Image

ചെങ്ങന്നൂരില്‍ വയല്‍ക്കിളികള്‍ പറന്നിറങ്ങുമോ?

അനില്‍ പെണ്ണുക്കര Published on 27 March, 2018
ചെങ്ങന്നൂരില്‍ വയല്‍ക്കിളികള്‍ പറന്നിറങ്ങുമോ?
കോണ്‍ഗ്രസ്സിന്റെ തീപ്പൊരി യുവ നേതാവ് പി.സി വിഷ്ണുനാഥിനെ പരാജയപ്പെടുത്തി കേരള രാഷ്ട്രീയത്തെ ഞെട്ടിച്ച കെ.കെ രാമചന്ദ്രന്‍ മാസ്റ്ററുടെ വിയോഗം ചെങ്ങന്നൂരില്‍ ഉണ്ടാക്കിയിരിക്കുന്നത് കേരളം കാണാന്‍ പോകുന്ന ഏറ്റവും വലിയ രാഷ്ട്രീയ അജണ്ട ആണെന്ന കാര്യത്തില്‍ സംശയമില്ല .  മരണപ്പെട്ട രാമചന്ദ്രന്‍ പ്രസംഗത്തില്‍ മാത്രമല്ല, പ്രവര്‍ത്തിയിലും യഥാര്‍ത്ഥ കമ്യൂണിസ്റ്റായിരുന്നു. അതുകൊണ്ട് തന്നെയാണ് വിഷ്ണുനാഥിനെ പോലെയുള്ള ഒരു നേതാവിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിരുന്നതും.പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം നടന്ന മലപ്പുറം ലോക് സഭ മണ്ഡലം, വേങ്ങര മണ്ഡലം ഉപതിരഞ്ഞെടുപ്പുകള്‍ പോലെ 'നിസാര'മായി സര്‍ക്കാറിനും ഇടതുപക്ഷത്തിനും ചെങ്ങന്നൂരില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനെ കാണാന്‍ കഴിയില്ല.

കാരണം ഭരണപക്ഷ സീറ്റില്‍ വിജയത്തില്‍ കുറഞ്ഞൊന്നും സര്‍ക്കാറിനെ സംബന്ധിച്ച് സ്വപ്നം പോലും കാണാന്‍ കഴിയില്ല.വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും യു.ഡി.എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ച് വലിയ തോതില്‍ ലീഗ് കോട്ടയില്‍ വോട്ട് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞത് ഇടതുപക്ഷത്തിന് വിജയ സമാനമായ നേട്ടമാണ് സമ്മാനിച്ചിരുന്നത്.
പിണറായി സര്‍ക്കാര്‍ ശരിയായ രൂപത്തിലാണ് പോവുന്നത് എന്നതിന്റെ സൂചന ആയാണ് വോട്ട് വര്‍ദ്ധനവിനെ സി.പി.എം ചൂണ്ടിക്കാണിച്ചിരുന്നത്.

ഈ സാഹചര്യത്തില്‍ സിറ്റിംഗ് സീറ്റായ ചെങ്ങന്നൂരില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ അത് പിണറായി സര്‍ക്കാറിന് ജനപിന്തുണ നഷ്ടപ്പെട്ടതിന്റെ തെളിവായി പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുമെന്ന കാര്യവും ഉറപ്പാണ്.സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും സകല സംവിധാനങ്ങളും ഉപയോഗിച്ച് ചെങ്ങന്നൂര്‍ നിലനിര്‍ത്താനാകും എന്ന പ്രതീക്ഷയ്ക്ക് തടസം സൃഷ്ടിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ ആണ് ഇപ്പോള്‍ ഉള്ളത് .

പിണറായി സര്‍ക്കാറിനെതിരായ വിധിയെഴുത്തായി വിലയിരുത്തപ്പെടുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ള സാഹചര്യത്തില്‍ വയല്‍ക്കിളി സമരം സി പി എമ്മിന് വലിയ തലവേദനയാകുന്നു..തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് കീഴാറ്റൂര്‍ പ്രശ്‌നത്തിന് ഒരു ശാശ്വതമായ പരിഹാരമാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെങ്കിലും കീഴാറ്റൂരില്‍ നടന്ന മാര്‍ച്ച് കേരള ജനതയുടെ മനസ്സായിരുന്നു എന്നാണ് രാഷ്ട്രീയ കേരളം വിലയിരുത്തുന്നത്.

ചെങ്ങന്നൂരില്‍ കീഴാറ്റൂരും,സമീപകാലത്ത് ഉണ്ടായ മറ്റ് പ്രശ്‌നങ്ങളും ചര്‍ച്ച ആയാല്‍ അതു ഇടതുമുന്നണിക്കും പ്രത്യേകിച്ചു സി പി എമ്മിനും വലിയ തിരിച്ചടിയാകും ഉണ്ടാകുക.അതുകൊണ്ട്
സര്‍വ ശക്തിയുമെടുത്ത് ഇവിടെ സീറ്റ് നില നിര്‍ത്താന്‍ ഭരണപക്ഷം ശ്രമിക്കുമ്പോള്‍ പിടിച്ചെടുക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ കഠിനമായ പരിശ്രമം.

സി.പി.എമ്മിന് പുറമേ കോണ്‍ഗ്രസ്സിനും ബി.ജെ.പിയ്ക്കും വലിയ അടിത്തറയുള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍. ഇതു തന്നെയാണ് ഇവിടത്തെ ഫലപ്രവചനം അസാധ്യമാക്കുന്നത്.
മൂന്നു പാര്‍ട്ടികളും പരസ്പരം പോരടിക്കുന്ന മണ്ഡലമാണെങ്കിലും സര്‍ക്കാറിനെയും സി.പി.എമ്മിനെയും പ്രഹരിക്കാന്‍ 'വയല്‍ക്കിളികള്‍' തന്നെയാണ് ഇപ്പോള്‍ പ്രധാന ആയുധം.

കഴിഞ്ഞ മാര്‍ച്ച് 14നാണ് നെല്‍വയല്‍ നികത്തി ദേശീയ പാതാ ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍ക്കിളി പ്രവര്‍ത്തകര്‍ സമര രംഗത്തിറങ്ങിയത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചായിരുന്നു സമരക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ വരുന്നവരെ തടയാന്‍ വയലില്‍ നിലയുറപ്പിച്ചിരുന്നത്.

നാടിന്റെ വികസനത്തിന് ചെറിയ ഒരു വിഭാഗം കൂട്ട് നില്‍ക്കുകയാണെന്ന് ആരോപിച്ച് സി.പി.എം ശക്തമായി രംഗത്ത് വരികയും സര്‍ക്കാര്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകുകയും ചെയ്തതോടെ സമരക്കാരുടെ പന്തലും അഗ്നിക്കിരയായി.ഇതാടെ സി.പി.എം ഇതര പാര്‍ട്ടികളും സംഘടനകളുമെല്ലാം സംഘടിച്ച് വയല്‍ക്കിളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു.ഇതിനെ ചെറുക്കാന്‍ 'നാടിന് കാവല്‍' എന്ന മുദാവാക്യം ഉയര്‍ത്തി പ്രവര്‍ത്തകരെ സംഘടിപ്പിച്ച് സി.പി.എം കീഴാറ്റൂരിലേക്ക് ബഹുജന മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.

പശ്ചിമഘട്ടവും ഇടനാടന്‍ കുന്നുകളും വയലുകളും തണ്ണീര്‍ത്തടങ്ങളും നിലനില്‍ക്കേണ്ടത് ഇപ്പോഴത്തെയും വരാനിരിക്കുന്നതുമായ തലമുറകളുടെ അതിജീവനത്തിന് അനിവാര്യമാണെന്നാണ് 'വയല്‍ക്കിളി' സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.ഇതു തന്നെയാണ് കാര്‍ഷിക മേഖലയായ ചെങ്ങന്നൂരിലും ഇപ്പോള്‍ ബി.ജെ.പി, കോണ്‍ഗ്രസ്സ്, ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നത്.

ഇടതു സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സി.പി.ഐക്കാര്‍ ഇതിനു മറുപടി പറയുമോ എന്ന ചോദ്യം ചോദിച്ച് സി.പി.എമ്മിനെ വെട്ടിലാക്കുന്ന തന്ത്രമാണ് പ്രതിപക്ഷം പയറ്റുന്നത്.
തിരഞ്ഞെടുപ്പ് ചൂട് കൂടുന്നതോടെ വയല്‍ക്കിളി സമരക്കാര്‍ ചെങ്ങന്നൂരില്‍ ഇറങ്ങും എന്ന സാധ്യതയും സി പി എം നോക്കി കാണണുന്നുണ്ട് .
സമര നേതാവ് സുരേഷ് കീഴാറ്റൂരും സംഘവും സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധിക്കാന്‍ ചെങ്ങന്നൂരില്‍ ഇറങ്ങിയാല്‍ ചെങ്ങന്നൂര്‍ മറ്റൊരു കീഴാറ്റൂര്‍ ആയി മാറാനും സാധ്യത ഉണ്ട് .അതുകൊണ്ട് കീഴാറ്റൂര്‍ സമരം എന്ത് വില കൊടുത്തും ഒത്തു തീര്‍പ്പാക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നാണ് ഇപ്പോള്‍ അറിയുന്നത് .തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍ ഉണ്ടായാല്‍ കീഴാറ്റൂര്‍ വയല്‍ക്കിളികള്‍ ആകും ചെങ്ങന്നൂരില്‍ താരങ്ങള്‍ ആകുക .
ചെങ്ങന്നൂരില്‍ വയല്‍ക്കിളികള്‍ പറന്നിറങ്ങുമോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക