Image

ഹരിപ്പാട്‌ 10 വയസുകാരി മരിച്ച സംഭവം; രക്തസാമ്പിള്‍ സൂക്ഷിക്കണമെന്ന്‌ ഹൈക്കോടതി

Published on 12 April, 2018
ഹരിപ്പാട്‌   10 വയസുകാരി  മരിച്ച സംഭവം; രക്തസാമ്പിള്‍ സൂക്ഷിക്കണമെന്ന്‌ ഹൈക്കോടതി
കൊച്ചി: എച്ച്‌.ഐ.വി ബാധിച്ചെന്ന്‌ സംശയമുണ്ടായിരുന്ന ഹരിപ്പാട്‌ സ്വദേശി ബാലിക മരിച്ച സംഭവത്തില്‍ ഇടപെട്ട്‌ ഹൈക്കോടതി. മരിച്ച ബാലികയുടെ രക്തസാമ്പിളും ആശുപത്രി രേഖകളും സൂക്ഷിക്കണമെന്ന്‌ തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്ററിന്‌ ഹൈക്കോടതി നിര്‍ദേശം നല്‍കി.
സംഭവത്തില്‍ വിശദ അന്വേഷണമാവശ്യപ്പെട്ട്‌ ബാലികയുടെ മാതാവ്‌ നല്‍കിയ ഹരജിയിലാണ്‌ കോടതി നടപടി. അധികൃതരുടെ അനാസ്ഥയാണ്‌ കുട്ടിയെ എച്ച്‌.ഐ.വി രോഗിയാക്കിയതെന്നും ജീവിക്കാനുള്ള മൗലികാവകാശത്തെ ഹനിക്കുന്ന നടപടിയാണിതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.


രക്താര്‍ബുദം ബാധിച്ച കുട്ടിയെ ആര്‍.സി.സിയില്‍ ചികിത്സക്ക്‌ എത്തിച്ചപ്പോള്‍ നടത്തിയ പരിശോധനയില്‍ എച്ച്‌.ഐ.വി നെഗറ്റീവ്‌ ആയിരുന്നു. രക്തം സ്വീകരിച്ച ശേഷം നടത്തിയ പരിശോധനയിലാണ്‌ എച്ച്‌.ഐ.വി പോസിറ്റീവ്‌ എന്ന്‌ കണ്ടെത്തിയത്‌. പിന്നീട്‌ മറ്റിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ എച്ച്‌.ഐ.വി പോസിറ്റീവ്‌ എന്ന്‌ സ്ഥിരീകരിക്കുകയും ചെയ്‌തു. ആര്‍.സി.സിയിലെ ബ്ലഡ്‌ ബാങ്കില്‍ നിന്നാണ്‌ ബാലികക്ക്‌ രക്തം നല്‍കിയിരുന്നത്‌.


14 മാസമായി അര്‍ബുദത്തിന്‌ ചികിത്സയിലായിരുന്ന 10 വയസുകാരി ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ബുധനാഴ്‌ച രാവിലെയാണ്‌ മരിച്ചത്‌. മൂന്നാം ക്ലാസ്‌ വിദ്യാര്‍ഥിയാണ്‌. ആര്‍.സി.സിയില്‍ നിന്ന്‌ 2017 നവംബറില്‍ ഡിസ്‌ചാര്‍ജ്‌ ചെയ്‌തു. ഇടക്കിടെ രക്തം മാറ്റാന്‍ വണ്ടാനം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ വന്നിരുന്നു.

എന്നാല്‍, ആരോപണം ആര്‍.സി.സി അധികൃതര്‍ നിഷേധിച്ചു. ചെന്നൈയിലെ ലാബില്‍ നടത്തിയ ആദ്യഘട്ട പരിശോധനയില്‍ എച്ച്‌.ഐ.വി ബാധിച്ചിട്ടില്ലെന്ന്‌ കണ്ടെത്തിയിരുന്നു. വിശദ പരിശോധനക്ക്‌ ഡല്‍ഹിയിലെ ലാബില്‍ അയച്ചിരിക്കുകയാണ്‌. ഫലം കാത്തിരിക്കെയാണ്‌ മരണം സംഭവിച്ചത്‌്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക