Image

കാവേരി: കേന്ദ്രത്തിന് രൂക്ഷവിമര്‍ശം

Published on 10 April, 2018
കാവേരി: കേന്ദ്രത്തിന് രൂക്ഷവിമര്‍ശം
സംസ്ഥാനങ്ങള്‍ക്കിടയില്‍ കാവേരി നദീജലം പങ്കിടാന്‍ കര്‍മപദ്ധതി രൂപീകരിക്കണമെന്ന മുന്‍ ഉത്തരവ് നടപ്പാക്കാത്ത കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ രൂക്ഷവിമര്‍ശം. കര്‍മപദ്ധതിരേഖ തയ്യാറാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന കേന്ദ്രആവശ്യം കോടതി തള്ളി. മെയ് മൂന്നിനുള്ളില്‍ കരടുരേഖ സമര്‍പ്പിച്ച് വിശ്വാസ്യത തെളിയിക്കണമെന്ന് സുപ്രീകോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. കര്‍മപദ്ധതി കോടതി അംഗീകരിക്കുന്നതുവരെ സമാധാനം നിലനിര്‍ത്താന്‍ സംസ്ഥാനസര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണം. 

കേന്ദ്രം ഉത്തരവ് നടപ്പാക്കിയില്ലെന്നു ചൂണ്ടിക്കാട്ടി തമിഴ്‌നാടും പുതുച്ചേരിയും സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ആറാഴ്ചയ്ക്കുള്ളില്‍ കര്‍മപദ്ധതി നടപ്പാക്കുന്ന രീതിയില്‍ ഇടപെടല്‍ നടത്തുമെന്ന് ചീഫ്ജസ്റ്റിസ് ഉറപ്പുനല്‍കി. കര്‍ണാടക തെരഞ്ഞെടുപ്പ് കഴിയുംവരെ കര്‍മപദ്ധതിരൂപീകരണം നീട്ടിക്കൊണ്ടുപോകാനാണ് കേന്ദ്രനീക്കം. സുപ്രീംകോടതി ഇടപെടലോടെ ഇതു പൊളിഞ്ഞു.

ആറാഴ്ചയ്ക്കുള്ളില്‍ കര്‍മപദ്ധതി നടപ്പാക്കണമെന്ന് ഫെബ്രുവരി 16ന് പുറപ്പെടുവിച്ച ഉത്തരവിലെ വ്യക്തമായ നിര്‍ദേശം നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് ചീഫ്ജസ്റ്റിസ് കേന്ദ്രത്തോട് ആരാഞ്ഞു. ഏറെ ഗവേഷണം നടത്തിയും അധ്വാനിച്ചുമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നിട്ടും, ഉത്തരവ് നടപ്പാക്കാന്‍ കേന്ദ്രം തയ്യാറാകാത്തത് അതിശയിപ്പിക്കുന്നു. കര്‍മപദ്ധതി രൂപീകരിക്കാനും ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് ജലം പങ്കിടാനും കേന്ദ്രസര്‍ക്കാരിന് താല്‍പ്പര്യമുണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്തണം. സമയബന്ധിതമായി ജലംപങ്കിടാനുള്ള കരട് കര്‍മപദ്ധതി തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കണം. സംസ്ഥാനങ്ങള്‍ക്ക് കര്‍മപദ്ധതിയെക്കുറിച്ച് അഭിപ്രായം അറിയിക്കാനുള്ള സമയം നല്‍കണം. സുപ്രീംകോടതി ഉത്തരവ് പ്രകാരം ജലം അനുവദിക്കണം. ഏതുസമയവും മേല്‍നോട്ടം വഹിക്കാന്‍ കോടതിക്ക് സാധിക്കില്ല. അതുകൊണ്ടാണ് നിയമപ്രകാരം കര്‍മപദ്ധതി രൂപീകരിക്കണമെന്ന് ഉത്തരവിട്ടത്. ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ താല്‍പ്പര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ കോടതി ഇടപെട്ട് പദ്ധതി തയ്യാറാക്കും. സര്‍ക്കാര്‍ അത് നടപ്പാക്കേണ്ടി വരുമെന്നും ചീഫ്ജസ്റ്റിസ് മുന്നറിയിപ്പു നല്‍കി.

സുപ്രീംകോടതി ഉത്തരവ് കേന്ദ്രസര്‍ക്കാരിനു മാത്രം മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നത് ദുരൂഹമാണെന്ന് തമിഴ്‌നാടിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശേഖര്‍നഫാഡെ വാദിച്ചു. കരടുരേഖ തയ്യാറാക്കി എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം അറിയിക്കാന്‍ സമയം അനുവദിക്കുന്നതിലൂടെ കൂടുതല്‍ കാലതാമസമുണ്ടാകുമെന്ന ആശങ്കയും തമിഴ്‌നാട് മുന്നോട്ടുവച്ചു. കര്‍ണാടകം, തമിഴ്‌നാട്, കേരളം, പുതുച്ചേരി സംസ്ഥാനങ്ങള്‍ കാവേരിനദീജലം പങ്കിടുന്നതു സംബന്ധിച്ച് രണ്ടുപതിറ്റാണ്ടിലേറെ നീണ്ട നിയമവ്യവഹാരത്തിനാണ് ഫെബ്രുവരി 16ന് അന്തിമ ഉത്തരവിലൂടെ സുപ്രീംകോടതി തീര്‍പ്പു കല്‍പ്പിച്ചത്.
നദികളുടെ അവകാശം കേന്ദ്രത്തിന് നല്‍കാനാകില്ല: സുപ്രീംകോടതി 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക