Image

സ്വര്‍ഗ്ഗീയ തീവ്രവാദം (കഥ: തച്ചാറ)

തച്ചാറ Published on 03 April, 2018
സ്വര്‍ഗ്ഗീയ തീവ്രവാദം (കഥ: തച്ചാറ)
ഈ കോടതിക്കു ചില പ്രത്യേകതകളുണ്ട്. ഒരൊത്ത മനുഷ്യന്റെ നാലിരട്ടി വലിപ്പമുള്ള കര്‍ത്താവായ അള്ളാഹു അതിലേറെ വലിപ്പമുള്ള ഒരു സിംഹാസനത്തിലിരിക്കുന്നു. അള്ളാഹുവിനെ അതിലേറെ വലിപ്പമുള്ള ഒരു സിംഹാസനത്തിലിരിക്കുന്നു. അള്ളാഹുവിനെ പറ്റി ഒറ്റ വാക്കില്‍ പറഞ്ഞാല്‍ 'വെണ്മ' പ്രകാശം ചിതറുന്നതു പോലെയുള്ള കിരീടം തേജസുറ്റ മുഖം. മുടിയും, താടിയും, വസ്ത്രവുമെല്ലാം പ്രകാശമൊഴുകി വരുന്നതു പോലെ വെളുത്തിരിക്കുന്നു. ആ ചുണ്ടുകളില്‍ നിന്നെടുത്തുമാറ്റാനാവാത്തതുപോലെ ഒരു പുഞ്ചിരി കളിയാടുന്നുണ്ട്. ആ പുഞ്ചിരി മാറ്റി നിര്‍ത്തിയാല്‍ കര്‍ത്താവ് ഒരു പ്രതിമ. തൊട്ടടുത്ത ഒരു സിംഹാസനത്തില്‍ മിശിഹാ ഇരിക്കുന്നു. ആറടി പൊക്കമുള്ള ആളാണെങ്കിലും, കര്‍ത്താവിനെ അപേക്ഷിച്ച് വളരെ ചെറിയ ആളും, സിംഹാസനവുമായതുകൊണ്ട്, ആ സിംഹാസനം അല്പം താഴെയാണോയെന്ന് ഒറ്റനോട്ടത്തില്‍ സംശയം തോന്നാം. മിശിഹാ ഒരു ചുവന്ന മേലങ്കി ധരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഒരു പ്രതിനിധി വേണമെന്ന് കരുതിയാവും, അടുത്ത സിംഹാസനത്തില്‍ ഒരു സ്ത്രീയാണ് ഇരിക്കുന്നത്. നീല മേലങ്കിയാണ് ആ സ്ത്രീ ധരിച്ചിരിക്കുന്നത്. മുന്നില്‍ താഴെയായി മറ്റൊരു സിംഹാസനത്തിലിരുന്ന് മോശയാണ് ശരിക്കും ന്യായം വിധിക്കുന്നത്.

മോശയ്ക്കു മുന്നില്‍ മേശയും പേപ്പറുകളുമൊന്നുമില്ല. മോശയുടെ മുന്നില്‍ കുറെ കൂടി താഴെയായി രണ്ടു കിഴികളിരിപ്പുണ്ട്. മുറാദ് എന്ന പയ്യനാണ് വിചാരണ നേരിടുന്നത്. ഒരു വലിയ ഹാളിന്റെ വലിപ്പമുണ്ട് കറുത്ത കിഴിക്ക്. അവന്റെ കയ്യിലൊതുങ്ങാവുന്ന ഒരു വെളുത്ത കിഴിയാണ് മറ്റേത്. മുറാദിന്റെ മുന്നില്‍ പരിശുദ്ധാത്മാവും, അവന്റെ കാവല്‍ മാലാഖ ജോമയും പ്രത്യക്ഷരായി ഈ കിഴികളെന്താണെന്ന് മുറാദ് ചോദിക്കുവാന്‍ ശ്രമിച്ചെങ്കിലും, അവന്റെ സംസാരശേഷി എടുക്കപ്പെട്ടിരുന്നു. എങ്കിലും അവന്റെ സംശയം മനസിലാക്കി പരിശുദ്ധാത്മാവ് അവന്റെ പുണ്യപാപങ്ങളുടെ ഭാണ്ഡങ്ങളാണെന്ന് പറഞ്ഞുകൊടുത്തു. അള്ളാഹുവിനെ പ്രീതിപ്പെടുത്തുവാന്‍, അവന്‍ ചെയ്ത പുണ്യപ്രവൃത്തികളെല്ലാം കറുത്ത വസ്ത്രങ്ങളണിഞ്ഞു കൊണ്ടാണല്ലോ അവന്‍ ചെയതത്. ഇത്ര ചെറുപ്പത്തില്‍ തന്നെ ഇത്രയേറെ പുണ്യങ്ങള്‍ താന്‍ ചെയ്തു എന്നോര്‍ത്തപ്പോള്‍ അവന് അഭിമാനം തോന്നി. മലക്ക് വളരെ ദുഃഖത്തിലാണ്.

'ഞാന്‍ എന്റെ കഴിവിന്റെ പരമാവധി മുറാദിനെ രക്ഷിക്കുവാന്‍ ശ്രമിച്ചു.' ജോമ പറഞ്ഞു. ഈ കോടതിയില്‍ പറയുന്നത് മനുഷ്യരുടെ വാക്കുകള്‍ ചേര്‍ത്തുള്ള ഭാഷയെ ഉല്ലംഘിക്കുന്ന, ആശയങ്ങള്‍ അതേ പടി പകര്‍ത്തുന്ന, സ്വപ്‌ന സദൃശമെന്നോ, ഹൃദയഭാഷയെന്നോ പറയാവുന്ന, ആര്‍ക്കും മനസിലാകുന്ന ഒരു ഭാഷയാണ് എന്നു മുറാദിനു തോന്നി.

'ഇവന്‍ പക്ഷേ, നീ വഴി നല്‍കപ്പെട്ട കല്പനകള്‍ ലംഘിക്കുകയായിരുന്നു.' ഇതുകൂടി കേട്ടപ്പോള്‍ താന്‍ ശരിയെന്നു കരുതി ചെയ്തതെല്ലാം തെറ്റായിരുന്നുവെന്ന്  ഒരുള്‍ക്കിടിലത്തോടെ അവന്‍ ഉള്‍ക്കൊണ്ടു. തന്റെ പാപഭാണ്ഡത്തിന്റെ മുകളിലേയ്ക്ക് ദയനീയമായി നോക്കി ഇവിടെ താന്‍ അനുഭവിക്കുന്ന വികാരങ്ങള്‍, ഭൂമിയിലെക്കാളും പല മടങ്ങ് കൂടുതലാണെന്നും അവന്‍ മനസിലാക്കി.

പിന്നീട് ജോമ അവന്റെ ജീവചരിത്രമാണ് പറഞ്ഞത്. താന്‍ മറന്നുപോയ കാര്യങ്ങള്‍ പോലും കൃത്യമായാണ് ദൈവദൂതന്‍ പറഞ്ഞത്. തന്റെ ചെയ്തികള്‍ എല്ലാം വളരെ സൂക്ഷമമായി ഈ മലക്ക് കണ്ടുകൊണ്ടിരിക്കുകയായിരുന്നെന്ന് അവന്‍ സ്വപേനപി ചിന്തിച്ചിട്ടില്ല.
വൈകീട്ട് മധുരപലഹാരങ്ങളും, മധുര പാനീയങ്ങളും കഴിച്ചുകൊണ്ട്, മനുഷ്യരെ കൊല്ലുന്നതിന്റെ വീഡിയോ കണ്ടാസ്വാദിച്ചത് ജോമ പറഞ്ഞപ്പോള്‍, അതൊക്കെ മ്ലേച്ഛതയായിരുന്നെന്ന് മുറാദിനു തോന്നി. അവന്റെ ജ്യേഷ്ഠന്‍ ഇസ്മയില്‍ ആണ് നുസ്ര എന്ന ഇസ്ലാമിക സ്‌റ്റേറ്റില്‍ അവനെ ചേര്‍ത്തത്. അന്ന് മുറാദിന് ഒമ്പതു വയസായിരുന്നു. പിറ്റേ വര്‍ഷം ഇസ്മയിലിനോട് കുറെ തടവുകാരുടെ തലവെട്ടുവാന്‍ പറഞ്ഞപ്പോള്‍, അവന്‍ മടിച്ചുനിന്നു. 

'ഞാന്‍ കൊല്ലാം, ഞാന്‍ കൊല്ലാം' എന്നു പറഞ്ഞ് മുറാദും വേറെ രണ്ടു കുട്ടികളും കയ്യുയര്‍ത്തി വീശി. അന്ന് മുറാദിനെ കൊണ്ട് അഞ്ചുപേരെ കൊല്ലിച്ചു. ഇസ്മയിലിനെ യുദ്ധം നടക്കുന്നതിന്റെ മുന്‍നിരയിലേക്കുവിട്ടു.

മിശിഹായുടെ അടുത്തുള്ള സിംഹാസനത്തില്‍ ഇരിക്കുന്ന സ്ത്രീ എഴുന്നേറ്റ്,
മുറാദിനു വേണ്ടി അവന്റെ ഉമ്മ കണ്ണീരോടെയും, ഉപവാസമനുഷ്ഠിച്ചും നിരന്തരം പ്രാര്‍ത്ഥിച്ചു കൊണ്ടേയിരിക്കുന്നു' എന്ന് വെളിപ്പെടുത്തി. അപ്പോള്‍ അവന്റെ ഉമ്മയുടെ സ്‌നേഹത്തിന്റെയും, പ്രാര്‍ത്ഥനയുടെയും, കണ്ണുനീരിന്റെയും ഒരു ഭാണ്ഡം അവന്റെ തലയില്‍ വന്നു പതിക്കുന്നതായി അനുഭവപ്പെട്ടു. എല്ലുകള്‍ ഒടിയുന്നതിന്റെ ഒരു ശബ്ദം അവന്‍ കേട്ടു. മുറാദ് കണ്ണുകള്‍ ഇറുക്കിയടച്ചു. താന്‍ നിലത്തുവീണ് ചതഞ്ഞരഞ്ഞുവെന്ന് തോന്നി. വലിയ വേദന അവന് അനുഭവപ്പെട്ടു. അവന്‍ ശബ്ദമില്ലാതെയലറി. പതുക്കെ കണ്ണുതുറന്നപ്പോള്‍, അവന്‍ വീണുകിടക്കുകയല്ല; അവിടെ തന്നെ നില്‍ക്കുകയാണെന്ന് ബോദ്ധ്യപ്പെട്ടു. അവന്റെ പാപത്തിന്റെ കിഴി പകുതിയായി.
യുദ്ധമുന്നണിയില്‍ ഇസ്മയില്‍ മുറിവേറ്റ് ആശുപത്രിയിലായി. അവിടെ നിന്ന് അവന്‍ ഒളിച്ചോടി.

ഇസ്മയിലിനെ കൊണ്ട് ഞാന്‍ സെല്‍ഫോണില്‍ ഇവനെ വിളിപ്പിച്ചു. ജോമ മലക്ക് തുടര്‍ന്നു.
മതത്തെ വഞ്ചിച്ച നിന്നെ ഒരിക്കലും അളളാഹു വെറുതെ വിടില്ല എന്ന് ഇവന്‍ ഇസ്മയിലോന് കയര്‍ത്തു.'

 'പതിനഞ്ചു വയസിനുള്ളില്‍ മുറാദ് നൂറോളം പേരെ കൊന്നു.' മുഹാദ് ക്കുദിശ വിശദീകരിച്ചു. എത്ര പേരെ കൊന്നുവെന്ന് അവനുയാതൊരു നിശ്ചയവുമില്ല. നേതാക്കന്മാര്‍ പറയുന്നു; അവന്‍ കൊല്ലുന്നു. അതൊരു ദിനചര്യയുടെ ഭാഗം മാത്രം.
അവന്‍ 93 പേരെയേ കൊന്നിട്ടുളളൂ. മിശിഹാ എന്ന രക്ഷകന്‍ എഴുന്നേറ്റു പറഞ്ഞു. മിശിഹായും ആസ്ത്രീയും വെറും വക്കീലന്മാരാണെന്ന് അവനു ബോദ്ധ്യമായി. ഏതോ അദൃശ്യമായ പടികളിറങ്ങിക്കൊണ്ട് മിശിഹാ തുടര്‍ന്നു.

ഹൃദയ പരമാര്‍്തഥതയുള്ള, ഇവനെപ്പോലെയുള്ള ആരെങ്കിലും നശിച്ചു പോയാല്‍ എന്റെ കുരിശു മരണവും, വിശുദ്ധാത്മാക്കളുടെ സഹനങ്ങളും വ്യര്‍ത്ഥമാകും. ഇവനു വേണ്ടി ഇവന്റെ ഉമ്മ മാത്രമല്ല പ്രാര്‍ത്ഥിച്ചത്. നുസ്രയില്‍ ഇവനെ ചേര്‍ത്തതിന്റെ മനോവിഷമത്തോടുകൂടി ഇപ്പോഴും പ്രാര്‍ത്ഥിക്കുകയും, ഉപവസിക്കുകയും ചെയ്യുന്നു; ഇവന്റെ ജ്യേഷ്ഠന്‍. മാലാഖമാരോടും വിശുദ്ധരോടും കൂടി എത്രയേറെ മനുഷ്യരാണ് ഇവനും മറ്റും പാപികള്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത്? ആ പ്രാര്‍ത്ഥനകളും, ത്യാഗങ്ങളും ഇവനെ വിശുദ്ധീകരിക്കുവാന്‍ പ്രാപ്തമാണ്. മിശിഹാ ഇതു പറയുമ്പോള്‍ പ്രാര്‍ത്ഥനകളുടെയും, ത്യാഗങ്ങളുടെയും ഒരുകെട്ട് അവന്റെ തലയില്‍ പതിച്ചു. അപ്പോഴും എല്ലുകള്‍ ഒടിയുന്ന സ്വരവും, അസഹനീയ വേദനയും അവന് അനുഭവപ്പെട്ടു. കറുത്ത ഭാണ്ഡം അപ്രത്യക്ഷമായി. മോശ തന്റെ വലതുകരം ഉയര്‍ത്തി. വിചാരണ വേളയിലാകെയും ഉതിര്‍ന്ന കണ്ണുനീര്‍ പതിയെപ്പതിയെ ആനന്ദാശ്രുക്കളായ് മാറിക്കൊണ്ടിരുന്നു. മിശിഹാ അവന്റെ അടുത്തെത്തി, തോളില്‍ കൈകള്‍ വച്ച് നെറ്റിയിലും, കവിളുകളിലും ചുംബിച്ചു. പിന്നീട് ആലിംഗനം ചെയ്തു. കര്‍ത്താവില്‍ നിന്ന് പ്രകാശം മിന്നല്‍ പിണര്‍പോലെവന്ന് അവനെ ചുറ്റി. കത്തിയെരിയുന്നതായി അവന് അനുഭവപ്പെട്ടു. ഭാരം നഷ്ടപ്പെട്ട് ഒരു ശൂന്യാവസ്ഥയിലെത്തി. പിന്നെ ആനന്ദത്തിലേയ്ക്ക് മോക്ഷം.
സ്വര്‍ഗ്ഗീയ തീവ്രവാദം (കഥ: തച്ചാറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക