Image

വിശ്വാസമുള്ളവരോടു ദൈവം കരുണ കാണിക്കുന്നു: മാര്‍ സ്രാന്പിക്കല്‍

Published on 27 March, 2018
വിശ്വാസമുള്ളവരോടു ദൈവം കരുണ കാണിക്കുന്നു: മാര്‍ സ്രാന്പിക്കല്‍

പ്രസ്റ്റണ്‍; വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ക്കു ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ ഓശാനത്തിരുനാളില്‍ ഭക്തിസാന്ദ്രമായ തുടക്കം. വിവിധ സ്ഥലങ്ങളില്‍ ഇന്നലെയും ഇന്നുമായി നടന്ന ഓശാനകുര്‍ബാനയ്ക്കും കുരുത്തോല വെഞ്ചെരിപ്പിനും വൈദികര്‍ നേതൃത്വം നല്‍കി. 

പ്രസ്റ്റണ്‍ സീറോ മലബാര്‍ കത്തീഡ്രലില്‍ നടന്ന ആഘോഷമായ ഓശാനത്തിരുന്നാള്‍ തിരുക്കര്‍മങ്ങള്‍ക്ക് മാര്‍ ജോസഫ് സ്രാന്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വികാരി ജനറാള്‍ റവ. ഡോ. മാത്യു ചൂരപ്പൊയ്കയില്‍, സെക്രട്ടറി ഫാ. ഫാന്‍സുവാ പത്തില്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. ഓശാന പാടി ഞങ്ങളെ രക്ഷിക്കണമേ എന്ന് വിശ്വാസത്തോടെ തന്നെ വിളിച്ചപേക്ഷിച്ച ജനങ്ങളോട് കരുണ കാണിച്ച ദൈവത്തെയാണ് ഓശാനത്തിരുനാളില്‍ നാം ഓര്‍മിക്കുന്നതെന്ന് വചനസന്ദേശത്തില്‍ മാര്‍ സ്രാന്പിക്കല്‍ വിശ്വാസികളെ ഓര്‍മിപ്പിച്ചു. വിശ്വാസത്തിന്റെ കണ്ണോടു കൂടി ഈശോയെ കണ്ടവര്‍ക്കാണ് കഴുതപ്പുറത്തേറി വരുന്നത് ദൈവപുത്രനാണെന്നു മനസിലാക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

സന്യാസിനികളും വൈദിക വിദ്യാര്‍ഥികളും അടക്കം നൂറു കണക്കിന് വിശ്വാസികള്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു. 

ഗ്രേറ്റ് ബ്രിട്ടനില്‍ നടന്ന സീറോ മലബാര്‍ ഓശാന തിരുക്കര്‍മങ്ങള്‍ക്ക് നാട്ടില്‍ നിന്ന് കൊണ്ടുവന്ന കുരുത്തോല ആശീര്‍വദിച്ചു നല്‍കിയത് ഗൃഹാതുരത്വമുണര്‍ത്തുന്ന അനുഭവമായി. പല സ്ഥലങ്ങളിലും ഇത്തരം കുരുത്തോലകള്‍ വിതരണം ചെയ്തു. 

പ്രസ്റ്റണ്‍ കത്തീഡ്രലില്‍ പെസഹാ തിരുക്കര്‍മങ്ങള്‍ വൈകുന്നേരം ആറിന് വിശുദ്ധ കുര്‍ബാനയോട് കൂടി ആരംഭിക്കും. കാല്‍ കഴുകല്‍ ശുശ്രൂഷയ്ക്കും മറ്റു തിരുക്കര്‍മങ്ങള്‍ക്കും മാര്‍ ജോസഫ് സ്രാന്പിക്കല്‍ നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നക്കാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക