Image

നെറ്റില്‍ കുടുങ്ങിയ ഫേയ്‌സ് ബുക്ക് (ഡോ. മാത്യു ജോയിസ്)

Published on 27 March, 2018
നെറ്റില്‍ കുടുങ്ങിയ ഫേയ്‌സ് ബുക്ക്  (ഡോ. മാത്യു ജോയിസ്)
വര്‍ഷങ്ങളായി കാണാതിരുന്നവരെ ബന്ധിപ്പിക്കാന്‍, കോടിക്കണക്കിന് സാധാരണക്കാരെ നവ മാധ്യമ സാങ്കേതിക വിദ്യയിലൂടെ സഹായിക്കുന്നുവെന്ന ഒറ്റപ്പേരില്‍ ഏറ്റവും ഉപകാരപ്രദമായ സോഷ്യല്‍ നെറ്റ് വര്‍ക്കായി, ഫെയ്‌സ് ബുക്ക് വളര്‍ന്നത് പെട്ടെന്നായിരുന്നു.

അനവധി ഉപകാരപ്രദമായ ഫീച്ചറുകള്‍ ചേര്‍ക്കപ്പെടുമ്പോള്‍ 2004 വരെയുണ്ടായിരുന്ന മാധ്യമ സങ്കല്പങ്ങള്‍ക്ക് അപ്രതീക്ഷിതമായ നിറവും കുതിപ്പും പകരാന്‍, മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്ന യുവ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ പഠനം പൂര്‍ത്തിയാക്കാതെ ചാടി പുറപ്പെട്ടപ്പോള്‍, ലോകം പുല്‍കിയത് പുതുയുഗത്തിലെ ഫേയ്‌സ് ബുക്കിന്റെ ഐതിഹാസികമായ ഗുണമേന്മകളെ ആയിരുന്നു.

ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ സക്കര്‍ബര്‍ഗ്, ഏറ്റവും സമ്പന്നരായ ബില്‍ഗേറ്റ്‌സിനും വാറന്‍ ബഫെറ്റിനുമരികില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. 2013 ഏപ്രില്‍ മാസത്തില്‍27.40 ഡോളര്‍ വിലയിലെത്തിയിരുന്ന ഫേസ് ബുക്ക് ഷെയറുകള്‍ 2018 ജനുവരി 18 ആയപ്പോള്‍ 196.00 ഡോളറിലേക്ക് കുതിച്ചുകയറിക്കഴിഞ്ഞിരുന്നു. ഈ 33 വയസുകാരന്‍ ദിനംപ്രതി 4 മില്യണ്‍ ഡോളര്‍ നേടിക്കൊണ്ട് 72.5 ബില്യണ്‍ ഡോളറിന്റെ സമ്പാദ്യം സ്വന്തം പേരില്‍ ചേര്‍ത്തു.

ലോകമെമ്പാടുമുള്ള സമാന ചിന്താഗതിക്കാരുടെയും, ഒരേ തൊഴില്‍ വിദഗ്ധരുടെയും തല്‍ക്ഷണ സമന്വയത്തിലൂടെ വളരെ ഉപകാരപ്രദമായ സേവനങ്ങള്‍ ഫെയ്‌സ്ബുക്ക് കാഴ്ച വെയ്ക്കുന്നുവെന്നത് മറക്കാനാവില്ല. ഫേയ്‌സ്ബുക്ക് എന്നാല്‍ ഒരു ജയില്‍ പോലെയാണ്, വെറുതെ സമയം കളഞ്ഞ് അതില്‍ കുത്തിയിരിക്കും. സ്വന്തമായി ഒരു പ്രൊഫൈല്‍ ഉണ്ടായിരിക്കും. അതിന്റെ ഭിത്തികളില്‍ പലതും കുത്തിക്കുറിക്കും. അന്യോന്യം അറിയാത്ത പലരും ആ വിവരങ്ങളില്‍ ചൊറിഞ്ഞ് വ്രണമാക്കുകയും താലോലിക്കുകയും ചെയ്‌തേക്കാം.

ദിവസവും അങ്ങോട്ടും ഇങ്ങോട്ടും മുട്ടിയുരുമ്മിക്കടന്നു പോകുമ്പോഴും പരിചയപ്പെടുകയോ സംസാരിക്കുകയോ ചെയ്യാത്തവര്‍, അവരറിയാത്ത ഫേസ്ബുക്കിലെ സുഹൃത്തുക്കളായി മാറുകയും, യാതൊരു മറയുമില്ലാതെ എല്ലാം തുറന്നുപറയുകയും, എന്തും പുലമ്പുകയും ചെയ്യുന്ന വേദി.

നമ്മുടെ ശത്രുക്കള്‍ നമ്മളേക്കാള്‍ നമ്മുടെ പ്രൊഫൈലും വിവരങ്ങളും പരതുന്ന വേദി, നമ്മുടെ സുഹൃത്തുക്കളും വീട്ടുകാരും നമ്മളെ ബ്ലോക്കുചെയ്യുന്ന വേദി, വെറുതെ ഗോസിപ്പുകളും നുണകളും പറഞ്ഞു പരത്തുന്ന വേദി, നല്ലതു ചിന്തിച്ചെഴുതിയാലും, മറ്റുള്ളവര്‍ നമ്മെ കുറ്റപ്പെടുത്തി പിച്ചിച്ചീന്തുന്ന വേദി; സുന്ദരിപ്പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ അടിച്ചുമാറ്റുന്ന വേദി, പെണ്‍കുട്ടികള്‍ എന്തെഴുതിയാലും ഇഷ്ടംപോലെ ലൈക്കും പ്രോത്സാഹനങ്ങളും വാരിക്കോരി ചൊരിയുന്ന പൂവാലന്മാരുടെ വേദി, ആര്‍ക്കും ആശംസകളും സന്ദേശങ്ങളും പരത്തെറിയും പരസ്യമായി എഴുതാവുന്ന വേദി എന്നിങ്ങനെ പല ദൃഷ്പ്രവണതകള്‍ക്കും തുറന്നു മലര്‍ത്തിയിട്ടിരിക്കുന്ന മുഖപ്പുസ്തകം, ഏതുപ്രായത്തിലും സാങ്കല്പിക സുഹൃത്തുക്കളെ നേടാമെന്നും, നമ്മുടെ സ്വന്തം മുഖം കാണിക്കാതെ പലരെ സുഹൃത്ത് വലയത്തിലാക്കാമെന്നും തെളിയിച്ചുകഴിഞ്ഞു.

ഈ യുഗത്തിലെ മനുഷ്യന്റെ നിത്യസഹായിയായി പിറന്ന സ്മാര്‍ട്ട് ഫോണുകളും അവയില്‍ രാത്രിയും പകലും പരതാന്‍ ഫേസ്ബുക്ക് ഉള്ളപ്പോള്‍ മനുഷ്യന്റെ വിലപ്പെട്ട സമയം ഇത്രമാത്രം ഉപയോഗപ്പെടുത്താനും നഷ്ടപ്പെടുത്താനും കഴിയുന്ന നിലയില്‍ ഫേസ്ബുക്കും അതിന്റെ ഷെയറുകളും ലോകമെമ്പാടും ജനപ്രീതിയേറിക്കഴിഞ്ഞിരിക്കുന്നു.

എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചകള്‍, ഫേയ്‌സ് ബുക്കിന്റെ ഷെയറുകള്‍ക്ക് കനത്ത തിരിച്ചടി ഏല്പിച്ചുകൊണ്ട് നെറ്റില്‍ കുടുങ്ങിക്കിടക്കുന്ന കാഴ്ച ലോകത്തെമ്പാടുമുള്ള സാമ്പത്തിക വിദഗ്ധരെയും സുരക്ഷാനയതന്ത്രജ്ഞരെയും ചിന്താധീനരാക്കിയിരിക്കുന്നു.

വാസ്തവത്തില്‍ എന്താണ് സംഭവിച്ചത്?

നമ്മള്‍ ഫേസ്ബുക്കില്‍ ഒരു അക്കൗണ്ട് തുറന്ന് കഴിയുന്നതു മുതല്‍, ഏതു സമയങ്ങളില്‍ ലോഗ് ഓണ്‍ ചെയ്തു, ഏത് ഇവന്റുകളില്‍ സംബന്ധിച്ചു. ആരൊക്കെയായി ഷെയര്‍ ചെയ്തു, ആരൊക്കെയാണ് നമ്മുടെ സുഹൃത്തുക്കള്‍ , ആരെയൊക്കെ നമ്മള്‍ ഫോളോ ചെയ്തു, ഏതു ക്രെഡിറ്റുകാര്‍ഡ് നമ്പറുകള്‍ ഇവയിലൂടെ കടന്നുപോയി തുടങ്ങിയ നമ്മുടെ ജന്മകുണ്ഡലി മുഴുവന്‍ അതില്‍ സ്റ്റോര്‍ ചെയ്യപ്പെടുന്നുണ്ട്. സംശയമുണ്ടെങ്കില്‍ 
(Facebook.com/settings/Tap download a copy of your FB data/ Download Archive)  ഇത്രയും ചെയ്തു കഴിഞ്ഞാല്‍ ഇന്നുവരെയുള്ള ചരിത്രം തരംതിരിച്ച് നിരവധി പേജുകളിലായി നിരന്നുവരും. ഫേയ്‌സ് ബുക്കില്‍ ഇതൊക്കെ ഒളിഞ്ഞുകിടപ്പുണ്ടെന്ന് നമുക്ക് അപായ സൂചനപോലെ, കണ്ടുകഴിയുമ്പോഴേ, നമ്മുടെ തല സക്കര്‍ബര്‍ഗിന്റെ കക്ഷത്തിലാണെന്നതും ബോദ്ധ്യമാകൂ.

ഇപ്പറഞ്ഞ രഹസ്യവിവരങ്ങള്‍ മറ്റാര്‍ക്കും ചോര്‍ത്തിക്കൊടുക്കുന്നില്ലെന്ന വിശ്വസ്ഥതയിലാണല്ലോ ഒന്നും ഓര്‍ക്കാതെ നമ്മുടെ വിവരങ്ങളും ചിന്തകളും ഫേസ്ബുക്കില്‍ ദിനം പ്രതി കോടിക്കണക്കിനാളുകള്‍ ചേര്‍ത്തുകൊണ്ടിരിക്കുന്നതും! എന്നാല്‍ ആഴ്ചകള്‍ക്ക് മുമ്പ് ബ്രിട്ടനിലെ ''ദി ഒബ്‌സേര്‍വര്‍'', അമേരിക്കയിലെ ''ന്യൂയോര്‍ക്ക് ടൈംസ്'' എന്നീ പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്തയാണ് ഫേസ് ബുക്കിന് പാരയായത്.

''ഫേസ്ബുക്കിന്റെ 50 മില്യണ്‍ അംഗങ്ങളുടെ രഹസ്യ വിവരങ്ങള്‍ രാഷ്ട്രീയ ഉപദേശക സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്കാ എന്ന കമ്പനിക്ക് ലഭിച്ചത് ദുരുപയോഗപ്പെടുത്തിയിരിക്കുന്നു''.

* ഫേസ്ബുക്ക് സംഘടിപ്പിച്ച 
Personality quiz  ന്റെ മറവില്‍ ലഭിച്ച വിവരങ്ങള്‍ മറ്റൊരു സ്ഥാപനത്തിന് മറിച്ചുവിറ്റത് ഗുരുതരമായ കൃത്യവിലോപവും അവിശ്വസ്തതയുമായി ഫേസ്ബുക്കിന്റെ ഷെയര്‍ നിക്ഷേപകര്‍ വിലയിരുത്തിയപ്പോള്‍, വന്‍തോതില്‍ ഷെയറുകള്‍ വിറ്റുതുടങ്ങി.

* പ്രേക്ഷകരുടെ പെരുമാറ്റരീതി 
(Changing audience behaviorമാറ്റിമറിക്കാവുന്ന തരത്തില്‍ വ്യാപാര ശ്രുംഖലകളെ സഹായിക്കുന്ന കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന ബ്രിട്ടീഷ് കമ്പനി, കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് ഇലക്ഷനില്‍ ട്രമ്പിന്റെ വിജയത്തില്‍ പ്രസക്തമായ പ്രഭാവം ചെലുത്തിയിട്ടുണ്ടെന്ന ആക്ഷേപവും നിലവിലുണ്ട്.

* വിവരങ്ങള്‍ ശേഖരിക്കുന്നത് തെറ്റല്ല എങ്കിലും, മറ്റുള്ളവര്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയോ വില്‍ക്കുകയോ ചെയ്യുന്നത് ഗൗരവമായ തെറ്റായതിനാല്‍ സക്കര്‍ബര്‍ഗിനെ അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ വിളിച്ചുവരുത്തി വിശദാംശങ്ങള്‍ ആരായാന്‍ കമ്മറ്റിയെ ഏര്‍പ്പൊടു ചെയ്തു

* രാഷ്ട്രീയഛായയുള്ള മൂവായിരത്തിലധികകം പരസ്യങ്ങള്‍ റഷ്യയുടെ ഒത്താശയോടെ, ഫേയ്‌സ്ബുക്ക് ഇലക്ഷനില്‍ കളിച്ചതിന്റെ തെളിവുകള്‍ കോണ്‍ഗ്രസില്‍ സമര്‍പ്പിക്കാമെന്ന് ഫേസ്ബുക്ക് അധിപനായ സക്കര്‍ബര്‍ഗ് സമ്മതിച്ചിട്ടുണ്ട്.

* ഇവയ്ക്ക് മുന്നോടിയായി (ലോ സ്യൂട്ടും പെനാലിറ്റിയും ഭയന്നിട്ടാവാം) 18 മാസങ്ങള്‍ക്കുള്ളില്‍ 35 മില്യണ്‍ മുതല്‍ 7.5 മില്യണ്‍വരെയുള്ളസ്റ്റോക്കുകള്‍ വിറ്റഴിക്കാനുള്ള പ്ലാനുകള്‍ സുഖര്‍ബര്‍ഗ് പരസ്യപ്പെടുത്തിയതും വിനയായി മാറി.

ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ ഫേയിസ്ബുക്ക് ഷെയറിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്ന് പറയാതിരിക്കാന്‍ വയ്യ . കൂട്ടത്തില്‍ ഫേയ്‌സ് ബുക്കിന്റെ വാട്ട്‌സ് ആപ്പ് മെസേജ് ആപ്പ് , ചൈന പോലെയുള്ള ചില രാജ്യങ്ങള്‍ ബ്ലോക്കു ചെയ്തുകഴിഞ്ഞു.

ഇതൊന്നും അറിയാതെ പലരും തങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നുപോകുന്നുവെന്ന പ്രചാരണങ്ങളുടെ ഭയത്തില്‍, തങ്ങളുടെ അക്കൗണ്ടുകള്‍ ബ്ലോക്കുചെയ്യാനും ഡിലീറ്റു ചെയ്യാനും തത്രപ്പെടുന്നു. അങ്ങനെ തല്‍ക്കാലത്തേയ്ക്ക് എങ്കിലും ഫേയ്‌സ് ബുക്കിന്റെ ഷെയര്‍ വില ഇടിഞ്ഞു കൊണ്ടേയിരിക്കുന്നു.

പണ്ട് ഫെയ്‌സ് ബുക്കില്‍ത്തന്നെ വന്ന ഒരു വിവരം ഇങ്ങനെയായിരുന്നു. ''നിങ്ങള്‍ കേള്‍ക്കുന്നതെല്ലാം വിശ്വസിക്കരുത്. എല്ലാ കഥകള്‍ക്കും മൂന്നുവശങ്ങള്‍ ഉണ്ടല്ലോ. ഒന്ന് നിങ്ങളുടേത്, മറ്റൊന്ന് അവരുടേത്, പിന്നെ മൂന്നാമത്തേത് അതിന്റെ സത്യവും''.! 
നെറ്റില്‍ കുടുങ്ങിയ ഫേയ്‌സ് ബുക്ക്  (ഡോ. മാത്യു ജോയിസ്)നെറ്റില്‍ കുടുങ്ങിയ ഫേയ്‌സ് ബുക്ക്  (ഡോ. മാത്യു ജോയിസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക