Image

സിറിയയില്‍ മിസൈല്‍ ആക്രമണം; 14 സൈനികര്‍ കൊല്ലപ്പെട്ടു

Published on 10 April, 2018
സിറിയയില്‍ മിസൈല്‍ ആക്രമണം; 14 സൈനികര്‍ കൊല്ലപ്പെട്ടു
മധ്യസിറിയയില്‍ ഹോംസ് നഗരത്തിനു സമീപമുള്ള ടിയാസ് എയര്‍പോര്‍ട്ടില്‍(ടി-4 എയര്‍ബേസ്) ഇന്നലെ പുലര്‍ച്ചെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ കുറഞ്ഞത് 14 സൈനികര്‍ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ രണ്ട് എഫ്-15 വിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന് റഷ്യ ആരോപിച്ചു.

ഇസ്രേലി സൈനിക വക്താവ് പ്രതികരിക്കാന്‍ വിസമ്മതിച്ചു. ആക്രമണത്തിനു മുന്പു അമേരിക്കയ്ക്ക് ഇസ്രയേല്‍ വിവരം നല്‍കിയിരുന്നുവെന്നു രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ബിസി ടിവി റിപ്പോര്‍ട്ടു ചെയ്തു.

മരിച്ചവരില്‍ മൂന്നു സിറിയന്‍ കമാന്‍ഡര്‍മാരും ഇറാന്റെ നാലു ഭടന്മാരുമുണ്ട്. റഷ്യക്കാര്‍ക്ക് ആര്‍ക്കും അപായമില്ലെന്ന് മോസ്‌കോ വ്യക്തമാക്കി. ലബനനിലെ ബെക്കാ താഴ്വരയില്‍ നിന്നാണ് ഇസ്രേലി വിമാനങ്ങള്‍ മിസൈല്‍ തൊടുത്തുവിട്ടതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിയാ നോവോസ്തി പറഞ്ഞു. എട്ടു മിസൈലുകളില്‍ അഞ്ചെണ്ണം തകര്‍ക്കാനായി. മിസൈലുകള്‍ സിറിയന്‍ അതിര്‍ത്തിയില്‍ കടന്നയുടന്‍ വ്യോമപ്രതിരോധ സംവിധാനം പ്രവര്‍ത്തനക്ഷമമായെന്ന് സിറിയന്‍ സൈനിക കേന്ദ്രങ്ങള്‍ പറഞ്ഞു. മിസൈലുകള്‍ പറക്കുന്ന ദൃശ്യം സിറിയന്‍ ടിവി സംപ്രേഷണം ചെയ്തു.

ശനിയാഴ്ച ഈസ്റ്റേണ്‍ ഗൂട്ടായിലെ ദൂമാ പട്ടണത്തില്‍ സിറിയന്‍ സൈന്യം നടത്തിയതായി പറയപ്പെടുന്ന രാസായുധാക്രമണത്തിനു പ്രതികാരമായി അമേരിക്കയും ഫ്രാന്‍സുമാണു മിസൈല്‍ ആക്രമണം നടത്തിയതെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ മിസൈല്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക