Image

പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ് (പി.സി.എന്‍.എ.കെ) പ്രമോഷണല്‍ യോഗം ഫ്‌ളോറിഡയില്‍

നിബു വെള്ളവന്താനം (നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍) Published on 12 April, 2018
പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ് (പി.സി.എന്‍.എ.കെ) പ്രമോഷണല്‍ യോഗം ഫ്‌ളോറിഡയില്‍
ന്യൂയോര്‍ക്ക്: പെന്തക്കോസ്തല്‍ കോണ്‍ഫ്രന്‍സ് ഓഫ് നോര്‍ത്ത് അമേരിക്കന്‍ കേരളൈറ്റ്‌സ് (പി.സി.എന്‍.എ.കെ) കോണ്‍ഫ്രന്‍സിന്റെ വിജയകരമായ നടത്തിപ്പിനായുള്ള പ്രമോഷണല്‍ യോഗങ്ങളും രജിസ്‌ട്രേഷന്‍ സ്വീകരിക്കലും സൗത്ത് ഫ്‌ളോറിഡയിലും സെന്‍ട്രല്‍ ഫ്‌ളോറിഡയിലും 21, 22 തീയതികളില്‍ നടത്തപ്പെടും.

ഏപ്രില്‍ 21 ശനി വൈകിട്ട് 6ന് സണ്‍റൈസിലുള്ള ഐ.പി.സി സൗത്ത് ഫ്‌ളോറിഡ സഭയില്‍ വെച്ച് നടത്തപ്പെടുന്ന പ്രമോഷണല്‍ യോഗത്തിനും സംഗീത ശുശ്രൂഷകള്‍ക്കും നാഷണല്‍ പ്രതിനിധി മനു ഫിലിപ്പ് , യുവജന വിഭാഗം പ്രതിനിധി സാം ജോര്‍ജ് തുടങ്ങിയവര്‍ നേത്യത്വം നല്‍കും. ഏപ്രില്‍ 22 ഞായര്‍ വൈകിട്ട് 4ന് ഒര്‍ലാന്റോ ഐ.പി.സി സഭാഹാളില്‍ നടത്തപ്പെടുന്ന പ്രമോഷണല്‍ യോഗത്തിന് നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍ നിബു വെള്ളവന്താനം, യുവജന പ്രതിനിധി സ്‌റ്റെഫിന്‍ ജേക്കബ് തുടങ്ങിയവര്‍ നേത്യത്വം നല്‍കും.

ദേശീയ ഭാരവാഹികളെ കൂടാതെ ഫ്‌ളോറിഡയുടെ വിവിധ പട്ടണങ്ങളില്‍ നിന്നുമായി എത്തിച്ചേരുന്ന സഭാ ശുശ്രൂഷകന്മാരും പി.സി.എന്‍.എ.കെ മുന്‍ ഭാരവാഹികളും, വിശ്വാസ പ്രതിനിധികളും സമ്മേളനങ്ങളില്‍ സംബദ്ധിക്കും. യോഗങ്ങളോടനുബദ്ധിച്ച് ആത്മീയ ഗാന ശുശ്രുഷകളും ഉണ്ടായിരിക്കും. കോണ്‍ഫ്രന്‍സിന്റെ നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ബഥേല്‍ ജോണ്‍സണ്‍ ഇടിക്കുള, നാഷണല്‍ സെക്രട്ടറി വെസ്‌ളി മാത്യു, നാഷണല്‍ ട്രഷറാര്‍ ബാബുക്കുട്ടി ജോര്‍ജ്, യൂത്ത് കോര്‍ഡിനേറ്റര്‍ ഷോണി തോമസ്, ലേഡീസ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ആശ ഡാനിയേല്‍, കോണ്‍ഫ്രന്‍സ് കോര്‍ഡിനേറ്റര്‍ ഡോ.തോമസ് ഇടിക്കുള തുടങ്ങിയവര്‍ കോണ്‍ഫ്രന്‍സിന്റെ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെകുറിച്ച് വിശദീകരിക്കുകയും, മുഖ്യ പ്രാസംഗികരെ പരിചയപ്പെടുത്തി ചിന്താവിഷയം അവതരിപ്പിക്കുകയും ചെയ്യും. പെന്തക്കോസ്ത് കോണ്‍ഫ്രന്‍സുകളുടെ മുന്‍ ഭാരവാഹികളെ കൂടാതെ വിവിധ സഭാ ശുശ്രൂഷകന്മാരും വിശ്വാസി പ്രതിനിധികളും, നാഷണല്‍ ലോക്കല്‍ തലത്തിലുള്ള ഭാരവാഹികളും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

2018 ജൂലൈ 5 മുതല്‍ 8 വരെ ബോസ്റ്റണ്‍ പട്ടണത്തിലുള്ള മാസ് മ്യൂച്ചല്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ വെച്ചാണ് ആത്മീയ മഹാ സംഗമം നടത്തപ്പെടുന്നത്. പി.സി.എന്‍.എ.കെ കോണ്‍ഫ്രന്‍സില്‍ സംബദ്ധിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ യോഗങ്ങളില്‍ പങ്കെടുത്ത് കുറഞ്ഞ നിരക്കിലുള്ള രജിസ്‌ട്രേഷന്‍ റിസര്‍വ്വ് ചെയ്യണം. നാല് ദിവസമായി സംഘടിപ്പിക്കുന്ന പി.സി.എന്‍.എ.കെ കണ്‍വന്‍ഷനില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിക്കുന്നതിനുള്ള സൗകര്യങ്ങളാണ് നാഷണല്‍ ലോക്കല്‍ കമ്മറ്റികള്‍ സംയുക്തമായി ചെയ്തുവരുന്നതെന്ന് നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ബഥേല്‍ ജോണ്‍സണ്‍ ഇടിക്കുള അറിയിച്ചു.

പെന്തക്കോസ്ത് സമൂഹത്തിന്റെയും വിശ്വാസികളുടെയും ഐക്യം ആഗ്രഹിക്കുന്ന ദൈവജനം ഈ കോണ്‍ഫ്രന്‍സില്‍ കടന്നു വരികയും, രജിസ്റ്റര്‍ ചെയ്ത് സ്‌പോണ്‍സര്‍ഷിപ്പില്‍ പങ്കാളികളാകുകയും ഉദാരമായ സംഭാവനകള്‍ തന്ന് ഈ നല്ല സംരംഭത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് ദേശീയ സെക്രട്ടറി വെസ്‌ളി മാത്യൂ ഡാളസ് അറിയിച്ചു. കടന്നു വരുന്ന ദൈവമക്കളുടെ പ്രത്യാശയ്ക്ക് ഒട്ടും മങ്ങല്‍ ഏല്‍ക്കാതെ ദൈവ കേള്‍വിക്കും ആരാധനയ്ക്കും പ്രാധാന്യം കൊടുത്തുകൊണ്ട് മറ്റ് പരിപാടികള്‍ കഴിവതും ഒഴിവാക്കി ദൈവജനത്തിന് ആത്മിക നിര്‍വ്യതി നല്‍കുന്ന യോഗങ്ങളായിരിക്കും എല്ലാ സെക്ഷനുകളിലും ക്രമീകരിക്കപ്പെടുകയെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാരിയറ്റ് ഷെരാട്ടണ്‍ ( ടൗണ്‍ സ്വകയര്‍ ), ഹോളിഡേ ഇന്‍ ഹോട്ടലുകള്‍ താമസിക്കുന്നതിനായി തിരഞ്ഞെടുക്കാം. പിന്നീട് രജിസ്റ്റര്‍ ചെയുന്നവര്‍ക്കായി റീജന്‍സി ഇന്‍ ആന്റ് സ്യൂട്ട്‌സ്, കാന്റില്‍വുഡ് സ്യൂട്ട്‌സ്, ക്ലാരിയോണ്‍, ക്വാളിറ്റി ഇന്‍ തുടങ്ങിയ ഹോട്ടലുകള്‍ അക്കോമഡേഷനായി ലഭ്യമാകും. ഈ പ്രാവശ്യം വിശ്വാസികളുടെ വന്‍ പങ്കാളിത്തമാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. വെബ് സൈറ്റ്, ഇ മെയില്‍, ഫോണ്‍ എന്നിവ വഴി രജിസ്‌ട്രേഷന്‍ ചെയ്യുവാനുള്ള സൗകര്യങ്ങള്‍ പരമാവധി ഏവരും പ്രയോജനപ്പെടുത്തണമെന്ന് നാഷണല്‍ ട്രഷറാര്‍ ബാബുക്കുട്ടി ജോര്‍ജ് അറിയിച്ചു.

ഹോട്ടലുകളില്‍ നിന്ന് കോണ്‍ഫ്രന്‍സ് വേദിയിലേക്ക് സൗജന്യ വാഹന സൗകര്യം ഉണ്ടായിരിക്കും. കോണ്‍ഫ്രന്‍സ് തീയതിക്കു മുമ്പ് 3 ദിവസവും കോണ്‍ഫ്രന്‍സ് കഴിഞ്ഞ് 3 ദിവസവും പി.സി.എന്‍. എ.കെ അക്കോമഡേഷന്‍ നിരക്കില്‍ ആവശ്യമുള്ളവര്‍ക്ക് റൂമുകള്‍ ലഭിക്കുന്നതാണെന്ന് കോണ്‍ഫ്രന്‍സ് കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ഡോ. തോമസ് ഇടിക്കുള അറിയിച്ചു. വിവിധതരത്തില്‍ മുന്‍വര്‍ഷങ്ങളിലേക്കാള്‍ പുതുമകള്‍ ഉള്‍ക്കൊള്ളുന്ന ഈ കോണ്‍ഫ്രന്‍സ് പെന്തക്കസ്ത് അനുഭവങ്ങളിലേക്ക് വിശ്വാസ സമൂഹം മടങ്ങി വരേണ്ടതിനും അവരുടെ ആത്മീയ ഉത്തേജനത്തിനു ഊന്നല്‍ നല്‍കുന്നതിനുമായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

ബോസ്റ്റണ്‍ സ്പ്രിങ്ങ് ഫീല്‍ഡിലുള്ള പ്രസിദ്ധമായ മാസ് മ്യൂച്ചല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് 36 മത് പി.സി.എന്‍.എ.കെ സമ്മേളനം നടത്തപ്പെടുന്നത്. വിസ്തൃതമായ പ്രോഗ്രാമുകള്‍, മികച്ച താമസഭക്ഷണ യാത്ര സൗകര്യങ്ങള്‍ തുടങ്ങിയവ മഹായോഗത്തോട് അനുബന്ധിച്ച്, കുറ്റമറ്റ രീതിയില്‍ ക്രമീകരിക്കുന്നതിനായി നാഷണല്‍ ലോക്കല്‍ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതായി മീഡിയ കോര്‍ഡിനേറ്റര്‍ നിബു വെള്ളവന്താനം അറിയിച്ചു.

നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമായി ചിതറി പാര്‍ക്കുന്ന പെന്തക്കോസ്തുകാരായ ദൈവജനത്തിന്റെ കൂട്ടായ്മയായ പി.സി.എന്‍.എ.കെ. കേരളത്തിനു പുറത്ത്, വിദേശരാജ്യങ്ങളില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സംഗമമാണ്. " അങ്ങയുടെ രാജ്യം വരേണമേ'' എന്നുള്ള വിഷയത്തെ ആസ്പദമാക്കി സുപ്രസിദ്ധ ഉണര്‍വ്വ് പ്രഭാഷകരും അതിഥി പ്രാസംഗികരും വിവിധ സെക്ഷനുകളില്‍ ദൈവവചനം പ്രസംഗിക്കും. സമ്മേളനം അനുഗ്രഹകരമായിത്തീരാനും വിശ്വാസികള്‍ പങ്കെടുക്കുവാനും, പ്രാര്‍ത്ഥിക്കുവാനും ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും -www.pcnak2018.org

വാര്‍ത്ത: നിബു വെള്ളവന്താനം
പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ് (പി.സി.എന്‍.എ.കെ) പ്രമോഷണല്‍ യോഗം ഫ്‌ളോറിഡയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക