Image

പെണ്ണെഴുത്തിന്റെ നവഭാഷ്യം ( പകല്‍ക്കിനാവ്-97: ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 31 March, 2018
പെണ്ണെഴുത്തിന്റെ നവഭാഷ്യം ( പകല്‍ക്കിനാവ്-97: ജോര്‍ജ് തുമ്പയില്‍)
ജന്മനാട്ടിലെ എല്ലാ വിഷയങ്ങളും അമേരിക്കന്‍ മലയാളിയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന പ്രശ്‌നങ്ങള്‍ തന്നെയാണ്. ഒട്ടു മിക്കതിനും പ്രതികരിക്കുകയും ചെയ്യും. കേരളത്തില്‍ ചില വിഷയങ്ങള്‍ പെട്ടെന്നു കത്തിപ്പടരും. അല്‍പ്പായുസ്സേ അതിനു കാണു. എന്നാല്‍, ചിലത് നാളുകളോളം നിലനില്‍ക്കും. വിവാദങ്ങളുടെ തീച്ചുഴി എന്നൊക്കെ പറയുന്നത് ഇതിനെയാണ്. ഇത് ഇപ്പോ പറയാന്‍ കാരണം, കേരളത്തില്‍ ഒരു പുസ്തകത്തെ പ്രതി ഉയരുന്ന ചില ചോദ്യങ്ങളും ഉത്തരങ്ങളുമാണ്.

പുസ്തകമെഴുതിയ ആള്‍, സാക്ഷാല്‍ മാണി സാറിന്റെ മരുമകളാണ്. കോട്ടയം എംപി ജോസ്  കെ. മാണിയുടെ ഭാര്യ. നിഷാ ജോസ്. പുസ്തകത്തിന്റെ പേര്- 'ദി അദര്‍ സൈഡ് ഓഫ് ദി ലൈഫ്'. ഇതിലെ നൂറാം പേജില്‍ വിവരിക്കുന്ന ഒരു ചെറു അധ്യായമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.  എഴുത്തുകാരി തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്കുള്ള  ട്രെയ്ന്‍ യാത്രയില്‍ രാത്രി അനുഭവിച്ച പീഡനത്തെക്കുറിച്ചാണ് അത്. ഒറ്റയ്ക്ക് രാത്രി സഞ്ചരിക്കേണ്ടി വരുന്ന കേരളത്തെ സ്ത്രീകളെക്കുറിച്ച് ലോകത്തിന്റെ ഏതൊരു കോണിലിരുന്നാലും നമുക്ക് വിഹ്വലതയുണ്ടാവും. കാരണം, കേരളത്തിലെ പുരുഷന്മാര്‍ക്ക് എപ്പോഴും രണ്ടു മനസ്സാണുള്ളതെന്ന് പലരും പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട്. ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്. 

ട്രെയ്ന്‍ സ്റ്റോറി എന്ന അധ്യായത്തില്‍ വിവരിക്കുന്ന സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ നിഷയെ പീഡിപ്പിച്ചത് ആര് എന്നാണ് കേരളജനത ചോദ്യമുയര്‍ത്തിയത്. ഒടുവില്‍ അത്, പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് ആണെന്നു ചില ഓണ്‍ലൈന്‍ പത്രങ്ങളും സമൂഹമാധ്യമങ്ങളിലെ ചില ചര്‍ച്ചാ ഗ്രൂപ്പുകളും ഏറ്റു പിടിച്ചു. അതോടെ, പി.സി ജോര്‍ജ് ചാനല്‍ ചര്‍ച്ചയില്‍ വന്നിരുന്ന് ബെല്ലും ബ്രേക്കുമില്ലാതെ കെ. എം. മാണിയേയും, ജോസ് കെ. മാണിയേയും എന്തിന് ഇര എന്ന പേരില്‍ നാം മുന്നിലേക്ക് നീക്കി നിര്‍ത്തുന്ന എഴുത്തുകാരി നിഷാ ജോസിനെയും വായില്‍ തോന്നിയതൊക്കെ പറഞ്ഞു. അതോടെ, സംഭവത്തിന്റെ പ്ലോട്ടിലേക്ക് ഷോണ്‍ ജോര്‍ജും വിളിക്കപ്പെടാതെ അതിഥിയായി കയറി നിന്നു. പുസ്തകത്തില്‍ ഒരിടത്തും ഇത്തരത്തിലൊരു സൂചനയും ഗ്രന്ഥകാരി നല്‍കിയിട്ടില്ലെങ്കിലും ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ എന്ന നിലപാടിലേക്ക് മറ്റുള്ളവര്‍ വിധി എഴുതി. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സാക്ഷാല്‍ ഷോണ്‍ പോലീസിനെ സമീപിക്കുന്നതോടെ കാര്യങ്ങള്‍ കുറച്ചു കൂടി ഉഷാറായി. ഇതിന്റെ നിജസ്ഥിതി അറിയാന്‍ പുസ്തകം വായിക്കാന്‍ കാത്തിരിക്കേണ്ടി വന്നു. ഒടുവില്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 'ദി അദര്‍ സൈഡ് ഓഫ് ദി ലൈഫ്' എന്ന പുസ്തകത്തിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. കോട്ടയത്തുള്ള സുഹൃത്ത് പുസ്തകം സംഘടിപ്പിച്ച് പ്രസക്തഭാഗങ്ങള്‍ അയച്ചു തന്നതു തന്നത് വായിച്ചു നോക്കിയപ്പോഴാണ്, ഇതില്‍ ഈ പറയുന്ന ചര്‍ച്ചയ്‌ക്കൊന്നും തന്നെ പ്രസക്തിയില്ലെന്നു മനസ്സിലായത്.

ഏഷ്യാനെറ്റിലെ വിനു വി. ജോണും റിപ്പോര്‍ട്ടറിലെ നികേഷ് കുമാറും മാതൃഭൂമിയിലെ വേണുവും മനോരമയിലെ ഷാനി പ്രഭാകറുമൊക്കെ ഘോരഘോരം നടത്തിയ ടോക്ക് ഷോകള്‍ കണ്ണിമ വെട്ടാതെയാണ് കേരള വാര്‍ത്തകള്‍ കാണുന്ന പലരും കുത്തിയിരുന്നു കണ്ടതെന്നും പറയേണ്ടിയിരിക്കുന്നു. കേരളത്തിലെ ഏതൊരു സ്ത്രീയും ഒരു ആത്മകഥ എഴുതാന്‍ ഇരുന്നാല്‍, ആത്മാര്‍ത്ഥമായിട്ടാണെങ്കില്‍ അവര്‍ക്കെല്ലാവര്‍ക്കും തന്നെ ബസിലോ, ട്രെയ്‌നിലോ, സിനിമാ തീയേറ്ററിലോ, പള്ളിപ്പെരുന്നാൡനോ, ക്ഷേത്ര ഉത്സവത്തിനോ തിക്കും തിരക്കുമുള്ള എവിടെയും ഇത്തരമൊരു സംഭവം അനുഭവത്തില്‍ വന്നിട്ടുണ്ടാകും. അത് കേരളത്തില്‍ മാത്രമല്ല, ലോകത്തില്‍ ഞരമ്പു രോഗമുള്ള ഏതൊരു പുരുഷന്റെ ഭാഗത്തു നിന്നും ഏതൊരു സ്ത്രീക്കും ഉണ്ടാകുന്നതാണ്. ഇവിടെ ഇത്തരമൊരു വിഷയത്തിന് എന്തു പ്രസക്തി എന്നതാണ് സംഭവമായി മാറുന്നത്.

പുസ്തകമെഴുതിയിരിക്കുന്ന നിഷയുടെ സാഹിത്യനിരീക്ഷണത്തെക്കുറിച്ചോ, പൊതുസമൂഹത്തിലെ ഇടപെടലുകളെക്കുറിച്ചോ ഇതിനു മുന്‍പ് വാര്‍ത്താമാധ്യമങ്ങളില്‍ കേട്ടിട്ടേയില്ലായിരുന്നു. നിഷയെ കേരളീയസമൂഹം കാണുന്നത് തന്നെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജോസ്. കെ. മാണിയുടെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചായിരുന്നു. അങ്ങനെയുള്ള നിഷ ഇപ്പോള്‍ പുസ്തകമെഴുതിയത്, ആ പുസ്തകത്തില്‍ ഇത്തരമൊരു എപ്പിസോഡ് എഴുതിച്ചേര്‍ത്തത് ഒക്കെയാണ് നാം ഗഹനമായി വായിക്കേണ്ടത്. ഒരു സ്ത്രീ എഴുതിയ പുസ്തകം എന്ന നിലയ്ക്ക് നിഷയുടെ ഗ്രന്ഥത്തെ മാനിക്കുന്നു, വില കല്‍പ്പിക്കുന്നു. എന്നാല്‍- തുറന്നെഴുത്തില്‍ ഇത്തരമൊരു അധ്യായത്തിന്റെ സമകാലികപ്രസക്തിയെയാണ് നാം പരിശോധിക്കേണ്ടത്. എന്റെ ചില വിചാരങ്ങള്‍, ഒരു കോളമെഴുത്തുകാരന്‍ എന്ന നിലയ്ക്ക് ഞാന്‍ പറയുകയാണ്. ഞാന്‍ ഷോണ്‍ ജോര്‍ജിന്റെയോ, നിഷാ ജോസിന്റെയോ പക്ഷത്തല്ല. ഒരു എഴുത്തുകാരനായ മാധ്യമപ്രവര്‍ത്തകന്‍ ഒരിക്കലും പക്ഷം പിടിക്കുന്നത് ശരിയല്ല താനും.
പി.സി. ജോര്‍ജിനു രണ്ടു മക്കളാണ്. ഷോണും ഷെയ്‌നും. ഷോണ്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വ്വതിയേയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ജോര്‍ജിന്റെ ഭാര്യയാകട്ടെ മേയ്ഫഌവര്‍ ബ്യൂട്ടി പാര്‍ലര്‍ ആന്‍ഡ് ടെയ്‌ലറിങ് സെന്റര്‍ എന്ന പേരില്‍ ഈരാറ്റുപേട്ടയില്‍ ഒരു സ്ഥാപനം നടത്തുന്നുവെന്നു വിക്കിപീഡിയ പറയുന്നു. ഷോണ്‍, മുന്‍പ് യുവജനക്ഷേമ ബോര്‍ഡ് അംഗമായിരുന്നു. മൂന്നു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തെ പ്രതിനിധാനം ചെയ്യാന്‍ തയ്യാറെടുക്കുന്നു. ഈ മണ്ഡലത്തില്‍ തന്നെ മത്സരിക്കാന്‍ നിഷാ ജോസും തയ്യാറെടുക്കുന്നു എന്ന നിലയ്ക്ക് വേണം ഇപ്പോള്‍ ഈ ആരോപണത്തെ നാം കാണേണ്ടത്. നിഷയും ഷോണും പരസ്പരം മത്സരരംഗത്തു വരുമ്പോള്‍ ഇത്തരമൊരു എപ്പിസോഡ് ഒരു മുഴം മുന്നെ എഴുതിയതിന്റെ പൊരുള്‍ പൊതുസമൂഹത്തിന് പിടി കിട്ടി കാണുമല്ലോ. പ്രമാദമായ സോളാര്‍ കേസില്‍, സരിത നായരുടെ കത്തില്‍ ജോസ് കെ. മാണിയുടെ പേര് ഉള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയത് പി.സി. ജോര്‍ജ്ജായിരുന്നുവെന്ന ആരോപണം കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ കഥയും തിരക്കഥയും പൂര്‍ണ്ണം. മനോഹരമായി എഴുതി തുടങ്ങിയ പുസ്തകത്തിലെ കല്ലുകടിയായി മാറുന്ന അധ്യായമാണ് ട്രെയ്ന്‍ എപ്പിസോഡ് എന്നു പറഞ്ഞാല്‍ വായനക്കാര്‍ എന്നെ കല്ലെറിയാന്‍ വരരുത്. മീ ടൂ എന്ന പേരില്‍ ലോകമാകമാനം സ്ത്രീകള്‍ക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചു ക്യാമ്പയിന്‍ നടക്കുന്ന വേളയില്‍ തന്നെ ഇത്തരമൊരു സംഗതി ഉയര്‍ന്നുവന്നുവെന്നതും ശ്രദ്ധിക്കണം. ഇതിനോടു ഒരിക്കലും രാഷ്ട്രീയകക്ഷികളോ, നേതാക്കളോ ക്രിയാത്മകമായി പ്രതികരിച്ചില്ലെന്നതും ഓര്‍ക്കണം. അപ്പോള്‍ പിന്നെ, പരുന്തിനെ എറിയാന്‍ കരുതി വച്ച കല്ലുകൊണ്ട് പ്രാവിനെ എറിഞ്ഞ പോലെയായി ഈ സംഭവമെന്നു കരുതേണ്ടിയിരിക്കുന്നു. അല്ലാതെ എന്ത്?

പെണ്ണെഴുത്തിന്റെ നവഭാഷ്യം ( പകല്‍ക്കിനാവ്-97: ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക