Image

അണ്ണാ ഹസാരെ എന്ന കൗതുകം (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 31 March, 2018
അണ്ണാ ഹസാരെ എന്ന കൗതുകം (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
ജനവിശ്വാസം തിരികെപ്പിടിക്കാന്‍ തനിക്ക് ഇനിയും സാധിക്കുമെന്നും ക്ഷോഭിക്കുന്ന ആത്മാക്കളെ ഒരിക്കല്‍ കൂടി തന്റെ ബാനറിന് കീഴില്‍ അണിനിരത്താമെന്നും വിശ്വസിച്ചു ഡല്‍ഹി രാംലീല മൈതാനിയില്‍ സമരത്തിനിറങ്ങിയ അണ്ണാ ഹസാരെ എന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ തന്റെ സമരം അവസാനിപ്പിച്ചു വാര്‍ത്ത ഇന്‍ഡ്യയിലെ ജനങ്ങള്‍ കൗതുകത്തോടെ ആണ് നോക്കി കാണുന്നത്.

ലോക്പാല്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സമരം തുടങ്ങിയ അന്ന ഹസാരെ ആറ് ദിവസത്തിന് ശേഷം അദ്ദേഹം സമരം അവസാനിപ്പിക്കുകയായിരുന്നു. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ലോക്പാല്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്ന ഹസാരെ വീണ്ടും സമരം തുടങ്ങിയത്. കേന്ദ്രത്തില്‍ ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്തയേയും നിയമിക്കണം. കാര്‍ഷിക വിളകള്‍ക്ക് ന്യായവില നല്‍കണം എന്നീ ആവശ്യങ്ങള്‍ ആണ് ഹസാരെ വീണ്ടും ഉന്നയിച്ചത് . ഏഴ് വര്‍ഷം മുന്‍പ് രാംലീല മൈതാനത്ത് അന്ന ഹസാരെ നടത്തിയ സമരത്തെ തുടര്‍ന്നാണ് ലോക്പാല്‍ ബില്‍ പാസാക്കിയത്. പക്ഷേ ലോക്പാലിനെ ഇതുവരെ നിയമിച്ചിരുന്നില്ല.


ലോക്പാല്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് ആറ് മാസം കൂടി സമയം അനുവദിക്കുകയാണെന്ന് ഹസാരെ പറഞ്ഞു. ഓഗസ്റ്റ് വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. അന്നും കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം പാലിച്ചില്ലെങ്കില്‍ സെപ്റ്റംബര്‍ മുതല്‍ വീണ്ടും സമരം ആരംഭിക്കും. പക്ഷേ ഏഴുവര്‍ഷം മുന്‍പ് നടത്തിയ സമരത്തിന്റെ തീഷ്ണതയോന്നും ഈ സമരത്തില്‍ കണ്ടില്ല, അഴിമതി എന്ന ഒരു വാക്കിന്റെ ഉച്ചാരണം പോലും കേട്ടില്ല.

അന്ന് അന്നാഹസാരെയുടെ നിരാഹാരസമരത്തിലൂടെ വെളിപ്പെട്ട സര്‍വ്വപ്രധാനമായ ഒരു കാര്യമുണ്ടായിരുന്നു ഇന്‍ഡ്യയിലെ ജനങ്ങളുടെ മനസ്സില്‍ അഴിമതിക്കെതിരെ ധാര്‍മ്മികരോഷത്തിന്റെ തീ ആളി കത്തിക്കാന്‍ കഴിഞ്ഞു. ഇക്കാര്യം ബോധ്യംവന്നതുകൊണ്ടു മാത്രമാണ് ഇന്‍ഡ്യാഗവണ്‍മെന്റ് ഹസാരെയുടെ ഡിമാന്റ് അംഗീകരിച്ചുകൊണ്ട് എത്രയും വേഗം അദ്ദേഹത്തിന്റെ നിരാഹാരസമരം അന്ന് അവസാനിപ്പിച്ചതും.


അന്ന് ബാബാ രാംദേവ് എല്ലാവിധ സപ്പോര്‍ട്ടും നല്‍കി കൂടാത്ത വലിയ ഒരു നേതൃത നിരതന്നെ കുട്ടത്തില്‍ ഉണ്ടായിരുന്നു .അന്ന് ബിജെപി ആണ് ആ സമരത്തെ ഏറ്റവും കൂടുതല്‍ സഹായിച്ചത്. അന്ന് കൂടെ നിന്നവര്‍ പലരും വേറെ പാര്‍ട്ടി ഉണ്ടക്കി നേതാക്കന്മാരും ആയി. അദ്ദേഹം തന്റെ സത്യാഗ്രഹത്തിന് അന്ന്
അടിസ്ഥാനമായി മുന്നോട്ടുവച്ച കാര്യങ്ങള്‍ ഇന്‍ഡ്യാ രാജ്യത്തെ സംബന്ധിച്ചിടത്തോളം ജീവല്‍പ്രധാനമായിരുന്നു . നമ്മുടെ കുറേയാളുകള്‍ വിദേശത്തുകൊണ്ടുപോയി കുന്നുകൂട്ടിയിട്ടിരിക്കുന്ന കള്ളപ്പണം പിടിച്ചെടുത്തു രാജ്യത്തിന്റെ പൊതുമുതലാക്കുക എന്ന ആവശ്യത്തിനാണ് ഒന്നാം സ്ഥാനം കൊടുത്തത് .


ഇന്‍ഡ്യാക്കാര്‍ സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണത്തിന്റെ തുക പേടിപ്പെടുത്തുന്നത്ര വലുതാണ്. ലോകത്തുള്ള എല്ലാ വികസിത, അവികസിത രാജ്യങ്ങളിലെയും എല്ലാ കള്ളന്മാരുംകൂടി നിക്ഷേപിച്ചിരിക്കുന്ന മൊത്തം സംഖ്യയേക്കാളധികം വരും ഇന്‍ഡ്യാക്കാര്‍ മാത്രം നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം എന്നാണ് കേട്ടുകേള്‍വി. ഈ പണം പിടിച്ചെടുത്തു വിനിയോഗിച്ചാല്‍ ഇന്‍ഡ്യയിലെ മുഴുവന്‍ ജനങ്ങളുടെയും പട്ടിണിമാറ്റാനും നികുതിഭാരമില്ലാത്ത ബജറ്റവതരിപ്പിക്കാനും എണ്ണമറ്റ വികസനപദ്ധതികള്‍ നടപ്പാക്കാനും സാധിക്കും. ചുരുക്കത്തില്‍ ഇന്‍ഡ്യയുടെ സാമ്പത്തിക പ്രശ്നങ്ങളും പരിഹരിച്ച് ഒരു വികസിത രാജ്യമായി അടിത്തറയിട്ടു നിര്‍ത്താന്‍ കഴിയും.


ഇന്‍ഡ്യയിലെ കുട്ടികള്‍ പട്ടിണികൊണ്ടും രോഗംകൊണ്ടും മരിക്കുമ്പോള്‍, കോടിക്കണക്കായ പാവപ്പെട്ടവര്‍ നരകിച്ചു ജീവിക്കുമ്പോള്‍, അവര്‍ക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാന്‍ വേണ്ടി സാധാരണക്കാരില്‍ നിന്ന് കനത്ത നികുതി പിരിക്കുമ്പോഴാണ് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അവരുടെ സഹായമുള്ള വെറും മാഫിയക്കാരുമായ കുറെയാളുകള്‍ രാജ്യത്തിന്റെ സമ്പത്തെല്ലാം തട്ടിയെടുത്തു വിദേശബാങ്കുകളില്‍ കുന്നുകൂട്ടിയിട്ടിരിക്കുന്നത്.അദ്ദേഹത്തിന്റെ ഈ കണക്കുകള്‍ ബിജെപി വരെ ഏറ്റു പിടിക്കുകയും ഒരു തെരഞ്ഞടുപ്പ് ആയുധം ആയി ഉപയോഗിക്കുകയും ചെയ്തു.

എന്നാല്‍ ഇന്നും സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണത്തിന്റെ തുക ആരും വെളിപ്പെടുത്തിയിട്ടും ഇല്ല , ഇന്നും ആ സ്വിസ് ബാങ്കുകളില്‍ തന്നെ കിടക്കുമ്പോള്‍ അതിനെ
പറ്റി ഒരക്ഷരം സംസാരിക്കാനോ അഴുമതിയെ പറ്റി പറയുന്നതായോ അദ്ദേഹത്തിന്റെ വാക്കുകളില്‍ കേട്ടില്ല. അന്ന് ഉണ്ടായിരുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായും തോന്നുന്നില്ല. പഴയത് പോലുള്ള ഒരു ജന പിന്തുണയും അദ്ദേഹത്തിന്റെ സമരത്തിന് കിട്ടിയില്ല, ഇതെല്ലാം ആയിരിക്കാം സമരം പെട്ടന്ന് അവസാനിപ്പിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

പക്ഷെ അണ്ണാ ഹസാരെ നടത്തി വിജയിപ്പിച്ച സമരത്തിന്റെ പിന്നാമ്പുറം കൂടി ഇപ്പോള്‍ നാം പരിശോധിക്കേണ്ടതാണ്.

സന്യാസി'മാര്‍, സര്‍ക്കാരിതര സംഘടനകള്‍, മാധ്യമ ചക്രവര്‍ത്തിമാര്‍ തുടങ്ങിയ ഭിന്നതരക്കാര്‍ക്ക് ഒന്നിക്കാനുള്ള ഒരു ഉത്തമ വേദിയായിരുന്നു അദ്ദേഹം സംഘടിപ്പിച്ച സമരങ്ങള്‍. 'അഴിമതിക്കെതിരെ ഇന്ത്യന്‍ വന്‍കിട കമ്പനികളുടെ സാമ്പത്തിക സഹായം അതിനുണ്ടായിരുന്നു എന്നു വേണം കരുതാന്‍. ചുറ്റുമൊന്ന് തിരിഞ്ഞു നോക്കിയാല്‍, 2014ന് ശേഷം രാജ് നിവാസുകളിലെയും പാര്‍ലമെന്റിലെയും നിയമസഭകളിലെയും മന്ത്രിസഭകളിലെയുമെല്ലാം പ്രധാന വിതരണക്കാര്‍ തന്റെ 'ധര്‍മ്മസേനയില്‍' നിന്നുള്ളവരാണെന്ന് അണ്ണാ ഹസാരെയ്ക്ക് മാത്രമല്ല നമുക്കും കാണാന്‍ സാധിക്കും.

അതുകൊണ്ടും തീര്‍ന്നില്ല. ശതകോടി രൂപയുടെ സാമ്രാജ്യങ്ങള്‍ ഭരിക്കുന്ന സംരംഭകരായി 'സന്യാസി'മാര്‍ മാറി. സര്‍ക്കാരിന്റ രക്ഷാകര്‍തൃത്വത്തിലും സംരക്ഷണത്തിലും അവര്‍ അഭിവൃദ്ധിപ്രാപിക്കുന്നു. ദേശീയ പ്രതിരോധ പോര്‍ട്ടലുകള്‍ ഭരിക്കുന്ന അദൃശ്യ തന്ത്രജ്ഞരായി അവര്‍ വിലസുന്നു. അണ്ണാ ഹസാരെയുടെ പ്രസ്ഥാനം സൃഷ്ടിച്ച രാഷ്ട്രീയ മൂലധനത്തിന്റെ അവസാന നാണയം വരെ മുതലാക്കപ്പെട്ടിരിക്കുന്നു. സര്‍വോപരി, വിദ്വേഷ ദേശീയതയുടെ ഉത്സവത്തിന് കളമൊരുക്കുന്നതിനായി ബുദ്ധിപൂര്‍വം സംവിധാനം ചെയ്തെടുത്ത ഒന്നായിരുന്നു രാംലീല മൈതാനത്തെ പതാക പാറിക്കലുകളൊക്കെയും.

ഒരിക്കല്‍ സവാരിക്ക് കൂടെക്കൂട്ടപ്പെട്ട ആളാണ് താനെന്ന് മനസിലാക്കാന്‍ അദ്ദേഹം വിസമ്മതിക്കുന്നു എന്നത് ചിലര്‍ക്കെങ്കിലും കൗതുകരമായി തോന്നാം; എന്നാല്‍ തന്റെ 'പ്രസ്ഥാന'ത്തെ വീണ്ടും ആവര്‍ത്തിക്കാമെന്ന് അദ്ദേഹം ഇപ്പോള്‍ ചിന്തിച്ചതില്‍ ആണ് അപകടം.അത് അദ്ദേഹം തിരിച്ചറിഞ്ഞത് കൊണ്ടാണോ ഇപ്പോള്‍ ഈ സമരം അവസാനിപ്പിക്കല്‍ എന്നു ചിന്തിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഇന്‍ഡ്യയില്‍ ഉണ്ട്.
അണ്ണാ ഹസാരെ എന്ന കൗതുകം (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക