Image

സഭ എന്നാല്‍ അച്ചനും മെത്രാനും മാത്രമോ? ഒരു പ്രതികരണം

ചാക്കോ കളരിക്കല്‍ Published on 28 March, 2018
സഭ എന്നാല്‍ അച്ചനും മെത്രാനും മാത്രമോ? ഒരു പ്രതികരണം
മാര്‍ ജോസഫ് പാംബ്‌ളാനി Sunday Shalom-ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് ഒരു പ്രതികരണം

'സഭ എന്നാല്‍ അച്ചനും മെത്രാനും മാത്രമോ?' എന്ന ശീര്‍ഷകത്തില്‍ മാര്‍ ജോസഫ് പാംബ്‌ളാനി Sunday Shalom-ല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം വായിക്കുവാനിടയായി. എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ഭൂമി കുംഭകോണത്തെയും അതുമായി ബന്ധപ്പെട്ട കോടതി വ്യവഹാരത്തെയും വൈദികരുടെയും അല്‍മായരുടെയും പ്രതികരണങ്ങളെയും ആസ്പദമാക്കിയാണ് അദ്ദേഹത്തിന്റെ ലേഖനം. നെപ്പോളിയനോട് പിയൂസ് ഏഴാമന്‍ മാര്‍പാപ്പ 'നീ പോടാ പുല്ലേ, ഈ സഭ പതിനേഴ് നൂറ്റാണ്ട് നിലനിന്ന സഭയാണ്' എന്ന് കൊച്ചാക്കി പറയുന്ന മാതിരിയുള്ള കഥയോടെയാണ് ലേഖനം ആരംഭിക്കുന്നത്. സഭാധികാരികളുടെ ഹുങ്ക് ആ കഥയില്‍ പ്രകടമാണ്. സഭയിലെ സമീപകാല സംഭവങ്ങളും ആ കഥയുമായി എന്തു ബന്ധമാണെന്ന് എന്നോടുചോദിച്ചാല്‍ എനിക്ക് ഉത്തരം മുട്ടും. പക്ഷെ ഒന്നുണ്ട്: പാംബ്‌ളാനി മെത്രാന്‍ സഭാധികാരികളുടെ വിട്ടുവീഴ്ചയില്ലാത്ത ദാര്‍ഷ്ട്യത്തെ തുറന്നു കാണിക്കുന്നു.
'കുരിശു മരണത്തോളം കീഴ്വഴങ്ങി സ്വര്‍ഗത്തോളം ഉയര്‍ത്തപ്പെട്ട ക്രിസ്തുവിന്റെ ശരീരമാണ് തിരുസഭ' എന്ന കാലഹരണപ്പെട്ട ദൈവശാസ്ത്രവും എറണാകുളത്തുനടന്ന കള്ളക്കച്ചവടവും വൈദിക ഗുണ്ടായിസവും തമ്മിലുള്ള ബന്ധമെന്തെന്ന് ആരും ചോദിക്കരുത്. അച്ചനും മെത്രാനുമാണ് സഭ എന്ന കൊളോണിയല്‍ സഭാദര്‍ശനം മാറ്റി ദൈവജനമാണ് എന്നു പറയുന്ന മെത്രാന്‍ അച്ചന്മാരും അതിമെത്രാപ്പോലീത്തയും തമ്മിലുള്ള മല്പിടുത്തത്തിലേയ്ക്ക് നോക്കുകുത്തികളായ അല്മായരെ എന്തിന് വലിച്ചിഴച്ച് കൊണ്ടുവരുന്നു എന്ന് മനസ്സിലാകുന്നില്ല. ഇക്കാര്യത്തില്‍ ദൈവജനം എന്തു പിഴച്ചു? എന്തിന് ദൈവജനത്തോട് പരിത്യാഗംചെയ്ത് പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുന്നു?
ഫ്രാന്‍സിസ് അസീസിയെയും മാര്‍ട്ടിന്‍ ലൂഥറെയും സഭയിലെ തിരുത്തലിന്റെ ദൃഷ്ടാന്തങ്ങളായി അവതരിപ്പിച്ചിരിക്കുന്നു. ഫ്രാന്‍സിസ് സുവിശേഷ മൂല്യങ്ങളെ ആധാരമാക്കിയും ലൂഥര്‍ സഭാധികാരികളെ വെല്ലുവിളിച്ചുകൊണ്ടുമുള്ള സഭാ നവീകരണ മാര്‍ഗങ്ങളാണ് സ്വീകരിച്ചത്. ലൂഥറിന്റെ മാര്‍ഗത്തെ സംബന്ധിച്ചിടത്തോളം ലേഖനത്തിലെ ഈ പ്രസ്താവന തികച്ചും അസത്യമാണ്. ലൂഥറിന്റെ ചരിത്രം പഠിച്ചിട്ടില്ലാത്തവരെ തെറ്റിദ്ധരിപ്പിക്കുക എന്ന ഒളിഞ്ഞിരിക്കുന്ന അജണ്ട അതിലുണ്ടായിരിക്കാമെന്ന് ന്യായമായി ഊഹിക്കാം. കാരണം മാര്‍ട്ടിന്‍ ലൂഥര്‍ സുവിശേഷാധിഷ്ഠിതമായി സഭയെ നവീകരിക്കാന്‍ അങ്ങേയറ്റം ശ്രമിച്ച വ്യക്തിയാണ്. അഹങ്കാരികളും അധികാര ദുര്‍മോഹികളുമായ സഭാധികാരികളുടെ 'ഞാന്‍ഭാവ'മാണ് ലൂഥറിനെ ചെവിക്കൊള്ളാന്‍ അവര്‍ക്ക് കഴിയാതെ പോയത്. സഭ പിളരാന്‍ കാരണമായതും അതുതന്നെ. സഭയുടെ വളര്‍ച്ചയില്‍ യൂറോപ്യന്‍ രാജാക്കന്മാര്‍ അസൂയാലുക്കളായതിനാലാണ് അവര്‍ ലൂഥറിനെ പിന്താങ്ങിയതെന്ന് പാംബ്‌ളാനി മെത്രാന്‍ പുതിയതായ ഒരു കണ്ടുപിടുത്തവും നടത്തിയിരിക്കുന്നു. തികഞ്ഞ സന്ന്യാസ പുരോഹിതനായിരുന്ന ലൂഥര്‍ സഭയുടെ സത്യവിശ്വാസത്തെയല്ല ചോദ്യം ചെയ്തത്. മറിച്ച്, അന്നത്തെ സഭാധികാരികളുടെ ദുഷ്പ്രവര്‍ത്തികള്‍ക്ക് എതിരെയാണ് അദ്ദേഹം ശബ്ദമുയര്‍ത്തിയത്. പ്രോട്ടസ്റ്റന്റ് വിപ്ലവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ലൂഥറില്‍ ചുമത്താനും സഭാധികാരികളെ ന്യായീകരിക്കാനും മാര്‍ പാംബ്‌ളാനി ശ്രമിക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ ലേഖനം വായിച്ചാല്‍ അല്‌മേനികളും ചാനലുകാരുമാണ് സഭാധികാരികളെ ചെളിവാരിയെറിയുന്നതെന്ന് തോന്നിപ്പോകും. കള്ളക്കച്ചവടങ്ങളും പെണ്ണുപിടികളും ആര്‍ഭാടജീവിതവും ദൂര്‍ത്തും ഗുണ്ടാപരിപാടികളും സഭാധികാരികളുടെ ഇടയില്‍ നടക്കുമ്പോള്‍ അവരല്ലേ ലോഹയൂരി ചാക്കുടുത്ത് വിശുദ്ധീകരണത്തിനായി പരിശ്രമിക്കേണ്ടത്? സഭയുടെ നന്മയെ ലക്ഷ്യംവെച്ച് പ്രവര്‍ത്തിച്ചവര്‍ ലൂഥര്‍മാര്‍ഗം സ്വീകരിച്ചെന്നും അതില്‍ അദ്ദേഹം ദുഃഖിതനെന്നും ലേഖനത്തില്‍ എടുത്ത് പറയുന്നുണ്ട്. എങ്കില്‍ അദ്ദേഹം എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരുപറ്റം വൈദികരോട് നേരിട്ട് പറയണ്ട ഒരു കാര്യംതന്നെയാണത്.
മാര്‍ പാംബ്‌ളാനിയുടെ അടുത്ത കംപ്‌ളെയ്ന്റ് സഭയ്ക്കുള്ളില്‍ പറയേണ്ടവ പുറത്തു പറഞ്ഞു എന്നതാണ്. 'സ്‌കോളാസ്റ്റിക് ചിന്തയുടെ നിരൂപണ' ത്തിലൂടെ അനഭിമതരായവരെ സകല തിന്മകളുടെയും മൂര്‍ത്തീഭാവമായി അവതരിപ്പിച്ചത് സ്ഥാനം തെറ്റിയ നന്മയാണെന്നും അത് പരിദീസായിലെ പ്രലോഭനംപോലെ ആയിപ്പോയിയെന്നും അദ്ദേഹം നിഗമനം ചെയ്യുന്നു.
ദൈവത്തെ തോല്‍പിക്കാന്‍ കഴിയാത്ത സാത്താന്‍ ദൈവത്തിന് പ്രിയപ്പെട്ട സഭയെ തോല്‍പിക്കാന്‍ ശ്രമിക്കുന്നെന്നാണ് അദ്ദേഹം പറയുന്നത്. സാത്താന്റെ ഇടപെടലിലൂടെ സാധാരണ വിവേകംപോലും സഭാധികാരികള്‍ക്ക് നഷ്ട്ടപ്പെട്ടെത്രെ. തെമ്മാടിത്തരം കാണിച്ച മെത്രാന്മാര്‍ക്കും വൈദികര്‍ക്കുമെതിരെ പ്ലാക്കാര്‍ഡു പൊക്കിപ്പിടിച്ച ദൈവജനം അവിവേകികളും. മെത്രാന്മാരും അച്ചന്മാരും ക്‌ളീന്‍. അല്മായര്‍ തിന്മയുടെ ശക്തികള്‍! കോര്‍പറേറ്റു മാധ്യമങ്ങള്‍ സഭയുടെ ശത്രുക്കള്‍ എങ്ങനെയുണ്ട് മാര്‍ പാംബ്‌ളാനിയുടെ അവലോകനം?
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഒരു മെത്രാന്‍ ആദാമിന്റെ വാരിയെല്ലെടുത്ത് ഹവ്വയെ സൃഷ്ടിച്ചു എന്ന ഉപമയെ ആധാരമാക്കി ക്രിസ്തു സഭയ്ക്ക് ജന്മം നല്‍കി എന്ന് പറയുമ്പോള്‍ ഇവര്‍ ഈലോകത്തിലാണോ ജീവിക്കുന്നതെന്ന് സംശയിച്ചുപോകും. ക്രിസ്തുവിനെ രണ്ടാം ആദമാക്കുന്ന ഗിമിക്കും ആഗസ്തീനോസിലൂടെ തെളിയിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്. നമ്മുടെ പിടിയരിയും പിരിവുമാണ് സഭയുടെ മൂലധനം എന്ന വാദത്തില്‍ കഴമ്പില്ലെന്നും വിശുദ്ധ ജീവിതം നയിച്ച് കൃപയില്‍ വളര്‍ന്ന് സഭയ്ക്കുവേണ്ടി ത്യാഗം സഹിക്കണമെന്ന പുണ്യപ്രസംഗത്തിലൂടെയുള്ള ഉപദേശവും മുമ്പോട്ടുവെയ്ക്കാന്‍ മാര്‍ പാംബ്‌ളാനി മറന്നിട്ടില്ല.
സഭയിലെ സമകാല കുഴപ്പത്തിന് അദ്ദേഹം കണ്ട പരിഹാര മാര്‍ഗങ്ങളാണ് ഇതിലേറെ രസകരം. സഭയെ അപ്പോസ്തലന്മാരുടെ അടിസ്ഥാനത്തില്‍ ക്രിസ്തു സ്ഥാപിച്ചതാണ്; സഭയുടെ ഹയരാര്‍ക്കിയെ ക്രിസ്തു സ്ഥാപിച്ചതാണ്; മേജര്‍ ആര്‍ച്ച് ബിഷപ്പിനെയും മെത്രാപ്പോലീത്തമാരെയും സഹായമെത്രാന്മാരെയും ക്രിസ്തുവാണ് നിയമിച്ചത്; ചാനല്‍ സംസാരക്കാര്‍ സഭയുടെ ശത്രുക്കള്‍ക്ക് വിരുന്നൊരുക്കുകയാണ് ചെയ്തത്; സഭയുടെ പ്രശ്‌നം സഭയ്ക്കുള്ളിലാണ് പരിഹരിക്കേണ്ടത്. നിങ്ങള്‍ക്കുള്ളിലെ പ്രശ്‌നം തീര്‍ക്കാന്‍ കഴിവുള്ള ഒരാള്‍പോലും നിങ്ങളുടെ ഇടയിലില്ലേ എന്ന ശ്ലീഹായുടെ ചോദ്യം ശരി. പക്ഷെ അത് അക്കാലം. ഇത് ഇക്കാലം. അന്നത്തെ ശ്ലീഹന്മാര്‍ നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല. സീസറിനുള്ളത് സീസറിന് കൊടുക്കാനാണ് യേശു അവരെ പഠിപ്പിച്ചത്. ഇവിടെ നികുതി വെട്ടിപ്പ് നടത്തിയെന്നത് സ്പഷ്ടമായപ്പോള്‍ കോടതി വ്യവഹാരം വേണ്ടെ? നീതിപീഠങ്ങളെ സഭയ്ക്കുവേണ്ടി ദുരുപയോഗം ചെയ്തെന്നാണ് ഈ മെത്രാന്റെ കണ്ടുപിടുത്തം. കോടതി വ്യവഹാരം അടിയന്തിരമായി അവസാനിപ്പിക്കണമെന്നും സഭയെ സ്‌നേഹിക്കുന്നവരെ മേശയ്ക്കുചുറ്റുമിരുത്തി സഭാനേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് റാം മൂളണമെന്നും അദ്ദേഹം ഉപദേശിക്കുന്നു. ഈ ഭൂമി കുംഭകോണത്തിന്റെ പേരില്‍ സഭയ്ക്കുവേണ്ടി കണ്ണീരോടെ പ്രാര്‍ത്ഥിക്കുന്ന വിശ്വാസികളില്ലെന്നും ഈ മെത്രാന് അറിയില്ല.
തെരുവിലിറങ്ങിയ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദിക കൂട്ടായ്മയുടെ ഔന്നത്യത്തെ ഒരു മെത്രാന്‍ പ്രകീര്‍ത്തിക്കുന്നതിലെ ഔചിത്യം മനസ്സിലാകുന്നില്ല. ഇദ്ദേഹവും മേജര്‍സ്ഥാനം കാംഷിക്കുന്നുണ്ടോയെന്ന് സംശയിക്കണം. സഭയിലെ ഈ കുഴപ്പങ്ങളെല്ലാം ചര്‍ച്ച് ആക്റ്റ് നടപ്പിലാക്കാന്‍ വഴിമരുന്നിടുമെന്നും അത് എലിയെ കൊല്ലാന്‍ ഇല്ലം ചുടണമെന്ന് വാദിക്കുന്നതുപോലെയാണെന്നും സര്‍വസ്വത്തും സര്‍ക്കാരിന് അടിയറവ് വയ്ക്കുകയാണെന്നും പാതിരിബുദ്ധിയോടെ അദ്ദേഹം വിലയിരുത്തുന്നു. സഭാസ്വത്ത് സര്‍ക്കാരിന് അടിയറ വ് വയ്ക്കുകയല്ലാ ചര്‍ച്ച് ആക്റ്റ് വഴി നടപ്പിലാക്കുന്നത്. മറിച്ച്, സഭയുടെ സ്വത്തുക്കള്‍ അല്മായ പങ്കാളിത്തത്തോടെ സുതാര്യമായി ഭരിക്കപ്പെടുകയാണ് ചെയ്യുന്നത്. മാര്‍തോമാ നസ്രാണി ക്രിസ്ത്യാനികളുടെ രണ്ടായിരം വര്‍ഷത്തെ പഴക്കമുള്ള ഇടവക വികാരി അധ്യക്ഷനായുള്ള പള്ളിയോഗങ്ങള്‍വഴിയുള്ള പള്ളിഭരണത്തെ മെത്രാന്മാര്‍ അടുത്തകാലത്ത് അട്ടിമറിച്ചു. നമ്മുടെ പരമ്പരാഗത പള്ളിഭരണ സമ്പ്രദായത്തെ പുനരുദ്ധരിക്കുകയാണ് ചര്‍ച്ച് ആക്റ്റ് വഴി നേടിയെടുക്കാന്‍ സഭാവിശ്വാസികള്‍ പരിശ്രമിക്കുന്നത്. ഇക്കാര്യം ഈ മെത്രാന് അറിവുള്ളതാണ്. പള്ളിയുടെ സാമ്പത്തിക കൈകാര്യകതൃത്വം പൊതുയോഗത്തിന് വിട്ടുകൊടുക്കാന്‍ വൈദിക മേധാവിത്വം ഒരുകാലത്തും സമ്മതിക്കില്ല. ചര്‍ച്ച് ആക്റ്റ് നടപ്പിലായാല്‍ സഭയുടെ സര്‍വസ്വത്തും സര്‍ക്കാറിന് അടിയറവ് വയ്ക്കുകയാണെന്ന് പച്ചക്കള്ളം എഴുതാന്‍ ഈ മെത്രാനെ പ്രേരിപ്പിച്ചതും ഇതുതന്നെ. ഈ കള്ളം പരത്താന്‍ പള്ളിപ്രസംഗങ്ങള്‍ ഉപയോഗിക്കുന്നത് ഖേദകരം തന്നെ. മെത്രാന്മാരും പുരോഹിതരും വിശ്വാസികളുടെ ആത്മീയകാര്യങ്ങളില്‍ വ്യാവൃത്തരാകട്ടെ. സാമ്പത്തിക കാര്യങ്ങള്‍ അവരുടെ മേല്‌നോട്ടത്തോടെ അല്മായര്‍ കൈകാര്യം ചെയ്യട്ടെ. ചര്‍ച്ച് ആക്റ്റ് നടപ്പിലായാല്‍ സഭയില്‍ ഇന്നുനടക്കുന്ന അഴിമതികള്‍ക്കും അനവധി മറ്റ് പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നുള്ളതിന് സംശയമില്ല. വിശ്വാസികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്.
രാജ്യനിയമവുമായി ഒത്തുപോകുന്ന കാനോന്‍നിയമത്തെ അപഹസിക്കരുതെന്നും അദ്ദേഹം പറയുന്നു. സഭാതലവന്റെ ശ്രദ്ധക്കുറവും സാങ്കേതിക വീഴ്ചകളുമാണ് ഇതിനെല്ലാം കാരണമെന്നും നമുക്ക് ഒരുമനസോടെ പ്രാര്‍ത്ഥിക്കാമെന്നുമുള്ള ഉപദേശത്തോടെയാണ് ലേഖനം അവസാനിക്കുന്നത്.

Join WhatsApp News
Mathew V. Zacharia, NEW YORK 2018-03-29 10:32:54
Satan can influence Christians . But cannot posses them because they are baptized in the name of the Father, Son and Holy Spirit. Satan's influence causes the disarray in churches.  
Mathew V. Zacharia, New York.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക