Image

പണിമുടക്കല്ലാതെ മറ്റൊരു സമരമാര്‍ഗ്ഗം പോലും കണ്ടെത്താനാകാത്തത്ര പാപ്പരാണ് നമ്മുടെ വിപ്ലവ പാര്‍ട്ടികളെന്ന് ജോയ് മാത്യു

Published on 02 April, 2018
പണിമുടക്കല്ലാതെ മറ്റൊരു സമരമാര്‍ഗ്ഗം പോലും കണ്ടെത്താനാകാത്തത്ര പാപ്പരാണ് നമ്മുടെ വിപ്ലവ പാര്‍ട്ടികളെന്ന് ജോയ് മാത്യു
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി നയങ്ങള്‍ക്കെതിരെ പൊതുപണിമുടക്ക് നടത്തുന്ന സംഘടനകളെ പരിഹസിച്ച് നടന്‍ ജോയ് മാത്യു. പണിമുടക്കല്ലാതെ മറ്റൊരു സമരമാര്‍ഗ്ഗം പോലും കണ്ടെത്താനാകാത്തത്ര പാപ്പരാണു നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍, പ്രത്യേകിച്ച് വിപ്ലവ പാര്‍ട്ടികളെന്ന് ജോയ് മാത്യു പറയുന്നു.
പണിമുടക്ക് മൂലം കേന്ദ്ര സര്‍ക്കാരുകള്‍ക്ക് ഒരു നഷ്ടവും സംഭവിക്കുന്നില്ല. മറിച്ച് നഷ്ടം നമ്മുടെ സംസ്ഥാനത്തിനാണ്, കൃത്യവരുമാനമോ പെന്‍ഷനോ മറ്റാനുകൂല്യങ്ങളോ ലഭിക്കാത്ത സധാരണക്കാര്‍ക്കാണെന്നും ജോയ് മാത്യു പറയുന്നു. ഫെയ്‌സ്ബുക്കിലാണ് പണിമുടക്കുകളെ പരിഹസിച്ചുകൊണ്ട് ജോയ് മാത്യു കുറിപ്പിട്ടിരിക്കുന്നത്.
കാറുള്ളവനും കൃത്യമായി വരുമാനമുള്ളവനും ആഘോഷിക്കാനുള്ള ഒന്നാണ് ഇന്ന് ഹര്‍ത്താലും പണിമുടക്കുകളും. എന്നാല്‍ ഏത് രീതിയിലാണു ഇനി സമരം ചെയ്യേണ്ടതെന്നാണു സഖാക്കള്‍ ചോദിക്കുന്നത് അതിനുള്ള ഉത്തരം ലളിതമാണെന്നും ജോയ് മാത്യു പറയുന്നു. നമ്മളുടെ കാര്യം നമുക്ക് വേണ്ടി അവതരിപ്പിക്കാനും സംസാരിക്കാനും പരിഹരിക്കാനുമായി നമ്മള്‍ തെരഞ്ഞെടുത്ത് പാര്‍ലമെന്റിലേക്കും രാജ്യസഭയിലേക്കും നിയമസഭയിലേക്കും അയക്കുന്ന ജനപ്രതിനിധികളുണ്ടല്ലോ. അവരാണ് നമുക്ക് വേണ്ടി സമരവും സത്യാഗ്രഹവും നിരാഹാരവും നടത്തേണ്ടതെന്നും അദ്ദേഹം പറയുന്നു.

നമ്മള്‍ തെരഞ്ഞെടുത്തയച്ച ജനപ്രതിനിധികളോട് 'നിങ്ങള്‍ പോയി ഞങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യൂ അതിനു കഴിയില്ലെങ്കില്‍ ഈ പണി വിട്ടേക്ക് ഞങ്ങള്‍ അല്‍പ്പം വിശ്രമിച്ചോട്ടെ' എന്ന് പറയാന്‍ തുടങ്ങുമ്പോഴേ കാര്യങ്ങള്‍ ഇന്നാട്ടില്‍ നേരെയാകൂ. അതായിരിക്കണം കാലം ആവശ്യപ്പെടുന്ന സമരമാര്‍ഗ്ഗം. ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്,
പണിമുടക്കികളല്ല അന്നം മുടക്കികളാണു ഈ നാടിന്റെ ശാപം, പണിമുടക്കല്ലാതെ മറ്റൊരു സമരമാര്‍ഗ്ഗം പോലും കണ്ടെത്താനാകാത്തത്ര പാപ്പരാണു നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍ പ്രത്യേകിച്ചും വിപ്ലവ(!) പാര്‍ട്ടികള്‍ പണിമുടക്ക് കൊണ്ട് ആര്‍ക്കാണൂ ചേതം? കേന്ദ്രഗവര്‍മെന്റിനെ മുട്ടുകുത്തിക്കാനാണിതെന്ന്
ചുമ്മാ പറയും. വാസ്തവമെന്താണു?

പണിമുടക്ക് എന്ന സമരമാര്‍ഗ്ഗം തുടങിയത് തന്നെ വ്യവസായങ്ങളിലൂടെ ലാഭം കൊയ്യുന്ന മുതലാളിത്തത്തിന്റെ സാബത്തിക ഘടനയില്‍ വിള്ളലുണ്ടാക്കുവാനായിരുന്നു ഉല്‍പാദനം കുറയുമ്പോള്‍ വ്യവസായിക്ക് നഷ്ടം വരും. അതുകൊണ്ടാണു പണിമുടക്കിനെ മുതലാളിത്തം ഭയന്നതും അടിച്ചമര്‍ത്തുന്നതും.

എന്നാല്‍ വ്യാവസായികമായി പറയത്തക്ക ഒരു ഉല്‍പാദനവും നടക്കാത്ത നമ്മുടെ നാട്ടില്‍ പണിമുടക്ക് മൂലം കേന്ദ്ര ഗവണ്‍മെന്റിനു ഒരു നഷ്ടവും സംഭവിക്കുന്നില്ല. മറിച്ച് നഷ്ടം. നമൂടെ സംസ്ഥാനത്തിനാണു; കൃത്യവരുമാനമോ പെന്‍ഷനോ മറ്റാനുകൂല്യങ്ങളോ ലഭിക്കാത്ത സധാരണക്കാര്‍ക്കാണു ബാങ്കില്‍നിന്നും വായ്പയെടുത്ത് ഓട്ടോയോ ടാക്‌സിയൊ ലോറിയൊ ഓടിക്കുന്നവര്‍, പെട്ടിക്കടയും ചായക്കടയും ഹോട്ടലും പലചരക്ക് കടയും തുടങ്ങി നിത്യവും അദ്ധ്വാനിച്ചാല്‍ മാത്രം ജീവിക്കാനും ലോണ്‍ തിരിച്ചടക്കാനും സാധിക്കുന്നവര്‍, പണിമുടക്ക് ദിവസം വണ്ടി ഓടിയില്ലെങ്കിലും കട തുറന്നില്ലെങ്കിലും ബാങ്കില്‍ നിന്നെടുത്ത ലോണിനു പലിശയില്‍ യാതൊരു കുറവും അനുവദിക്കില്ലെന്നോര്‍ക്കുക കാറുള്ളവനും കൃത്യമായി വരുമാനമുള്ളവനും ആഘോഷിക്കാനുള്ള ഒന്നാണു ഇന്ന് ഹര്‍ത്താലും പണിമുടക്കുകളും

പിന്നെ നമ്മള്‍ ഏത് രീതിയിലാണു ഇനി സമരം ചെയ്യേണ്ടതെന്നാണു സഖാക്കള്‍ ചോദിക്കുന്നത്

അതിനുള്ള ഉത്തരം ലളിതമാണു: നമ്മളുടെ കാര്യം നമുക്ക് വേണ്ടി അവതരിപ്പിക്കാനും സംസാരിക്കാനും പരിഹരിക്കാനുമായി നമ്മള്‍ തിരഞ്ഞെടുത്ത് പാര്‍ലമെന്റിലേക്കും രാജ്യ സഭയിലേക്കും നിയമസഭയിലേക്കും അയക്കുന്ന ജനപ്രതിനിധികളുണ്ടല്ലോ. നമ്മളാരും അവരുടെ കാലു പിടിച്ച് 'വരൂ ഞങ്ങളെ നയിക്കൂ 'എന്നു പറഞ്ഞിട്ടല്ല
അവര്‍ തന്നെ സ്വയം സന്നദ്ധരായി 'ഞങ്ങള്‍ ഇതാ നിങ്ങളെ നയിക്കാനും രക്ഷിക്കാനും വരുന്നു 'എന്ന് പറഞ്ഞു ത്യാഗനിര്‍ഭരരായി വന്നവരാണു നമുക്ക് വേണ്ടി സമരമോ സത്യാഗ്രഹമൊ നിരഹാരമോ നടത്തേണ്ടത് അവരല്ലേ? അപ്പോഴാണു അവര്‍ യഥാര്‍ഥ ജനപതിനിധികള്‍ ആവുന്നത്.

അതിനുള്ള എല്ലാ സൗകര്യങ്ങളും നമ്മള്‍ തന്നെ അവര്‍ക്ക് നല്‍കിയിട്ടുമുണ്ട് അത് പോരാഞ്ഞ് അവര്‍ക്കിഷ്ടമുള്ളത് അവര്‍ത്തന്നെ നമ്മളോട് ചോദിക്കാതെ വര്‍ദ്ധിപ്പിച്ചെടുക്കുന്നുമുണ്ട് മേലനങ്ങി പണിയെടുക്കാത്ത നമ്മുടെ നേതാക്കള്‍ പാര്‍ട്ടിയാപ്പീസുകളില്‍ ഇരുന്നു പണിമുടക്കാഘോഷങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ ബീവറേജസില്‍പ്പോയി ക്യൂ നിന്ന് മദ്യം വാങ്ങി പണിമുടക്കം ആഘോഷിക്കാന്‍ നിര്‍ബന്ധിതരാകുന്ന നികുതിദായകരായ നമ്മള്‍ ചെയ്യേണ്ടത് ,നമ്മള്‍ തിരഞ്ഞെടുത്തയച്ചതായ ജനപ്രതിനിധികളോട് 'നിങ്ങള്‍ പോയി ഞങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യൂ അതിനു കഴിയില്ലെങ്കില്‍ ഈ പണി വിട്ടേക്ക് ഞങ്ങള്‍ അല്‍പ്പം വിശ്രമിച്ചോട്ടെ' എന്ന് പറയാന്‍ തുടങ്ങുമ്പോഴേ കാര്യങ്ങള്‍ ഇന്നാട്ടില്‍ നേരെയാകൂ, അതായിരിക്കണം കാലം ആവശ്യപ്പെടുന്ന സമരമാര്‍ഗ്ഗം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക