Image

അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത, ചൈന അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനിക വിന്യാസം

Published on 31 March, 2018
അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത, ചൈന അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനിക വിന്യാസം
ചൈന അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനിക വിന്യാസം. അരുണാചല്‍ സെക്ടറില്‍ തിബത്തന്‍ മേഖലയിലെ ദിബാങ്, ദൗദെലായ്, ലോഹിത് താഴ്‌വര എന്നിവിടങ്ങളിലാണ് കൂടുതല്‍ സൈനികരെ വിന്യസിച്ച് പട്രോളിങ് ശക്തമാക്കിയത്. ദോക്‌ലാം സംഘര്‍ഷം ശമിക്കാത്ത പശ്ചാത്തലത്തില്‍ ഹെലികോപ്ടറിലും ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. 
ഇന്ത്യയുമായുള്ള 4000 കി. മീറ്റര്‍ അതിര്‍ത്തിയില്‍ പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം ചൈന റോഡും നിര്‍മിക്കുന്നുണ്ട്. ദോക്‌ലാമിന് വടക്കു ഭാഗത്തായി സൈനികരെയും അവര്‍ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 16 മുതലാണ് ദോക്‌ലാം സംഘര്‍ഷം തുടങ്ങിയത്. സര്‍വ സന്നാഹങ്ങളുമായി ചൈന ഇവിടെ റോഡ് നിര്‍മിക്കാന്‍ എത്തിയത് ഇന്ത്യ തടയുകയായിരുന്നു. പിന്നീട് ആഗസ്റ്റ് 28ന് താല്‍ക്കാലികമായി അതിര്‍ത്തി സംഘര്‍ഷം അവസാനിച്ചെങ്കിലും ഹെലിപാഡ് അടക്കം നിര്‍മാണപ്രവൃത്തികളുമായി ചൈന മുന്നോട്ട് പോവുകയായിരുന്നു.

ദോക്‌ലാമില്‍ നിന്ന് ചൈന പിന്മാറാത്ത സാഹചര്യത്തിലാണ് സൈനിക മേല്‍ക്കൈ നേടാനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍. മ്യാന്മറിനും ചൈനക്കും ഇന്ത്യക്കുമിടയിലെ മുക്കവലയായി അറിയപ്പെടുന്ന ദോക്‌ലാം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യചൈന ബന്ധത്തില്‍ ഏറ്റവും വിള്ളലുണ്ടാക്കിയ അതിര്‍ത്തിപ്രദേശമാണ്. 17,000 അടി ഉയരത്തിലാണ് ഏറെ തന്ത്രപ്രധാനമായ ദോക്‌ലാം സ്ഥിതിചെയ്യുന്നത്. മഞ്ഞുമൂടിയ മലനിരകളുള്ള ഇതിലൂടെ ലോഹിത് എന്ന നദിയും ഒഴുകുന്നു. ചൈനയുടെ ഏതു വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമാണെന്ന് രാജ്യത്തിന്റെ ഏറ്റവും കിഴക്കേ അറ്റത്തുള്ള ഗ്രാമമായ കിബിതുവില്‍ സേവനമനുഷ്ഠിക്കുന്ന കരസേന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചെറിയ സംഘങ്ങളായി തിരിഞ്ഞ് 1530 ദിവസം നീളുന്ന അതിര്‍ത്തി പട്രോളിങ് ആണ് സൈന്യം ഇപ്പോള്‍ സ്വീകരിച്ച നടപടിയെന്നും അദ്ദേഹം അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക