Image

മൃത്യൂ കാക്കുന്ന ജീവിതങ്ങള്‍ : ബിജോ ജോസ് ചെമ്മാന്ത്ര

ബിജോ ജോസ് ചെമ്മാന്ത്ര Published on 21 March, 2012
മൃത്യൂ കാക്കുന്ന ജീവിതങ്ങള്‍ : ബിജോ ജോസ് ചെമ്മാന്ത്ര
ശൈത്യകാലത്തെ ഇരുള്‍മൂടിയ ഒരു സായാഹ്നത്തിലെ അലസമായ പത്രവായനയിലാണ് ഉള്‍ത്താളുകളില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത ശ്രദ്ധയില്‍ പെട്ടത്. കൊടും ദാരിദ്ര്യത്തില്‍ മനംനൊന്ത് വൃദ്ധദമ്പതികള്‍ ആത്മഹത്യ ചെയ്തതിനെക്കുറിച്ചായിരുന്നു ആ വാര്‍ത്ത. സാക്ഷരതയിലും പ്രബുദ്ധതിയിലും മുന്‍പന്തിയിലെന്നവകാശപ്പെടുന്ന കേരളത്തിലാണ് ഹൃദയഭേദകമായ ഈ സംഭവം നടന്നത്. ക്ഷണനേരത്തെ ആയുസ്സേ പൊതുവെ വായനക്കാരുടെ മനസ്സില്‍ വാര്‍ത്തകള്‍ക്കുണ്ടാവുകയുള്ളൂ. ഒരായുസ്സ് സുഖദുഃഖങ്ങള്‍ പങ്ക് വെച്ച് ജീവിച്ച ഈ ദമ്പതികളുടെ ഇടയില്‍ കൊടും ദാരിദ്ര്യം വിതച്ച ദാരുണാന്ത്യം എന്തുകൊണ്ടോ മനസ്സില്‍ നീറുന്ന ഒരു മുറിവായി അവശേഷിച്ചു.

വായനക്കാരുടെ കടാക്ഷം കാംഷിച്ച് പത്രത്താളുകളില്‍ തണുത്ത് മരച്ച് നിര്‍ജ്ജീവമായി ഇത്തരം വാര്‍ത്തകള്‍ ചിതറിക്കിടക്കുന്നതായി തോന്നാറുണ്ട്. ഗ്രൂപ്പ് വഴക്കും, വിഭാഗീയതയും, അനാവശ്യ വിവാദങ്ങളുമാണ് പൊതുവെ വായനക്കാരന്റെ പ്രഥമ പരിഗണന എന്നത് കൊണ്ട് തന്നെ ഉള്‍പേജുകളിലൊതുങ്ങുന്ന സമൂഹത്തിലെ നീറുന്ന സത്യങ്ങളെ പലരും ഗൗരവമായി എടുക്കാറില്ല. എന്തിന് സമാന സ്വഭാവമുള്ള ആദിവാസി കുടിലുകളിലെ ദാരിദ്ര്യവും പട്ടിണിമരങ്ങളും ഇന്ന് ഒരു വാര്‍ത്തയെ അല്ലാതായിരിക്കുന്നു.

ആഫ്രിക്കയിലും ഏഷ്യയിലെ ഇതരഭാഗങ്ങളിലുമൊക്കെ ദാരിദ്ര്യത്തിന്റെ എത്രയോ ഭയാനകമായ ഒരു ചിത്രമാണ് കാണുവാന്‍ കഴിയുക. UNICEF ന്റെ കണക്കനുസരിച്ച് ലോകത്ത് പ്രതിദിനം 25,000 ത്തിലധികം ജനങ്ങള്‍ പട്ടിണിയും തത്ഫലമുണ്ടാകുന്ന മാറാരോഗങ്ങളും മൂലം മരണമടയുന്നു. ഓരോ മൂന്നര നിമിഷത്തിന്റെ ഇടവേളയിലും ഒരു മരണം സംഭവിക്കുന്നു. കാറ്റില്‍ ഇലകള്‍ കൊഴിഞ്ഞു വീഴുന്ന ലാഘവത്തോടെ…. ഏതൊരു ഭൂകമ്പവും, ആണവ വിസ്‌ഫോടനവും, സുനാമിയും ഉണ്ടാക്കാവുന്ന ദുരന്തത്തേക്കാള്‍ എത്രയോ ഭയാനകമാണിത്. ഇങ്ങനെ മരണപ്പെടുന്നതില്‍ ഭൂരിഭാഗവും അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളാണെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ലോക ജനസംഖ്യയിലെ 220 കോടിയോളമുള്ള കുട്ടികളില്‍ ഏകദേശം പകുതിയോലം ബാല്യങ്ങള്‍ പട്ടിണിയിലാണ് എന്നുള്ളത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്. ലോകജനതയുടെ പകുതിയോളം വെറും രണ്ടര ഡോളറില്‍ താഴെ പ്രതിദിന വരുമാനമുള്ളവരാണ്. ലോകത്തിലെ 40 ശതമാനം ദരിദ്രര്‍ ലോകസമ്പത്തിന്റെ 5 ശതമാനം മാത്രം വിനിയോഗിക്കുമ്പോള്‍ ധനികരായ 20 ശതമാനം ആളുകള്‍ വിഭവസ്രോതസ്സിന്റെ 76 ശതമാനം കൈവശപ്പെടുത്തിയിരിക്കുന്നു. എന്തിന് കുടിവെള്ളം ഉപയോഗിക്കുന്ന കാര്യത്തില്‍ പോലും ഈ ചേരിതിരിവ് പ്രകടമാണ്. പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കും യഥേഷ്ടം വ്യാപരിക്കാനുള്ള സ്ഥലവും, വേണ്ടുവോളം ഭക്ഷിക്കാനുള്ള ആഹാരവും, മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമായ സാഹചര്യത്തിലാണ് പട്ടിണിയുടേയും വിശപ്പിന്റെയുമൊക്കെ യഥാര്‍ത്ഥ ചിത്രം വരച്ച് കാട്ടുന്ന ഈ സ്ഥിതി വിവരക്കണക്കുകള്‍ എന്നത് ആരിലും ആശ്ചര്യമുളവാക്കുന്നതാണ്.

മൂന്നാം ലോക രാജ്യങ്ങളിലെ ദരിദ്രരില്‍ മൂന്നിലൊന്നും ഇന്ത്യയിലാണ് എന്നത് നമുക്ക് ഒട്ടും അഭിമാനകരമല്ല. ഐക്യരാഷ്ട്രസഭയുടെ മാനദണ്ഡപ്രകാരം 410 ദശലക്ഷം ആളുകളാണ് ഇവിടെ ദാരിദ്രരേഖയ്ക്ക് താഴെയുള്ളത്. രാജ്യത്തിന്റെ പല ഭാഗത്തും പട്ടിണി മരണങ്ങള്‍ ഉണ്ടാകുമ്പോള്‍ ധാന്യപ്പുരകള്‍ നിറഞ്ഞ് കവിയുന്ന അവസ്ഥ എങ്ങനെയുണ്ടാകുന്നുവെന്ന് ഇന്ത്യന്‍ സുപ്രീംകോടതി അടുത്ത കാലത്ത് നടത്തിയ നിരീക്ഷണം പ്രത്യേകം ശ്രദ്ധേയമാണ്.

അവികസിത രാജ്യങ്ങളില്‍ മാത്രമല്ല വികസ്വര-വികസിത രാജ്യങ്ങളിലും നിലനില്‍ക്കുന്ന ദാരിദ്ര്യം എന്ന ദുരവസ്ഥയുടെ മൂലകാരണങ്ങളിലേക്ക് കണ്ണോടിക്കുന്നത് വളരെ ഉചിതമാകും. ലോകരാഷ്ട്രങ്ങള്‍ തുടര്‍ന്ന് വരുന്ന രാഷ്ട്രീയ സാമ്പത്തിക നയങ്ങള്‍ ഇതിന് ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അടിമത്വവും അടിച്ചമര്‍ത്തലും ചൂഷണവുമൊക്കെ സര്‍വ്വസാധാരാണമായിരുന്ന കഴിഞ്ഞ നൂറ്റാണ്ടുകളിലെ സാമൂഹ്യ വ്യവസ്ഥ ഈ ദയനീയ സ്ഥിതിക്ക് വലിയ ഒരളവോളം കാരണമായിട്ടുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും അന്യവല്‍ക്കരിക്കപ്പെടുകയും ചെയ്ത ഒരു സമൂഹം ഇതിന്റെ തുടര്‍ച്ചയെന്നോണം വളരെ സങ്കീര്‍ണ്ണമായ അസമത്വവും, വിവേചനവും ഇന്നും അനുഭവിക്കുന്നു. പോഷകാഹാരക്കുറവ്, ശുദ്ധജല ദൗര്‍ലഭ്യം, ശുചിത്വമില്ലായ്മ, ആരോഗ്യപരിപാലനത്തിലെ അപര്യാപ്തത എന്നിവ ഇവരുടെ ഇടയില്‍ മഹാവ്യാധികള്‍ക്കും സാംക്രമിക രോഗങ്ങള്‍ക്കും നിമിത്തമാകുന്നു. സാക്ഷരതയും, വിദ്യാഭ്യാസവും സമൂഹത്തിലെ പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിലെത്തിക്കുവാന്‍ ഭരണകൂടങ്ങള്‍ പരാജയപ്പെടുന്നതും, സമഗ്രമായ ഒരു പൊതുവിതരണ സംവിധാനത്തിന്റെ അഭാവവും ദാരിദ്ര നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളെ വളരെയേറെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

സമൂഹത്തില്‍ രൂഢമൂലമായ അഴിമതി, ദാരിദ്രനിര്‍മ്മാര്‍ജ്ജനത്തിനുതകുന്ന പല പദ്ധതികളേയും തുരങ്കം വെയ്ക്കുകയാണുണ്ടായത്. ദരിദ്രരാജ്യങ്ങളുടെ നിലനില്‍പ്പ് തങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്ക് ആവശ്യമാണെന്ന സമ്പന്ന രാജ്യങ്ങളുടെ പൊതുചിന്താഗതിയും ആഗോളതലത്തില്‍ ദാരിദ്ര നിര്‍മ്മാര്‍ജ്ജനം മന്ദഗതിയിലാക്കിയിട്ടുണ്ട്.

കഷ്ടത അനുഭവിക്കുന്നവര്‍ക്ക് സൗജന്യഭക്ഷണം അടിയന്തര സാഹചര്യങ്ങളില്‍ ഉതകുമെങ്കിലും, ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇത് ഗുണകരമല്ല. ഇതിന് പകരം നവീന കൃഷിരീതികള്‍ക്കും, അടിസ്ഥാന സൗകര്യ വികസനത്തിനും, പുതിയ തൊഴില്‍ പരിശീലനത്തിനുമാണ് ഊന്നല്‍ നല്‍കേണ്ടത്. മനുഷ്യ വിഭവശേഷിയുടെ വികസനത്തിലൂടെ മേല്‍ഗതി പ്രാപിക്കാന്‍ അവികസിത രാജ്യങ്ങള്‍ ഉത്സാഹിക്കേണ്ടതുണ്ട്. കൂടാതെ അസംഘടിതരും അശരണരുമായ ജനവിഭാഗത്തിനുള്ളില്‍ തന്നെ ദാരിദ്രനിര്‍മ്മാര്‍ജ്ജനം അവര്‍ക്ക് പുരോഗതിയും അഭിവൃദ്ധിയും സ്വായത്തമാക്കുമെന്ന ബോധ്യം വളര്‍ത്തേണ്ടതാവശ്യമാണ്.

ആഹാരത്തിനുള്ള അവകാശം നിഷേധിക്കുന്നതിനെതിരെ ഭക്ഷണത്തിന് വേണ്ടിയുള്ള കലാപങ്ങള്‍ ഭാവിയില്‍ പൊട്ടിപ്പുറപ്പെടാം. ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിനായി ഐക്യരാഷ്ട്രസഭയും അനുബന്ധ സംഘടനകളും മുന്നോട്ട് വെച്ച അനവധി പദ്ധതികള്‍ ഒരളവ് വരെ ഫലം കണ്ടെത്തുന്നു എന്നുള്ളത് ആശ്വാസകരമാണ്.

കാലാകാലങ്ങളില്‍ ലോകത്ത് പിറവിയെടുത്ത എല്ലാചിന്താധാരകളും പട്ടിണിക്കെതിരെ പോരാടുവാന്‍ ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും ഇത് പൂര്‍ണ്ണമായി നടപ്പാക്കുവാന്‍ ഒരു വ്യവസ്ഥിതിയ്ക്കും സാധിച്ചിട്ടില്ല എന്നത് വസ്തുതയാണ്. ദാരിദ്ര്യം പോലെയുള്ള സാമൂഹ്യപ്രശ്‌നങ്ങളില്‍ സാരമായ ഇടപെടലുകള്‍ നടത്തുവാന്‍ വ്യക്തികള്‍ക്ക് ചില പരിമിതികള്‍ ഉണ്ടെന്ന് സമ്മതിക്കുമ്പോഴും സമൂഹ നന്മയെ മുന്‍ നിര്‍ത്തി ഈ വിപത്തിനെ ചെറുക്കുവാനുള്ള ബോധപൂര്‍വ്വമായ പരിശ്രമങ്ങള്‍ വ്യക്തികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്. തനിക്കു ചുറ്റുമുള്ള മനുഷ്യജീവികള്‍ക്ക് വിശപ്പകറ്റാനുള്ള സാഹചര്യം നിലനില്‍ക്കുന്നുവെന്ന് ഉറപ്പ് വരുത്തുവാന്‍ നാം ഓരോരുത്തര്‍ക്കും ധാര്‍മ്മികമായ കടമയുണ്ട്. ഒരു രാജ്യത്തേയും ഭരണഘടന അത് നിഷ്‌കര്‍ഷിക്കുന്നില്ലെങ്കില്‍ കൂടി. ആര്‍ഭാടവും ധൂര്‍ത്തുമൊക്കെ നമുക്ക് വ്യക്തി സ്വാതന്ത്ര്യത്തിന്റെ സംരക്ഷത്തില്‍ ചോദ്യം ചെയ്യപ്പെടാനാവില്ലെങ്കിലും, ഒരു നേരത്തെ ഭക്ഷണത്തിനായി നമുക്ക് നേരെ കൈനീട്ടുന്ന പട്ടിണിക്കോലങ്ങള്‍ ലോകത്തെവിടെയോ ഉണ്ടെന്ന ബോധ്യം നമുക്കുണ്ടാകണം. വ്യക്തി ജീവിതത്തിലെ ഉപഭോഗത്തിന്റെ ചെറിയ നിയന്ത്രണത്തിലൂടെയും, ജീവിത ശൈലിയിലെ നിസാര മാറ്റങ്ങളിലൂടെയും ഒരല്പം ഇവര്‍ക്കായി മാറ്റിവെക്കുവാന്‍ തീര്‍ച്ചയായും നാം തയ്യാറാകേണ്ടതാണ്. മരണത്തിന്റെ കരാളഹസ്തങ്ങളിലേക്ക് ദാരിദ്ര്യം സഹജീവികളെ തള്ളിനീക്കുന്നത് തടയാന്‍ നമുക്ക് സാധിക്കണം. അതിനായില്ലെങ്കില്‍ നാല്‍ക്കാലികളില്‍ നിന്ന് എന്ത് മേന്‍മയാണ് സാമൂഹ്യജീവികളായ നമുക്ക് അവകാശപ്പെടാനുള്ളത്.
മൃത്യൂ കാക്കുന്ന ജീവിതങ്ങള്‍ : ബിജോ ജോസ് ചെമ്മാന്ത്ര
ബിജോ ജോസ് ചെമ്മാന്ത്ര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക