Image

എന്തുകൊണ്ട് വിമര്‍ശനം അനിവാര്യം? (ചാക്കോ കളരിക്കല്‍)

Published on 06 April, 2018
എന്തുകൊണ്ട് വിമര്‍ശനം അനിവാര്യം? (ചാക്കോ കളരിക്കല്‍)
പറയേണ്ട സമയത്ത് മിണ്ടാതിരിക്കുകയും മിണ്ടാതിരിക്കെണ്ടിടത്ത് മിണ്ടുകയും ചെയ്യുക മനുഷ്യരുടെ സ്വഭാവത്തില്‍ പെട്ടതാണ്. പറയേണ്ടത് ഒരു ആശയമായിരിക്കാം, നിരീക്ഷണമായിരിക്കാം, നിര്‍ദ്ദേശമായിരിക്കാം, വിമര്‍ശനമായിരിക്കാം. കാര്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ മറ്റുള്ളവരെ വേദനിപ്പിക്കും എന്ന തോന്നലുണ്ടാകാം. തന്നെ മഠയനായി മറ്റുള്ളവര്‍ കാണുമെന്ന ഭയമുണ്ടായെന്നിരിക്കാം. തന്റെ പറച്ചില്‍ വലിയ വിപത്തിന് കാരണമാകുമെന്ന് ചിന്തിക്കുന്നവര്‍ ഉണ്ടാകാം. ചിലര്‍ക്ക് മൗനം ചിലപ്പോള്‍ സുരക്ഷിതത്വത്തിനുള്ള കരുതലുമാകാം. മൗനമായിരിക്കാന്‍ ഭയവും കാരണമാകാം. പലവിധ അപകടസാധ്യതകള്‍ ഉയരുന്നുവെങ്കിലും എന്തെങ്കിലും പറയുന്നതാണ് മികച്ച പ്രവര്‍ത്തി.

സമൂഹം നിശബ്ദതയെ അംഗീകാരമായി കണക്കാക്കുന്നു. മൗനം അവലംഭിച്ചാല്‍ ഏതെങ്കിലും സംഘര്‍ഷത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ കഴിയുമെന്ന് ചിന്തിക്കുന്നവര്‍ ധാരാളമുണ്ട്. പക്ഷെ യാഥാര്‍ത്ഥ്യം നേരെ മറിച്ചാണ്. ആശയവിനിമയത്തിന്റെ സജീവമായ രൂപംതന്നെയാണ് നിശബ്ദമായിരിക്കുന്നതും. നാം അറിഞ്ഞോ അറിയാതെയോ ഏതെങ്കിലും ഒരു വിഷയത്തില്‍ ഉള്‍പ്പെടുന്നുവോ ആ വിഷയത്തിലുള്ള നമ്മുടെ ഇന്‍പുട്ട് അല്ലെങ്കില്‍ ഇന്‍പുട്ടിന്റെ കുറവ് എല്ലാവര്‍ക്കും അറിയാം. അത് വെറും സ്വാഭാവികം മാത്രമാണ്. അപരന്റെ പ്രവര്‍ത്തികളെ നിരാകരിക്കുകയും അതേസമയം ആ വിഷയത്തില്‍ നാം മൗനം പാലിക്കുകയും ചെയ്താല്‍ കൂടുതല്‍ ചീത്തപ്രവര്‍ത്തികള്‍ ചെയ്യാന്‍ നാം അയാളെ പ്രാപ്തനാക്കുകയാണ് ചെയ്യുന്നത്. വലിയ നന്മ മുന്‍ഗണന ആയിരിക്കണം. നമ്മുടെ സ്വാര്‍ത്ഥചിന്ത മൂലം മൗനം അവലംഭിച്ചാല്‍ സമൂഹത്തിനായിരിക്കും തോല്‍വി സംഭവിക്കുന്നത്. മറിച്ച്, നമ്മള്‍ ബഹളമുണ്ടാക്കിയാല്‍ വിഷയം മുന്‍പിലാകുകയും ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യും.

കേരളത്തിലെ കത്തോലിക്കാസഭകളില്‍ പ്രത്യേകിച്ച് സീറോ-മലബാര്‍ സഭയില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന നിരവധി ദുഷ്പ്രവര്‍ത്തികളെ കണ്ടിട്ടും പ്രതികരിക്കാതെ 'ഞാനായി എന്റെ പാടായി' എന്ന മട്ടില്‍ മൗനം പാലിക്കുമ്പോള്‍ അവരുടെ പ്രവര്‍ത്തികളെ അംഗീകരിക്കുകയും കൂടുതല്‍ അധര്‍മങ്ങള്‍ ചെയ്യാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യുന്നത്. അനീതിക്കെതിരായി ശബ്ദമുയര്‍ത്തുന്നത് ദൈവികമാണ്. ധൈര്യമുള്ളവര്‍ക്കുമാത്രമേ ശങ്കയില്ലാതെ സംസാരിക്കാന്‍ കഴിയൂ. ധൈര്യമുള്ളവര്‍ക്കുമാത്രമേ ശ്രവിക്കാനും കഴിയൂ.

നാം എതിര്‍പ്പ് പ്രകടിപ്പിയ്ക്കുന്നില്ലായെങ്കില്‍ നമ്മള്‍ അനുകൂലിക്കാത്ത കാര്യങ്ങളെ നാം അനുകൂലിക്കുന്നതായി മറ്റുള്ളവര്‍ ധരിക്കും. സഭയില്‍ മാന്യമായും സ്വതന്ത്രമായും ജനാധിപത്യപരമായും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സഭയിലെ തെറ്റുകള്‍ തിരുത്താന്‍ ഒച്ചപ്പാടുണ്ടാക്കും. ഏകാധിപതികളായ സഭാധികാരികളുടെ കീഴില്‍ അടിമകളെപ്പോലെ കഴിയണ്ട കാര്യമില്ല. ഇടവകകളില്‍ ഒച്ചപ്പാടുണ്ടാക്കാനാണ് ഫ്രാന്‍സിസ് പാപ്പ ചെറുപ്പക്കാരെ ഉപദേശിച്ചത്.

സഹജീവികളെ സ്‌നേഹിക്കുന്നെങ്കില്‍, നിങ്ങളെയും മറ്റുള്ളവരെയും ബഹുമാനിക്കുന്നെങ്കില്‍, സ്വതന്ത്രമായി ശ്വസിക്കാനും സ്വജീവിതത്തെ നിയന്ത്രിക്കാനും ആഗ്രഹിക്കുന്നെങ്കില്‍ നമ്മള്‍ അനീതിക്കെതിരായി സംസാരിക്കണം; തെറ്റിനെ തിരുത്താന്‍ ആവശ്യപ്പെടണം. ഒരു അടിമയെന്ന നിലയില്‍ നമ്മള്‍ ജീവിക്കാന്‍ പാടില്ല.
യേശുവിന്റെ നാമംതന്നെ സഭാധികാരികള്‍ക്ക് അരോചകമാണ്. അവരുടെ പ്രവര്‍ത്തികള്‍ തന്നെയാണ് അതിന് മതിയായ തെളിവ്. ഇന്ന് സഭയിലെ ആട്ടിന്‍കൂട്ടവും അധികാരവൃന്ദവും തമ്മില്‍ തുറന്ന യുദ്ധത്തിലാണ്, പ്രത്യേകിച്ച് സഭാഭരണകാര്യങ്ങളില്‍. ക്രിസ്തു വീണ്ടും വീണ്ടും വെറുക്കപ്പെട്ടവനായി ക്രൂശിക്കപ്പെടുകയാണ്. ആ സത്യം തുറന്നു പറയുന്നവരെയും സഭാധികാരം വെറുത്ത് ക്രൂശിക്കുകയാണ്. സാമാന്യ ബോധമില്ലാത്ത സഭാതലവന്‍ കാട്ടിക്കൂട്ടിയ തെറ്റിനെ ന്യായീകരിച്ച് പുതപ്പിട്ട് മൂടാന്‍ കാനോന്‍ നിയമത്തിന്റെ മ്ലേച്ഛമായ വാദഗതി അവതരിപ്പിക്കുമ്പോള്‍ വിശ്വാസികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. സിവില്‍ നിയമവും കാനോന്‍ നിയമവും വസ്തുവ്യവഹാരത്തില്‍ പാലിച്ചിട്ടില്ലന്നുള്ളത് സ്പഷ്ടമാണ്. സഭയിലെ സമകാലിക അരാജകത്വം വിശ്വാസികളാണ് സഭയെന്ന് തെളിയിക്കാനുള്ള സുവര്‍ണാവസരമായി പരിണമിച്ചിരിക്കുകയാണിപ്പോള്‍. കാരണം, നമ്മില്‍ നിന്നും സഭാധികാരം മോഷ്ടിച്ച പള്ളിഭരണത്തെ നിയമാനുസരണം പിടിച്ചെടുക്കാനുള്ള ഒരു നിലപാടിലേയ്ക്ക് സാധാരണ വിശ്വാസികള്‍ മാറിക്കഴിഞ്ഞു.

അപ്പോസ്തലന്മാര്‍ ഭൗതിക ഭരണത്തിനില്‍നിന്നും ഒഴിവായി ദൈവവചന പ്രഘോഷണത്തില്‍മാത്രം വ്യാവൃതരായിയെന്നും വിശ്വാസികളുടെ പൊതുസ്വത്ത് കൈകാര്യം ചെയ്യാനായി സഹോദരരുടെ ഇടയില്‍നിന്നും സമ്മതരും വിജ്ഞാനവും ആത്മാവും നിറഞ്ഞവരെ തെരഞ്ഞെടുത്ത് അവരെ ഏല്പിച്ചുയെന്നും നാം അപ്പോസ്തലന്മാരുടെ പ്രവര്‍ത്തനങ്ങളില്‍ വായിക്കുന്നുണ്ട് (അപ്പൊ. 6: 1-4). ആദിമസഭയിലെ വിശ്വാസികളുടെ പൊതുസ്വത്ത് കൈകാര്യം ചെയ്ത അതേ രീതിയിലായിരുന്നു മാര്‍തോമാ നസ്രാണി ക്രിസ്ത്യാനികളുടെ പള്ളിഭരണം പള്ളിപൊതുയോഗങ്ങള്‍വഴി വിശ്വാസികള്‍ നടത്തിയിരുന്നത്. മലിനീകരിക്കപ്പെടാത്ത ആ പള്ളിഭരണ സമ്പ്രദായത്തെ അധികാര ദുര്‍മോഹികളായ മെത്രാന്മാര്‍ നശിപ്പിച്ച് വികാരിയെ ഉപദേശിക്കുവാന്‍ മാത്രം അവകാശമുള്ള ഒരു സമതിയാക്കി അതിനെ മാറ്റി. അതിന്റെ ദുഷ്ഫലങ്ങളില്‍ ഒന്നുമാത്രമാണ് എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന വസ്തുസംബന്ധമായ കള്ളക്കച്ചവടം. വിശ്വാസികളുടെ പൊതുസ്വത്തുഭരണത്തില്‍ സുതാര്യത പുനഃസ്ഥാപിക്കാന്‍ ഇന്ത്യന്‍ ഭരണഘടനാപരമായി വിശ്വാസികള്‍ക്ക് അവകാശപ്പെട്ട 'ചര്‍ച്ച് ആക്ട്' നിയമപരമായി പ്രാബല്യത്തില്‍ വന്നേ മതിയാവൂ. എങ്കില്‍ ഇന്ന് രൂപതകളില്‍ നടക്കുന്ന നിരവധി സാമ്പത്തിക ക്രമക്കേടുകള്‍ക്ക് തടയിടാന്‍ സാധിക്കും. ഈ ആശയത്തെ ഉള്‍ക്കൊണ്ടുകൊണ്ടാണ് കെ സി ആര്‍ എം - നോര്‍ത്ത് അമേരിക്ക -യുടെ ഏഴാമത് ടെലികോണ്‍ഫെറന്‍സ് ഏപ്രില്‍ 11, 2018 ബുധനാഴ്ച വൈകീട്ട് ഒന്‍പതുമണിയ്ക്ക് (9 pm Eastern Standard time) നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വിഷയം: 'പള്ളിയോഗപുനഃസ്ഥാപനം ചര്‍ച്ചാക്റ്റിലൂടെ'. സഭയെ സ്‌നേഹിക്കുന്നവരും സഭ നന്നാകണമെന്ന് ആഗ്രഹിക്കുന്നവരും സഭയില്‍ കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമെന്ന് ചിന്തിക്കുന്നവരും വിശ്വാസികളുടെ പൊതുസ്വത്ത് സുതാര്യമായി കൈകാര്യം ചെയ്യപ്പെടണമെന്ന് കരുതുന്നവരുമെല്ലാം ഈ ടെലികോണ്‍ഫെറന്‍സില്‍ സംബന്ധിച്ച് തങ്ങളുടെ വിമര്‍ശനശബ്ദം ഉയര്‍ത്തുക. സംസാരിക്കണ്ട സമയമാണിത്; മിണ്ടാതിരിക്കണ്ട സമയമല്ല. അതുകൊണ്ട് നിങ്ങള്‍ എല്ലാവരെയും അതിലേയ്ക്ക് ഹാര്‍ദ്ദവമായി ക്ഷണിച്ചുകൊള്ളുന്നു.

വിഷയം അവതരിപ്പിക്കുന്നത്: സത്യജ്വാല മാസികയുടെ ചീഫ് എഡിറ്റര്‍ ശ്രീ ജോര്‍ജ് മൂലേച്ചാലില്‍. വിളിക്കേണ്ട നമ്പര്‍: 1-712-770-4160. Access code: 605988#
Join WhatsApp News
andrew 2018-04-08 05:31:07
This Earth is big enough for everybody to be happy, to enjoy at least a little bit of joy every day.
Some claims to be something, something better or bigger 
Some even think they are a big event.
Learn & Develop the attitude to ignore or eliminate them from your life. They are in fact trying to control you by trying to impose on you 'I am holier than you'.
They can & they will find something wrong with you. And that is all they are good at, to inject 'guilt feeling' in you.
Well, we don't need those type of people. They are a burden to the Society in the wider spectrum.
Yes! learn to ignore them, don't follow them.
Enjoy! Celebrate!
Your Life is Yours. Do not let anyone control you.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക