Image

ബി.ജെ.പി എം.എല്‍.എയുടെ പീഡനത്തിനിരയായ യുവതി ഗ്രാമത്തിലേക്ക്‌ മടങ്ങാന്‍ വിസമ്മതിച്ചു

Published on 11 April, 2018
ബി.ജെ.പി എം.എല്‍.എയുടെ പീഡനത്തിനിരയായ യുവതി ഗ്രാമത്തിലേക്ക്‌ മടങ്ങാന്‍ വിസമ്മതിച്ചു
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉനാവോയില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ്‌ സിങ്ങിന്റെ പീഡനത്തിനിരയായ യുവതി സ്വന്തം ഗ്രാമത്തിലേക്ക്‌ മടങ്ങാന്‍ വിസമ്മതിച്ചു. ഉനവോയില്‍ നിന്നും പതിനഞ്ചു മീറ്റര്‍ അകലെയുള്ള ഗ്രമത്തിലാണ്‌ യുവതി താമസിക്കുന്നത്‌.

എം.എല്‍.എയെ പേടിച്ചാണ്‌ യുവതിയും കുടുംബവും ഗ്രമത്തിലേക്കു മടങ്ങാന്‍ വിസമ്മതിക്കുന്നത്‌. എം.എല്‍.എയുടെ സഹോദരനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്യുക കൂടി ചെയ്‌തതോടെ ഭീഷണി ശക്തമാണെന്ന്‌ ഇവര്‍ പറയുന്നു. ഗ്രാമത്തില്‍ ആരം തങ്ങളെ സഹായിക്കില്ലെന്നും കുല്‍ദീപ്‌ സിങ്ങിനെതിരെ സംസാരിക്കാന്‍ ആര്‍ക്കും ധൈര്യമില്ലെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം, ഇവര്‍ക്ക്‌ ഉനാവോയില്‍ താമസ സൗകര്യം ഏര്‍പെടുത്തിയതായി പൊലിസ്‌ പറഞ്ഞു.
തന്നെ പീഡിപ്പിച്ച എം.എല്‍.എക്കെതിരേ നടപടി ആവശ്യപ്പെട്ട്‌ യുവതിയും കുടുംബവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്‍പില്‍ ആത്മഹത്യക്ക്‌ ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന്‌ യുവതിയുടെ പിതാവ്‌ പപ്പു സിങ്ങിനെ പൊലിസ്‌ കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം ഇയാള്‍ പൊലിസ്‌ കസ്റ്റഡിയില്‍ മരിച്ചിരുന്നു. സംഭവത്തില്‍ എം.എല്‍.എയുടെ സഹോദരന്‍ അതുല്‍ സിങിനെ പൊലിസ്‌ അറസ്റ്റ്‌ ചെയ്‌തു. എം.എല്‍.എയുടെ അനുയായികളായ വിനീത്‌, ബൗവ, ഷെയ്‌ലു, സോനു എന്നിവരേയും അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. ഇവരെല്ലാം ചേര്‍ന്ന്‌ യുവതിയുടെ പിതാവ്‌ പപ്പു സിങ്ങിനെ മര്‍ദിച്ചിരുന്നതായി ഉനാവോ പൊലിസ്‌ സൂപ്രണ്ട്‌ പുഷ്‌പാഞ്‌ജലി ദേവി പറഞ്ഞു.

കസ്റ്റഡിമരണം അന്വേഷിക്കുന്ന പ്രത്യേകസംഘമാണ്‌ ഇവരെ അറസ്റ്റ്‌ ചെയ്‌തത്‌. പപ്പുസിങ്ങിനെ അതുല്‍സിങ്‌ ക്രൂരമായി മര്‍ദിച്ചിരുന്നതായി പൊലിസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ്‌ പപ്പു സിങ്ങിന്റെ മരണമെന്നാണ്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. ആന്തരികാവയവങ്ങള്‍ക്കു മുറിവേറ്റതിനെ തുടര്‍ന്നാണ്‌ രക്തസ്രാവമുണ്ടായതെന്നും കൃത്യമായ ചികിത്സ ലഭിക്കാത്തതാണ്‌ മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യുവതിയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട്‌ ആറ്‌ പൊലിസുകാരെ സസ്‌പെന്‍ഡ്‌ ചെയ്യുകയും ചെയ്‌തിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക