Image

ശമ്പളവും വര്‍ക്ക്‌ പെര്‍മിറ്റുമില്ലാതെ മൂന്നു മലയാളി നഴ്‌സുമാര്‍ രണ്‌ടു വര്‍ഷമായി ദുരിതത്തില്‍

Published on 21 March, 2012
ശമ്പളവും വര്‍ക്ക്‌ പെര്‍മിറ്റുമില്ലാതെ മൂന്നു മലയാളി നഴ്‌സുമാര്‍ രണ്‌ടു വര്‍ഷമായി ദുരിതത്തില്‍
റിയാദ്‌: ശമ്പളവും ഇഖാമയും വര്‍ക്ക്‌ പെര്‍മിറ്റമില്ലാതെ മൂന്നു മലയാളി നഴ്‌സുമാര്‍ രണ്‌ടു വര്‍ഷമായി ദുരിതത്തില്‍. സാറാമ്മ വര്‍ഗീസ്‌ (47), സുഭദ്ര ഓമനക്കുട്ടന്‍(39), ശ്രീലത വാസുദേവന്‍ നായര്‍ (42) എന്നിവരാണ്‌ നാട്ടിലേക്കു മടങ്ങാന്‍ എക്‌സിറ്റ്‌ പോലും ലഭിക്കാതെ ദുരിതം നേരിടുന്നത്‌. റിയാദിലെ സ്വകാര്യ പോളി ക്ലിനിക്കില്‍ 18 വര്‍ഷമായി ജോലി ചെയ്‌തുവരുന്ന ഇവരുടെ സ്‌പോണ്‍സര്‍ മരിച്ചതിനെ തുടര്‍ന്ന്‌ ഉടമസ്ഥാവകാശം കൈമാറിയതോടെയാണ്‌ ദുരിതം തുടങ്ങിയത്‌.

2009 മാര്‍ച്ചില്‍ പുതിയ സ്‌പോണ്‍സറുടെ കീഴില്‍ ക്‌ളിനിക്‌ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഒന്‍പതു മാസങ്ങള്‍ക്കു ശേഷം 2010 ജനുവരി മൂന്നിനു മുന്നറിയിപ്പില്ലാതെ ക്ലിനിക്‌ അടക്കുകയായിരുന്നു. ജീവനക്കാര്‍ ഇതോടെ പെരുവഴിയിലായി. മറ്റു സ്ഥാപനങ്ങളില്‍ നിയമപരമായി തൊഴില്‍ തേടാനുള്ള അവസരവും ഇവര്‍ക്കു അനുവദിച്ചില്ല. അന്നു മുതല്‍ ശമ്പളം ലഭിക്കുകയോ കാലാവധി കഴിഞ്ഞ ഇഖാമ പുതുക്കുകയോ ചെയ്‌തിട്ടില്ല. നഴ്‌സുമാരുടെ പ്രഫഷനല്‍ ലൈസന്‍സ്‌ ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകളും തൊഴിലുടമ മടക്കി നല്‍കിയില്ല.

മൂന്നു നഴ്‌സുമാരെ നാട്ടില്‍ മടക്കി അയക്കണമെന്നും എന്‍ഡ്‌ ഓഫ്‌ സര്‍വ്വീസ്‌ ബെനഫിറ്റ്‌ നേടിക്കൊടുക്കണമെന്നും ആവശ്യപ്പെട്ട്‌ പ്ലീസ്‌ ഇന്ത്യയുടെ സഹായത്തോടെ ഇവര്‍ ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയിരുന്നു. കേസ്‌ തുടര്‍ നടപടികള്‍ക്കായി എംബസിയുടെ പ്രതിനിധിയായി ലേബര്‍ ഓഫീസുകളില്‍ ഹാജരാകുന്നതിന്‌ പ്ലീസ്‌ ഇന്ത്യാ കോ ഓര്‍ഡിനേറ്റര്‍ ലത്തീഫ്‌ തെച്ചിക്ക്‌ എംബസി അനുമതിപത്രവും നഴ്‌സുമാര്‍ക്ക്‌ 2010 ഡിസംബര്‍ 28 ന്‌ താല്‍ക്കാലിക തിരിച്ചറിയല്‍ രേഖയും നല്‍കിയിരുന്നു.

ലേബര്‍ ഓഫീസ്‌ 2011 മേയ്‌ നാലിന്‌ നഴ്‌സുമമാര്‍ക്ക്‌ അനുകൂലമായി വിധി പുറപ്പെടുവിച്ചു. സാറാമ്മയ്‌ക്ക്‌ 27,000 റിയാല്‍, സുഭദ്രയ്‌ക്ക്‌ 24,000, ശ്രീലതയ്‌ക്ക്‌ 22,400 വീതം നല്‍കാനായിരുന്നു ഉത്തരവ്‌. തടഞ്ഞുവെച്ച പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുളള രേഖകള്‍ മടക്കി നല്‍കാനും ഉത്തരവിട്ടു. എന്നാല്‍ വിധി അംഗീകരിക്കാതിരുന്ന സ്‌പോണ്‍സര്‍ അപ്പീല്‍ നല്‍കി.

ഒരു വര്‍ഷത്തില്‍ താഴെ മാത്രം സ്ഥാപനം നടത്തിയ പുതിയ സ്‌പോണ്‍സര്‍ക്ക്‌ എന്‍ഡ്‌ ഓഫ്‌ സര്‍വ്വീസ്‌ ബെനഫിറ്റ്‌ നല്‍കാന്‍ ബാധ്യതയില്ലെന്നും പഴയ സ്‌പോണ്‍സറുടെ അനന്തരാവകാശിയായ മക്കളില്‍ നിന്ന്‌ ഈടാക്കണമെന്നായിരുന്നു പുതിയ സ്‌പോണ്‍സറുടെ നിലപാട്‌. ഇതിനിടെ നഴ്‌സുമാര്‍ക്ക്‌ അനുകൂലമായി വിധി വന്നതോടെ പുതിയ സ്‌പോണ്‍സറും പഴയ സ്‌പോണ്‍സറുടെ മക്കളും തമ്മില്‍ ധാരണയുണ്‌ടാക്കി. നഴ്‌സുമാര്‍ക്ക്‌ സഹായകരമായ നിലപാടു വാഗ്‌ദാനം ചെയ്‌തു നഴ്‌സുമാരെ നിര്‍ബന്ധിപ്പിച്ച്‌ 2011ലെ വിധി റദ്ദാക്കി. ഇതാണ്‌ നഴ്‌സുമാര്‍ക്ക്‌ ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്‌.

2011 ലെ ലേബര്‍ ഓഫീസ്‌ വിധി പുനസ്ഥാപിക്കണമെന്നും അത്‌ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട്‌ പ്ലീസ്‌ ഇന്ത്യ കോ ഓര്‍ഡിനേറ്റര്‍ ലത്തീഫ്‌ തെച്ചി, ലീഗല്‍ അഡൈ്വസര്‍ അഡ്വ വിക്രമന്‍, അഡ്വ ബി സുരേഷ്‌ കുമാര്‍, അഡ്വ ജയന്‍ കാരളം, ജമാല്‍ വടപുറം, പ്ലീസ്‌ ഇന്ത്യാ വനിതാ വിഭാഗം കോ ഓര്‍ഡിനേറ്റര്‍ അഡ്വ ജസീന സാദിഖ്‌ എന്നിവര്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ പീഡിപ്പിക്കപ്പെട്ടവരുടെ കോടതിയെ സമീപിച്ചിരിക്കുകയാണ്‌.
ശമ്പളവും വര്‍ക്ക്‌ പെര്‍മിറ്റുമില്ലാതെ മൂന്നു മലയാളി നഴ്‌സുമാര്‍ രണ്‌ടു വര്‍ഷമായി ദുരിതത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക