Image

മദര്‍ മേരി സെലിന്‍ ദൈവദാസി പദവിയിലേക്ക്

Published on 09 April, 2018
മദര്‍ മേരി സെലിന്‍ ദൈവദാസി പദവിയിലേക്ക്



കൊച്ചി: കര്‍മലീത്ത സന്യാസിനി സമൂഹാംഗം (സിഎംസി) മദര്‍ മേരി സെലിന്‍ ദൈവദാസി പദവിയിലേക്ക്. നാമകരണത്തിന്റെ രൂപതാതല നടപടികളുടെ ആരംഭം എന്ന നിലയിലാണു മദര്‍ മേരി സെലിനെ ദൈവദാസിയായി പ്രഖ്യാപിക്കുന്നത്. ഇന്ന് എറണാകുളം മേജര്‍ ആര്‍ച്ച് ബിഷപ്പ്‌സ് ഹൗസില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ചടങ്ങുകള്‍ നടക്കും. ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, സിഎംസി മദര്‍ ജനറല്‍ സിസ്റ്റര്‍ സിബി, അങ്കമാലി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ പ്രസന്ന, പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ ആവില തുടങ്ങിയവര്‍ പങ്കെടുക്കും. 1906 ഡിസംബര്‍ 10നു എറണാകുളം അങ്കമാലി രൂപതയിലെ മള്ളൂശേരി തട്ടാട് പയ്യപ്പള്ളി കുടുംബത്തില്‍ ഔസേപ്പിന്റെയും കൊച്ചുമറിയയുടെയും ആറാമത്തെ മകളായാണ് മദര്‍ മേരി സെലിന്റെ ജനനം. 

1928 ല്‍ സന്യസ്ഥയായി. കറുകുറ്റി സെന്റ് ജോസഫ് യു പി സ്‌കൂളില്‍ നിന്ന് ആരംഭിച്ച അദ്ധ്യാപന ജീവിതം മുപ്പതു വര്‍ഷത്തോളം നീണ്ടു. 1963 ല്‍ സി. മേരി സെലിന്‍ എറണാകുളം കോതമംഗലം പ്രോവിന്‌സിന്റെ പ്രൊവിന്‍ഷ്യാളായി. 1974 വരെ സി എം സി യുടെ നേതൃസ്ഥാനത്തു മദറായി സേവനം അനുഷ്ടിച്ച സിസ്റ്റര്‍ തന്റെ വിശ്രമജീവിതം നയിച്ചത് മാതൃഭവനമായ കറുകുറ്റി കര്‍മലീത്താ മഠത്തിലായിരുന്നു. 1993 ല്‍ മദര്‍ അന്തരിച്ചു. സമര്‍പ്പിതജീവിതത്തിന്റെ ശാന്തതയില്‍ ആത്മീയതയുടെ ആന്തരികസൗന്ദര്യം അനുഭവിച്ച മദര്‍ മേരി സെലിന്‍, സിഎംസി സമൂഹത്തിന്റെ വിദ്യാഭ്യാസ, സാമൂഹ്യ സേവന സംരംഭങ്ങള്‍ക്കു നേര്‍ധാര പകര്‍ന്ന സന്യാസിനിയായിരിന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക