Image

പഞ്ചവര്‍ണതത്തയ്ക്ക് ആശംസ നേര്‍ന്നു ബാലചന്ദ്ര മേനോന്റെ കുറിപ്പ്

Published on 26 March, 2018
പഞ്ചവര്‍ണതത്തയ്ക്ക് ആശംസ നേര്‍ന്നു ബാലചന്ദ്ര മേനോന്റെ കുറിപ്പ്
മണിയന്‍പിള്ള രാജു നിര്‍മിക്കുന്ന പുതിയ ചിത്രം പഞ്ചവര്‍ണതത്തയ്ക്ക് ആശംസ നേര്‍ന്നു ബാലചന്ദ്ര മേനോന്റെ കുറിപ്പ്:

സിനിമാ പത്രപ്രവര്‍ത്തകനായി 1975 ല്‍ ഞാന്‍ ചെന്നൈയില്‍ എത്തുമ്പോള്‍ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഭിനയം പഠിക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നു രാജു എന്ന ചെല്ലപ്പേരില്‍ വിളിക്കപ്പെട്ടിരുന്ന സുധീര്‍കുമാര്‍ എന്ന തിരുവന്തപുരത്തുകാരന്‍.

ഞങ്ങള്‍ അടുപ്പത്തിലായി ... കോടമ്പാക്കത്തെ ഉമാ ലോഡ്ജിലും മഹാലിംഗപുരത്തെ അയ്യപ്പന്‍ കോവിലിലും ഒക്കെ വെച്ച് ഞങ്ങളുടെ പല സംഗമങ്ങള്‍ നടന്നു. കയ്യില്‍ സിനിമക്ക് പറ്റിയ അര ഡസന്‍ കഥകളുമായി അലഞ്ഞു നടന്നിരുന്ന എനിക്ക് ഒരു നല്ല കേള്‍വിക്കാരനായി മാറി രാജു. നല്ല മഴയുള്ള ഒരു ദിവസം അവനോടു ഞാന്‍ എന്റെ പതിനഞ്ചാം വയസ്സില്‍ എഴുതിയ ഒരു കഥ പറഞ്ഞു. അഭിനയിക്കാന്‍ അവസരങ്ങള്‍ തേടി അലഞ്ഞു നടക്കുന്ന രാജുവിനെ സംബന്ധിച്ചു 'കടുത്ത പ്രമേഹരോഗിയുടെ മുന്നില്‍ പാല്‍പ്പായസം പകര്‍ന്ന ' അവസ്ഥയായി. ആ കഥയിലെ മണിയന്‍പിള്ള എന്ന കഥാപാത്രം രാജുവിന്റെ അസ്ഥിക്ക് പിടിച്ചു. രാജു അറിയാതെ പറഞ്ഞു:

'എന്റെ പഴവങ്ങാടി ഗണപതി ! ഈ കഥാപാത്രം കിട്ടുന്ന ഏതു തെണ്ടിയും ഭാഗ്യവാനായിരിക്കും ..'

രാജുവിന്റെ കണ്ണിലെ തിളക്കം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു .അവന്റെ അപ്പോഴത്തെ സ്ഥിതിയില്‍ എനിയ്ക്കു സഹതാപം തോന്നി. ഞാന്‍ പറഞ്ഞു:

' രാജു ...നീ വിഷമിക്കാതെ ...ഞാന്‍ എന്തായാലും സംവിധായകനായിട്ടേ മടക്കയാത്രയുള്ളൂ . എന്ന് ഞാന്‍ മണിയന്‍പിള്ള സിനിമ ആക്കിയാലും മണിയന്‍പിള്ള നീ ആയിരിക്കും ....'

അങ്ങിനെയാണ് ശ്രീ ഇ.ജെ. പീറ്റര്‍ നിര്‍മ്മിച്ചു ഞാന്‍ സംവിധാനം ചയ്ത 'മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള ' എന്ന സിനിമയിലെ നായക വേഷം ഗംഭീരമായി അവതരിപ്പിച്ചു രാജു മണിയന്‍പിള്ള രാജു ആകുന്നതു. പിന്നെ ഒരിക്കലും രാജുവിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ഒരു തമാശ കൂടി. കമല്‍ഹാസന്റെ ഡേറ്റ് മണിയന്‍പിള്ളക്കായി ശേഖരിച്ചു തിരുവനന്തപുരത്ത് കീര്‍ത്തി ഹോട്ടലില്‍ വന്ന നിര്‍മ്മാതാവിനോട് :'എനിക്ക് രാജു മതി ' എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ പീറ്റര്‍ സാര്‍ 'എല്ലാം മേനോന്റെ ഇഷ്ട്ടം ' എന്ന് പറഞ്ഞിടത്താണ് മണിയന്‍ പിള്ളയുടെ തുടക്കം.

പിന്നിങ്ങോട്ടു, അച്ഛനും അമ്മയുമിട്ട സ്വന്തം പേരിനേക്കാള്‍ ആസ്വാദകര്‍ മണിയന്‍പിള്ള രാജു എന്ന് വിളിക്കാന്‍ തുടങ്ങി. ഒരിക്കല്‍ ദുബായില്‍ ഒരു താര നിശയില്‍ തമാശക്കായി വേദിയില്‍ ഉണ്ടായിരുന്ന രാജുവിനോട് ഞാന്‍ ചോദിച്ചു: രാജു ...മണിയന്‍പിള്ള എന്ന ബുദ്ധി മാന്ദ്യം വന്ന ഒരു കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെട്ടതില്‍ പശ്ചാത്താപമുണ്ടോ?' . ഉടന്‍ വന്നു രാജുവിന്റെ മറുപടി .

എന്തിനു? അഭിമാനമേയുള്ളു. അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരില്‍ ശിഷ്ട്ടകാലം അറിയപ്പെടാന്‍ എത്രപേര്‍ക്കു ഭാഗ്യം കിട്ടിയിട്ടുണ്ട് ? എനിക്കും നടികര്‍ തിലകം ശിവാജി ഗണേശനുമല്ലാതെ?'

അതാണ് രാജു അഥവാ മണിയന്‍ പിള്ള രാജു !

ഇപ്പോള്‍ രാജുവിനെ ഫെയ്സ്ബുക്കില്‍ പ്രതിപാദിക്കപ്പെടാന്‍ കാരണം , കഴിഞ്ഞ ദിവസം ഞാന്‍ രാജുവിനെ നഗരത്തിലെ ഒരു ക്ലബില്‍ വെച്ച് കണ്ടു .രാജുവും ഒത്തു സൊറക്കാന്‍ ഇരുന്നാല്‍ പിന്നെ ചിരിക്കാന്‍ മാത്രമേ നേരം കാണു. പിരിയും മുന്‍പ് അടിയന്തിരമായി ഒന്ന് മൂത്രമൊഴിക്കേണ്ട ന്യായമായ ആവശ്യം രാജു ഉന്നയിച്ചു. അടുത്തുള്ള ശുചി മുറി ചൂണ്ടി കാട്ടി ഞാന്‍ പറഞ്ഞു .

'ശുചിമുറി എന്നാണു പേരെങ്കിലും ശുചിത്വം എത്ര കണ്ടുണ്ടു എന്ന് എനിയ്ക്കു നിശ്ചയമില്ല .....'

തിരിച്ചു വന്ന രാജു ചിരിച്ചുകൊണ്ട് ഒരു കഥ പറഞ്ഞു . ആ കഥ എനിയ്ക്കു നന്നേ സുഖിച്ചു . അത് നിങ്ങളുമായി ഒന്ന് ഷെയര്‍ ചെയ്യട്ടെ .

ഒരിക്കല്‍ ഒരു സ്ത്രീ പായസം ആര്‍ത്തിയോടെ വാരിക്കുടിച്ചപ്പോള്‍ വെപ്പുപ്പല്ലും കുത്തൊഴുക്കില്‍ പെട്ട് തൊണ്ടയില്‍ പോയി 'നില്‍പ്പ് സമരം ' ആരംഭിച്ചു .വെപ്രാളം സഹിക്കവയ്യാതെ അവര്‍ അടുത്തുള്ള 'സൂപ്പര്‍ സ്പെഷ്യലിറ്റി' ആശുപത്രിയില്‍ ഇടം തേടി. സൂപ്പര്‍ സ്‌പെഷ്യലിറ്റി ആവുമ്പോള്‍ എന്തിനും സര്‍ജറിയില്‍ കുറഞ്ഞു ഒരു പ്രതിവിധിയില്ലല്ലോ. സര്‍ജറി ആരംഭിക്കും മുന്‍പ് അവര്‍ പറഞ്ഞു ...

' എനിക്ക് മുഖം കഴുകി ഒന്ന് പ്രാര്‍ത്ഥിക്കണം ......'അവര്‍ എഴുന്നേറ്റു അടുത്തുള്ള 'ടോയ്ലെറ്റി'ലേക്കോടി. കത്തിയും മുള്ളുമായി നില്‍ക്കുന്ന ഡോക്ടറുടെ സമീപത്തേക്കു ആ സ്ത്രീ തിരിച്ചു വന്നത് ചിരിച്ചു ആഹ്ലാദവതിയായിട്ടാണ് . അവരുടെ കയ്യില്‍ ആകട്ടെ തൊണ്ടയില്‍ തടഞ്ഞിരുന്നു വെപ്പ് പല്ലും .

അന്തം വിട്ടു ചുറ്റും നിന്നവരോട് ആ സ്ത്രീ പറഞ്ഞു ...

പ്രാര്‍ത്ഥിക്കാന്‍ മുഖം കഴുകാനാണ് ഞാന്‍ പോയത് ...പക്ഷെ അതിനുള്ളില്‍ കയറി...ചുറ്റുവട്ടം കണ്ടപ്പോള്‍, കൈ കഴുകുന്ന സിങ്കില്‍ നിന്ന് വന്ന ദുര്‍ഗന്ധം മുഖത്തടിച്ചപ്പോള്‍ എനിക്ക് വല്ലാത്ത ഓക്കാനം വന്നു ആ ഓക്കാനത്തിന്റെ കൂടെ തൊണ്ടയില്‍ തടഞ്ഞ പല്ലും പുറത്തേക്കു ചാടി ,,, കര്‍ത്താവിനു സ്തുതി...ഞാന്‍ രക്ഷപ്പെട്ടു ...'

ചിരിക്കാന്‍ വരട്ടെ . ഇനിയാണ് കടുത്ത ഫലിതം. ആശുപത്രിയുടെ മേധാവി കൂടിയായ ഡോക്ടര്‍ ഉടന്‍ തന്നെ ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചു ...നോട്ടീസ് ബോര്‍ഡീല്‍ പതിക്കുകയും ചെയ്തു ..എന്താണെന്നോ ?

NEVER CLEAN THE TOILET NEXT TO THE OPERATION THEATRE TILL FURTHER ORDERS (ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓപ്പറേഷന്‍ തീയേറ്ററിന് അരികിലുള്ള ടോയ്ലറ്റ് വൃത്തിയാക്കാന്‍ പാടില്ല ...)

ഡോക്ടറെ എനിക്ക് ബുദ്ധിമാനായെ കാണാന്‍ ആവൂ . രണ്ടു മണിക്കൂര്‍ സര്‍ജറി കൊണ്ട് സാധിക്കേണ്ട കാര്യം ആ ശുചിമുറിയുടെ ഉള്ളില്‍ ഒരു ഓക്കാനത്തിന്റെ ബലത്തില്‍ ഒരു മുടക്കുമുതലുമില്ലാതെ നടന്നില്ലേ ? രോഗശാന്തിയാല്‍ ആരും ഹോസ്പ്പിറ്റലിനെ വാഴ്ത്തും ..ഓക്കാനം വരുന്ന അന്തരീക്ഷം അതുപോലെ സൂക്ഷിക്കുകയല്ലേ വേണ്ടു ...

നാം പലപ്പോഴും മുഖത്തോടു മുഖം പറയാറുള്ള കാര്യമാണ് . ' ഇത്രയൊക്കെ കാശു പിടുങ്ങി വാങ്ങുന്നില്ല ? ആ ടോയ്ലറ്റ് എങ്കിലും ഒന്ന് വൃത്തിയാക്കി വെച്ച് കൂടെ ?

ഇനി ചിരിച്ചുകൊള്ളു ..

ഈ ചിരിയുടെ ഫുള്‍ ക്രെഡിറ്റും മണിയന്‍പിള്ളക്കുള്ളതാണ് രാജുവിന്റെ വിഷുവിനു പുറത്തിറങ്ങാന്‍ പോകുന്ന 'പഞ്ചവര്‍ണ്ണ തത്ത ' എന്ന ചിത്രത്തിലും ഇത്തരം തമാശകള്‍ ഒരുപാട് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക