Image

ഗണ്‍ വയലന്‍സിന്റെ സാമൂഹ്യപശ്ചാത്തലം (ജോണ്‍ സി. വര്‍ഗീസ് )

ജോണ്‍ സി. വര്‍ഗീസ് (സലിം) Published on 26 March, 2018
ഗണ്‍ വയലന്‍സിന്റെ സാമൂഹ്യപശ്ചാത്തലം (ജോണ്‍ സി. വര്‍ഗീസ് )
കടകളിലും, കളിസ്ഥലങ്ങളിലും, ദേവാലയങ്ങളിലും, വിദ്യാലയങ്ങളിലുമൊക്കെ നിരന്തരം നടക്കുന്ന വെടിവെപ്പുകളില്‍ ഇരകളാകുന്ന നിരപരാധികളുടെ എണ്ണം വര്‍ധിച്ചുവരുന്നു. 

ഈ വര്‍ഷം തന്നെ ആദ്യത്തെ രണ്ടുമാസങ്ങള്‍ക്കുള്ളില്‍ പതിനെട്ട് സ്‌കൂള്‍ വെടിവെപ്പുകളുണ്ടായി; കഴിഞ്ഞ ഫെബ്രുവരി 14ന്, ഫ്‌ളോറിഡയിലെ പാര്‍ക്ക് ലാന്‍ഡ് ഹൈസ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ പതിനേഴ് നിരപരാധികള്‍ കൊല്ലപ്പെട്ടു. ഗണ്‍വയലന്‍സിന്റെ പ്രഥമ കാരണം 'തോക്ക്' ആണെന്നുള്ളത് തര്‍ക്ക വിഷയമല്ല. 

നിര്‍ദിഷ്ട പ്രായപരിധി ആകാത്തവര്‍ക്കും, മാനസിക സ്ഥിരത ഇല്ലാത്തവര്‍ക്കും, ക്രിമിനല്‍ റിക്കാര്‍ഡ് ഉള്ളവര്‍ക്കും, തോക്ക് വില്‍ക്കുന്നത് കുറ്റകരമാണ്. ആ നിയമം ഇപ്പോഴുമുണ്ട്. പക്ഷേ പലപ്പോഴും പാലിക്കപ്പെടുന്നില്ല.

തോക്ക് നിര്‍മാണവും വില്‍പനയും അമേരിക്കയില്‍ നിരോധിക്കാന്‍ നിയമം അനുവദിക്കുന്നില്ല.
പുതിയ നിയമനിര്‍മാണത്തിലൂടെ, കര്‍ശന നിയന്ത്രണം വരുത്തിയാല്‍ പോലും നിരപരാധികളുടെ ദാരുണ മരണത്തിനിടയാക്കുന്ന വയലന്‍സ് അവസാനിക്കണമെന്നില്ല. 

ഉള്ളംകൈയില്‍ ഒതുങ്ങുന്ന മൊബൈല്‍ ഫോണ്‍ പോലും മാരകമായ സ്‌ഫോടക വസ്തുവാക്കി രൂപാന്തരപ്പെടുത്താന്‍ തക്കവിധം ഇന്നത്തെ സാങ്കേതിക വിദ്യ വളര്‍ന്നു കഴിഞ്ഞു.
തോക്കുകളുടെ ലഭ്യത നിയന്ത്രിച്ചാല്‍ തന്നെ കൂട്ടക്കൊല നിയന്ത്രിക്കപ്പെടണമെന്നില്ല.
ഈ പശ്ചാത്തലത്തിലാണ്, ക്രൂരത നടത്തുന്നവരുടെ ക്രിമിനല്‍ സ്വഭാവം പഠന വിധേയമാക്കേണ്ടത്. കൂട്ടക്കൊല നടത്തുന്നവരില്‍ അധികം പേരും മാനസിക രോഗികളാണ്. 

ഒരാളുടെ മാനസിക രോഗത്തിന് കാരണം ആ വ്യക്തി മാത്രമല്ലല്ലോ. മാതാപിതാക്കള്‍ക്കും, കുടുംബത്തിനും കൂട്ടുകാര്‍ക്കും സ്‌കൂളിനും ഒക്കെത്തന്നെ അതില്‍ പങ്കുണ്ട്. 

തീവ്രമായ മതവികാരവും, വര്‍ഗീയ ചിന്തയും, രാഷ്ട്രീയ പകയും ഒരാളുടെ മാനസിക സമനില തകിടം മറിച്ചെന്നു വരാം. ചുരുക്കത്തില്‍ മാതാപിതാക്കള്‍ മുതല്‍ സര്‍ക്കാര്‍ വരെയുള്ള വിവിധ സാമൂഹ്യ ഘടകങ്ങള്‍ അവരുടെ ചുമതല കൃത്യമായി നിര്‍വഹിച്ചാല്‍, മാനസിക രോഗികളുടെ എണ്ണം കുറയും. അവരുടെ ക്രിമിനല്‍ നടപടികള്‍ കുറയും. ഒരു തരത്തിലും 'നേരെയാക്കാന്‍' കഴിയാത്ത, ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തികളെ സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തണം: അത് ജൂവനൈല്‍ സെന്ററോ, മെന്റല്‍ ഹോസ്പിറ്റലോ, ജയില്‍ തന്നെയോ ആകട്ടെ. അത്തരക്കാര്‍ നിരപരാധികള്‍ക്ക് ഭീഷണിയാകരുത്.
ഗണ്‍ വയലന്‍സിന് പരിഹാരം കാണാന്‍, പലയിടങ്ങളിലും വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയിട്ടുണ്ട്. 

തികച്ചും അപകടകരമായ നടപടിയാണത്. ഇത് ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലാത്തതാണ്. വിദ്യാര്‍ഥികള്‍ ഇരിക്കേണ്ടത് വിദ്യാലയങ്ങളിലാണ്. പ്രതിഷേധവും പ്രക്ഷോഭണവുമായി രംഗത്തു വരേണ്ടത് മാതാപിതാക്കളാണ്; വിദ്യാര്‍ഥികളല്ല.
അധ്യാപകര്‍ക്ക് തോക്ക് കൊടുക്കണമെന്ന് ആരോ നിര്‍ദേശിച്ചതായി കേട്ടു. 

നാലോ അഞ്ചോ വയസു മാത്രമുള്ള പിഞ്ചുകുഞ്ഞുങ്ങള്‍ സ്‌കൂളില്‍ വരുമ്പോള്‍ കൈയില്‍ തോക്കുമായി നില്‍ക്കുന്ന അദ്ധ്യാപകന്റെ രൂപം എത്രയോ ഭയാനകമാണ്. 

സ്‌കൂളില്‍ ചെയ്യേണ്ടത്, കുട്ടികളെ പഠിപ്പിക്കുന്നതിനോടൊപ്പം അവരെ പഠിക്കുക കൂടി ചെയ്യണമെന്നുള്ളതാണ്. അവരുടെ വൈകാരികവും, മാനസികവും, ആരോഗ്യകരവുമായ വളര്‍ച്ചയ്ക്ക് ഉചിതമായ വിദ്യാഭ്യാസ പദ്ധതികള്‍ സ്വീകരിക്കണം - അതിന് തോക്ക് വേണ്ട! 
Join WhatsApp News
Boby Varghese 2018-03-26 19:04:23
Guns do not kill. People do.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക