Image

അമ്മയുടെ മൃതദേഹം മകന്‍ ഫ്രീസറില്‍ സൂക്ഷിച്ചത്‌ മൂന്ന്‌ വര്‍ഷം

Published on 05 April, 2018
 അമ്മയുടെ മൃതദേഹം മകന്‍ ഫ്രീസറില്‍ സൂക്ഷിച്ചത്‌ മൂന്ന്‌ വര്‍ഷം


കൊല്‍ക്കത്ത: പെന്‍ഷന്‍ ലഭിക്കുന്നതിനായി വിരലടയാളമെടുക്കുവാന്‍ മകന്‍ അമ്മയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചത്‌ മൂന്ന്‌ വര്‍ഷം. കൊല്‍ക്കത്തയിലെ റോബിന്‍സണ്‍ സ്‌ട്രീറ്റിലായിരുന്നു സംഭവം. 2015 ഏപ്രില്‍ 7ന്‌ മരിച്ച അമ്മയുടെ മൃതദേഹമാണ്‌ മകന്‍ ഫ്രീസറില്‍ സൂക്ഷിച്ചിരുന്നത്‌. സംശയം തോന്നിയ അയല്‍ക്കാരാണ്‌ വിവരം പോലീസില്‍ അറിയിച്ചത്‌.

മരിച്ച ബീന മസൂംദാര്‍ റിട്ട. എഫ്‌സിഐ ഓഫീസറായിരുന്നു. മാസം 50,000 രൂപയാണ്‌ ഇവര്‍ക്ക്‌ പെന്‍ഷനായി ലഭിച്ചിരുന്നത്‌. അമ്മ മരിച്ചതിനു ശേഷവും പെന്‍ഷന്‍ ലഭിക്കുന്നതിനായി മകന്‍ ശുഭബ്രത മസൂംദാര്‍ മൃതദേഹം ശീതീകരിച്ച്‌ സൂക്ഷിക്കുകയായിരുന്നു. ടെക്‌നോളജിസ്റ്റായ ഇയാള്‍ മൃതദേഹം ശീതീകരിക്കുന്നതിനായി രാസപതാര്‍ത്ഥങ്ങളും ഉപയോഗിച്ചിരുന്നു.

2015ല്‍ മരിച്ച അമ്മയുടെ മൃതദേഹം അവയവദാനത്തിനും മറ്റുമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു എന്നായിരുന്നു  മകന്‍ അയല്‍വാസികളോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്‌. വീട്ടില്‍ നിന്ന്‌ കടുത്ത രാസപതാര്‍ത്ഥങ്ങളുടെ മണം വന്നതാണ്‌ അയല്‍വാസികളില്‍ സംശയമുണ്ടാക്കിയത്‌. തുടര്‍ന്ന്‌ ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയും, പോലീസ്‌ നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

കാര്യമായ കേടുപാടുകളൊന്നും കൂടാതെയാണ്‌ മൃതദേഹം സൂക്ഷിച്ചതെന്നും, രാസവസ്‌തുക്കള്‍ ഉപയോഗിച്ച്‌ മൃതദേഹം കേടുപാടുകള്‍ കൂടാതെ സൂക്ഷിച്ച രീതി കണ്ട്‌ ഞെട്ടിയെന്നും പോലീസ്‌ പറയുന്നു.

 ഭാര്യയുടെ ശരീരത്തില്‍ വീണ്ടും ജീവന്‍ വെയ്‌ക്കും എന്ന്‌ പറഞ്ഞാണ്‌ മകന്‍ മൃതദേഹം സൂക്ഷിച്ചതെന്നാണ്‌ ഈ വീട്ടില്‍ തന്നെകഴിയുന്ന പിതാവ്‌ ഗോപാല്‍ചന്ദ്ര മസൂംദാര്‍ പറയുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക