Image

ക്രിസ്തുവിന്റെ പുനരുത്ഥാനം- മനുഷ്യ മാഹാത്മ്യ പ്രഘോഷണം- (ഡോ.ജെയിംസ് കുറിച്ചി)

ഡോ.ജെയിംസ് കുറിച്ചി Published on 31 March, 2018
ക്രിസ്തുവിന്റെ പുനരുത്ഥാനം- മനുഷ്യ മാഹാത്മ്യ പ്രഘോഷണം- (ഡോ.ജെയിംസ് കുറിച്ചി)
പന്തിയോസ് പീലാത്തോസ് യൂദയായിലെ റോമന്‍ ഗവര്‍ണ്ണറും കയ്യേഫാസ് യഹൂദരുടെ പ്രധാന പുരോഹിതനും ഹേറേദോസ് അന്തിപ്പാസ് ഗ്ലീലായിലെ ഭരണാധികാരിയും ആയിരിക്കുമ്പോള്‍ യേശു കാല്‍വരി മലയില്‍ കുരിശിന്മേല്‍ വധിക്കപ്പെട്ടു; ശിഷ്യന്മാര്‍ അദ്ദേഹത്തെ കല്ലറയില്‍ സംസ്‌ക്കരിച്ചു; പടയാളികള്‍ കല്ലറയ്ക്കു മുമ്പില്‍ കാവലുമായി. ആ ഗലീലയാക്കാരന്‍ വിപ്ലവകാരിയുടെ കഥ കഴിഞ്ഞു എന്നായിരുന്നു യേശുവിന്റെ ശത്രുക്കളുടെ വിചാരം.

എന്നാല്‍, ജയഭേരി മുഴക്കിക്കൊണ്ടിരുന്ന ശത്രുക്കളെ വെല്ലുവിളിച്ചുകൊണ്ട്, 'എന്റെ ജീവന്‍ അര്‍പ്പിക്കാനും അതു തിരിച്ചെടുക്കാനും എനിക്ക് അധികാരമുണ്ട്' എന്നു താന്‍ പ്രഖ്യാപിച്ചത് അന്വര്‍ഥമാക്കിക്കൊണ്ട്, ദുഃഖവെള്ളിയാഴ്ച കഴിഞ്ഞുള്ള ഞായറാഴ്ച പ്രഭാതത്തില്‍ പ്രതാപവാനായി യേശു ഉയിര്‍ത്തെഴുന്നേറ്റു. ഈ സംഭവമാണ് ക്രിസ്ത്യാനികള്‍ ഈസ്റ്റര്‍ ദിനത്തില്‍ ്അനുസമ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്.

 ഒരു ചരിത്രസംഭവത്തിന്റെ അനുസ്മരണയിലോ ആഘോഷത്തിലോ മാത്രം ഒതുങ്ങുന്നില്ല ഈസ്റ്ററിന്റെ പൊരുള്‍. അത് വെറുമൊരു ചരിത്ര സംഭവം മാത്രമല്ല. ചരിത്രത്തിനും സ്ഥലകാലങ്ങള്‍ക്കും അതീതമായ അര്‍ത്ഥവ്യാപ്തിയും ആശയങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈസ്റ്റര്‍. മരണത്തിനപ്പുറത്തേക്കുള്ള ചൂണ്ടുപലകയും മനുഷ്യന്റെ പ്രത്യേകിച്ചും മനുഷ്യശരീരത്തിന്റെ മാഹാത്മ്യപ്രഘോഷണവുമാണത്.

മരണമെന്നു നാം വിശേഷിപ്പിക്കുന്ന പ്രതിഭാസത്തോടെ മനുഷ്യജീവിതം അവസാനിക്കുന്നില്ലെന്നാണല്ലോ എല്ലാ മതങ്ങളും പഠിപ്പിക്കുക. സാര്‍വ്വത്രികമായ ഈ വിശ്വാസത്തിനുള്ള തെളിവാണു ക്രിസ്തുവിന്റെ പുനരുത്ഥാനം. 
മനുഷ്യവംശത്തിന്റെ(ദൈവവചനത്തിന്റെ) ആദ്യജാതനെന്നാണു പ്രവാചകര്‍ ക്രിസ്തുവിനെ വിശേഷിപ്പിക്കുക. ആദ്യജാതനായ ക്രിസ്തു മരിച്ചശേഷം ഉയിര്‍ത്തെഴുന്നേറ്റെങ്കില്‍ എല്ലാ മനുഷ്യരും മരണശേഷം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നു ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. യേശുവും ്അപ്പസ്‌തോലന്മാരും പഠിപ്പിച്ചതും ഇതുതന്നെ.

യേശു തന്റെ പ്രബോധനങ്ങള്‍ക്കിടയില്‍ പലപ്പോഴും മരിച്ചവരുടെ പുനരുത്ഥാനത്തെപ്പറ്റി സംസാരിച്ചിട്ടുണ്ട്. ഇതില്‍ നിങ്ങള്‍ വിസ്മയിക്കേണ്ട. എന്തെന്നാല്‍ കല്ലറിയിലുള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു. അപ്പോള്‍ നന്മ ചെയ്തവര്‍ ജീവന്റെ ഉയിര്‍പ്പിനായും തിന്മ ചെയ്തവര്‍ ശിക്ഷാവിധിയുടെ ഉയിര്‍പ്പിനായും പുറത്തുവരും'(ജോണ്‍ 5:28-29).

യഹൂദപ്രമാണികളില്‍ ഒരുവന്റെ വീട്ടിലെ സദ്യയില്‍ സംബന്ധിച്ചുകൊണ്ടിരുന്ന യേശു തന്റെ ആതിഥേയനോടു പറഞ്ഞു: 'എന്നാല്‍, നീ സദ്യ നടത്തുമ്പോള്‍ ദരിദ്രര്‍, വികാലാംഗര്‍, മുടന്തര്‍, കുരുടന്‍ എന്നിവരെ ക്ഷണിക്കുക. അപ്പോള്‍ നീ ഭാഗ്യവാനായിരിക്കും; എന്തെന്നാല്‍ പകരം നല്‍കാന്‍ ക്ഷണിക്കുക. അപ്പോള്‍ നീ ഭാഗ്യവാനായിരിക്കും; എന്തെന്നാല്‍ പകരം നല്‍കാന്‍ അവരുടെ പക്കല്‍ ഒ്ന്നുമില്ല. നീതിമാന്മാരുടെ പുനരുത്ഥാനത്തില്‍ നിനക്കു പ്രതിഫലം ലഭിക്കും.'(ലൂക്ക 14:13-14) മറ്റു പല അവസരങ്ങളിലും യേശു മനുഷ്യന്റെ മരണാനന്തരോത്ഥാനത്തെ സൂചിപ്പിച്ചിട്ടുണ്ട്.

യേശുശിഷ്യന്മാരുടെ പ്രബോധനങ്ങളുടെ കാതല്‍ തങ്ങളുടെ ഗുരുവിന്റെ ഉയിര്‍പ്പ് മാത്രമായിരുന്നില്ല. മരണാനന്തരം എല്ലാ മനുഷ്യര്‍ക്കും സംഭവിക്കാനിരിക്കുന്ന ഉത്ഥാനവും അതില്‍ ഉള്‍പ്പെട്ടിരുന്നു. സര്‍വ്വ മനുഷ്യരുടെയും ഉയിര്‍പ്പിന്റെ അച്ചാരമായി യേശുവിന്റെ ഉയിര്‍പ്പിനെ അവര്‍ മനസ്സിലാക്കുകയും പ്രസംഗിക്കുകയും ചെയ്തു.
പൗലോസപ്പസ്‌തോലന്‍ ചോദിക്കുന്നു: ക്രിസ്തു മരിച്ചവരില്‍ നിന്നു ഉയിര്‍പ്പിക്കപ്പെട്ടതായി പ്രഘോഷിക്കപ്പെടുന്നെങ്കില്‍ മരിച്ചവര്‍ക്കു പുനരുത്ഥാനം ഇല്ലെങ്കില്‍ ക്രിസ്തുവും ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ല. ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം'(1 കൊറി. 15:12:15). ഇതിന്റെ അര്‍ത്ഥം ക്രിസ്തുവിന്റെ ഉയിര്‍പ്പും മരിച്ചവരുടെ ഉയിര്‍പ്പും അഭേദ്യമായി ബന്ധപ്പെട്ടതാണെന്നല്ലേ.

മനുഷ്യന് മരണത്തിനപ്പുറം ഒരു ജീവിതമുണ്ടെന്നും ആ ജീവിതം ഈ ലോകജീവിതത്തിന്റെ തുടര്‍ച്ചയാണെന്നും ഈസ്റ്റര്‍ വിളംബരം ചെയ്യുന്നു. ഈ ലോകത്തില്‍ മനുഷ്യന്‍ ജീവിക്കുന്നത് ഭൗതിക (സ്ഥൂല)ശരീരത്തോടെയാണ്. യേശു ഉത്ഥാനം ചെയ്തത് അത്തരം ശരീരത്തോടെ ആയിരുന്നില്ലെന്നു ബൈബിള്‍ വ്യക്തമാക്കുന്നു. മുറിയുടെ വാതായനങ്ങള്‍ അടച്ച് അകത്തിരുന്ന ശിഷ്യര്‍ക്ക് യേശു വാതില്‍ തുറക്കാതെ പ്രത്യക്ഷപ്പെടുന്നു(ജോണ്‍ 20:26); ശിഷ്യരുടെ മുമ്പില്‍ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമാകുന്നു(ലൂക്ക 24: 31); ഗ്രാമത്തിലേക്കു നടന്നുപോകുന്ന രണ്ടു ശിഷ്യര്‍ക്ക് യേശു വേറെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു(മാര്‍ക്കോസ് 16:12). മരണാനന്തരം ഉയിര്‍പ്പിക്കപ്പെടുന്ന മനുഷ്യരെ പറ്റി ക്രിസ്തു യഹൂദരിലെ സദുക്കായരോടു പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്: നിങ്ങള്‍ക്കു തെറ്റുപറ്റിയിരിക്കുന്നു. പുനരുത്ഥാനത്തില്‍ അവര്‍ വിവാഹം ചെയ്യുകയോ ചെയ്തു കൊടുക്കുകയോ ഇല്ല. അവര്‍ സ്വര്‍ഗ്ഗദൂതന്മാരെപ്പോലെ ആയിരിക്കും' (മത്തായി 22: 30-31). അനശ്വരവും മഹത്വപൂര്‍ണ്ണവുമായ ആത്മീയ ശരീരമായിരിക്കും ഉയിര്‍പ്പിക്കപ്പെടുന്ന മനുഷ്യരുടേതെന്നു പൗലോസ് അപ്പസ്‌തോലന്‍ വ്യക്തമാക്കുന്നുണ്ട്(1 കൊറി. 42-44).

യേശുവിന്റെ പുനരുത്ഥാനം വിരല്‍ ചൂണ്ടുന്നത് മഹത്വപൂര്‍ണ്ണവും അനശ്വരവുമായി മാറാനുള്ളവരാണു മനുഷ്യരെന്ന സത്യത്തിലേക്കാണ്. ഇത്  എന്നെയോ നിങ്ങളെയോ മാത്രമല്ല എല്ലാ മനുഷ്യരെയും സംബന്ധിക്കുന്ന കാര്യമാകുന്നു. മനുഷ്യന്റെ ആത്മാവുമാത്രമല്ല അമര്‍ത്ത്യതയിലേക്കും അനശ്വരതയിലേക്കും കടുക്കുക; പ്രത്യുത, ശരീരം കൂടിയാണ്. ഇതാണു യേശുവിന്റെ പുനരുത്ഥാനം വ്യക്തമാക്കുന്നത്.
സ്വന്തം ശരീരത്തെയും മറ്റുള്ളവരുടെ ശരീരത്തെയും ബഹുമാനിക്കണം എന്നതത്രെ ഈസ്റ്ററിന്റെ ഉള്‍ക്കാമ്പ്. മാന്യമായ ജീവിതസാഹചര്യങ്ങള്‍ എല്ലാ മനുഷ്യര്‍ക്കും അവകാശപ്പെട്ടതാണെന്നും അതിന് ആരും തടസ്സമാകരുതെന്നും ഈസ്റ്റര്‍ ഉദ്‌ബോധിപ്പിക്കുന്നു. ഈ ഉദ്‌ബോധനം ഉള്‍ക്കൊണ്ടു ജീവിക്കുന്നവര്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നുള്ളൂ. മറ്റുള്ളവര്‍ക്ക് അതു പ്രതിവര്‍ഷ പഞ്ചാംഗത്തിലെ ഒരു കുറിപ്പു മാത്രം.

ജീവിക്കാതെ ജീവിക്കുന്ന മനുഷ്യര്‍ ഈ ലോകത്തിലുണ്ടായിരിക്കുമ്പോള്‍. വിശപ്പടക്കാന്‍ നിര്‍വാഹമില്ലാഞ്ഞിട്ട് ഒരു പിടി അരി മോഷ്ടിക്കാന്‍ നിര്‍ബന്ധിതരാകുന്ന വ്യ്കതികള്‍ മനുഷ്യരുടെ ഇടയില്‍ ഉണ്ടായിരിക്കുകയും അവരെ ദയനീയമായി തല്ലിക്കൊല്ലുന്ന ക്രൂരന്മാര്‍ ജീവിച്ചിരിക്കുകയും ചെയ്യുമ്പോള്‍ ഈസ്റ്റര്‍ ആഘോഷം സമൂഹത്തിന്റെ നേരെയുള്ള വലിയൊരു ചോദ്യചിഹ്നം മാത്രം!

ക്രിസ്തുവിന്റെ പുനരുത്ഥാനം- മനുഷ്യ മാഹാത്മ്യ പ്രഘോഷണം- (ഡോ.ജെയിംസ് കുറിച്ചി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക