Image

ജാതി, അത് രേഖപ്പെടുത്തുന്നതായാലും അല്ലെങ്കിലും അച്ഛന്റെ ജാതിയാകുന്നു

ബിലു പദ്മിനി നാരായണന്‍ Published on 03 April, 2018
ജാതി, അത് രേഖപ്പെടുത്തുന്നതായാലും  അല്ലെങ്കിലും അച്ഛന്റെ ജാതിയാകുന്നു
ജാതി ചര്‍ച്ചയില്‍ പൊന്തി വരാതിരുന്ന ഒരു വിഷയമാണിത്. 

ഒരു കുട്ടിയുടെ 'സ്വാഭാവിക ജാതി ' പിതാവിന്റേതാണ് എന്ന നിയമ വിശദീകരണങ്ങള്‍ക്കു മുന്നില്‍ നിന്നു കൊണ്ടാണ് നമ്മള്‍ ഈ ചര്‍ച്ചയത്രയും നടത്തിയത്. മിശ്ര വിവാഹ ദാമ്പത്യത്തിന്റെ സന്താന തുടര്‍ച്ചയില്‍ സംവരണം മറ്റൊരു രീതിയില്‍ അട്ടിമറിയ്ക്കപ്പെടാനുള്ള സാധ്യത ഈ നിയമം ഉള്ളില്‍ കാത്തു വെച്ചിട്ടുണ്ട്.

വിദ്യാഭ്യാസ രേഖകളില്‍ മാതാപിതാക്കളില്‍ ആരുടെയെങ്കിലും ജാതി നിങ്ങള്‍ക്കു വെയ്ക്കാം. പക്ഷേ അത് സംവരണ അര്‍ഹതയുള്ള അമ്മയുടേതാണ് എങ്കില്‍ ജോലി സംവരണ സമയത്ത് നേരിട്ട് ആനുകൂല്യം ലഭിക്കുകയില്ല. നിങ്ങള്‍ ആ സംവരണ സമുദായത്തിന്റെ സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളില്‍ തന്നെയാണ് കഴിയുന്നതെന്ന മറ്റൊരു രേഖയുടെ അടിസ്ഥാനത്തില്‍ മാത്രമേ അത് അനുവദിക്കുകയുള്ളൂ. ഒന്നാം തലമുറ മിശ്ര സന്താനങ്ങളില്‍ നിന്ന് രണ്ടാം തലമുറയിലേക്ക് എത്തുമ്പോള്‍ ഇത് കര്‍ശനമായി പരിശോധിക്കണം എന്നാണ് കോടതി നിര്‍ദ്ദേശം.

അതായത് ജാതി ഉന്മൂലനത്തിന്റെ അടിസ്ഥാന പ്രക്രിയയായ മിശ്രവിവാഹത്തിന്റെ, ജെനറ്റിക്കല്‍ കലര്‍പ്പിന്റെ തന്നെ കടയ്ക്കല്‍ ചേര്‍ത്തു വച്ചിരിക്കുന്ന ഒരു കോടാലിയാണ് നിലവിലെ മിശ്രവിവാഹ മാതൃജാതി സംവരണ കേസുകളിലെ കോടതി വിശദീകരണങ്ങള്‍. നമ്മള്‍ എഴുതിയാലും ഇല്ലെങ്കിലും സംവരണത്തിന്റെ സാമൂഹിക അധികാര തുടര്‍ച്ചയെ രണ്ടു തലമുറയ്ക്കപ്പുറത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കാത്ത വിധം സങ്കീര്‍ണ്ണമായ ഒരു കെണി അതിലുണ്ട്. മിശ്രവിവാഹത്തിന്റെ സാമ്പത്തിക സാമൂഹിക മൂലധന പങ്കുവെപ്പിലൂടെ കുടുംബമെന്ന യൂണിറ്റ് ആര്‍ജ്ജിക്കുന്ന വര്‍ഗ്ഗപരമായ പുരോഗമനം തന്നെ അതിന്റെ സാമൂഹ്യ നീതീപരമായ തുടര്‍ച്ചയിലെ പ്രശ്‌നമാകുന്നു.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സംവരണമെന്ന പ്രതിവിവേചനത്തിന് ഒരു span, ആയുസ്സു പരിധി അത് തന്ത്രപരമായി മുന്നോട്ടു വെയ്ക്കുന്നു.!, ജാതി ഉന്മൂലനത്തിന്റെ അടിസ്ഥാന പ്രക്രിയയില്‍, മിശ്രവിവാഹ തലമുറ തുടര്‍ച്ചയില്‍ തന്നെ കടിഞ്ഞാണ്‍ വെച്ചു കൊണ്ട്.

2005 ല്‍ പിതൃജാതി നിയമം നിലവില്‍ വന്ന സമയത്ത് നമ്മുടെ ദളിത് സംഘടനകള്‍ സ്വീകരിച്ച മൗനം ഇവിടെ ഓര്‍ക്കേണ്ടതാണ്. ജാതി മാറി കെട്ടിയവളല്ലേ ഇനി സംവരണം കൂടി കിട്ടി സുഖിക്കണ്ട എന്ന മട്ടിലുള്ള നിലപാട്...!

ജാതിമത രാഹിത്യം സത്യത്തില്‍ പ്രസക്തമാകുന്നത് പ്രശനമാകുന്നത് ആത്യന്തികമായി മിശ്രവിവാഹ സന്താനങ്ങളില്‍ മാത്രമല്ലേ? കാരണം സ്വജാതി ബന്ധങ്ങളിലെ കുട്ടികള്‍ക്ക് നിങ്ങള്‍ വേണ്ടെന്നു വച്ചാലും ജാതിയുണ്ട്. എന്നാല്‍ മിശ്രവിവാഹ സന്താനത്തില്‍ ജൈവപരമായിത്തന്നെ അതു തകരുന്നു. അപ്പോള്‍ ആരുടേയെങ്കിലും ഒരു ജാതി അവിടെ കുഞ്ഞിനു നല്‍കുന്നതാണ് 'അസ്വാഭാവികത' എന്നു വരും. ഇനി സംവരണത്തെ മുന്‍നിര്‍ത്തിയുള്ള ജാതിയെ സ്വീകരിച്ചാല്‍ നേരത്തേ പറഞ്ഞ എലിമിനേഷന്‍ പ്രക്രിയ നമ്മളെ കാത്തിരിക്കുന്നു.
നമ്മുടെ മിശ്രവിവാഹ ദമ്പതിമാരില്‍ ജാതി വെയ്ക്കുന്നവരില്‍ എത്ര പേരുണ്ടാകും അമ്മയുടെ ജാതി രേഖപ്പെടുത്തുന്നവര്‍.? അടുത്ത തലമുറ വിദ്യാഭ്യാസ വിവാഹ കാര്യങ്ങളില്‍ അച്ഛന്റെ ജാതി തന്നെയാണ് മിക്കവാറും എല്ലാവരും തന്നെ തുടരുന്നത്. ജാതി മിശ്രത്തെ അടക്കി നിയന്ത്രിക്കുന്ന ഒന്നായി അവിടെ ലിംഗാധികാരം പ്രവര്‍ത്തിക്കുന്നു.

എന്തുകൊണ്ടായിരിക്കാം മിശ്രവിവാഹ ജാതിതുടര്‍ച്ചയെ സംബന്ധിച്ച ഈ നടപ്പു നിയമവശം ഈ ദിവസങ്ങളില്‍ പോലും നമ്മള്‍ക്ക് അപ്രസക്തമായത്...?

കാരണം ഒന്നേയുള്ളു.... രേഖയില്‍ തള്ളാനായാലും കൊള്ളാനായാലും നമ്മുടെ കുട്ടികള്‍ക്ക് ജാതി അച്ഛന്‍ വഴിക്കായതുകൊണ്ട് ..!
( പ്രസക്തമായ ഒരു കേസ് വിധി റഫറന്‍സിന്_ Ramesh bhai Dabhai Naika vs state of Gujarath. Supreme court order on Appeal No: 654 of 2012. 18 th January 2012.)
ജാതി, അത് രേഖപ്പെടുത്തുന്നതായാലും  അല്ലെങ്കിലും അച്ഛന്റെ ജാതിയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക