Image

കീഴാറ്റൂരില്‍ അനുനയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

Published on 26 March, 2018
 കീഴാറ്റൂരില്‍ അനുനയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍
 കീഴാറ്റൂരില്‍ അനുനയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. കീഴാറ്റൂരില്‍ മേല്‍പ്പാലത്തിന് അനുമതി തേടി മന്ത്രി ജി. സുധാകരന്‍ കേന്ദ്രത്തിന് കത്തയച്ചു. കേന്ദ്ര ഗതാഗതമന്ത്രി നിധിന്‍ ഗഡ്കരിക്കും ദേശീയപാത അഥോറിറ്റി ചെയര്‍മാനുമാണ് കത്തയച്ചത്. മേല്‍പ്പാലം പണിയാനാകുമോ എന്ന് ആരാഞ്ഞാണ് കത്ത് നല്‍കിയിരിക്കുന്നത്. 

മേല്‍പാലം പണിതാല്‍ വയല്‍ സംരക്ഷിക്കാന്‍ സാധിക്കുമെന്ന് കത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തെ തള്ളിപ്പറഞ്ഞാണ് മന്ത്രി ജി.സുധാകരന്‍ രംഗത്തെത്തിയിരുന്നത്. കീഴാറ്റൂരില്‍ സമരം നടത്തുന്ന വയല്‍ക്കിളികള്‍ 'കിളികളല്ല, കഴുകന്‍മാര്‍' ആണെന്നും ജീവിതത്തില്‍ ഒരിക്കല്‍പ്പോലും പാടത്തുപോകാത്തവരാണ് സമരത്തില്‍ പങ്കെടുക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

വയല്‍ നികത്തി ദേശീയപാത ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരേയാണ് കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ക്കിളി പ്രവര്‍ത്തകര്‍ സമരം ചെയ്യുന്നത്. ഇതിനിടെ വയല്‍ക്കിളികളുടെയും സിപിഎം നേതൃത്വത്തിലുള്ള കീഴാറ്റൂര്‍ സംരക്ഷണ ജനകീയ സമിതിയുടെയും മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ കീഴാറ്റൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു വയല്‍ക്കിളി സമരത്തെ പ്രതിരോധിക്കാന്‍ നീക്കം നടക്കുന്നതായി സൂചനയുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക