Image

മതം വേണം മനുഷ്യന് (ജോര്‍ജ് തുമ്പയില്‍ : പകല്‍ക്കിനാവ്- 98)

Published on 07 April, 2018
മതം വേണം മനുഷ്യന് (ജോര്‍ജ് തുമ്പയില്‍ : പകല്‍ക്കിനാവ്- 98)
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ഒരു വാര്‍ത്തയാണ് ഇത്തവണത്തെ കോളത്തിന് ആധാരം. കേരളത്തിലെ സ്‌കൂളുകളില്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ജാതി, മതം എന്നീ കോളങ്ങള്‍ പൂരിപ്പിക്കാതെ പ്രവേശനം നേടിയത് ഒന്നേകാല്‍ ലക്ഷത്തോളം വിദ്യാര്‍ഥികളാണെന്നു വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞത് വല്യ സംഭവമായി വിദേശമാധ്യമങ്ങളിലും എത്തി. അപ്പോഴാണ് അക്കാര്യം ശ്രദ്ധിച്ചത്. എന്തായിരിക്കാം അതിനു കാരണം? ഇത്രമാത്രം കുട്ടികള്‍ ജാതിയെയോ മതത്തെയോ വെറുക്കുന്നുണ്ട് എന്നാണോ? ഒരു കാര്യം ഉറപ്പ്. ഇതൊന്നും ആ പാവം പിടിച്ച കുട്ടികള്‍ അറിഞ്ഞിട്ടില്ല. അവരത് തിരിച്ചറിയുമ്പോഴേയ്ക്കും ഏറെ വൈകിയിട്ടുണ്ടാവും. സമൂഹത്തിനു മുന്നില്‍ ചാവേര്‍ പടയാക്കി ഇവരെ നിര്‍ത്തുകയാണ് അവരുടെ മാതാപിതാക്കള്‍ ചെയ്യുന്നതെന്നു വ്യക്തം. അല്ലെങ്കില്‍ സമൂഹത്തിന്റെ നന്മയുടെ ചട്ടക്കൂട് പൊട്ടിച്ചെറിഞ്ഞു കൊണ്ട് നിയമസഭയില്‍ പുറത്തുവിട്ട കണക്കു പ്രകാരം 1.23 ലക്ഷം കുട്ടികള്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ ഇങ്ങനെ പഠിക്കുന്നുണ്ട്. ഇവരുടെ ജീവിത നിലവാരവും സാമൂഹിക ബന്ധവും കൂടി മന്ത്രി കണക്കിലെടുക്കേണ്ടിയിരിക്കുന്നുവെന്നു പറയാതെ വയ്യ. ഭരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇതൊക്കെ കേള്‍ക്കുമ്പോള്‍ ചോര ഞരമ്പുകളില്‍ തിളക്കുമായിരിക്കും. എന്നാല്‍ ദൈവഭയത്താല്‍ വളരുന്ന ഒരു തലമുറയെ വാര്‍ത്തെടുത്തതിന് ഇവര്‍ നാളെ കുറ്റമേറ്റു പറയേണ്ടി വരുമെന്നുറപ്പ്. ഈ 1.23 ലക്ഷം കൂട്ടികളുടെ മാതാപിതാക്കള്‍ തങ്ങള്‍ ചെയ്തതു തെറ്റായിരുന്നുവെന്ന് നാളെ അവര്‍ അന്ത്യകൂദാശ ലഭിക്കുമ്പോള്‍ ഓര്‍ക്കാനിരിക്കുന്നതേയുള്ളു.
 
ദൈവത്തെ മറികടന്ന്, ഇവിടെയാര്‍ക്കും ഒന്നും ചെയ്യാനാവില്ല. ദൈവത്തെ വെല്ലുവിളിക്കുന്ന എല്ലാ രാഷ്ട്രീയക്കാരും സാമൂഹികവ്യവസ്ഥയില്‍ ജീവിക്കുന്നവരും ആദ്യത്തെ ചോരത്തിളപ്പിനു ശേഷം ആരും കാണാതെ പള്ളികളിലും ക്ഷേത്രങ്ങളിലും പോകുന്നത് നാം എത്രയോ തവണ കണ്ടിരിക്കുന്നു. അല്ലെങ്കില്‍ തന്നെ, ബോധോദയം ഇല്ലാത്ത പ്രായത്തില്‍ തങ്ങളുടെ മക്കള്‍ക്ക് ജാതി വേണ്ടെന്നു നിശ്ചയിക്കുന്നവര്‍ പിന്നീട് വിലപിക്കാനൊരുങ്ങുമ്പോഴേയ്ക്കും എല്ലാം കൈവിട്ടു പോകുന്നതും ലോകചരിത്രത്തില്‍ തന്നെ കണ്ടിട്ടുണ്ട്. ജാതിവ്യവസ്ഥ നല്ലതല്ലായിരിക്കാം, എന്നാല്‍ മതമില്ലാതെ മുന്നോട്ടു പോകുന്നതിനോട്, ദൈവഭയമില്ലാതെ ജീവിക്കുന്നതിനോട് ഞാനുള്‍പ്പെടെയുള്ളവര്‍ എതിര്‍ക്കുക തന്നെ ചെയ്യും. കേരളത്തില്‍ ഒന്നേകാല്‍ ലക്ഷം കുട്ടികളുടെ ഭാവിയെ ഓര്‍ത്ത് ഇവിടെയിരുന്നു വേദനിക്കുമ്പോള്‍, കര്‍ത്താവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ലല്ലോ എന്നു മാത്രം പറയാന്‍ എനിക്കു കഴിയുന്നുള്ളു.
ജാതിവ്യവസ്ഥ സമൂഹത്തിന് അരാജകത്വമായിരിക്കാം. അതു പക്ഷേ, കേരളത്തില്‍ ഉണ്ടാകണമെന്നില്ല. നമ്മുടെ സംസ്ഥാനം ഇക്കാര്യത്തില്‍ ഏറെ പുരോഗമിച്ചിട്ടുണ്ട്. എന്നാല്‍ ഉത്തരേന്ത്യയില്‍ പലേടത്തും ഇത്തരമൊരു സാമൂഹിക ചുറ്റുപാടാണ് ഇപ്പോഴുമുള്ളത്. ഉന്നത വിദ്യാഭ്യാസരംഗത്ത് നിലനിന്നിരുന്ന ജാതിഭീകരതയെ ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തിയ രോഹിത് വെമുല എന്ന ഗവേഷകവിദ്യാര്‍ത്ഥിയുടെ ആത്മഹത്യ മറക്കുന്നില്ല. ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ മാത്രം ജാതിപരമായ അവഹേളനങ്ങളാല്‍ 12 പേര്‍ വിവിധ കാലഘട്ടങ്ങളില്‍ ജീവിതം അവസാനിപ്പിച്ചിട്ടുണ്ടെന്നാണ് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ കണക്കുകളും ഇവിടെ ഓര്‍ക്കുന്നുണ്ട്. ലോകത്തിന്റെ മുന്‍നിരയിലെത്താനുള്ള ഇന്ത്യയുടെ കുതിപ്പിന് വിഘാതമാകുന്ന തരത്തില്‍ കളങ്കം ചാര്‍ത്തുന്ന ഒന്നായി വെമൂലയുടെ ആത്മഹത്യ മാറി എന്നതും സത്യമാണ്. അതു ജാതി സൃഷ്ടിച്ച ചില ഒറ്റപ്പെട്ട പ്രശ്‌നങ്ങളായിരുന്നു. എന്നാല്‍ അതേ തുലാസു കൊണ്ട് മതത്തെ അളക്കുന്നതു ശരിയാണോ?. 

ജാതിയും മതവുമൊക്കെ സാമൂഹ്യ സത്യങ്ങളാണ്. ഇവ ഇല്ലായിരുന്നുവെങ്കില്‍ ഉണ്ടെന്നോ ഇല്ലെന്നോ പറയേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ലല്ലോ. ജാതിയും മതവും പരിഗണിക്കാതെ നീതിപൂര്‍വ്വകമായ വ്യവസ്ഥ ഭാരതത്തില്‍ ഉണ്ടാകുമായിരുന്നുവോ എന്നും ഓര്‍ക്കണം. വൈദിക കാലഘട്ടം സമത്ത്വാധിഷ്ഠിതമായ സാമൂഹ്യക്രമത്തിലൂടെ സുവര്‍ണശോഭപരത്തി പ്രശോഭിച്ച ജനതതിയുടെ ചരിത്രംകൂടിയാണ് പറയുന്നത്. ഈ സുവര്‍ണശോഭതേടിയായിരുന്നു വൈദേശികര്‍ ഇന്ത്യയിലെത്തിയത്. അവര്‍ ഭിന്നിപ്പിന്റെ തത്വശാസ്ത്രങ്ങള്‍ ഇവിടെ വിതച്ചു. ആ വിത ഇന്നും തുടരുന്നു. ജാതിയും മതവുമൊക്കെ ആയുധങ്ങളാക്കുന്നു. അതിന്റെ ഭാഗം മാത്രമാണ് ഇന്നത്തെ ജാതിയില്ലാ പരിവേദനം. ജാതിയുടെ പേരില്‍ സംവരണവും തെരഞ്ഞെടുപ്പ് മത്സരവും സാമൂഹ്യ അംഗീകാരവും അവസരവുമൊക്കെ ഒരുക്കിനിര്‍ത്തിയിരിക്കുന്ന സമൂഹത്തില്‍ നിന്നുകൊണ്ട് ജാതിപറയാതിരിക്കാനാകുമോ എന്നും നാം ചിന്തിക്കണം.

'ഗംഗ' എന്നും 'ഗ്രെയ്‌സ്' എന്നുമൊക്കെ പേരുള്ള ഔദ്യോഗിക വസതികള്‍ കേരളത്തിലെ മന്ത്രിമാര്‍ക്കുണ്ട്. അതിനുള്ളില്‍ കിടന്നു കൊണ്ടാണ് കമ്യൂണിസ്റ്റ് മന്ത്രിമാര്‍ ജാതിയെയും മതത്തെയും എതിര്‍ക്കുന്നതെന്ന് ഓര്‍ക്കണം. ഈ ഇരട്ടത്താപ്പ് തിരിച്ചറിയാത്തവര്‍ അവരുടെ ശബ്ദപ്രഘോഷണത്തില്‍ വീണു പോവുകയും ചെയ്യുന്നു. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ഗുരുസന്ദേശത്തെ വിസ്മരിക്കുന്നില്ല.  സത്യത്തില്‍ ജാതിയില്ലാ വിളംബരം. ഒരു ജാതി എന്നതുകൊണ്ട് ശ്രീനാരായണ ഗുരു ഉദ്ദേശിച്ചത് ഏതെങ്കിലും പ്രത്യേക ജാതിയെയല്ല എന്നും മനുഷ്യജാതിയെ ആകെത്തന്നെയാണ് എന്നും വിവരമുള്ളവര്‍ക്ക് അറിയാം. നമ്മളുടേത് ഒരു ആഗോളവല്‍ക്കരണ സമൂഹമാണ്. ആഗോളവല്‍ക്കരണ കാലത്ത് ഈ ലോകത്തേക്ക് നോക്കികൊണ്ടു വേണം നാം മതത്തെക്കുറിച്ചു സംസാരിക്കാന്‍. ജാതി അധിഷ്ഠിതമാക്കിയ നിയമങ്ങളും ചട്ടങ്ങളുമായാണ് ഇന്ത്യന്‍ ഭരണഘടന നിലനില്‍ക്കുന്നതെന്നും മറക്കരുത്. ഉദ്യോഗം കിട്ടണമെങ്കിലും സംവരണം ലഭിക്കണമെങ്കിലും പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കണമെങ്കിലും ജാതിസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. സംവരണസീറ്റില്‍ മത്സരിക്കാനും നാമനിര്‍ദേശത്തോടൊപ്പം ജാതിസര്‍ട്ടിഫിക്കറ്റും നല്‍കണം. 140 എം.എല്‍.എ.മാരില്‍ 10 ശതമാനംപേരും ഇങ്ങനെ സംവരണക്വാട്ടയില്‍ ജയിച്ചുവന്നവരാണ്. അങ്ങനെയുള്ളവരാണ് മതമില്ലാതെ 1.23 ലക്ഷം കുട്ടികള്‍ കേരളത്തില്‍ പഠിക്കുന്നുവെന്നു വീമ്പു പറയുന്നത്. ഇതൊന്നും മനസ്സിലാക്കത്തവരെയോര്‍ത്ത് പരിതപിക്കാനെ ഇപ്പോള്‍ കഴിയൂ..



മതം വേണം മനുഷ്യന് (ജോര്‍ജ് തുമ്പയില്‍ : പകല്‍ക്കിനാവ്- 98)
Join WhatsApp News
Abraham M 2018-04-07 20:05:34
Greedy Politicians and Religious leaders want to keep Religion and Caste to screw up people.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക