Image

ക്ഷേത്രദര്‍ശന വിവാദം: രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ വാര്‍ത്തകള്‍ എഴുതിക്കുന്നുവെന്നു ഇ.പി. ജയരാജന്‍

Published on 11 April, 2018
ക്ഷേത്രദര്‍ശന വിവാദം: രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ വാര്‍ത്തകള്‍ എഴുതിക്കുന്നുവെന്നു ഇ.പി. ജയരാജന്‍
മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ താന്‍ ദര്‍ശനം നടത്തിയെന്ന വിവാദത്തിനു പിന്നില്‍ ആരൊക്കെയോ ഉണ്ടെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍. രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ എനിക്കെതിരെ ആരോ വാര്‍ത്തകള്‍ എഴുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൂര മഹോത്സവത്തിന്റെ ഭാഗമായുള്ള സാംസ്‌ക്കാരിക സമ്മേളനവും ആയോധന കളരിയില്‍ പത്മശ്രീ നേടിയ മീനാക്ഷിയമ്മ ഗുരുക്കള്‍ക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്യുന്നതിനാണ് 2017 ഏപ്രില്‍ ആറിന് ക്ഷേത്രത്തില്‍ പോയത്. തന്റെ മണ്ഡലത്തിലെ പുരാതന ക്ഷേത്രമാണിത്.
പരിപാടിക്കെത്തിയപ്പോള്‍ ക്ഷേത്രത്തിന്റെ ഉള്ളിലെ അത്യപൂര്‍വമായ വാസ്തുഭംഗി കാണുന്നതിനായി ക്ഷേത്ര അധികൃതര്‍ അഭ്യര്‍ഥിച്ചു. ഇതേത്തുടര്‍ന്നാണ് ക്ഷേത്രത്തില്‍ കയറിയത്. ക്ഷേത്രത്തില്‍ പ്രവേശിക്കണമെങ്കില്‍ ഷര്‍ട്ടും ചെരിപ്പും അഴിക്കണമെന്ന് എല്ലാവര്‍ക്കുമറിയാം. അതുമാത്രമാണ് താനും ചെയ്തത്. ഒരുവര്‍ഷം മുമ്പാണ് സംഭവം. ഇപ്പോള്‍ ഇത് വിവാദമാക്കേണ്ടത് ആരുടെയൊക്കെയോ താല്‍പര്യമാണ് അദ്ദേഹം വ്യക്തമാക്കി.
ഇ.പി. ജയരാജന്‍ എം.എല്‍.എ ദര്‍ശനത്തിന് വേണ്ടിയല്ല ക്ഷേത്രത്തില്‍ എത്തിയതെന്ന് ക്ഷേത്രം അധികൃതരും വ്യക്തമാക്കി. പൂരമഹോത്സവത്തിന്റെ ഭാഗമായുള്ള സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തിയതെന്നും തങ്ങളുടെ നിര്‍ബന്ധ പ്രകാരമാണ് ക്ഷേത്രത്തിന് അകത്ത് കടന്നതെന്നും അധികൃതര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക