Image

കവിതയുടെ കാലദോഷം (ഏബ്രഹാം തെക്കേമുറി)

ഏബ്രഹാം തെക്കേമുറി) Published on 03 April, 2018
കവിതയുടെ കാലദോഷം (ഏബ്രഹാം തെക്കേമുറി)
കവിതയേ! നിന്നുടെ കാഞ്ചനമേനിയെ
കാവ്യാസകരായോര്‍ വ്യഭിചരിപ്പൂ
'അത്യാധുനിക' മെന്ന നാമധേയത്തിങ്കല്‍
അന്യായമേതുമേ ചെയ്തിടുന്നു.

വരിയുണ്ട് നിരവധി വഴിവിട്ട മാതിരി
വരകളില്‍ കാണുന്ന വാക്കുകളില്‍
ഇല്ലില്ല തമ്മില്‍ പൊരുത്ത പദശുദ്ധി
പ്രാസം കവികള്‍ക്കിന്നു പാഷണമേ!

വ്യക്തിത്വമില്ലാത്ത വ്യക്തിക്കു തീര്‍ക്കുന്ന
വെണ്‍കല്‍ പ്രതിമയ്ക്കു കീര്‍ത്തിവേണേല്‍
അതിന്നുടെ താഴെയായ് കൊത്തിപ്പിടിക്കും
അതിയാനില്ലില്ലാത്ത സത്ക്രിയകള്‍.

കവിതയില്‍ തെളിയാത്ത ഭാവന
ലോകരെയറിക്കാന്‍ തീര്‍ക്കുന്നടിക്കുറിപ്പ്
അരത്താളിലൊതുക്കിക്കുറിക്കുന്ന ഗദ്യത്തില്‍
യതിഭംഗം ഭാഷയ്ക്ക് ഭീഷണിയായ്.

വൃത്തത്തെ കാട്ടാനായ് കവ കവച്ചീടുമോ?
കവയ്ക്കുകില്‍ കാണുന്നതേതു വൃത്തം?
പ്രാസമെവിടേന്നു ചോദിച്ചാല്‍ കാര്‍-
പ്പാസം ക്ഷോഭിച്ചു പൊക്കിപ്പിടിച്ചിടുന്നു.

സ്വഭാവോക്തി എന്തെന്നു വക്രോത്തിയുത്തരം
സമാസോക്തി ഇന്നൊരതിശയോക്തി
വിശേഷോക്തി വെറും വിരോധാഭാസമായ്
ഉല്ലേഖം അസംഗതി വിഭാവനയായ്.

അനുപ്രാസത്തിനക്ഷര ജ്ഞാനമിന്നില്ലിഹെ
യമകം അക്ഷരകൂട്ടത്തിനേകയര്‍ത്ഥം
അക്ഷരപ്രാസം അന്ത്യം പ്രയാസമായ്
പണ്ഡിത പതിത്വത്തിന്‍ ലസിതസ്മിതം.

കളകാഞ്ചി, മണികാഞ്ചി, ലലനാമണികളായ്
തരംഗിണി മഞ്ജിരി പ്രസ്ഥാനമായ് 
കാകളി കേകയും വിയോഗിനി പോലായ്
കേളികൊട്ടുന്നോര്‍ക്കൊരു താളമായ്.

ലിംഗം ചുരുങ്ങി നപുംസകങ്ങളായ്
സന്ധികളോരോന്നും വിഘടിതമായ് സ-
മാസമുറകളും തെറ്റിവരുന്നതു
അസഹ്യമേ! കവി തന്‍ കാമുകര്‍ക്ക്.

കവിതയുടെ കാലദോഷം (ഏബ്രഹാം തെക്കേമുറി)
Join WhatsApp News
വഴികാട്ടി 2018-04-03 07:09:54
ഹെന്റമ്മോ ഹെന്തൊരു വഴികാട്ടി
കുറിപ്പടി 2018-04-03 17:41:51
വരിയുണ്ട് നിരവിധി വഴിവിട്ടമാതിരി
വരികളിൽകാണുന്ന വാക്കുകളിൽ
ഇല്ലില്ല കവിത്വമുള്ളതായതൊന്നുമേ
ആയുർവ്വേദത്തിലെ കുറിപ്പടിപോൽ
അയ്യപ്പൻ 2018-04-04 23:06:04
ഞാനൊരു ആധുനിക കവിയാണ് 
എനിക്ക് നിങ്ങളെപ്പോലെ 
കോണകം കെട്ടണ്ട  
തുണി പറിച്ചിട്ടിരുന്നു 
കവിത എഴുതാം
ചിലപ്പോൾ ഞാൻ 
ചുള്ളിക്കാട്ടിൽ കയറി ഇരിക്കും 
അങ്ങനെ ഇരിക്കുമ്പോൾ 
സാക്ഷാൽ സച്ചിദാനന്ദം അനുഭവപ്പെടും 
പിന്നെ ഞാൻ എഴുത്തു തുടങ്ങും 
ലക്കും ലഗാനുമില്ലാതെ 
എഴുതി വിടും 
അത് വായിക്കുന്നവർക്ക് 
ഭ്രാന്തു പിടിക്കും 
അവർ ചിരിക്കും കരയും 
അട്ടഹസിക്കും 
അവർക്ക് അതാണ് വേണ്ടത് 
മടപൊട്ടിയൊഴുകുന്ന 
കലക്ക വെള്ളം പോലെ
ഒന്നും തിരിച്ചറിയാൻ കഴിയാത്ത 
കൊയഞ്ഞു മറിഞ്ഞ 
ആധുനിക കവിതപോലെ 
മേൽക്കൂരയില്ലാത്ത ആകാശം പോലെ 
ഇപ്പോൾ ഞാൻ നൃത്തം ചെയ്യുകയാണ് 
നൂല് ബന്ധമില്ലാതെ 
ചതുരത്തിൽ, ത്രികോണത്തിൽ 
സമകോണത്തിൽ, കോണകത്തിൽ 
അഷ്ടകോണകത്തിൽ 
വൃത്തത്തിൽ എന്നെ ഒതുക്കാൻ 
നോക്കണ്ട തെക്കേമുറി 
എത്ര വളയം ചാടിയവനാ ഞാൻ
 അയ്യപ്പൻ കവിയെപ്പോലെ 
ചാരായ പുഴയിൽ നീന്തി കുളിച്ചു  
എനിക്ക് അവസാനം കവിതകളുടെ 
പുറത്തു കിടന്നു മരിക്കണം 
എനിക്ക് വേണ്ടി നിങ്ങൾ വെടിപൊട്ടിക്കണം 
ജീവിച്ചിരിക്കുമ്പോൾ കവികളെ 
പൊതിരെ തല്ലണം 
മരിച്ചു കഴിയുമ്പോൾ 
ആചാര വെടികളും പുഷ്പചക്രവും 
ഒരു ചോദ്യം - മറ്റേ ആൾ , 
ആ കാനാവിലെ പാർട്ടി 
ഉയർത്തെഴുന്നേറ്റോ ?
അന്നത്തെ പോലത്തെ സ്വയമ്പൻ 
സാധനം ഒരു ഈസ്റ്ററിനും കഴിച്ചിട്ടില്ല .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക