Image

അച്ഛനുറങ്ങി കിടക്കുന്നു നിശ്ചലം.... (ബെന്നി ന്യൂജേഴ്സി)

Published on 27 March, 2018
അച്ഛനുറങ്ങി കിടക്കുന്നു നിശ്ചലം.... (ബെന്നി ന്യൂജേഴ്സി)
'ഉമ്മിക്കുന്നിലെ ഹെന്റെ ഏലിയാ മുത്തപ്പോ.. മണര്‍കാട്ടെ ഹെന്റെ മാതാവേ.. ഹെന്റെ പരുമല തിരുമേനിയേ..
ഈ എളിയവനിതാ തലകുമ്പിട്ട് നിക്കണു... ഹെന്റെയീ കുഞ്ഞനുജനു പകരമായിട്ട് ഹെന്റെ പ്രാണനെ എടുപ്പിച്ചാലും... ഉടനെ ഇവനെ വിളിപ്പിക്കരുതേ.. പറക്കമുറ്റാത്ത രണ്ടു കുഞ്ഞുകൊച്ചുങ്ങളാ ഇവന്... ഇവനു വേണ്ടി ഹെന്റെ ചങ്കു പറിച്ചു തര്യാ ഞാന്‍... ഹെന്റെ പൊന്നു കര്‍ത്താവേ.... ഹെന്നെ കൊണ്ടോക്കോ.. ഹെന്നെ പൊന്നനുജനെ വിളിക്കരുതേ..''

അനുജന്റെ മുറിയില്‍ നിന്നും ഒരു കൂട്ടക്കരച്ചില്‍ കേട്ടാണ് ഞാന്‍ ഓടി ചെന്നത്. തൊട്ടടുത്ത പറമ്പിലാണ് തറവാട്. തറവാട്ടിലെ ജോര്‍ജ്ജു ചേട്ടായി മുട്ടുകുത്തി നിന്ന് അനുജന്റെ ചലനമറ്റ കൈകള്‍ രണ്ടും താങ്ങിപ്പിടിച്ചിരിക്കുന്നു. ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന ദൈവമാതാവിന്റേയും യേശുകുഞ്ഞിന്റേയും ഫോട്ടോയുടെ താഴെ മെഴുകുതിരി കത്തിച്ചുവെച്ചിട്ടുണ്ട്. മരണാസന്നനായി കിടന്നിരുന്ന ഹുമയൂണ്‍ രാജകുമാരന്റെ ജീവ നു വേണ്ടി പിതാവ് ബാബര്‍ ചക്രവര്‍ത്തി മകന്റെ രോഗം തനിക്കു തരാന്‍ ഉടയവനോട് കെഞ്ചിയ പോലെ..

അനുജന്‍..... വൈ.എം.സി.യെ യുടെ ഫാമിലി ട്രിപ്പിന്റെ കൂടെ മൂലമറ്റത്തേയ്ക്കുള്ള യാത്ര.. നനഞ്ഞു കിടന്നിരുന്ന കല്‍പ്പടവുകളില്‍ തെന്നിവീണ് നട്ടെല്ലിനേറ്റ ക്ഷതം.. മൂലമറ്റുനിന്നും എറണാകുളം വരെയുള്ള പരുക്കന്‍ റോഡികളില്‍ കൂടിയുള്ള ആംബുലന്‍സ് യാത്ര... കഴുത്തു മുതല്‍ ശരീരം മുഴുവന്‍ തളര്‍ന്നു പോയി. എറണാകുളത്തെ ലേയ്ക്ക് ഷോര്‍ ഹോസ്പിറ്റലില്‍ തുടങ്ങി പത്തു മാസത്തോളം നിര്‍ത്താതെ ഉള്ള പാച്ചില്‍. Complete Quadriplegia, Cervical Spine C4-C5 fracture extending to C2-C7. ട്രക്കിയോസ്റ്റമി ചെയ്ത് വെന്റിലേറ്ററില്‍.. ലേയ്ക്ക് ഷോറിലെ പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ. അരുണ്‍ ഉമ്മന്‍ കാലത്തെ റൗണ്ടസ് കഴിഞ്ഞു വന്നാല്‍ ഞങ്ങളെ വിളിച്ച് സ്ഥിതിഗതികളുടെ കാഠിന്യം ക്ഷമയോടെ ധരിപ്പിച്ചു കൊണ്ടിരുന്നു. ഞങ്ങളുടെ എല്ലാ സംശങ്ങള്‍ക്കും വിശദമായ മറുപടി. 'ഞങ്ങള്‍ കഴിവതു മുഴുവന്‍ ചെയ്തുകൊണ്ടിരിക്കാ.. ധൈര്യമായിരിക്കൂ..' ഡോക്ള്‍ടറുടെ ആശ്വാസവാക്കുകള്‍. ഉടയോന്‍ മനുഷ്യനെ ഡിസൈന്‍ ചെയ്തപ്പോള്‍ സ്പൈനല്‍ കോര്‍ഡില്‍ കൂടിയുള്ള നേര്‍വുകള്‍ക്ക് കേടുവന്നാല്‍ പിന്നെ അത് പുനര്‍ജനിക്കില്ല എന്ന ഒരു 'മനപൂര്‍വ്വമായ ഡിസൈന്‍ ബഗ്' വന്നു പോയത്രേ. ദൈവത്തിന്റെ ഓരോ വികൃതികളോ.. വൈദ്യശാസ്ത്രം ഇന്നുവരെ ഇവിടെ തോറ്റ് അടിയറവ് പറഞ്ഞിരിക്കുന്നു പോലും!

ലേയ്ക്ക് ഷോറില്‍ നിന്നും കലൂരുള്ള റീ-ഹാബ് ഹോസ്പിറ്റലില്‍... വീടിനടുത്തുള്ള ജെ ആന്‍ഡ് പി ആശുപത്രി... പിന്നെ വീട്... വീട്ടില്‍ ഒരു ഐ.സി.യു. തന്നെ സചീകരിച്ചിരുന്നു. ഇതിനിടയില്‍ കിട്ടിയ ബെഡ് സോര്‍ ഇന്‍ഫക്ഷന്‍....

വൈദ്യശാസ്ത്രം ഉപേക്ഷിച്ചിരുന്നെങ്കിലും അമ്മയുടെ പ്രതീക്ഷ വറ്റിയിരുന്നില്ല...
'അവന്‍ എഴുന്നേറ്റു പ്രാഥമിക കാര്യങ്ങള്‍ എങ്കിലും ചെയ്യു'മെന്ന് അമ്മ.. അതിനുവേണ്ടി ആയുര്‍വ്വേദം മുതല്‍ പ്രകൃതിചികിത്സ വരെ മാറി മാറി... 'രണ്ടുവര്‍ഷം മുമ്പുണ്ടായ ഒരപകടത്തില്‍ നിന്നും ഇവന്‍ എഴുന്നേറ്റു നടന്നതാ... അവന്‍ എഴുന്നേല്‍ക്കും'. അമ്മയ്ക്ക് വലിയ പ്രത്യാശയായിരുന്നു. ആ തീഷ്ണ ജീവിത സമരത്തിനിടയില്‍, പ്രതീക്ഷയുടെ ഒരു പുതുരാവില്‍ അമ്മ അടുക്കളയില്‍ മറഞ്ഞു വീണു. നീണ്ട ഉറക്കത്തിലേക്ക് ഊളിയിട്ടു പോയി. മാസ്സിവ് ഹാര്‍ട്ട് അറ്റാക്ക്... മകന് കോരിക്കൊടുക്കാനുള്ള പൊടിയരിക്കഞ്ഞി ഉണ്ടാക്കി പാത്രത്തില്‍ അടച്ചു വെച്ചിട്ട്......

'ബാബുമോന്‍ കിടക്കുന്ന മുറിയുടെ ഭിത്തിയുടെ കോര്‍ണറില്‍ അവനെപ്പോഴും കാണാനായിട്ട് ഒരു ടി.വി വെച്ചു കൊടുക്കണം. അവനതിലെ ഷോകള്‍ കണ്ട് ഒരു പോസറ്റീവ് എനര്‍ജി ഉണ്ടാകും.. ബ്രയിനില്‍ നിന്നുമുള്ള കല്‍പ്പനകള്‍ ഞരമ്പുകളില്‍ എത്തും...ഞരമ്പുകള്‍ കൂടിയോജിക്കും..'. നാട്ടില്‍ ചെന്നപ്പോള്‍ മുതല്‍ സഹധര്‍മ്മിണി നിരന്തരം പറഞ്ഞു കൊണ്ടിരുന്നു. പിന്നെയാ പറച്ചിലിന്റെ കടുപ്പം കൂടികൂടി വന്നുകൊണ്ടിരുന്നു..
'ഊണു മുറിയില്‍ ഒരു ടി.വി. ഉണ്ടല്ലോ. അതു പോരെ..'' എന്റെ തടസ്സവാദങ്ങള്‍ അവളുടെ നിശ്ചയ ദാര്‍ഡ്യത്തിനു മുമ്പില്‍ തോറ്റുപോയി. മുവ്വാറ്റുപുഴയിലെ തോട്ടം സൂപ്പര്‍ മാര്‍ക്കറ്റിലെ സാന്റോ സാറിനെ വിളിച്ച് വാങ്ങേണ്ട ടി.വി.യുടെ അളവുകളും അത് ഭിത്തിയുടെ കോര്‍ണറില്‍ പിടിപ്പിക്കാനുള്ള ഫിറ്റിങ്ങും മറ്റും അവള്‍ തന്നെ പറഞ്ഞേല്‍പ്പിച്ചു.
പിറ്റേ ദിവസം തന്നെ ടി.വി. മുറിയില്‍ പിടിപ്പിച്ചു. അതിന്റെ റിമോട്ട് അനുജന്റെ കൈയ്യില്‍ വെച്ചുകൊടുത്തിട്ട്, അവന്റെ ചലിക്കാത്ത വിരലുകള്‍ റിമോട്ടിന്റെ ബട്ടനില്‍ എടുത്തു വെയ്കുന്നു. അതമര്‍ത്തുവാന്‍ അവനെ കൊണ്ട് പല പ്രാവശ്യം ശ്രമിപ്പിക്കുന്നു.. അവന് ആകുന്നില്ല.. തലച്ചോറില്‍ നിന്നുമുള്ള ആജ്ഞകള്‍ വിരലുകളിലേക്ക് എത്തുന്നില്ല...
പക്ഷേ, എങ്ങിനേയോ ഒരു കല്പന കൈവിരലുകളില്‍ എത്തിയതും റിമോര്‍ട്ട് ഒന്നമര്‍ത്താന്‍ അവനായതും.. ഇത് കണ്ടുള്ള ആഹ്ലാദം...ഓടി അമ്മയുടെ അടുത്തെത്തി ആ ശുഭ വാര്‍ത്ത അറിയിക്കാന്‍... സോഫയില്‍ കിടന്നിരുന്ന ഞാനിതു കണ്ട് അറിയാതെ ഉള്ളു തുളുമ്പിപ്പോയി.

അപ്പയുടെ രോഗക്കിടക്കയില്‍ ഇടക്കിടക്ക് ചെന്ന് കൈവിരലില്‍ ഘടിപ്പിച്ചിരുന്ന ഓക്സിജന്‍ മോണിറ്ററിലെ റീഡിങ്ങ് നോക്കി അതില്‍ കുറവു കണ്ടാല്‍ ഓടി മമ്മിയുടെ അടുത്തു ചെന്ന് ബഹളം വെക്കുന്ന പൈതല്‍. ഓക്സിജന്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് മമ്മിക്ക് നിര്‍ദ്ദേശം കൊടുക്കുന്നു.. അതിലെ ലെവല്‍ ചുവപ്പില്‍ നിന്നും പച്ചയില്‍ വരുമ്പോള്‍ മാത്രം പാഠപുസ്തകത്തിലേക്ക് തിരികെ പോകുന്ന കാഴ്ച.

ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്കുള്ള പറിച്ചുനടീലുകളില്‍ ഉണ്ടായ ബെഡ് സോറുകള്‍.. അത് നിയന്ത്രിക്കാനാകാത്ത വിധം രൂക്ഷമായി.. ശരീരം മുഴുവന്‍ വിഷലിബ്ധമായി... ഇനി ഒന്നും ചെയ്യാനില്ല എന്ന വിദഗ്ദ ഡോക്ടര്‍മാരുടെ വേദനിപ്പിക്കുന്ന നിരീക്ഷണം.

അന്നത്തെ ആ സായാഹ്നം.. പുറത്ത് തീ പെയ്യുന്ന മാര്‍ച്ചിലെ കനല്‍ ദിനങ്ങള്‍.. 'ഇന്നു വിട്ടു പോകില്ല' എന്ന വിദഗ്ദ ഡോക്ടര്‍മാരുടെ വില ഇരുത്തല്‍. അഗാധ ഗര്‍ത്തത്തിലേക്ക് അവന്‍ താണു താണു പൊയ്ക്കൊണ്ടിരുന്നു.. ഗ്രാമത്തിലെ ഓടി കളിച്ചു നടന്ന വീടു മുറ്റത്തു നിന്നും അനന്ത പ്രയാണത്തിനുള്ള ചിറകുകള്‍ വച്ചു പിടിപ്പിക്കുന്ന മണിക്കൂറുകള്‍... മരണത്തിന്റെ മാരക രുചിയും രസവും നുണഞ്ഞറിയാന്‍ വീട്ടുകാരും നാട്ടുകാരും ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരുന്നു.....കാഴ്ച്ചക്കാര്‍......

ഇതൊന്നും കണ്ടു നില്‍ക്കാനാകാതെ കുഞ്ഞുങ്ങളേയും വിളിച്ചു കൊണ്ട് വീട്ടിലേക്കു പോകാനായി ഞാന്‍ ആശുപത്രിയുടെ താഴെ നിലയിലേക്കുള്ള സ്റ്റെപ്പിന്റെ അടുത്തെത്തി.. ഒരു ബന്ധുവും കുടുംബവും സ്റ്റെപ്പുകള്‍ കയറി വരുന്നുണ്ട്.
'ഞങ്ങളങ്ങു പോകാ...എനിക്കാകില്ല.. ' ...ഞാന്‍ സ്വരം താഴ്ത്തി പറഞ്ഞു.
'ചേട്ടന്‍ പൊക്കോ. ഞങ്ങളു റെഡിയാ... താഴെ കാന്റീനില്‍ പോയി വയറു നിറച്ചു കഴിച്ചിട്ടാ ഞങ്ങളു വരണേ.. ചേട്ടന്‍ പൊക്കോ.. '.
എന്ത്? അനുജന്റെ പ്രാണന്‍ പോകുന്നതിന്റെ കാഴ്ച്ചക്കാരനാകാനോ?... വയറു നിറച്ച് കഴിച്ച് റെഡിയായി....?!... ഭിത്തിയുടെ ഒരു മൂലയില്‍ വലയില്‍ കുടുങ്ങിയ ഇരയെ ചുറ്റിവരിയുന്ന ചിലന്തിയെലേക്കു ഞാനെന്റെ കണ്ണുകള്‍ പായിച്ചു.........
*
അടക്കത്തിന്റെ ഒരുക്കങ്ങള്‍ നടക്കുന്നു. തലേ രാത്രി പത്തു മണിയോടെ ഒരു ഫോണ്‍ കോള്‍. മതമേലദ്ധ്യഷന്‍ എഴുന്നുള്ളി വന്ന് അടക്കം പൊലിപ്പിക്കണമെങ്കില്‍ കൊടുക്കേണ്ട 'കൈമൊത്തി'നെ ഓര്‍മ്മിപ്പിക്കാന്‍.. അടക്കം പൊടിപൊടിക്കാന്‍....! അനുജന്റെ ഒന്‍പതു വയസ്സുള്ള മോന്റെ കണ്ണുകളിലേക്ക് അറിയാതെ ഞാന്‍ നോക്കിപ്പോയീ. അവനെ കെട്ടിപ്പിടിച്ചൊരു മുത്തം കൊടുത്തു...

കബറടക്കം കഴിഞ്ഞ് ശ്മശാനം ശൂന്യമായി. കുഞ്ഞുമകനേയും കൈയ്യില്‍ താങ്ങി ശവക്കോട്ടയുടെ പടവുകള്‍ കയറി മുകളിലത്തെ തട്ടില്‍ എത്തി. വെട്ടുകല്ലുകള്‍ കൊണ്ട് ഗോപുരമായി പണിത വാതില്‍ പടി കടന്നാല്‍ പള്ളിമുറ്റമാണ്. പള്ളിമുറ്റത്ത് കാപ്പി കുടിക്കുന്നവരുടെ വര്‍ത്തമാനങ്ങള്‍...കുശലാന്വേക്ഷണങ്ങള്‍ ... പരിചയം പുതുക്കലുകള്‍....
വാതില്‍പടിയില്‍ എത്തുന്നതിനു മുമ്പ് എന്റെ കൈ വിടിവിച്ചിട്ട് അവന്‍ താഴത്തെ തട്ടിലേക്ക് ഓടി. അവന്റെ അപ്പയെ അടക്കിയിരിക്കുന്ന കല്ലറയിലേക്ക്.. അവിടെ ചെന്ന് ആ മണ്ണില്‍ കമഴ്ന്നു കിടന്ന് ഉമ്മ കൊടുക്കുന്നു. ഒരു നിമിഷം സ്തംബ്ധനായിപ്പോയി ഞാന്‍.
എല്ലാ ദിവസവും ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് അപ്പയുടെ കവിളത്തൊരുമ്മ കൊടുത്ത് ഗുഡ് നൈറ്റ് പറഞ്ഞായിരുന്നു അവന്‍ ഉറങ്ങിയിരുന്നത് എന്നത് ഓര്‍ത്തു...
ഇന്നു മുതല്‍..... ഇന്നു മുതല്‍..... അപ്പയ്ക്കുള്ള പൊന്നുമ്മ ഒരുമിച്ച് ..... അപ്പയുടെ ചാച്ചന്റെയും അമ്മയുടെയും കൂടെ കല്ലറക്കുള്ളില്‍.. അപ്പ ഇന്നു മുതല്‍ അവന്റെ ഉമ്മ കാത്ത്.....
*
ഈ മാര്‍ച്ച് 15 നു രണ്ടു വര്‍ഷങ്ങള്‍ പിന്നിട്ടു...
പത്തു മാസത്തെ മരണവുമായുള്ള മല്ലയുദ്ധക്കളത്തില്‍.. സൗകര്യ പൂര്‍വം...ബുദ്ധിപൂര്‍വം കവചങ്ങള്‍ ധരിച്ച് പുറത്തു നിന്നവര്‍.. സ്വയം ഉറക്കം നടിച്ചവര്‍... അബലയായ വിധവയും കുഞ്ഞുങ്ങളും സ്വയം മാനേജു ചെയ്യാന്‍ പഠിക്കട്ടെ എന്ന് ബുദ്ധിയുപദേശം തന്നവര്‍.. അവരുടെ കൂടെയിരുന്നു കരയാന്‍ എത്താതെയിരുന്നതിന്റെ ന്യായീകരണങ്ങള്‍ വിളിച്ചു പറഞ്ഞവര്‍...
അപകടം വരാനുള്ള കാര്യകാരണങ്ങള്‍ സോക്രട്ടീസ്സിനെ തന്നെ തോല്‍പ്പിക്കുമാറ് ഫിലോസോഫിക്കല്‍ അനാലിസിസ് നടത്തി രസിക്കുന്നവര്‍..
സമരമുഖത്തു ചാവേറുകളായി ഒരുമിച്ചു പൊരുതിയ ബന്ധുമിത്രങ്ങള്‍ കല്ലറയുടെ പരിസരത്തു പോലും വരാന്‍ മടിക്കുമ്പോള്‍...
അന്ത്യചുംബനം കൊടുത്തു കുഞ്ഞനുജനെ യാത്രയാക്കേണ്ടവരുടെ അഭാവങ്ങള്‍....
പക്ഷേ ...................
ICU വിന്റെ പുറത്ത് പ്രതീക്ഷയോടെ, രാപകലില്ലാതെ ഉറക്കമിളച്ചിരുന്ന ഒരു മാലാഖ കുഞ്ഞനുജത്തിയെ ഓര്‍ക്കുകയാണ്. എല്ലാ മെഡിക്കല്‍ ഇവാലുവേഷനും തെറ്റാണു എന്ന് അവള്‍ എപ്പോഴും ഞങ്ങളോട് പറഞ്ഞു കൊണ്ടിരുന്നു.. ഡോക്ടര്‍മാരുമായീ ചൂടുപിടിച്ച വാഗ്ദാദത്തില്‍ 'No.. No way....there must be a procedure to fix it.. I can't accept this..'
സ്വന്തം കുഞ്ഞുങ്ങളേയും കുടുംബത്തേയും മറന്ന് എപ്പോള്‍ വിളിച്ചാലും രാപകലില്ലാതെ ഓടിയെത്തുന്ന കൊച്ചനുജന്‍ ഇട്ടന്‍കൊച്ചിനേയും. കുടുംബത്തിലെ മറ്റു ജേഷ്ടസഹോദരങ്ങള്‍ .. അടുത്തും ദൂരത്തുമുള്ള അനുജന്മാര്‍.. അങ്ങിനെ പലരും.. ഇന്നും ഈ കൊച്ചുഗ്രാമത്തില്‍ കൊടും വേനലിലും നന്മ മരങ്ങള്‍ വാടാതെ, തളരാതെ, തളിരിട്ട് പൂത്തു പുഷ്പിച്ചു നില്‍ക്കുന്നു... ഇരുട്ടിലും സൗരഭ്യം പരത്തുന്ന മുല്ലപ്പൂക്കള്‍..... ചെറു നക്ഷത്രങ്ങള്‍........

ആത്മാവില്‍ ഒരു ചിത - വയലാര്‍
അച്ഛനുറങ്ങികിടക്കുന്നു നിശ്ചലം;
നിശബ്ദതപോലുമന്നു നിശബ്ദമായ്..
വന്നവര്‍ വന്നവര്‍ നാലുകെട്ടില്‍ തങ്ങി
നിന്നുപോയ് ഞാന്ന് നിഴലുകള്‍ മാതിരി

ഇത്തിരി ചാണകം തേച്ച വെറും
നിലത്തച്ഛനുറങ്ങാന്‍ കിടന്നതെന്തിങ്ങനെ?
വീടിനകത്തു കരഞ്ഞുതളര്‍ന്നമ്മ
വീണുപോയ് നേരം വെളുത്ത നേരം മുതല്‍
...... ..........
അച്ഛനുറങ്ങി കിടക്കുന്നു നിശ്ചലം.... (ബെന്നി ന്യൂജേഴ്സി)
Join WhatsApp News
Francis Thadathil 2018-03-28 07:21:48
Great article! Benny! I read it in a breath. A greate tribute to your brother.It is really a human interesting story filled with own experience and emotions. Tears shed from my eyes. You narrated a story of an usual happening in today’s world. Relationship is a hipocratic drama today. People have value only when you are alive and wealthy. If you’ren’t so then filthy. When  things happen to ourselves then only we learn. Hope this article will open the eyes of many. Good luck Benny! Keep moving your pen for creative articles like this.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക