Image

ആലഞ്ചേരി അനുയായികള്‍ വത്തിക്കാനിലേക്ക്; വിവാദവസ്തുത പോപ്പിനെ ധരിപ്പിക്കും

Published on 12 April, 2018
ആലഞ്ചേരി അനുയായികള്‍ വത്തിക്കാനിലേക്ക്; വിവാദവസ്തുത പോപ്പിനെ ധരിപ്പിക്കും
സീറോ മലബാര്‍ സഭയെ പാത്രിയാര്‍ക്കേറ്റ് പദവിയിലേക്ക് ഉയര്‍ത്തുന്ന നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അനുകൂല സംഘം വത്തിക്കാനിലേക്ക് പോകാനൊരുങ്ങുന്നു. ഇതു സംബന്ധിച്ച സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വിവിധ മാധ്യമങ്ങള്‍ ഇത്  റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. വിവാദ ഭൂമി വില്‍പന കേസില്‍ ആരോപണ വിധേയനായ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനത്യാഗം ചെയ്യണമെന്ന നിലപാടില്‍ അതിരൂപതയിലെ ഒരുവിഭാഗം വൈദികരും വിശ്വാസികളും ശക്തമായി നിലകൊള്ളുന്നതിനിടെയാണ് ആലഞ്ചേരി അനുയായികള്‍ വത്തിക്കാനിലേക്കു പോവുന്നത്.

ഭൂമി വില്‍പനയുമായി ബന്ധപ്പെട്ടു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വത്തിക്കാനില്‍ നിന്നുള്ള നടപടി തടയുകയെന്നതാണു യാത്രയുടെ പ്രധാന ലക്ഷ്യമെന്നു സൂചന. ഇതു സംബന്ധിച്ചു കര്‍ദിനാളിനെ അനുകൂലിക്കുന്ന വിവിധ സംഘടനാ നേതാക്കള്‍ കഴിഞ്ഞദിവസം കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിനിടയില്‍ എഎംടിയുടെ നേതൃത്വത്തില്‍ ഫെറോനാ തലങ്ങള്‍ തോറും വിഷയത്തില്‍ കണ്‍വന്‍ഷനുകള്‍ നടന്നുവരികയാണ്.

വത്തിക്കാനിലും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലും മറ്റുമായുള്ള കേരളത്തില്‍ നിന്നുള്ള മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അനുകൂലിക്കുന്ന ക്രൈസ്തവരായിരിക്കും പ്രതിനിധി സംഘത്തിലുണ്ടാവുകയെന്നാണു വിവരം. കേരളത്തില്‍ നിന്നുള്ള കര്‍ദിനാള്‍ അനുകൂല സംഘടനയിലുള്ള ഏതാനും ഭാരവാഹികളും സംഘത്തിലുണ്ടായിരിക്കും. നിലവില്‍ സീറോ മലബാര്‍ സഭയ്ക്ക് ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയാണുള്ളത്. ഇതില്‍ നിന്നു പാത്രിയാര്‍ക്കറ്റ് പദവിയിലേക്ക് ഉയര്‍ത്തണമെന്ന് മാര്‍പാപ്പയോട് അഭ്യര്‍ഥിക്കുകയെന്നതാണു ലക്ഷ്യമെന്നു കര്‍ദിനാളിനെ അനുകൂലിക്കുന്ന സംഘടനയായ ഇന്ത്യന്‍ കാത്തലിക് ഫോറം ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി കെന്നഡി കരിമ്പിന്‍ കാലായില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം 100 പേരടങ്ങുന്ന നിവേദകസംഘം വത്തിക്കാനിലെത്തി മാര്‍പാപ്പയ്ക്ക് നേരിട്ട് സമര്‍പ്പിക്കാനാണു തീരുമാനം.
അതേസമയം വിവാദ ഭൂമി വില്‍പന വിഷയത്തില്‍ കര്‍ദിനാളിനെതിരേയുള്ള നിലപാടില്‍ നിന്നു പിന്നാക്കം പോവാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് അതിരൂപതയിലെ വിശ്വാസികള്‍ ചേര്‍ന്നു രൂപീകരിച്ചിരിക്കുന്ന ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി (എഎംടി)യും ഒരു വിഭാഗം വൈദികരും. 

പ്രശ്്‌നപരിഹാരത്തിനായുള്ള ചര്‍ച്ചകള്‍ക്ക് തുടക്കംകുറിച്ചപ്പോള്‍ എല്ലാ പ്രശ്‌നവും പരിഹരിച്ചുവെന്ന നിലപാടാണ് കര്‍ദിനാള്‍ സ്വീകരിച്ചിരിക്കുന്നത്.
ഇതേത്തുടര്‍ന്ന് തുടര്‍ചര്‍ച്ചകള്‍ക്കുള്ള സാധ്യത പോലും അവസാനിച്ചു. ഭൂമി വില്‍പന വിഷയത്തില്‍ യഥാര്‍ഥ സത്യം വെളിയില്‍ വരുന്നതുവരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനത്ത് നിന്നു മാറി നില്‍ക്കുകതന്നെ വേണമെന്ന നിലപാടിലാണ് ഇവര്‍. കര്‍ദിനാളിനെതിരേ കേസെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അടുത്തിടെ സ്‌റ്റേ ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക