Image

'മോഹന്‍ലാല്‍' ചിത്രം ഏപ്രില്‍ 14ന് തന്നെ തിയേറ്ററില്‍

Published on 12 April, 2018
'മോഹന്‍ലാല്‍' ചിത്രം ഏപ്രില്‍ 14ന് തന്നെ തിയേറ്ററില്‍
മഞ്ജു വാരിയരും ഇന്ദ്രജിത്തും പ്രധാനവേഷങ്ങളിലെത്തുന്ന 'മോഹന്‍ലാല്‍' എന്ന ചിത്രം ഏപ്രില്‍ 14ന് തന്നെ തിയേറ്ററിലെത്തും. ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചതോടെയാണ് നിശ്ചയിച്ചുറപ്പിച്ച ദിവസം തന്നെ ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. സാജിദ് യഹിയ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ എന്ന സിനിമയുടെ കഥ സംബന്ധിച്ചുണ്ടായ പ്രശ്‌നമാണ് അനിശ്ചിതത്വത്തിന് കാരണം. 

ഈ സിനിമയുടെ തിരക്കഥ 'മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്' എന്ന തന്റെ കഥാസമാഹാരത്തെ ആസ്പദമാക്കിയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി സംവിധായകനും തിരക്കഥാകൃത്തുമായ കലവൂര്‍ രവികുമാര്‍ കേസ് കൊടുക്കുകയായിരുന്നു. തുടര്‍ന്ന് തൃശൂര്‍ ജില്ലാ കോടതി റിലീസ് തടഞ്ഞു. ഇതേതുടര്‍ന്ന് നിര്‍മാതാക്കളും കലവൂര്‍ രവികുമാറും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ രവികുമാറിന് അഞ്ച് ലക്ഷം രൂപ പ്രതിഫലമായി നല്‍കിയാണ് ഒത്തുതീര്‍പ്പുണ്ടാക്കിയത്. 

മോഹന്‍ലാല്‍ ആരാധികയായ മീനക്കുട്ടി എന്ന കഥാപാത്രമായാണ് മഞ്ജു വാര്യര്‍ ചിത്രത്തില്‍ എത്തുന്നത്. മഞ്ജുവിന്റെ ഭര്‍ത്താവായ സേതുമാധവന്റെ വേഷത്തിലാണ് ഇന്ദ്രജിത്ത് എത്തുന്നത്. 1980ല്‍ ക്രിസ്മസ് റിലീസായി മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയില്‍ വില്ലനായാണ് മോഹന്‍ലാല്‍ മലയാളത്തില്‍ അരങ്ങേറിയത്. ഈ ചിത്രം തിയേറ്ററുകളില്‍ എത്തിയ ദിവസം ജനിച്ച കഥാപാത്രത്തിലൂടെയാണ് മോഹന്‍ലാല്‍ എന്ന സിനിമ ആരംഭിക്കുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ പുലിമുരുകന്‍ വരെയുള്ള മോഹന്‍ലാല്‍ സിനിമകളിലൂടെയുള്ള സഞ്ചാരമാണ് ഈ സിനിമ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക