Image

ഇനിയങ്ങോട്ട് പൂട്ട് വീഴുന്ന കമ്പനികളും,തൊഴില്‍ നഷ്ടങ്ങളുടെ പെരുമഴയും (ജയ് പിള്ള)

Published on 05 April, 2018
ഇനിയങ്ങോട്ട് പൂട്ട് വീഴുന്ന കമ്പനികളും,തൊഴില്‍ നഷ്ടങ്ങളുടെ പെരുമഴയും (ജയ് പിള്ള)
ഒന്റാറിയോവിലെ പുതുക്കിയ തൊഴില്‍ നിയമങ്ങള്‍ മാധ്യമങ്ങളിലും,തൊഴിലിടങ്ങളിലും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു സന്ദര്‍ഭം ആണ് ഇപ്പോള്‍.ഒരേ തൊഴിലിനു തുല്യ വേതനം എന്ന പുതിയ സര്‍ക്കാര്‍ പ്രസ്താവനകള്‍ സ്വാഗതാര്‍ഹം തന്നെ.പക്ഷെ തൊഴില്‍ ദാതാക്കള്‍ എത്രമാത്രം ഈ ഒരു നിയമ ഭേദഗതിയോടു യോജിക്കുന്നു എന്നത് കണ്ടറിഞ്ഞു കാണണം.താത്കാലിക ജീവനക്കാര്‍,കോണ്‍ട്രാക്റ്റ് ജീവനക്കാര്‍,സ്വകാര്യ ഏജന്‍സികളില്‍ നിന്ന് നിയമിതര്‍ ആയവര്‍ക്ക് ഒരേ ജോലിയില്‍ തുല്യവേതനം ഉറപ്പു വരുത്തും എന്ന് പറയുമ്പോള്‍ യൂണിയനുകള്‍ ഇല്ലാത്ത പ്രമുഖ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ അവസ്ഥ എന്ത് എന്ന ചോദ്യം നിലനില്‍ക്കുന്നു.

നിശ്ചിത എണ്ണം തൊഴിലാളികള്‍ ഉള്ള സ്ഥാപനത്തില്‍ യൂണിയനുകള്‍ ആകാം എന്ന് പറയുമ്പോള്‍ ബില്‍ 148 മെച്ചപ്പെട്ട തൊഴില്‍ വ്യവസ്ഥകള്‍ പുനഃ ക്രമീകരിയ്ക്കുമ്പോള്‍ എത്രമാത്രം അത് തൊഴില്‍ ദാതാക്കളെ ബാധിക്കും എന്നതിനെ കുറിച്ച് വ്യക്തമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് പുനരവലോകനം ചെയ്യേണ്ടിയിരിക്കുന്നു.തൊഴില്‍ ശാലകളില്‍ യൂണിയനുകള്‍ വേണ്ട എന്ന് ധാരണകള്‍ ഒപ്പു വച്ചിട്ടുള്ള ചില വന്‍കിട വ്യവസായികള്‍ നിശ്ചിത ശതമാനം പേര്‍ക്ക് സ്വകാര്യ ഏജന്‍സികള്‍ വഴിയും,കോണ്ട്രാക്റ്റ് വഴിയും കൃത്യമായി തൊഴില്‍ നല്‍കി വരുന്ന സാഹചര്യത്തില്‍ തുല്യ വേതന പരിഷ്കരണം കൊണ്ട് സംരംഭകരെ പ്രൊവിന്‍സുകള്‍ വിട്ടു സംരംഭങ്ങള്‍ തുടങ്ങുവാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്.കാരണം പുതുക്കിയ വേതനങ്ങളിലും,ടാക്‌സ് തീരുവകളിലും നീണ്ടകാല കരാറുകളില്‍ ഒപ്പുവച്ചിരിക്കുന്ന , 2025 ല്‍ അവസാനിയ്ക്കുന്ന പല വര്‍ക്ക് ഓര്‍ഡറുകളും കൃത്യമായി പൂര്‍ത്തീ കരിയ്ക്കുവാന്‍ കഴിയുകയില്ല എന്നത് തന്നെ.

ഒന്റാറിയോവില്‍ മാത്രമായി 18000 ത്തില്‍ അധികം ജീവനക്കാര്‍ ഉള്ള വന്‍കിട കമ്പനികള്‍ ചുരുങ്ങിയ വേതനവും,നാമ മാത്രമായ ടാക്‌സും ഉള്ള മെക്‌സിക്കോ പോലുള്ള രാജ്യങ്ങളിലേക്ക് ചേക്കേറി തുടങ്ങിയിരിയ്ക്കുന്നു.24 മണിക്കൂറും,365 ദിവസവും പ്രവര്‍ത്തിച്ചിരുന്ന പല യൂണിറ്റുകളും ആഴ്ചയില്‍ 40 മണിക്കൂര്‍ മാത്രമാകുകയും,താത്കാലിക ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയും ചെയ്തിരിയ്ക്കുന്നു.താത്കാലിക ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന മണിക്കൂറില്‍ 12 .50 ഡോളറില്‍ നിന്നും 15.50 ലേയ്ക്ക് കമ്പനികള്‍ പുനഃനിര്‍ണ്ണയിച്ചപ്പോള്‍ 24 % വര്‍ദ്ധനവ് ആണ് ഉണ്ടായത്.8 മണിക്കൂര്‍ തൊഴിലിനു 24 ഡോളര്‍ വ്യത്യാസം.ഇതോടൊപ്പം നിത്യോപയോഗ സാധനങ്ങളുടെയും,അസംസ്കൃത വസ്തുക്കളുടെ വില,ട്രാന്‍സ്‌പോര്‍ട്ടിങ്,സംഭരണ ശാലകളുടെ വാടക എല്ലാം കുത്തനെ കൂടിയിരിക്കുന്നു.ജീവനക്കാരുടെ പ്രായം കൂടുന്നതനുസരിച്ചു,ഇന്‍ഷുറന്‍സ് നിരക്കുകളിലും മാറ്റം സംഭവിച്ചിരിക്കുന്നു.10 മുതല്‍ 15 ശതമാനം വരെ ഏജന്‍സികളില്‍ നിന്നും നിയമിതര്‍ ആയി ജോലി ചെയ്തിരുന്നവരുടെ എണ്ണം 3 മുതല്‍ 6 ശതമാനം ആക്കി കുറയ്ക്കുകയും,വിദ്യാര്‍ത്ഥികള്‍ക്ക് 20 മണിക്കൂര്‍ ജോലി നല്‍കി വന്‍കിട കമ്പനികള്‍ നഷ്ടം നികത്തുന്നു.

യൂണിയനുകള്‍ കൂടി വരുന്നതോടു കൂടി ഇതുപോലുള്ള സ്ഥാപനങ്ങളില്‍ സീനിയോറിറ്റി അടിസ്ഥാനത്തില്‍ മാത്രം ഓവര്‍ടൈം നല്‍കണം എന്ന വ്യവസ്ഥ കൂടി ആകുമ്പോള്‍ അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്നവര്‍ ആണ് കൃത്യമായി സേവന വേതന വ്യവസ്ഥകള്‍ പാലിച്ചു വരുന്ന മിക്ക വന്‍കിട അന്താരാഷ്ട്ര സ്ഥാപനങ്ങളും.ഇവരില്‍ 90 % കമ്പനികളും സര്‍ക്കാര്‍ നിഷ്കര്ഷിച്ചിരുന്ന 11.50 എന്ന അടിസ്ഥാന വേതനം നിലനില്‍ക്കുമ്പോള്‍ തന്നെ $ 12 .50 നല്‍കിയിരുന്നു.ദീര്‍ഘ നാളുള്ള വര്‍ക്ക് ഓര്‍ഡറുകള്‍ മെക്‌സിക്കോയിലും,ഇന്ത്യ,ചൈന എന്നീ രാജ്യങ്ങളില്‍ നല്‍കി പൂര്‍ത്തീകരിയ്ക്കുന്ന തിനുള്ള തിരക്കില്‍ ആണ് ഇവര്‍ ഇപ്പോള്‍. ഇത്തരം കമ്പനികളില്‍ പലതിലും പുതിയതായി ഓര്‍ഡറുകള്‍ ലഭിക്കുന്നില്ല/ഒപ്പുവെക്കുന്നില്ല എന്നതു ,വരാനിരിയ്ക്കുന്ന സാമ്പത്തീക തകര്‍ച്ചയുടെ മുന്നോടി മാത്രം ആണ്."മെയ്ഡ് ഇന്‍ അഫ്ഗാനിസ്ഥാന്‍ " ബ്രാന്റുകള്‍ വരെ പ്രചാരത്തില്‍ യുള്ളലോകത്തില്‍ "മെയ്ഡ് ഇന്‍ കാനഡ" എന്ന ലേബലില്‍ അധികം അന്താരാഷ്ട്ര ഉത്പന്നങ്ങള്‍ ഇല്ല എന്നതും എടുത്തു പറയേണ്ട ഒന്നാണ്.

യു എസ് നോട് അതിര്‍ത്തി പങ്കിടുന്ന കാനഡ (ഒന്റാറിയോ) യു എസ് ന്റെ വെയര്‍ ഹവ്‌സ് ആയി മാറി കഴിഞ്ഞിരിക്കുന്നു.ജനങളുടെ ജീവിത നിലവാരം ഉയര്‍ത്തുവാന്‍ സര്‍ക്കാര്‍ നടത്തിയ അമിത സേവന വ്യവസ്ഥകളില്‍ ഇന്ന് കാണുന്ന വ്യാവസായിക വളര്‍ച്ച,അടുത്ത ഘട്ടമായി നടത്താന്‍ ഇരിയ്ക്കുന്ന പരിഷ്കാരങ്ങള്‍ക്കു മുന്‍പായി വര്‍ക്ക് ഓര്‍ഡറുകള്‍ തീര്‍ക്കുന്നതിന്റെ കൂടി ഭാഗം മാത്രമാണ്.അമിത വിലക്കയറ്റവും,ബാങ്ക് പലിശ നിരക്കുകളും ഈ പരിഷ്കാരത്തിന്റെ കൂടി പരിണിത ഫലങ്ങള്‍ ആണ്.ചുരുങ്ങിയ വേതന നിരക്കില്‍ 20 ശതമാനം വര്‍ദ്ധനവ് വരുത്തിയപ്പോള്‍ ഉയര്‍ന്ന നിരക്കില്‍ ജോലി ജോലികളില്‍ ദീര്‍ഘകാലമായി ജോലി ചെയ്തിരുന്നവര്‍ക്കു 3 ശതമാനം വരെ മാത്രമാണ് വര്‍ദ്ധനവ് ഉണ്ടായതെന്നു.എന്നാല്‍ ബാങ്ക് വായ്പാനിരക്കും,നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും 30 ശതമാനം വരെ ആണ് ഉണ്ടായിരിയ്ക്കുന്നത്.

ഒന്റാറിയോവിലെ തൊഴില്‍ രഹിതരുടെ നിരക്ക് 5 .8 ശതമാനം ആയി തുടരുകയും ചെയ്യുന്നു.ദീര്‍ഘ വീക്ഷണം ഇല്ലാതെ സര്‍ക്കാര്‍ നടത്തുന്ന ഈ നടപടികള്‍ വ്യാവസായിക,സാമ്പത്തീക വളര്‍ച്ചയെ ഭാവിയില്‍ ബാധിക്കുകയും,വന്‍ തോതില്‍ ഉള്ള തൊഴില്‍ നഷ്ടവും,കമ്പനികളുടെ അടച്ചുപൂട്ടലും ആയിരിയ്ക്കും ഫലം.വിലക്കയറ്റത്തിന് ഒപ്പം ജീവനക്കാരുടെ സേവന വ്യവസ്ഥകളിലും വര്‍ദ്ധനവ് ഉണ്ടായിരിയ്ക്കുന്നു.സര്‍ക്കാരിന് പെന്‍ഷന്‍,ആരോഗ്യ പദ്ധതിയിലൂടെ ലഭിക്കുന്ന തൊഴിലാളിയുടെ വിഹിതത്തില്‍ ഉണ്ടായിരിയ്ക്കുന്ന വര്‍ദ്ധനവ് പൊതു ജനം മനസ്സിലാക്കാത്ത ഒന്നും,ഇനി മാറി വരുന്ന സര്‍ക്കാരുകള്‍ക്കുള്ള വന്‍ ബാധ്യതകൂടി ആണ്.ചുരുങ്ങിയ വേതനത്തില്‍,വിലക്കയറ്റം ഇല്ലാത്ത,തുശ്ചമായ പലിശനിരക്കും,ടാക്‌സും ഏര്‍പ്പെടുത്തുകയാണെങ്കില്‍,കൂടുതല്‍ സംരംഭകര്‍ കാനഡയിലേക്ക് വരികയും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുകയും ചെയ്യും.മെച്ചപ്പെട്ട ജീവിതനിലവാരവും,സ്വന്തമായി പാര്‍പ്പിടവും സ്ഥിരമായ വരുമാനത്തിലൂടെയും,വിലക്കയറ്റ നിയന്ത്രണ നിയമങ്ങളൊലൂടെയും ഉണ്ടാകും എന്ന സാമാന്യ ബുദ്ധി സര്‍ക്കാരിനുണ്ടാകും എന്ന് നമുക്ക് ആസ്വാസിക്കാം. .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക