Image

പ്രകോപനകരമായ പ്രസംഗം: ടി.ജിമോഹന്‍ദാസിനെതിരെ ഡി.ജി.പിക്ക്‌ പരാതി

Published on 05 April, 2018
പ്രകോപനകരമായ പ്രസംഗം: ടി.ജിമോഹന്‍ദാസിനെതിരെ ഡി.ജി.പിക്ക്‌ പരാതി


കാസര്‍ഗോഡ്‌: പറവൂരില്‍ പൊതുപരിപാടിക്കിടെ കലാപത്തിന്‌ പ്രേരിപ്പിക്കുന്ന തരത്തില്‍ പ്രസംഗം നടത്തിയ ബി.ജെ.പി സൈദ്ധാന്തികന്‍ ടി.ജിമോഹന്‍ദാസിനെതിരെ ഡി.ജി.പിക്ക്‌ പരാതി. പ്രകോപനകരമായ പ്രസംഗം നടത്തിയതിന്‌ മോഹന്‍ദാസിനെതിരെ 153 എ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട്‌ കാസര്‍ഗോഡ്‌ സ്വദേശിയായ അബ്ദുറഹ്മാന്‍ തെരുവത്താണ്‌ പരാതി നല്‍കിയത്‌.

പൊതുവേദിയില്‍ മോഹന്‍ദാസ്‌ നടത്തിയത്‌ വര്‍ഗീയ പ്രഭാഷണമാണെന്നും കലാപത്തിന്‌ ആഹ്വാനം നല്‍കുന്ന തരത്തില്‍ പ്രസംഗം നടത്തിയ മോഹന്‍ദാസിനെതിരെ പരാതി എടുക്കണമെന്ന്‌ പരാതിയില്‍ ഹരജിക്കാരന്‍ പറയുന്നു.

തെരുവില്‍ കലാപം നടത്താതെ ഹിന്ദുവിന്‌ നീതി കിട്ടില്ലെന്നും നീതി കിട്ടുന്നത്‌ പ്രതീക്ഷിച്ച്‌ കോടതി വരാന്തയില്‍ കാത്തു നില്‍ക്കേണ്ടവരല്ല ഹിന്ദുക്കളെന്നും പ്രസംഗത്തില്‍ മോഹന്‍ദാസ്‌ പറഞ്ഞിരുന്നു. കോടതിയുടെ ദയയും കാത്ത്‌ വരാന്തയില്‍ കണ്ണീരോടെ നില്‍ക്കുന്നതിന്‌ പകരം സ്വന്തം അനിയനെക്കൊണ്ട്‌ തല വെട്ടിച്ച വേലുത്തമ്പിയെ പോലെ പരസ്‌പരം വെട്ടി ചാകുന്നതാണെന്നും അന്തസ്സിലാത്ത ജീവിതത്തെക്കാള്‍ എത്രയോ ഭേദമാണ്‌ മരണമെന്നും മോഹന്‍ദാസ്‌ പറഞ്ഞിരുന്നു.

അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമായിരുന്നുവെന്നും, അത്‌ വീണ്ടെടുക്കേണ്ട ജോലിയാണ്‌ ഹിന്ദുക്കള്‍ ഇനി ചെയ്യേണ്ടതെന്നും മോഹന്‍ദാസ്‌ നേരത്തെ പറഞ്ഞിരുന്നു.

അര്‍ത്തുങ്കല്‍ പള്ളിക്കെതിരായ പരാമര്‍ശത്തില്‍ മോഹന്‍ദാസിനെതിരായ കേസ്‌ തള്ളണമെന്ന ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ നേരത്തെ തള്ളിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക