Image

വലിയ ശാസ്ത്ര നിഗമനങ്ങളും, ചില ചെറിയ സംശയങ്ങളും (ലേഖനം: ഒന്‍പതാം ഭാഗം - ജയന്‍ വര്‍ഗീസ്)

Published on 25 March, 2018
വലിയ ശാസ്ത്ര നിഗമനങ്ങളും, ചില ചെറിയ സംശയങ്ങളും (ലേഖനം: ഒന്‍പതാം ഭാഗം - ജയന്‍ വര്‍ഗീസ്)
IX. മനസുകളുടെ മായാലോകം.

എല്ലാറ്റിനും ഒരു താളമുണ്ട്. താളനിബദ്ധതയില്‍ സംവിധാനം ചെയ്യപ്പെട്ടവയാണീ ചലനങ്ങള്‍. കോടാനുകോടി പ്രകാശ വര്‍ഷങ്ങളുടെ വിശാല കാന്‍വാസില്‍ അതി വിദഗ്ധമായി ആവിഷ്ക്കരിക്കപ്പെടുന്ന ആപേക്ഷിക നിരാപേക്ഷിക വിസ്മയങ്ങളിലാണ് അത്യതിശയകരമായി ഇവ സംഭവിക്കപ്പെടുന്നത്. അതുല്യവും, അനിഷേധ്യവുമായ ഒരു നിയന്ത്രണ സംവിധാനം ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി ചിന്താശേഷിയുള്ളവര്‍ക്ക് നിരീക്ഷിക്കാനാവും. ഈ താള നിബദ്ധതയില്‍ ട്യൂണ്‍ ചെയ്ത് ചിട്ടപ്പെടുത്തിയവയാണ്, നമുക്ക് കാണപ്പെടുന്നവയും, കാണപ്പെടാത്തവയുമായ പ്രപഞ്ച ചലനങ്ങള്‍!

ബാഹ്യ പ്രപഞ്ചത്തിന്റെ ഒരു കേവല ഉദാഹരണം മാത്രമാണ് നമ്മുടെ സ്ഥൂല ശരീരം. നാം തിരിച്ചറിയപ്പെടുന്നതും, കാണപ്പെടുന്നതും, കേള്‍ക്കപ്പെടുന്നതും എല്ലാം നമ്മുടെ ശരീരത്തിലൂടെയാണ്. നമ്മുടെ കാഴ്ചള്‍ക്കും കേള്‍വികള്‍ക്കും, സ്പര്‍ശനങ്ങള്‍ക്കും അതീതമായ ആയിരമായിരം സാധ്യതകളെയും നാം മനസ്സിലാക്കുന്നുണ്ട്. ആയതിനുള്ള ദാര്‍ശനിക സംവിധാനം കൂടി ഉള്‍ക്കൊള്ളുന്നതാണ് മനസ്സ്. എന്നാല്‍ ഈ മനസ് ഒരു വസ്തുവല്ല എന്നതാണ് സത്യം. യാതൊരു ലബോറട്ടറി അപഗ്രഥനങ്ങളിലൂടെയും കണ്ടെത്താനാവാത്തതും, വസ്തു നിബദ്ധമായി നിര്‍മ്മിക്കപ്പെടാത്തതും, എന്നാല്‍ എല്ലാ വസ്തുക്കളുടെയും നിര്‍മ്മാണ സ്രോതസ്സായി വര്‍ത്തിച്ചിരുന്നതുമായ മഹത്തായ പ്രതിഭാസമാമായിരുന്നില്ലേ മനസ്സ്?

മനുഷ്യ വര്‍ഗ്ഗ ചരിത്രത്തിന്റെ മഹത്തായ മാറ്റങ്ങള്‍ക്ക് വഴി തുറന്നതും, അവന് ലഭ്യമായ അനാഘ്രാത ബ്ലോക്കുകള്‍ മാറ്റിയും, മറിച്ചും പുനഃസൃഷ്ടിച് പുരോഗതിയുടെ പുത്തന്‍ രൂപങ്ങള്‍ കോറിയിട്ടതും അവന്റെ മനസ്സായിരുന്നുവല്ലോ? പ്രപഞ്ച ഖണ്ഡമായ നമ്മുടെ ശരീരത്തില്‍ സ്ഥിതി ചെയ്തു കൊണ്ട്, അനിര്‍വചനീയങ്ങളായ ചിന്താ സരണികളിലൂടെ സഞ്ചരിച്ചു, സഞ്ചരിച്, അനന്ത വിസ്തൃതമായ പ്രപഞ്ച നിഗൂഡ്ഡതകളുടെ അപാര തീരങ്ങളിലേക്കു വരെ നമ്മെ നയിക്കുന്ന മനസ്സെന്ന ഈ പ്രതിഭാസം തന്നെയല്ലേ നമ്മെ സംബന്ധിച്ചിടത്തോളം നമ്മുടെ മാസ്റ്റര്‍? അയ്യായിരം കോടി സ്ര്തീ പുരുഷന്മാര്‍ ജനിച്ചു മരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ( ശാസ്ത്രീയ നിഗമനം ) ഈ ഭൂമുഖത്ത് ജന്മ ജന്മാന്തരങ്ങളിലൂടെ മനുഷ്യ മനസുകള്‍ കോറിയിട്ട നഖക്ഷതപ്പാടുകളല്ലേ നമ്മുടെ പുരോഗതി?

കയ്യും,കാലും, കണ്ണും, അറിവും കൊണ്ട് നമ്മുടെ വര്‍ഗ്ഗം ഈ ലോകം ഇന്ന് കാണുന്നത് പോലെ പണിതു വയ്ക്കുന്‌പോള്‍, അതിനു വേണ്ടി ശരീരത്തോടൊപ്പമോ, അതിലുപരിയോ നിന്ന് പ്രവര്‍ത്തിച്ചിരുന്നത് നമ്മുടെ മനസ്സുകള്‍ ആയിരുന്നുവല്ലോ? നമ്മുടെ ശരീരത്തിലെ ഓരോ വ്യാപാരവും നിയന്ത്രിക്കപ്പെടുന്നത് തന്നെ മനസ്സിന്റെ ആജ്ഞകളെ അനുസരിച്ചു കൊണ്ടാകുന്നു എന്ന് വരുന്‌പോള്‍, ശരീരം മനസ്സ് എന്ന ആത്മാവിന് പാര്‍ക്കുവാനുള്ള ഒരു കിളിക്കൂട് മാത്രമാകുന്നു എന്നതല്ലേ സത്യം.? വിരലുകള്‍ കൊണ്ട് നാം ഇറുത്തെടുക്കുന്ന ചെറു പൂവ് ആദ്യം ഇറുക്കുന്നതു മനസ്സല്ലേ? നമ്മള്‍ ചെയ്തു കൂട്ടിയ ഏതൊരു പ്രവര്‍ത്തിയും ആദ്യം രൂപം കൊണ്ടത് നമ്മുടെ മനസ്സിലായിരുന്നുവല്ലോ? അല്ലെങ്കില്‍, മനസ്സില്‍ രൂപം കൊണ്ട ഏതൊരു പ്രവര്‍ത്തിയും ശരീരം നടപ്പിലാക്കുക മാത്രമല്ലേ ചെയ്തിട്ടുള്ളൂ? വേറൊരര്‍ത്ഥത്തില്‍, മനസ്സിനാവശ്യമുള്ള പ്രവര്‍ത്തികള്‍ നടപ്പാക്കുന്നതിനുള്ള അവയവങ്ങള്‍ എന്ന ടൂളുകള്‍ മാത്രമല്ലേ ശരീരം?

അങ്ങിനെ ചിന്തിക്കുന്‌പോള്‍ സ്ഥൂല പ്രുകൃതിയായ ദൃശ്യപ്രപഞ്ചത്തില്‍ നിന്ന് രൂപപ്പെട്ട മനുഷ്യ ശരീരം നിയന്ത്രിക്കപ്പെടുന്നത്, അദൃശ്യ രൂപിയായി ശരീരത്തില്‍ സ്ഥിതി ചെയ്യുന്ന മനസ്സ് അഥവാ ആത്മാവിനാല്‍ ആണ് എന്ന് വരുന്നു? ഇവിടെ ദൃശ്യമായതിനെ (ശരീരം) നിയന്ത്രിക്കുന്നത് അദൃശ്യമായത് ( മനസ്സ് അഥവാ ആത്മാവ് ) ആകുന്നു എന്നതിനാല്‍ അദൃശ്യം ദൃശ്യത്തേക്കാള്‍ ശ്രേഷ്ഠം ആകുന്നു എന്നല്ലേ നമ്മള്‍ മനസിലാക്കേണ്ടത്? കാണുന്ന പ്രപഞ്ചത്തില്‍ നിന്ന് വന്ന ശരീരം, കാണാത്ത പ്രപഞ്ചത്തില്‍ നിന്നുള്ള ഒരു റിങ് മാസ്റ്ററിനാല്‍ നിയന്ത്രിക്കപ്പെടുന്നു എന്നതിനാല്‍ത്തന്നെ നമ്മുടെ ശരീരത്തിന്റെ സമഷ്ടി രൂപമായ മഹാപ്രപഞ്ചത്തിലും അതിന്റെ നിയന്താതാവായ ഒരു വലിയ റിങ് മാസ്റ്ററുടെ സാന്നിധ്യം നമുക്ക് സമ്മതിച്ചു കൊടുക്കേണ്ടി വരുന്നുവല്ലോ? കടല്‍ ജലത്തില്‍ നിന്ന് നിങ്ങള്‍ ശേഖരിക്കുന്ന ഒരു കപ്പു വെള്ളത്തില്‍ ഉപ്പുണ്ടങ്കില്‍, ആ വെള്ളത്തിന്റെ വലിയ ബാക്കി ഭാഗമായ മുഴുവന്‍ കടലിലും ഉപ്പിണ്ടായിരിക്കുമല്ലോ? അതല്ലേ യുക്തി? അതല്ലേ ശാസ്ത്രം?

ഈ ശരീരത്തില്‍ നിന്ന് മനസ്സിനെ പൂര്‍ണ്ണമായും വലിച്ചു മാറ്റി വേര്‍പെടുത്താനാവുന്ന ഒരാവസ്ഥയെക്കുറിച്ചു ചിന്തിച്ചു നോക്കുക? പിന്നെ ഒന്നുമില്ല. ഈ ശരീരം ശരീരമാണെന്ന് നാമറിയുന്നില്ലാ. എന്റെ പേര് എന്താണെന്ന് ഞാനറിയുന്നില്ലാ. എന്റെ പ്രവര്‍ത്തനവും, ഇതുവരെയുള്ള എന്റെ ചരിത്രവും ഞാനറിയുന്നില്ലാ. എന്റെ മാതാപിതാക്കളോ, മക്കളോ ആരാണെന്നും, സൗരയൂഥത്തിലെ ഈ ചെറുഗോളത്തില്‍ വസിക്കുന്ന എഴുന്നൂറില്പരം കോടി വരുന്ന ' മനുഷ്യന്‍ ' എന്ന ജീവി വര്‍ഗ്ഗത്തിലെ ഒരംഗമാണ് ഞാന്‍ എന്നും ഞാനറിയുന്നില്ലാ. ചുരുക്കിപ്പറഞ്ഞാല്‍, എന്തും, ഏതുമല്ലാത്ത ഒരു പിണ്ഡമായിത്തീരുന്നു ഞാന്‍. അതും മനസ്സില്ലാത്ത എന്റെ വീക്ഷണത്തിലല്ലാ; മനസ്സുള്ള നിങ്ങളുടെ വീക്ഷണത്തില്‍ ?

മനുഷ്യന് മാത്രമല്ലാ, നാം കാണുന്നതും, കേള്‍ക്കുന്നതും, അറിയുന്നതുമായ എല്ലാറ്റിനും മനസ്സുണ്ട്. പട്ടിക്കും, പൂച്ചക്കും, പാന്പിനും മനസ്സുണ്ട്. നമ്മുടെ മനസ്സിന്റെ ഫ്രയിമുകള്‍ കൊണ്ട് അവകളെ അളക്കാന്‍ ശ്രമിച്ചാല്‍ നമുക്ക് തെറ്റും. കല്ലിനും, മരത്തിനും, കാറ്റിനും, കടലിനും മനസ്സുണ്ടോ? ഉണ്ടാവണം. നമ്മുടെ മനസ്സിന്റെ അളവുകോലുകള്‍ അത്തരം പ്രതിഭാസങ്ങളില്‍ ഫിറ്റാവാതെ നില്‍ക്കുന്നത് കൊണ്ടാവണം നമുക്കത് മനസ്സിലാവാത്തത്. സ്വന്തം ജീവിതത്തിന്റെ ആരംഭത്തിനു മുന്‍പും, അവസ്സാനത്തിനു ശേഷവും നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ ഇന്നും നമുക്ക് തിരിച്ചറിയാന്‍ സാധിക്കാത്തതുപോലെ, സത്യ പ്രപഞ്ചത്തിന്റെ സര്‍ഗ്ഗ വ്യാപാര രഹസ്യങ്ങള്‍ സത്യാന്വേഷിയായ മനുഷ്യന് എന്നെന്നും അകലെ നില്‍ക്കും.!

ചുരുക്കത്തില്‍ മനസ്സുകളുടെ മഹാ സാഗരമാണ് പ്രപഞ്ചം. സ്ഥൂല പ്രുകൃതിയായ ദൃശ്യ പ്രപഞ്ചത്തിന്റെ സൂഷ്മ പ്രുകൃതിയായ അദൃശ്യ ശക്തി സ്രോതസ്സാണ് പ്രപഞ്ച മനസ്സ്. സ്ഥൂല പ്രുകൃതിയായ ശരീരത്തില്‍ സൂഷ്മ പ്രുകൃതിയായ മനുഷ്യ മനസ്സ് എപ്രകാരം ആധിപത്യം നേടിയിരിക്കുന്നുവോ അതുപോലെ, ബാഹ്യ പ്രപഞ്ചത്തിന്റെ ഓരോ ചലനങ്ങളെയും നിയന്ത്രിച്ചു നില നിര്‍ത്തുന്ന ശക്തി സത്തയാണ് പ്രപഞ്ച മനസ്സ്. മനസ്സ് എന്നതിനപ്പുറം, മനസ്സിനേക്കാള്‍ ശ്രേഷ്ഠമായ ഒന്ന് തന്നെയാണ് ആത്മാവ് എന്നതിനാല്‍ പ്രപഞ്ച മനസ്സ് സര്‍വ ശ്രേഷ്ഠമായ പ്രപഞ്ചാത്മാവ് എന്ന അവസ്ഥയെ പ്രാപിച്ചു കൊണ്ട് അറിയപ്പെടുന്ന പ്രപഞ്ചത്തില്‍ മനുഷ്യന് മാത്രമായി ഇത് പങ്കു വച്ചിരിക്കുന്നു!

ശ്വാന പ്രദര്‍ശനത്തില്‍ ഒന്നാം സ്ഥാനം നേടുന്ന പട്ടിക്ക് അതിന്റെ പേരില്‍ അഭിമാനം കൊള്ളാനാവുന്നില്ല. എന്തുകൊണ്ടെന്നാല്‍, പട്ടിക്ക് മനസ്സ് മാത്രമേയുള്ളു. പട്ടിയുടെ ഉടമസ്ഥന് മനസ്സിനേക്കാള്‍ ഉപരിയായ ആത്മാവുള്ളതിനാല്‍, ആ സമ്മാന ലബ്ധിയില്‍ അയാള്‍ അഭിമാന പുളകിതനാവുന്നു. പ്രപഞ്ചത്തിന്റെ പൊതു മനസ്സിന്റെ ഉപരി ഭാവമായ പ്രപഞ്ചാത്മാവ് അതിന്റെ ഓരോ നന്മയിലും ആനന്ദിക്കുകയും, ഓരോ തിന്മയിലും വേദനിക്കുകയും ചെയ്യുന്നുണ്ട്. പ്രപഞ്ചത്തിന്റെ ഒരു ചെറു മാത്രയായ മനുഷ്യാത്മാവില്‍ ഇത് സംഭവിക്കുന്നുണ്ടെങ്കില്‍, സര്‍വ മാത്രകളുടെയും സമഷ്ടി രൂപമായ പ്രപഞ്ചാത്മാവിലും ഇത് തന്നെ സംഭവിക്കുന്നുണ്ട്. അതാണല്ലോ അതിന്റെയൊരു യുക്തി?

എന്ത് കൊണ്ടെന്നാല്‍, സര്‍വ നന്മകളുടെയും സാക്ഷാല്‍ക്കാരമായസ്‌നേഹത്തിലും, അതിന്റെ പ്രായോഗിക പരിപാടിയായ ' കരുതലിലും' ആണ് സത്യ പ്രപഞ്ചം ചലിച്ചു കൊണ്ടിരിക്കുന്നത് ! കടലുകള്‍ കരകളെ വിഴുങ്ങാത്തതും, ഉല്‍ക്കകള്‍ നമ്മുടെ ഉച്ചിയില്‍ പതിക്കാത്തതും, ഗ്രഹങ്ങള്‍ ഭ്രമണ താളം തെറ്റിക്കാത്തതും, നക്ഷത്രങ്ങള്‍ പ്രകാശിച്ചുകൊണ്ട് ഊര്‍ജ്ജ വിശ്ലേഷണം നടത്തുന്നതും, ആ ഊര്‍ജ്ജത്തിന്റെ ഉപോല്പന്നങ്ങളായി ജീവന്‍ നില നില്‍ക്കുന്നതുമെല്ലാം ആയതിന്റെ നമുക്കറിയാവുന്ന ജീവനുള്ള തെളിവുകളാകുന്നുവല്ലോ ?

കടുത്ത മാംസ ഭുക്കുകളായ മൃഗ മാതാപിതാക്കളെപ്പോലും തുടുത്ത മാംസത്തിന്റെ തുടിപ്പുകളായ തങ്ങളുടെ കുഞ്ഞുങ്ങളെ കടിച്ചു കീറാതെ, സ്‌നേഹിച്ചും, വാത്സല്യയ്ച്ചും, സംരക്ഷിച്ചും വളര്‍ത്തിയെടുക്കാന്‍ പ്രേരിപ്പിക്കുന്നത് ആ സ്‌നേഹ പ്രചുരിമയുടെ ഒരംശമെങ്കിലും അവയും ഉള്‍ക്കൊള്ളുന്നത് കൊണ്ടാകുന്നു. മാന്‍കിടാവുകളെ മുലയൂട്ടുന്ന വ്യാഘ്രങ്ങളെക്കുറിച്ചുള്ള ഒരു മനോഹര സ്വപ്നം ഇതേ സ്‌നേഹ വ്യവസ്ഥയുടെ പേരില്‍ നമുക്കും ഉള്‍ക്കൊള്ളാവുന്നതേയുള്ളു! " ദൈവം സ്‌നേഹമാകുന്നു " എന്ന് പ്രഖ്യാപിച്ച യേശുക്രിസ്തു രണ്ടായിരം സംവത്സരങ്ങള്‍ക്ക് മുന്‍പേ ഇത് കണ്ടെത്തിയിരുന്നു !!

പക്ഷെ, ഇതൊന്നും പൂര്‍ണ്ണമായും മനസ്സിലാക്കുവാന്‍ മനുഷ്യ മനസ്സിന് സാധിക്കുകയില്ല. മനസ്സുകളെക്കുറിച്ചുള്ള നമ്മുടെ അന്വേഷണം ഇതുവരെയും ഒരിടത്തും എത്തിയിട്ടില്ല. മനുഷ്യ മനസ്സിനെക്കുറിച്ചുള്ള നമ്മുടെ കണ്ടെത്തലുകള്‍ പോലും ഇന്നും അപൂര്‍ണ്ണതയുടെ അപാര തീരങ്ങളില്‍ അലയുക തന്നെയാണ്. അനന്തമായ അതിന്റെ സാധ്യതകളില്‍ അല്‍പ്പമെങ്കിലും കണ്ടെത്തുകയും, ഉപയോഗപ്പെടുത്തുകയും ചെയ്തവരാണ് വെള്ളത്തിന്റെ മുകളിലൂടെ നടന്നതും, കാറ്റിനെ ശാസിച്ചതും, അണുഹൃദയം പിളര്‍ന്നതും, അഹിംസയെ ആവിഷ്ക്കരിച്ചതും,മറ്റും, മറ്റും, മറ്റും.

പന്ത്രണ്ടു ഘനയടിയില്‍ ഒതുങ്ങുന്ന മനുഷ്യ ശരീരമെന്ന പ്രപഞ്ച വസ്തുവില്‍ സ്ഥിതി ചെയ്യുന്ന ആത്മാവിന് ഇതൊക്കെയും സാധിക്കാനാവുമെങ്കില്‍, സര്‍വ പ്രപഞ്ചത്തിന്റെയും നിത്യസത്യമായ ആദ്യകാരണമായി ഭവിക്കുകയും, അജ്ഞേയങ്ങളായ ആയിരമായിരം സാധ്യതകളിലൂടെ അതിനെ നിലനിര്‍ത്തുകയും, അനന്തമായ കാലത്തിന്റെ അതിവിശാല കാന്‍വാസില്‍ കോടാനുകോടി പ്രകാശ വര്‍ഷങ്ങളുടെ നഖക്ഷതപ്പൂക്കള്‍ കോറിയിടുകയും ചെയ്ത ആ സര്‍ഗ്ഗ സത്തയുടെ "പവ്വര്‍ " എന്തായിരിക്കുമെന്ന് കണ്ടെത്തുവാനോ, വ്യവച്ഛേദിക്കുവാനോ, അളക്കുവാനോ, വെറുമൊരു നൂറു വര്‍ഷത്തെ സുഖവാസത്തിനായി ഇവിടെയെത്തിയ ദേശാടനക്കിളികളായ നമ്മള്‍ അശക്തരാണെന്ന് മുട്ടടിച്ചു നിന്ന് സമ്മതിക്കുകയായിരിക്കും നമുക്ക് നമ്മോടു തന്നെ നിറവേറ്റാനാകുന്ന ഏറ്റവും നല്ല നീതി!

ഇതുകൊണ്ടാണ്, മനുഷ്യ വര്‍ഗ്ഗ ചരിത്രത്തിന്റെ നാല്‍ക്കവലകളില്‍ വിളക്ക് മരങ്ങളായി തെളിഞ്ഞു നിന്ന ദാര്‍ശനികരും, പ്രവാചകരും ആ " പവ്വറിനെ " സര്‍വ ശക്തന്‍ എന്ന് വിളിച്ചതും, തങ്ങളുടെ ഭാഷയിലെ ഏറ്റവും മനോഹരങ്ങളായ പദങ്ങള്‍ ചാര്‍ത്തി അതിനെ ' ദൈവം ' എന്ന് അര്‍ഥം വരുന്ന മനോജ്ഞ നാമങ്ങള്‍ അണിയിച്ചതും! നന്ദിയുടെ നറും ലഹരിയില്‍ നിന്നൂറുന്ന ഭക്തിയെന്ന വികാരവുമായി സ്വയമറിഞ്ഞു, സ്വയം താണ്, അതിന് മുന്പില്‍ നമ്ര ശിരസ്ക്കരായി നിന്ന് പോയതും.!?

ഏറ്റവും ചുരുങ്ങിയത്, അറിയപ്പെടുന്ന പ്രപഞ്ചത്തിലെ അതി മനോഹരമായ ഈ വര്‍ണ്ണ ഗോളത്തില്‍ അത്യതിശയകരമായി ഉരുത്തിരിഞ്ഞ ' ജീവന്‍' എന്ന അസുലഭ പ്രതിഭാസത്തിന്റെ പരന്പരയില്‍, മറ്റെല്ലാറ്റിനേക്കാളും ഉപരിയായ ഉല്‍കൃഷ്ടതയോടെ, ഒരു ശതാബ്ദത്തിന്റെ ചുറ്റുവട്ടത്തിനുള്ളില്‍ ' ജീവിതം' എന്ന അനിര്‍വചനീയ സമസ്യ അതി വിദഗ്ദ്ധമായി പൂരിപ്പിക്കാന്‍ ആവശ്യപ്പെടാതെ തന്നെ അവസരം ലഭിച്ചതിന്റെ പേരിലെങ്കിലും?!

അനന്തവും, അജ്ഞാതവും, അഗമ്യവും, അനിഷേധ്യവും, അപ്രാപ്യവുമായ സര്‍ഗ്ഗ വ്യാപാരങ്ങളിലൂടെ, നിത്യ സത്യമായി നിലകൊള്ളുന്ന പ്രപഞ്ച വിസ്മയത്തിന്റെ പ്രതിഭാ വിലാസങ്ങളാകുന്ന വരണ വാരിധിയിലെ മഹാജലം, കുശവനെ കുടത്തില്‍ തപ്പുന്ന ധാര്‍ഷ്ട്യത്തോടെ, തങ്ങളുടെ
വിജ്ഞാനത്തിന്റെ കൊച്ചു, കൊച്ചു കക്കകളില്‍ കോരിത്തീര്‍ക്കാന്‍ ശ്രമിക്കുന്‌പോളാണ്, ഭൗതിക വാദികളായ ശാസ്ത്ര പണ്ഡിത നിഗമനങ്ങള്‍ക്കെതിരെ, സത്യാന്വേഷികളില്‍ നിന്ന് സംശയങ്ങളുടെ ചോദ്യ മുനകള്‍ ഉയരുന്നത്. ?

( അവസാനിച്ചു.)
Join WhatsApp News
Amerikkan Mollaakka 2018-03-25 14:40:02
സന്തോശം ജയൻ സാഹിബ്.. ഇങ്ങടെ സംശയങ്ങൾ അവസാനിച്ചല്ലോ. അല്ലാഹുവിന്റെ ബയികൾ മനുസന്മാർക്ക് പുടികിട്ടൂല. അതുകൊണ്ട് അത് വാദിക്കാനും ജയിക്കാനും തോൽക്കാനും പോകാതെ ഞമ്മക് അറിയുന്ന ഒരു ശക്തിയുണ്ടല്ലോ  സ്നേഹം അത് ജീവിതത്തിൽ
നടപ്പാക്കി സുഖായി ജീവിച്ചച്ചൂടെ. എന്തിനു അറിവിന്റെ
ഗമ, മൊഞ്ചിന്റെ ഗമ , പണത്തിന്റെ ഗമ മുതലായ കുമിള പോലെയുള്ള ശക്തികളുടെ പുറകെ പോകുന്നു. ഇങ്ങടെ ലേഖനം ആർക്കെങ്കിലും ഗുണം ചെയ്തോ ? അന്വേഷിക്കു സായ്‌വേ, ഇല്ലെങ്കിൽ ഗുണമുള്ളത് എയ്തു.. ഇമ്മടെ മാത്തുള്ള സാഹിബും, ആൻഡ്രുസ് സാഹിബും അഭിപ്രായങ്ങൾ പറയുമല്ലോ? അസ്സലാമു അലൈക്കും.
വിദ്യാധരൻ 2018-03-25 16:51:09
കഴിഞ്ഞില്ല നിങ്ങളുടെ ദൈവത്തിന്
നിങ്ങടെ സംശങ്ങൾ  നിവർത്തിയാക്കാൻ 
കഴിവില്ലാത്ത ദൈവത്തെ പിന്നെന്തിന്
ജനത്തിൻ  തലയ്ക്ക് വയ്ക്കാൻ  ശ്രമിച്ചിടുന്നു
തുടരുക ശാസ്ത്രജ്ഞരെ നിങ്ങൾ
നിങ്ങടെ ഗവേഷണ നിരീക്ഷണങ്ങൾ.
"അനന്ത, മജ്ഞാത, മവർണ്ണനീയ-
മീ ലോകഗോളം തിരിയുന്ന മാർഗ്ഗം ;
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മർത്ത്യൻ (ജയൻ) കഥയെന്തു കണ്ടൂ " 

തട്ടകം 2018-03-25 19:36:09
നന്ദി, നമസ്കാരം. ഇറ്റു താങ്കൾക്കു പറ്റിയ തട്ടകമല്ല. കവിതയിലേക്ക് തിരിച്ചു പോകൂ.
Joseph 2018-03-26 21:59:11
ആത്മാവ്, ശരീരം, മനസ് എന്നിങ്ങനെ മായാ ചിന്തകളെപ്പറ്റിയുള്ള ശ്രീ ജയൻ വർഗീസിന്റെ ലേഖനം ശാസ്ത്രത്തിനുപരി ദൈവശാസ്ത്രത്തിലേക്ക് കൈചൂണ്ടുന്നു. മനസും ശരീരവുമായുള്ള ബന്ധം തീർച്ചയായും വിസ്മയകരം തന്നെ. മനസ്സ് ശരീരത്തിന്റെ ഭാഗമോ അല്ലെങ്കിൽ ശരീരം മനസിന്റെ ഭാഗമെന്നോ, നിശ്ചയമില്ല. ഒരു ശാസ്ത്രജ്ഞനും ശരിയായ ഉത്തരം പറയാൻ സാധിക്കില്ല. ദൈവശാസ്ത്രത്തിൽ അതിനുള്ള ഉത്തരമായി മൂന്നാമതൊരു ഘടകം 'ആത്മാവും' കൂടി മനസ്സിനോടും ശരീരത്തോടും തുന്നി ചേർത്തിട്ടുണ്ട്. 

ലേഖകൻ, മൃഗങ്ങൾക്ക് ആത്മാവുണ്ടെന്നും പറയുന്നു. മനുഷ്യർക്കു മാത്രമേ ആത്മാവുള്ളൂവെന്ന് ക്രിസ്ത്യൻ സഭകളും വിശ്വസിക്കുന്നു. മൃഗങ്ങൾക്ക് ആത്മാവുണ്ടെന്ന വസ്തുത ക്രിസ്ത്യൻ സഭകൾ അംഗീകരിച്ചിട്ടില്ല. അവിടെ യേശുവിനെപ്പറ്റിയുള്ള പരാമർശനം അർത്ഥമില്ലാത്തതാണ്. 

നമ്മുടെ ശരീരം മരിക്കുമ്പോൾ മനസും അതിനൊപ്പം മരിക്കുകയാണ്. ശരീരത്തിനും മനസിനുമിടയിൽ ആത്മാവെന്നുള്ളത് മനുഷ്യന്റെ വെറും സങ്കല്പം മാത്രം. മതങ്ങൾ ഉണ്ടാകുന്നതിനുമുമ്പ് പ്രാകൃത മനുഷ്യരും ആത്മാവിൽ വിശ്വസിച്ചിരുന്നു. അപ്പോൾ ആത്മാവെന്നുള്ളത് പ്രാകൃത മനുഷ്യരുടെ പ്രാകൃത ചിന്തകളിൽ നിന്നും രൂപാന്തരപ്പെട്ടതാണ്. പിന്നീട് ആത്മാവിന്റെ പകർപ്പവകാശം മതങ്ങൾ ഏറ്റെടുത്തു. 
ആത്മാവ് നമ്മുടെ ശരീരത്തിന്റെയും ഉപബോധമനസിന്റെയും മദ്ധ്യേയുണ്ടന്നാണ് മതവും അതിലെ പുരോഹിതരും പഠിപ്പിക്കുന്നത്. അത് വിശ്വാസമല്ലാതെ ഒരു യാഥാർഥ്യമെന്ന് ആർക്കും തെളിയിക്കാൻ സാധിക്കില്ല. 

നമ്മുടെ ബോധം നശിച്ചാലും ശരീര ഭാഗങ്ങൾ നഷ്ടപ്പെട്ടാലും മനസ്സു മരിച്ചാലും ആത്മാവു സ്വർഗ്ഗത്തിലോ നരകത്തിലോ പോവുന്നുവെന്ന് വിശ്വസിക്കുന്നു. മനസും ശരീരവും തമ്മിലുള്ള ബന്ധത്തിൽ നമ്മുടെ ഭൗതിക ശരീരത്തിൽ ഉപബോധ മനസും കുടികൊള്ളുന്നു. നമ്മുടെ ശരീരത്തോടൊപ്പം മനസു മരിക്കുന്നെങ്കിൽ ശരീരത്തിൽ സ്ഥായിയായ ആത്മാവുണ്ടെങ്കിൽ  മനസിനോടൊപ്പം ആത്മാവും മരിക്കാനാണ് സാധ്യത. 

നമ്മുടെ ബുദ്ധി നശിക്കുമ്പോൾ, ബോധം പോവുമ്പോൾ മനസും മരവിക്കുന്നു. അവിടെ ആത്മാവിനെ അകക്കണ്ണുകൊണ്ടു കാണുന്ന ഉപബോധ മനസ്സെന്ന ഒന്നുണ്ടാവില്ല. ശരീരത്തിനും മനസിനുമുണ്ടാകുന്ന മുറിവിനൊപ്പം ആത്മാവിനും ഒപ്പം മുറിവേൽക്കണം. 

ജീവിതകാലം മുഴുവനും ശരീരത്തിൽ കുടികൊള്ളുന്ന ആത്മാവിന്റെ ജോലിയെന്ത്? നിത്യം ഉറക്കമോ?  ശരീരവും മനസും കൊണ്ട് ഒരുവന് ജീവിക്കാൻ സാധിക്കുന്നുവെങ്കിൽ ശരീരത്തിനുള്ളിൽ നിർവീര്യമായ, ആത്മാവിനെയും വഹിച്ചുകൊണ്ട് നാം നടക്കണമോ? ആത്മാവെന്ന സങ്കല്പം മനുഷ്യനിൽ  മതപുരോഹിതർ കുത്തിനിറച്ചതുകൊണ്ടാണ് വർഗീയതയും ഭീകരതയും വളരാനിടയായത്. ആത്മാവെന്നത് ഒന്നുണ്ടെങ്കിൽ അതിനെ മനസും ബുദ്ധിയും ഒരുപോലെ ശരീരത്തിലെവിടെയോ തളച്ചിട്ടിരിക്കുന്നുവെന്നു വേണം കരുതാൻ. 

അബോധാവസ്ഥയിൽ, മയക്കുമരുന്നിൽ ഒരുവൻ കഴിയുമ്പോൾ മനസ്സ് പ്രവർത്തിക്കില്ല. അപ്പോൾ  നിശ്ചലമായ മനസിനുള്ളിൽ ആത്മാവും ഉറങ്ങി കിടക്കുന്നുവെന്നു വേണം കരുതാൻ.  
അതുപോലെ നാം മരിക്കുമ്പോൾ മനസും ആത്മാവുണ്ടെങ്കിൽ അതും മരിക്കുന്നു. ആത്മാവ് സ്വർഗത്തിൽ പോവുന്നുവെങ്കിൽ മരിച്ച ശരീരവും മരിച്ച മനസുമുള്ള ആത്മാവ് അവിടെ നിർജീവമായിരിക്കും. ആത്മാവ് സ്വർഗ്ഗത്തിലാണെന്നു സ്വയം വിവേചന ശക്തിയില്ലാത്ത ആത്മാവറിയുന്നില്ല. സ്വർഗ്ഗമുണ്ടെന്ന ഭാവനകളും ജീവിച്ചിരിക്കുന്ന മനുഷ്യന്റെ മനസുകൾ നെയ്തെടുത്തതാണ്.

അസുഖവും മയക്കുമരുന്നിനടിമപ്പെടുമ്പോഴും മനസിനും ശരീരത്തിനും മുറിവേല്പിക്കും. ആത്മാവ് മനസിന്റെയും ശരീരത്തിന്റെയും ഭാഗമാണെങ്കിൽ ആത്മാവിനും മുറിവേൽക്കണമല്ലോ. നമുക്ക് സങ്കുചിത മനസ്സുണ്ടെങ്കിൽ, വർഗീയ വിഷം നിറഞ്ഞ മനസാണെങ്കിൽ അത്തരം ചിന്തകൾ മനസിന്റെ ഭാഗമോ, ആത്മാവിന്റെ ഭാഗമോ? വൈദ്യുതിയിൽ സ്വിച്ച് ഓഫ് ചെയ്യുന്നപോലെ, പ്രകാശം നിലക്കുംപോലെ ശരീരത്തിലെ വൈദ്യുതി നിന്നുകഴിയുമ്പോൾ അവിടെ പിന്നെ ശൂന്യമാണ്. ശരീരവുമില്ല, ആത്മാവുമില്ല, മനസുമില്ല. 

മനസ്സില്ലാതെ ശരീരമില്ല. അതുപോലെ ശരീരമില്ലാതെ മനസുമില്ല. പക്ഷെ ശരീരത്തിന്റെയും മനസിന്റെയും നിലനിൽപ്പിന് ഈ ആത്മാവിന്റെ ആവശ്യമില്ല. നാം ശിശുവിൽ നിന്ന് വളരുംതോറും മനസും വികസിക്കുന്നു. അതുപോലെ ആത്മാവും വികസിക്കുന്നുണ്ടോ? മനസ് വികസിക്കുന്നുവെന്ന് തെളിവ് തരാൻ സാധിക്കും. എന്നാൽ ആത്മാവ് വികസിക്കുന്നുവെന്നുള്ള തെളിവ് എവിടെ? അപ്പോൾ ആത്മാവെന്നത് മനുഷ്യന്റെ വിഡ്ഢി മനസിലുണ്ടായ എന്തോ സങ്കല്പമെന്നല്ലേ അർത്ഥം!!!
ദൈവമെന്ന സങ്കല്പം ഒരു മനുഷ്യനുള്ളിൽ ഇല്ലെങ്കിൽത്തന്നെയും മനസും ശരീരവും പ്രവർത്തിച്ചുകൊണ്ടിരിക്കും.
പപ്പു 2018-03-27 14:48:05
ദൈവശാസത്രം എന്നൊന്നില്ല .  വെറുതെ ശാസ്ത്രത്തിനെ  ഇതിലേക്ക് വലിച്ചിഴക്കണ്ട. കാരണം ശാസ്ത്രം പരീക്ഷണ നിരീക്ഷണങ്ങളിൽ കൂടി കാര്യങ്ങളെ തെളിയിക്കുന്നു. ഇല്ലാത്ത ഒരു വസ്തുവിനെ പരീക്ഷണ ശാലയിൽ ഉണ്ടാക്കാൻ പറ്റില്ലല്ലോ . അപ്പോൾ ജോസഫിന്റെ ദൈവ ശാസ്ത്രം എന്ന പ്രയോഗം ശരിയല്ല .  ജയനും മാത്തുള്ളയ്ക്കും മതിഭ്രമമാണ് . അവരെ ഇങ്ങനെ ആക്കിയത് അവരുടെ മതങ്ങളാണ് .  ഇവരെപ്പോലെ അനേകായിരങ്ങൾ ഈ ഭൂമുഖത്തുണ്ട് .  അവരെ കയ്യും കാലും കെട്ടി കുതിരവട്ടത്തു കൊണ്ടുവരൂ . ഞാൻ ശരിയാക്കിതരാം ഹി ഹി ഹി  ഹീ ........

Ninan Mathullah 2018-03-27 06:26:29
Jayan's article series was very thought provoking. Those who close eyes and make it dark only can say otherwise. Man is incapable of knowing God in this 100 year or less life span here as Jayan said unless God reveal it to him. So God revealed himself through nature and through different prophets of religion in different cultures as the writer of Hebrews in Bible says (Hebrews 1:1-2). "Long ago God spoke to our ancestors in many and various ways by the prophets but in these last days he has spoken to us by a Son. (Jesus)" Human history so far was as it was in Bible and future history will be as in Bible. Just as our life here is pretty destined in a certain way influenced by cosmic factors, history also is preordained as God is the author of history. Only those who close eyes to make it dark or those who rebel against God only can act to not see it.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക