Image

ഇതും മതഭീകരത തന്നെ!-കെ.വി. മോഹന്‍ കുമാര്‍ ഐ.എ.എസ്

Published on 29 March, 2018
ഇതും മതഭീകരത തന്നെ!-കെ.വി. മോഹന്‍ കുമാര്‍ ഐ.എ.എസ്
ഇപ്പോള്‍ രാത്രി രണ്ടു മണിയാവുന്നു. എനിക്കും എന്റെ വീടിന്റെ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള ആര്‍ക്കും ഇതുവരെ ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല. എന്റെ വീടിനടുത്ത് ഒരു ദേവീ ക്ഷേത്രമൂണ്ട്. ഒരാഴ്ചയായി രാപകല്‍ ഭേദമില്ലാതെ ഉത്സവമേളമാണു. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മൈക്ക് കെട്ടി വച്ച് നാട്ടുകാരുടെ സൈ്വര്യം കെടുത്തുന്ന മാമാങ്കം.

ഡ്രമ്മിന്റെ ചെകിട് പൊട്ടുന്ന ശബ്ദത്തില്‍ വീടിന്റെ ജനാലകള്‍ പോലും കിടുങ്ങുന്നു. രാത്രി 10 മണിക്കു ശേഷം മൈക്ക് ഉപയോഗിക്കുന്നത് ബഹു. സുപ്രീം കോടതി നിരോധിച്ചിട്ടുണ്ട്. എന്തിനും പോന്ന അമ്പല കമ്മിറ്റിക്കാര്‍ക്ക് പരമോന്നത നീതിപീഠത്തിന്റെ വിലക്കുകള്‍ ബാധകമല്ല. പരാതിപ്പെട്ടാലും പോലീസ് ഇടപെടില്ല. ജില്ലാ ഭരണകൂടം ഇടപെടില്ല. നാനാ ജാതി മതസ്ഥരായ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമാണിവിടം.

ഇതാണോ ഹിന്ദുത്വം? കലാപരിപാടിയെന്ന പേരില്‍ മൈക്കിലൂടെ പാതിരാത്രി ഡപ്പാം കൂത്ത് നടത്തുന്നതാണോ ഭക്തി?

ഒരിക്കല്‍ പോലീസില്‍ പരാതിപ്പെട്ടതിന്റെ പേരില്‍ അമ്പലകമ്മിറ്റിക്കാര്‍ ഇളക്കിവിട്ട കുറേ മുട്ടാളന്മാര്‍ എന്റെ വീട്ടിലേക്ക് മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി. ഓഫീസിലായിരുന്ന എന്നോട് സൂക്ഷിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് തന്നു. രാത്രി വീടു വരെ പോലീസ് എനിക്ക് എസ്‌കോര്‍ട്ട് വരേണ്ടി വന്നു. വീടിനു ചുറ്റുപാടും ഞാനും കുടുംബവും വീടൊഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ട് അമ്പലക്കാര്‍ പോസ്റ്ററുകള്‍ ഒട്ടിച്ചു. എന്റെ കുട്ടികള്‍ അമ്പലക്കാരെ പേടിച്ച് കുറച്ചു ദിവസത്തേക്ക് വീടിനു പുറത്തിറങ്ങിയില്ല.

ഇന്നലെ വരെ SSLC, Plus 2 പരീക്ഷകളായിരുന്നു. ഈ പ്രദേശത്തുള്ള കുട്ടികളുടെ കാര്യം അതിലും കഷ്ടം.

അമ്പല കമ്മറ്റിക്കാരെ നാട്ടുകാര്‍ക്ക് പേടിയാണു. ഈ പോസ്റ്റിന്റെ പേരില്‍ എന്റെ നേര്‍ക്കും പക വീട്ടിയേക്കാം. കല്‍ബുര്‍ഗ്ഗിയേയും ഗൗരി ലങ്കേഷിനേയും ഗോവിന്ദ് പന്‍സാരയേയും വക വരുത്തിയവരുടെ ഗണത്തില്‍ പെട്ടവരാണു ഇക്കൂട്ടര്‍.

സൈ്വര്യമായി ജീവിക്കാനുള്ള മനുഷ്യന്റെ അവകാശത്തെ വെല്ലുവിളിക്കുന്നതാണോ ഹിന്ദുത്വം? ഈ ചുറ്റുപാടില്‍ ഹൃദ്രോഗികളും കാന്‍സര്‍ രോഗികളുമായി എത്ര പേരുണ്ടാവും? എത്രയോ വൃദ്ധജനങളുണ്ടാവും? അവരോടൊക്കെ വേണോ ഭക്തിയുടെ മറവിലുള്ള ഈ കൊടും ക്രൂരത?

കോളാമ്പികളും ഉച്ചഭാഷിണികളുമില്ലാതെ ഉത്സവം നടന്ന കാലമില്ലേ? ജനങ്ങളെ ദ്രോഹിക്കാന്‍ ഇവര്‍ക്ക് ആര്‍ അധികാരം കൊടുത്തു? ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മൈക്കുകള്‍ മുഖേനയുള്ള ശബ്ദ മലിനീകരണത്തിനു നിയന്ത്രണം
കൊണ്ടു വന്നതായി പത്രങ്ങളില്‍ കണ്ടു. അത് നടപ്പാക്കാന്‍ പോലീസ് എന്തിനു മടിക്കുന്നു? നിയമം നടപ്പാക്കുന്നതില്‍ ആരേയാണു നമ്മള്‍ ഭയപ്പെടുന്നത്?

പ്രതികരിക്കാന്‍ ആരും തയ്യാറാവാതെ വരുന്നതാണു ഈ അഴിഞ്ഞാട്ടങ്ങള്‍ക്കു കാരണം.
ഇപ്പോഴും അമ്പലപ്പറമ്പില്‍ ഡപ്പാംകുത്തിന്റെ കൂട്ടക്കലാശം തുടരുകയാണു. ഇതും മത ഭീകരത തന്നെ!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക