Image

ചിരട്ടപാല്‍ ഇറക്കുമതി നീക്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിയ്ക്കണം: ഉമ്മന്‍ ചാണ്ടി

Published on 27 March, 2018
ചിരട്ടപാല്‍ ഇറക്കുമതി നീക്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിയ്ക്കണം: ഉമ്മന്‍ ചാണ്ടി
Oommen Chandy ചിരട്ടപാല്‍ (Rubber Cup Lumps) ഇറക്കുമതി ചെയ്യാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിയ്ക്കണം.

ടയര്‍ ഉണ്ടാക്കാന്‍ ഉപയോഗിയ്ക്കുന്ന ബ്ലോക്ക് റബ്ബര്‍ ഉത്പാദിപ്പിയ്ക്കുന്നതിനു നിലവാരവും വിലയും കുറഞ്ഞചിരട്ടപ്പാല്‍ ഇറക്കുമതി ചെയ്യുന്നത് വ്യവസായികള്‍ക്ക് വന്‍ ലാഭമാണ്. ചിരട്ടപ്പാലിന് ഇപ്പോള്‍ ബ്യുറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (BIS) ഗുണനിലവാരം നിശ്ചയിച്ചിട്ടില്ല എന്നതാണ് ഏക തടസം .ഇക്കാര്യത്തില്‍ വ്യവസായികള്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ തെറ്റിദ്ധരിപ്പിച്ചു ഗുണനിലവാരം നടത്തിക്കാനാണ് ശ്രമിയ്ക്കുന്നത്. ഇത് സംബന്ധിച്ച നിര്‍ദേശം ബിഐഎസിനു പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നു പോയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത് ...

ചിരട്ടപ്പാലിന് ലോകത്തൊരിടത്തും ഇതുവരെ ഗുണനിലവാരം നിശ്ചയിച്ചിട്ടില്ല.അത് അസാധ്യമാണ് താനും .ഇന്ത്യയിലും ഇത് സാധ്യമല്ലെന്ന് 2016 ഡിസംബര്‍ 5ന് ചേര്‍ന്ന ബിഐഎസ് യോഗം വ്യക്തമാക്കിയിട്ടുണ്ട് . ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഗുണനിലവാരം നിശ്ചയിക്കാനുള്ള നിര്‍ദ്ദേശം ബിഐഎസിനു നല്‍കിയത്. റബ്ബര്‍ മേഖലയിലെ ഏറ്റവും ആധികാരിക സ്ഥാപനമായ റബ്ബര്‍ ബോര്‍ഡും ഗുണനിലവാരം നിശ്ചയിക്കാനാവില്ലെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത് . ബ്ലോക്ക് റബേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജ്ജിയില്‍ റബ്ബര്‍ ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട് ...

തെക്കു കിഴക്കന്‍ രാജ്യങ്ങളില്‍ നിന്ന് വളരെ കുറഞ്ഞ നിരക്കില്‍ ലഭിയ്ക്കുന്ന ചിരട്ടപ്പാല്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയിലെ ഗുണനിലവാരമുള്ള റബ്ബറിനുപകരം ഉപയോഗിയ്ക്കാനാണ് വ്യവസായികള്‍ ശ്രമിയ്ക്കുന്നത് . റബ്ബറിന് വിലയിടിഞ്ഞ് ലക്ഷകണക്കിന് കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ഇരുട്ടടി പോലെ കേന്ദ്രസര്‍ക്കാര്‍ ഇതിനു ഒത്താശ ചെയ്യുന്നത് . റബ്ബര്‍ കര്‍ഷകരെ കുത്തുപാളയെടുപ്പിയ്ക്കുന്ന തീരുമാനമായിരിയ്ക്കും ഇത് . നിലവില്‍ രാജ്യത്തെ ഉപയോഗത്തില്‍ 46 ശതമാനം ഇറക്കുമതി റബ്ബറാണ് .

രാജ്യത്തിന്റെ വിദേശനാണ്യം ചോര്‍ത്തുന്ന നടപടികൂടിയാണിത് . വൃത്തിഹീനമായ സാഹചര്യത്തില്‍, നന്നായി ഉണക്കുകപോലും ചെയ്യാതെ കൊണ്ടുവരുന്ന ചിരട്ടപ്പാല്‍, പരിസ്ഥിതിയ്ക്കും, കൃഷിയ്ക്കും, ദോഷകരമായ ഉല്‍പ്പന്നമാണ് .
ബ്രസീലില്‍ ചിരട്ടപ്പാല്‍ ഇറക്കുമതി ചെയ്ത് , അവിടെയുള്ള റബറും മറ്റ് കാര്‍ഷിക ഉല്‍പന്നങ്ങളും നശിച്ച ചരിത്രവുമുണ്ട് ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക