക് ഇനി ഒരിക്കലും കിഡ്നി സംബന്ധമായ ഒരസുഖവുമുണ്ടാകരുതെന്ന പ്രാര്‍ത്ഥന മാത്രമാണുള്ളത്. അവള്‍ക്കു സന്തോഷപൂര്‍ണ്ണമായ നല്ലൊരു കുടുംബജീവിതമുണ്ടാകട്ടെ.

ന്യൂയോര്‍ക്കില്‍ ജനിച്ചു വളര്‍ന്ന രേഖാനായര്‍ മൗണ്ട് വെര്‍നോണ്‍ ഹൈസ്‌കൂളിലാണ് പഠിച്ചത്. ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ബിസിനസില്‍ ബിരുദവും എച്ച്.ആര്‍ മാനേജുമെന്റില്‍ ബിരുദാനന്തരബിരുദവും നേടി. വളരെ സുന്ദരമായി മലയാളം സംസാരിക്കുന്ന രേഖാ നായര്‍ നിരവധി മലയാളി സാമൂഹ്യസാംസ്‌കാരിക സംഘടനകളില്‍ സജീവസാന്നിധ്യമാണ്. മലയാളത്തിലെ അതീവ പ്രാവീണ്യം മൂലം ഏഷ്യാനെറ്റ്, പ്രവാസി ചാനല്‍, മഴവില്‍ എഫ്.എം. റേഡിയോ തുടങ്ങിയവയില്‍ വാര്‍ത്താ അവതാരിക എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. വൈറ്റ്പ്ലെയിന്‍സില്‍ സിവിആര്‍ (CVR ) ഹൗസിംഗില്‍ സീനിയര്‍ ഡാറ്റാ അനലിസ്റ്റ് ആയ രേഖ മികച്ച ഒരു നര്‍ത്തകി കൂടിയാണ്. ഭരതനാട്യം, മോഹിനിയാട്ടം, കഥക്, കഥകളി എന്നിവയില്‍ പ്രതിഭ തെളിയിച്ച രേഖ ന്യൂയോര്‍ക്കിലെ കലാകേന്ദ്ര എന്‍ വൈ സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ സി.ഒ.കൂടിയാണ്. ഫോമനാഷണല്‍ കമ്മിറ്റിയംഗം, വിമന്‍സ് ഫോറം ദേശീയ സെക്രട്ടറി, മലയാളി ഹിന്ദു മണ്ഡലം (മഹിമ) ക്യൂന്‍സിന്റെ ദേശീയ കമ്മിറ്റി അംഗം), മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്ലാന്‍ഡ് (മാര്‍ക്ക്)ദേശീയ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന രേഖ മഴവില്‍ എഫ്.എം.റേഡിയോ ജോക്കിയും കൂടിയാണ്. 

കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.എ.എന്‍.എ) ജനറല്‍ സെക്രട്ടറി, ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സൗത്ത് ഏഷ്യന്‍ കള്‍ച്ചറല്‍ ക്ലബ് പ്രസിഡന്റ്, കെ.സി.എ.എന്‍. യൂത്ത് പ്രസിഡന്റ്, സെക്രട്ടറി, നൂപുര സ്‌കൂള്‍ ഓഫ് ഡാന്‍സ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. തൊടുപുഴ സ്വദേശി രാമചന്ദ്രന്‍ - ദേവകി ദമ്പതികളുടെ മകളായ രേഖയുടെ ഭര്‍ത്താവ് ചങ്ങനാശ്ശേരി സ്വദേശിയായ നിഷാന്ത് നായരുടെ നേതൃത്വത്തിലാണ് മഴവില്‍ എഫ്.എം. റേഡിയോ പ്രവര്‍ത്തിച്ചു വരുന്നത്. ആറു വയസ്സുള്ള ദേവിയും മൂന്ന് വയസ്സുകാരന്‍ സൂര്യയും മക്കളാണ്. ഫോമയുടെ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കാനൊരുങ്ങുകയാണ് രേഖ.
രേഖാ നായര്‍ക്ക് നാമം മാനവികതയ്ക്കുള്ള   2018 എക്സലന്‍സ്  അവാര്‍ഡ്
Join WhatsApp News
Anthappan 2018-03-24 21:37:13
 

The best way to find yourself, is to lose yourself in the service of others.” —Mahatma Gandhi

 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക