Image

കുവൈത്തില്‍ സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു

Published on 09 April, 2018
കുവൈത്തില്‍ സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു
 
കുവൈത്ത്: സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ (എസ്എംസിഎ) അബാസിയ ഏരിയായിലെ കുടുംബ യൂണിറ്റുകളുടെ വാര്‍ഷികം വാഴ്ത്തപ്പെട്ട റാണിമരിയ നഗറില്‍ (മറീന ഹാള്‍ അബാസിയ) ആഘോഷിച്ചു. 

റംശാ പ്രാര്‍ഥനയോടെ ആഘോഷപരിപാടികള്‍ക്കു തുടക്കം കുറിച്ചു. തുടര്‍ന്നു കുട്ടികളുടെ കലാപരിപാടികളും ശ്രുതിലയ മ്യൂസിക് ബാന്‍ഡിന്റെ ഐഡിയ സ്റ്റാര്‍സിംഗര്‍ വില്യം നയിച്ച ഗാന മേളയും ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടി. ഈജിപ്ഷ്യന്‍ നൃത്തരൂപമായ തനൂറാ ഡാന്‍സും ഐജു പൂത്തോട്ടേല്‍, ഫ്രഡി പാറോക്കാരന്‍, ജോളി മാടമന എന്നിവരുടെ ആഭിമുഖ്യത്തില്‍ അവതരിപ്പിച്ച നാമോത്തിന്റെ മുന്തിരിത്തോപ്പ്” എന്ന നാടകാവിഷ്‌കാരവും അരങ്ങേറി. പൊതുയോഗത്തില്‍ ജലീബ് അല്‍ ഷൂഖ് പോലീസ് കമാന്‍ഡര്‍ കേണല്‍ ഇബ്രാഹിം അബ്ദുള്‍ റസാഖ് അല്‍ ദേയി മുഖ്യാഥിതി ആയിരുന്നു. ഏരിയ കണ്‍വീനര്‍ സാബു സെബാസ്റ്റ്യന്‍ വടയാറ്റുകുന്നേല്‍ അധ്യക്ഷത വഹിച്ചു. ഉത്തര അറേബ്യാ സീറോ മലബാര്‍ എപ്പിസ്‌കോപ്പല്‍ വികാരി ഫാ.ജോണി ലോനിസ് ഒഎഫ്എം, ഫാ. പ്രകാശ് കാഞ്ഞിരത്തുങ്കല്‍ ഒഎഫ്എം എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. എസ്എംസിഎ പ്രസിഡന്റ് ജോണ്‍സണ്‍ നീലങ്കാവില്‍, ഏരിയാ ബാലദീപ്തി കണ്‍വീനര്‍ ജീവന്‍ സുനില്‍ റാപ്പുഴ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. 

ഫാ. ജോണി ലോനിസ് വാര്‍ഷികാഘോഷ സ്മരണിക സുനില്‍ റാപ്പുഴയ്ക്കു നല്‍കി പ്രകാശനം ചെയ്തു. പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന എസ്എംസിഎ മുന്‍ ജനറല്‍ സെക്രട്ടറി തോമസ് ലോനപ്പന്‍ പട്ടത്തു പറന്പിലിനെയും സ്തുത്യര്‍ഹ സേവനത്തിനു ബാബു ജോസഫ് കിഴക്കേപറന്പിലിനേയും യോഗത്തില്‍ ആദരിച്ചു. ഏരിയ സെക്രട്ടറി ടോബി റാത്തപ്പിള്ളി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഏരിയ ട്രഷറര്‍ ജോസ് പൊക്കാളിക്കടവില്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക