Image

അച്ചാര്‍ വിറ്റു പള്ളി പണിതു, വിശ്വാസികള്‍ സംഭരിച്ചത് അരക്കോടി രൂപ, ഇത് പെരുവന്താനം പള്ളിയുടെ കഥ

Published on 08 April, 2018
അച്ചാര്‍ വിറ്റു പള്ളി പണിതു, വിശ്വാസികള്‍ സംഭരിച്ചത് അരക്കോടി രൂപ, ഇത് പെരുവന്താനം പള്ളിയുടെ കഥ
അധ്വാനമാണ് ആരാധനയെന്ന് ഇടുക്കി പെരുവന്താനം അമലഗിരി സെന്റ് തോമസ് ഇടവക വിശ്വാസികള്‍ തെളിയിച്ചു. ഇടവകക്കാര്‍ അച്ചാര്‍ തയാറാക്കി വിറ്റു പള്ളി പണിതു. ഏഴു മാസത്തെ അച്ചാര്‍ കച്ചവടത്തിലൂടെ നേടിയത് അര കോടി രൂപ. ലാഭം 35 ലക്ഷം. പള്ളി പണിയാന്‍ വേണ്ട ഒരു കോടി നേടാന്‍ ഏഴു മാസം ധാരാളം മതിയെന്നു വികാരി ഫാ. വറുഗീസ് കൊച്ചുപുരയ്ക്കല്‍ പറയുന്നു. അതും കടമില്ലാതെ. പാവങ്ങളും കൂലിപ്പണിക്കാരും മാത്രമുള്ള മലയടിവാരത്താണ് നിശബ്ദമായ അച്ചാര്‍വിപ്ലവത്തിലൂടെ ജനം പള്ളി പണിതത്. കയ്യാലപ്പണി, തേയിലനുള്ള്, മേസ്തിരിപ്പണി, പറമ്പില്‍കിള തുടങ്ങിയ ജോലികളാല്‍ അതിജീവനം നടത്തുന്ന പാവങ്ങളുടെ ഗ്രാമമാണിത്. ഇടവകയില്‍ സര്‍ക്കാര്‍ ജോലി ഒരാള്‍ക്കു മാത്രമേയുള്ളു. സ്ത്രീകളേറെയും തൊഴിലുറപ്പുപണി ചെയ്യുന്നവര്‍. പകല്‍ തോട്ടങ്ങളില്‍ അധ്വാനവും രാത്രി തയ്യലും നടത്തിയിട്ടും കുടുംബം പോറ്റാന്‍ ക്ലേശിക്കുന്ന ദരിദ്രസമൂഹമാണ് കുടിയേറ്റഗ്രാമത്തില്‍ ഏറെപ്പേരും. പണമായി നല്‍കാന്‍ മടിശീലയില്‍ ഒന്നുമില്ല, പള്ളിക്കു മനസോടെ നല്‍കാനുള്ളത് അധ്വാന സംഭാവന മാത്രം എന്ന ചിന്തയില്‍ കഴിഞ്ഞിരുന്ന ജനത കഴിഞ്ഞ ജൂണിലെ പള്ളിപ്പൊതുയോഗത്തിലാണ് രണ്ടും കല്‍പ്പിച്ചൊരു തീരുമാനമെടുത്തത്. പുതിയ പള്ളി പണിയണം. ആദ്യമായി വികാരി പദവിയില്‍ നിര്‍മലഗിരിയില്‍ ചുമതലയേറ്റ കൊച്ചച്ചന്‍ ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍ ജനത്തോടു പറഞ്ഞു. പള്ളി പണിയാന്‍ ഞാന്‍ ഒപ്പമുണ്ടാകും. പക്ഷേ ഒരു കോടിയോളം രൂപ എങ്ങനെ നാം സ്വരൂപിക്കും.

കോട്ടയം കുമളി ദേശീയപാതയില്‍ പെരുവന്താനത്തു നിന്നും രണ്ടു കിലോമീറ്റര്‍ ഉള്ളിലേക്കു കടന്നാല്‍ 110 കുടുംബങ്ങളും 400 വിശ്വാസികളുമുള്ള അമലഗിരിയിലെത്താം. ബലക്ഷയത്താല്‍ ഭിത്തി കീറി, ഭൂമികുലുക്കത്തില്‍ കുരിശിളകി മുഖശോഭ മങ്ങിയ പള്ളിയുടെ സ്ഥാനത്താണ് മനോഹരമായ ഈ പുത്തന്‍ കൊച്ചു ദേവാലയം തലയുയര്‍ത്തിയിരിക്കുന്നത്. ആകാശത്തോളം ഉയര്‍ന്ന കുന്നിന്‍ചരുവില്‍ ഇടവകക്കാര്‍ വിശ്വാസത്തിന്റെ അടയാളമായി 200 ദിവസംകൊണ്ടാണ് പള്ളി പണിതത്.

അച്ചാറുണ്ടാക്കാനുള്ള വിഭവങ്ങള്‍ എങ്ങനെ വാങ്ങും, എവിടെ വില്‍ക്കും എന്നതായി ഇടവകക്കാരുടെ ചിന്ത. കൈപ്പുണ്യമുള്ള ഒരു നിര അമ്മമാര്‍ മുന്നോട്ടിറങ്ങി പറഞ്ഞു, രുചികരമായി അച്ചാര്‍ ഞങ്ങളുണ്ടാക്കിത്തരാം. ആണുങ്ങള്‍ പറഞ്ഞു, അച്ചാര്‍ വില്‍പന ഞങ്ങളേറ്റു. കുട്ടികള്‍ പറഞ്ഞു അച്ചാറുണ്ടാക്കാനുള്ള വിഭവങ്ങളെത്തിക്കാന്‍ ഞങ്ങളും കൂടെ. 

സ്വന്തം വീട്ടിലെ വിഭവങ്ങള്‍ ശേഖരിച്ച് അച്ചാറുണ്ടാക്കിയാല്‍ മാര്‍ക്കറ്റില്‍നിന്ന് അധികം സാധനങ്ങള്‍ വാങ്ങേണ്ടിവരില്ലല്ലോ. അങ്ങനെ വീടുകളില്‍നിന്ന് നെല്ലിക്ക, ജാതിക്ക, മാങ്ങ, ചാന്പങ്ങ, ഇഞ്ചി, വാഴപ്പിണ്ടി, മത്തങ്ങ, കുന്പളങ്ങ, ചേന തുടങ്ങിയവയൊക്കെ ശേഖരിച്ച് അച്ചാറുണ്ടാക്കി. പാക്കിംഗിനുള്ള സജ്ജീകരണങ്ങളും പള്ളിമുറിയില്‍ സജ്ജമാക്കി.

തൊഴിലുറപ്പുജോലിയും തേയില നുള്ളും കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ സ്ത്രീകള്‍ വാര്‍ഡുകൂട്ടായ്മകളില്‍ ഒരുമിച്ചു പാചകം നടത്തി. അച്ചാറിനുള്ള വിഭവങ്ങളൊക്കെ എത്തിക്കാനും പാക്കിംഗിനും പുരുഷന്‍മാരും സജീവമായി. സഹപാഠികളുടെ വീടുകളിലും അയല്‍ഗ്രാമങ്ങളിലും നിന്നു ചാന്പയ്ക്കയും മാങ്ങയും ജാതിക്കയും പറിച്ചുകൊണ്ടുവന്നിരുന്ന കുട്ടികളുടെ അധ്വാനം മുതിര്‍ന്നവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു.

ഇറച്ചി, മീന്‍, വെളുത്തുള്ളി അച്ചാറുകള്‍ വേറെയും. അരകിലോ, കാല്‍കിലോ വീതം പാക്കുകള്‍. ഞായറാഴ്ചകളില്‍ ഇടവകക്കാര്‍ ഗ്രൂപ്പുകളായി അച്ചാര്‍ കുപ്പികള്‍ തലയിലും പുറത്തും ചുമന്ന് വിവിധ ഇടവകകളിലേക്ക് പുറപ്പെട്ടു. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാലാ, ഇടുക്കി രൂപതകളിലെ വിവിധ പള്ളികളിലായിരുന്നു വില്‍പന. കൃത്രിമത്വമില്ലാത്ത രുചിയുള്ള അമലഗിരി അച്ചാറുമായി എത്തേണ്ട താമസം വാങ്ങാന്‍ ഓരോ പള്ളിയിലും ജനം തിക്കിത്തിരക്കി. 

ഒറ്റ ദിവസം മൂന്നര ലക്ഷം രൂപയുടെ അച്ചാര്‍ വിറ്റ പള്ളികളുണ്ടെന്ന് ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍ പറയുന്നു. രണ്ടും രണ്ടരയും ലക്ഷം രൂപയ്ക്ക് അച്ചാര്‍ വാങ്ങിയവരും വിദേശത്ത് മക്കള്‍ക്ക് കൊടുത്തയച്ചവരുമായ ഇടവകക്കാരുണ്ട്. അച്ചാര്‍ ചോദിച്ച് അമലഗിരി കുന്നു കയറിവന്നവരുമുണ്ട്. അങ്ങനെ കഴിഞ്ഞ ആറേഴു മാസം വിശ്വാസികള്‍ അച്ചാര്‍ വിറ്റു നടന്നപ്പോള്‍ പള്ളിയുടെ മുഖവാരം പുതിയ ഉയരങ്ങളിലെത്തിക്കൊണ്ടിരുന്നു.

അച്ചാറുണ്ടാക്കാന്‍ മുളകും ഉപ്പുമൊക്കെ സംഭാവന നല്‍കിയ വ്യാപാരികളും ചാമ്പയ്ക്കയും ചേനയുമൊക്കെ ദാനം നല്‍കിയ അക്രൈസ്തവരും കാണിച്ച കാരുണ്യം വലുതാണ് ഇടവകക്കാരെ ഒരുമയില്‍ നയിക്കാന്‍ മുന്‍നിരയിലുള്ള സിസ്റ്റര്‍ സില്‍വി എസ്എച്ച് പറഞ്ഞു.

ഇടവകക്കാര്‍ കരുതിവച്ചിരുന്ന 12 ലക്ഷവും അച്ചാര്‍ വിറ്റുകിട്ടിയ 35 ലക്ഷവും വസ്ത്രം വിറ്റുണ്ടാക്കിയ ഒന്നര ലക്ഷവും കൂടെ ഇടവകക്കാര്‍ ദിവസവും കുടുക്കകളില്‍ കരുതി വച്ച ദശാംശവും ചേര്‍ന്നപ്പോള്‍ നോക്കിനില്‍ക്കെ അമലഗിരിക്കാര്‍ പുത്തന്‍പള്ളി സ്വന്തമാക്കി. നയാപൈസ കടമില്ലാതെ ഒരു കോടിയോളം രൂപ ചെലവില്‍ മനോഹരമായ പള്ളി ഒന്‍പതാം മാസം അമലഗിരി കുന്നില്‍ പൂര്‍ത്തിയായിരിക്കുന്നു. പുതുഞായര്‍ തിരുനാള്‍ ദിനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലും സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കലും ചേര്‍ന്ന് അമലഗിരിയിലെ പുത്തന്‍ പള്ളി വെഞ്ചരിച്ചു.
അച്ചാര്‍ വിറ്റു പള്ളി പണിതു, വിശ്വാസികള്‍ സംഭരിച്ചത് അരക്കോടി രൂപ, ഇത് പെരുവന്താനം പള്ളിയുടെ കഥ
Join WhatsApp News
Ponmelil Abraham 2018-04-09 06:47:06
A very successful cooperative effort that is commendable. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക