Image

കഥ മോഷ്ടിച്ചത്, മഞ്ജു വാര്യര്‍ ചിത്രത്തിനെതിരേ കലവൂര്‍ രവികുമാര്‍: 'മോഹന്‍ലാല്‍'കോടതി കയറും

Published on 28 March, 2018
കഥ മോഷ്ടിച്ചത്, മഞ്ജു വാര്യര്‍ ചിത്രത്തിനെതിരേ കലവൂര്‍ രവികുമാര്‍: 'മോഹന്‍ലാല്‍'കോടതി കയറും

സാജിദ് യഹിയ മഞ്ജു വാര്യരെ പ്രധാനകഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന 'മോഹന്‍ലാല്‍' എന്ന ചിത്രത്തിനെതിരേ തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ കോടതിയില്‍. മോഹന്‍ലാല്‍ ആരാധികയായ ഭാര്യ കാരണം ഒരാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളും പ്രശ്‌നങ്ങളുമൊക്കെ പറയുന്ന കഥയാണ് 'മോഹന്‍ലാലിനെ എനിക്കിപ്പോള്‍ പേടിയാണ്' എന്നും 2005 ല്‍ പ്രസിദ്ധീകരിച്ച കഥ 2006 ല്‍ പുസ്തകരൂപത്തില്‍ ആദ്യ എഡിഷന്‍ പുറത്തിറക്കിയിരുന്നുവെന്നും 2012 ല്‍ രണ്ടാമത്തെ എഡിഷനും ഇറക്കിയതാണെന്നും ഈ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കി സിനിമയാക്കാനുള്ള ശ്രമത്തിലായിരുന്നു താനെന്നും എന്നാല്‍ തന്റെ കഥ മോഷ്ടിച്ച് അവര്‍ സിനിമ ഉണ്ടാക്കുകയാണ് ചെയ്തതെന്നും കലവൂര്‍ രവികുമാര്‍ പറയുന്നു

ചിത്രീകരണം തുടങ്ങും മുന്നേ ഇക്കാര്യം ചൂണ്ടിക്കാട്ടി ഫെഫ്കയില്‍ പരാതി നല്‍കിയിരുന്നതായും കലവൂര്‍ രവികുമാര്‍ പറയുന്നു. മോഹന്‍ലാല്‍ എന്ന സിനിമ തന്റെ കഥയുടെ പകര്‍പ്പാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ തനിക്ക് പ്രതിഫലം നല്‍കണമെന്നു ഫെഫ്ക നിര്‍ദേശിക്കുകയും ചെയ്തതാണെന്നും രവികുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ കഥയുടെ അവകാശവും പ്രതിഫലവും തനിക്ക് നല്‍കണമെന്ന സംഘടനയുടെ നിര്‍ദേശം അവഗണിച്ചുകൊണ്ടു അണിയറ പ്രവര്‍ത്തകര്‍ മുന്നോട്ടു പോവുകയായിരുന്നുവെന്നാണ് രവികുമാര്‍ ആരോപിക്കുന്നത്. സിനിമയുടെ വരുമാനത്തിന്റെ 25 ശതമാനം നഷ്ടപരിഹാരമായി നല്‍കണമെന്നാണ് രവികുമാര്‍ കോടതിയില്‍ സമര്‍പ്പിച്ച ഇന്‍ജങ്ഷന്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഈ ഹര്‍ജിയില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അടിയന്തരമായി മറുപടി ബോധിപ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് അഭിഭാഷകന്‍ പറയുന്നത്.

ഫെഫ്ക അനുകൂലമായി വിധി പറഞ്ഞ സമയത്ത് സംവിധായകന്‍ സാജിദ് യാഹിയയും തിരക്കഥാകൃത്ത് സുനീഷ് വാരനാടും കലവൂര്‍ രവികുമാറിന് സിനിമയുടെ ക്രെഡിറ്റ് തരാമെന്ന് സമ്മതിച്ചാണെന്നും എന്നാല്‍ പിന്നീടതില്‍ നിന്നും മാറുകയും ഇപ്പോള്‍ കേസുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സംവിധായകനും തിരക്കഥാകൃത്തും ഒത്തുതീര്‍പ്പിനായി രവികുമാറിനെ സമീപിക്കുകയാണെന്നും കലവൂര്‍ രവികുമാറിന്റെ അഭിഭാഷകന്‍ പറയുന്നു. എന്നാല്‍ ഒത്തുതീര്‍പ്പിന്റെ ആവശ്യമില്ലെന്നും ഇപ്പോള്‍ അവര്‍ പറയുന്നതുപോലെ എനിക്ക് നന്ദി എഴുതി കാണിക്കാമെന്നതില്‍ എന്താണ് കാര്യമെന്നും കലവൂര്‍ രവികുമാര്‍ ചോദിക്കുന്നു. 

ഒരാളുടെ കഥ മോഷ്ടിച്ചിട്ട് നന്ദി പറഞ്ഞിട്ട് എന്താണ് ഫലം. സ്വന്തം കഥ മറ്റൊരാളുടെ പേരില്‍ വരുന്നതിനേക്കാള്‍ വലിയ ദുഖം എന്താണ്? അത്തരം ഒരു അവസ്ഥ ഒരു എഴുത്തുകാരനും സഹിക്കാന്‍ കഴിയില്ല. എനിക്ക് ആരുടെയും നന്ദി വേണ്ട. എഴുത്തുകൊണ്ട് ജീവിക്കുന്നവരുടെ കുടുംബത്തിന്റെ അവസ്ഥ എന്താകുമെന്ന് ഇവരാരും ചിന്തിക്കുന്നില്ല. മാന്യമായ പ്രതിഫലം നല്‍കാന്‍ മടിക്കുന്നതെന്താണ്? രവികുമാര്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ചോദിക്കുന്നു. ഏപ്രില്‍ 13 നാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക