Image

ഇല്ലിനോയി പ്രൈമറി വോട്ടെടുപ്പ് ആരംഭിച്ചു;തെരഞ്ഞെടുപ്പ് ഫണ്ട്: ഫെബ്രുവരിയില്‍ ഒബാമ നേടിയത് 45 മില്യണ്‍ ഡോളര്‍

Published on 20 March, 2012
ഇല്ലിനോയി പ്രൈമറി വോട്ടെടുപ്പ് ആരംഭിച്ചു;തെരഞ്ഞെടുപ്പ് ഫണ്ട്: ഫെബ്രുവരിയില്‍ ഒബാമ നേടിയത് 45 മില്യണ്‍ ഡോളര്‍
ഇല്ലിനോയി: യുഎസ് പ്രസിഡ ന്റ്‌ തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാനുള്ള ഇല്ലിനോയി പ്രൈമറി വോട്ടെടുപ്പ് ആരംഭിച്ചു. സംസ്ഥാനത്തു നിന്നുള്ള 54 ഡെലിഗേറ്റുകളുടെ പിന്തുണ ഉറപ്പാക്കാനാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തില്‍ മുന്‍നിരയിലുള്ള മിറ്റ് റോംനിയും റിക് സാന്റോറവും മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന അഭിപ്രായ സര്‍വെ അനുസരിച്ച് സാന്റോറത്തിനുമേല്‍ റോംനിയ്ക്ക് നേരിയ ലീഡുണ്ട്. കഴിഞ്ഞ ദിവസം നടന്ന പ്യൂര്‍ട്ടോറിക്കോ പ്രൈമറിയിലെ ആധികാരിക ജയം നല്‍കുന്ന ആത്മവിശ്വാസവുമായാണ് റോംനി ഇല്ലിനോയിയിലെത്തുന്നത്.

പ്യൂര്‍ട്ടോറിക്ക പ്രൈമറി ജയത്തോടെ റോംനിയ്ക്കിപ്പോള്‍ 521 ഡെലിഗേറ്റുകളുടെ പിന്തുണയായി. സാന്റോറത്തിന് 253 ഡെലിഗേറ്റുകളുടെയും ന്യൂട്ട് ഗിന്‍ഗ്രിച്ചിന് 136 ഡെലിഗേറ്റുകളുടെയും പിന്തുണയാണുള്ളത്. 50 ഡെലിഗേറ്റുകളുടെ മാത്രം പിന്തുണയുള്ള റോണ്‍ പോള്‍ ഏറെ പിറകിലാണ്. ഓഗസ്റ്റില്‍ നടക്കുന്ന റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷനില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കാന്‍ 1,144 ഡെലിഗേറ്റുകളുടെ പിന്തുണയാണ് വേണ്ടത്.


തെരഞ്ഞെടുപ്പ് ഫണ്ട്: ഫെബ്രുവരിയില്‍ ഒബാമ നേടിയത് 45 മില്യണ്‍ ഡോളര്‍

വാഷിംഗ്ടണ്‍: വലിയ ഫണ്ട് ദാതാക്കള്‍ പണം നല്‍കാന്‍ മടിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ബറാക് ഒബാമ ഫെബ്രുവരിയില്‍ മാത്രം തെരഞ്ഞെടുപ്പ് ഫണ്ടായി ശേഖരിച്ചത് 45 മില്യണ്‍ ഡോളര്‍. ജനുവരിയില്‍ 29 മില്യണ്‍ ഡോളറാണ് ഒബാമ തെരഞ്ഞെടുപ്പ് ഫണ്ടായി ശേഖരിച്ചത്. 2008ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹിലരി ക്ലിന്റനുമായുള്ള പ്രൈമറി പോരാട്ടങ്ങള്‍ക്കിടയിലും ഫെബ്രുവരിയില്‍ ഒബാമ 56 മില്യണ്‍ ഡോളര്‍ തെരഞ്ഞെടുപ്പ് ഫണ്ടായി ശേഖരിച്ചിരുന്നു. 11,575 പേരാണ് ഇത്തവണ 2000 ഡോളറില്‍ കൂടുതല്‍ ഒബാമയ്ക്ക് തെരഞ്ഞെടുപ്പ് ഫണ്ടായി നല്‍കിയത്. 2008ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പകുതി മാത്രമാണിത്. കഴിഞ്ഞ വെള്ളിയാഴ്ച അറ്റ്‌ലാന്റയിലായിരുന്നു ഒബാമയുടെ ഫണ്ട് ശേഖരണ പ്രചാരണം.

ഈ വര്‍ഷം നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒബാമയുടെ എതിര്‍ സ്ഥാനാര്‍ഥിയാവാനുള്ള പോരാട്ടത്തില്‍ മുന്‍നിരയിലുള്ള മിറ്റ് റോംനി ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് ഫണ്ടായി ശേഖരിച്ചത് 11 മില്യണ്‍ ഡോളര്‍ മാത്രമാണ്.

അഫ്ഗാനില്‍ 16 പേരെ വധിച്ച യുഎസ് ഭടന് ഒന്നും ഓര്‍മയില്ല

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ കാണ്ടഹാര്‍ പരിസര ഗ്രാമങ്ങളില്‍ ഒന്‍പതു കുട്ടികളും സ്ത്രീകളും അടക്കം 16 അഫ്ഗാന്‍കാരെ കസൂട്ടക്കൊല ചെയ്ത യുഎസ് ഭടന്‍ സ്റ്റാഫ് സാര്‍ജന്റ് റോബര്‍ട്ട് ബെയ്ല്‍സിന് ആ രാത്രിയില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് ഒന്നും ഓര്‍മയില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ജോണ്‍ ഹെന്റി ബ്രൗണ്‍. റോബര്‍ട്ട് ബെയ്ല്‍സ് വളരെ ക്ഷീണിതനാണെന്നും അദ്ദേഹത്തെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമെ കൂടുതല്‍ എന്തെങ്കിലും പറയാനാകൂവെന്നും ബ്രൗണ്‍ പറഞ്ഞു.

ബെയ്ല്‍സ് 10 വര്‍ഷം മുമ്പു ഒരുഹോട്ടലില്‍ ഒരുസ്ത്രീയുടെ നേര്‍ക്ക് ആക്രമണം നടത്തിയെന്ന കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നുവെന്നും ശിക്ഷയുടെ ഭാഗമായി കോപം നിയന്ത്രിക്കാന്‍ 20 മണിക്കൂര്‍ കൗണ്‍സലിങ്ങിനു വിധേയനാക്കപ്പെട്ടിരുന്നുവെന്നും നേരത്തെ വെളിപ്പെടുത്തലുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക