Image

കെവിന്‍ മുണ്ടക്കലിന്റെ പൗരോഹിത്യ സ്വീകരണം മെയ് 5 -ന് സോമര്‍സെറ്റ് ദേവാലയത്തില്‍

സെബാസ്റ്റ്യന്‍ ആന്റണി Published on 12 April, 2018
കെവിന്‍ മുണ്ടക്കലിന്റെ പൗരോഹിത്യ സ്വീകരണം മെയ് 5 -ന് സോമര്‍സെറ്റ്  ദേവാലയത്തില്‍
ന്യൂജേഴ്സി : ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലെ പ്രഥമ തദ്ദേശ വൈദിക വിദ്യാര്‍ത്ഥി ഡീക്കന്‍ കെവിന്‍ മുണ്ടക്കലിന്റെ പൗരോഹിത്യ സ്വീകരണം മെയ് 5-ന് നടക്കും. വൈകീട്ട് 2.30 ന് ന്യൂജേഴ്സിയിലെ സെന്റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോന ദേവാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തില്‍ നിന്നും കെവിന്‍ വൈദീക പട്ടം സ്വീകരിക്കും. ചടങ്ങില്‍ സഹായ മെത്രാന്‍ ജോയ് ആലപ്പാട്ട് സന്നിഹിത നായിരിക്കും.

ഫാ. ജോസ് കണ്ടത്തിക്കുടി(വികാര്‍. ബ്രോങ്ക്‌സ് സെന്റ് തോമസ് സിറോ മലബാര്‍ ദേവാലയം), ഫാ. റോയ്സണ്‍ മെനോലിക്കല്‍ (അസി. വികാര്‍), ഫാ. പോള്‍ ചാലിശ്ശേരി (വൊക്കേഷന്‍ ഡയറക്ടര്‍), ഫാ.വിനോദ് മഠത്തിപ്പറമ്പില്‍(വൊക്കേഷന്‍ ഡയറക്ടര്‍ 2010-2016), ഫാ. ഫ്രാന്‍സിസ് അസ്സിസി (ഓ.ഐ.സി) എന്നിവരും മറ്റു ഇടവക കളില്‍ നിന്നുള്ള വൈദീകരും, സിസ്റ്റര്‍മാരും, ഇടവകാംഗങ്ങളും പങ്കെടുക്കും.

ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയ ഇടവകാംഗവും, ചമ്പക്കുളം മുണ്ടക്കല്‍ കുടുംബാംഗമായ മുണ്ടക്കല്‍ ടോം - വത്സ ദമ്പതികളുടെ മൂന്ന് മക്കളില്‍ രണ്ടാമനാണ് കെവിന്‍. ന്യൂയോര്‍ക്കിലെ ഹത്തോണ്‍ ഹോളി റോസരി ദേവാലയത്തില്‍ വെച്ചായിരുന്നു കെവിന്റെ ആദ്യ കുര്‍ബാന സ്വീകരണം.

ന്യൂയോര്‍ക്കിലെ വെസ്റ്റ് ലേക് സ്‌കൂളില്‍നിന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കെവിന്‍ 2010 ഓഗസ്റ്റിലാണ് ദൈവവിളി സ്വീകരിച്ച് ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സിലുള്ള സെന്റ് ജോസഫ് മൈനര്‍ സെമിനാരിയില്‍ പഠനം ആരംഭിച്ചത്.

തുടര്‍ന്ന് 2011 ല്‍ പഠനം ഷിക്കാഗോയിലുള്ള സെന്റ് ജോസഫ് കോളജ് സെമിനാരിയിലേക്ക് മാറ്റി. പിന്നീട് 2014 -ല്‍ റോമിലുള്ള ഇന്റര്‍നാഷണല്‍ പൊന്തിഫിക്കല്‍ കോളേജ് മരിയ മാറ്റര്‍ എക്ലെസിയേഷനില്‍ ചേര്‍ന്ന് പഠനം തുടരുമ്പോഴാണ് കെവിന് ഡീക്കന് പട്ടം സ്വീകരിക്കുന്നതിനുള്ള ദൈവനിയോഗം കൈവന്നത്.

ഡീക്കന്‍ പട്ടത്തിനു ശേഷം, ആറു മാസം ആലുവയിലുള്ള മംഗലപ്പുഴ മേജര്‍ സെമിനാരിയില്‍ സീറോ മലബാര്‍ ആരാധനാ ക്രമവും, നിയമങ്ങളും ഇടവക ഭരണത്തിലുമുള്ള പരിശീലനവും പൂര്‍ത്തിയാക്കി.

എട്ട് വര്‍ഷത്തെ സെമിനാരി പഠനത്തിനു ശേഷം കര്‍ത്താവിന്റെ അഭിഷിക്തനായി അജപാലന ദൗത്യവുമായി പൌരോഹിത്യ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഡീക്കന്‍ കെവിന്‍ ദൈവവിളിയുടെ മറ്റൊരു സാക്ഷ്യം കൂടിയായി മാറുകയാണ്.

ന്യൂയോര്‍ക്കില്‍ ജനിച്ചു വളര്‍ന്ന കെവിന്‍ ചെറുപ്രായം മുതല്‍ സഭയുടെ ആത്മീക കാര്യങ്ങളില്‍ താല്‍പര്യവും ഉത്സാഹവും വച്ചുപുലര്‍ത്തിയിരുന്നു. ബ്രോങ്ക്‌സ് ദേവാലയത്തില്‍ അള്‍ത്താര ബാലനായി തുടങ്ങി ഇന്ന് പൗരോഹിത്യ ശുശ്രൂഷക്കു തയ്യാറായി നില്‍ക്കുമ്പോള്‍ മാതൃ ദേവാലയത്തിലെ ഇടവകാംഗങ്ങളുടെയും, സുഹൃത്തുക്കളുടെയും, പ്രത്യകിച്ചും ആത്മീയ ഗുരുക്കന്മാരുടെയും പ്രാര്‍ത്ഥനകള്‍ നന്ദിയോടെ സ്മരിക്കുകയും, ദൈവത്തിന് നന്ദി പറയുകയാണ് കെവിന്‍.

കെവിന്റെ മാതൃക പിന്തുടര്‍ന്ന്, ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ നിന്നും പതിനൊന്നു തദ്ദേശികളായ മലയാളി കുട്ടികള്‍, ദൈവവിളി സ്വീകരിച്ചു വിവിധ സെമിനാരികളിലായി പഠിച്ചു വരുന്നു. ഇതില്‍ രണ്ടു പേര്‍ ബ്രോങ്ക്‌സ് ഇടവകയില്‍ നിന്നുള്ളവരാണ് എന്നുള്ളത് ബ്രോങ്ക്‌സ് ് ഇടവക സമൂഹത്തിനും, അഭിമാനം പകരുന്നു.

മെയ് 5-ന് വൈകീട്ട് 2.30 ന് ന്യൂജേഴ്സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോന ദേവാലയത്തില്‍ നടക്കുന്ന പൗരോഹിത്യ സ്വീകരണ ചടങ്ങുകളില്‍ പങ്കു ചേര്‍ന്ന് ദൈവത്തിനു നന്ദിയര്‍പ്പിക്കാനും, ചടങ്ങുകള്‍ വിജയപ്രദമാക്കിത്തീര്‍ക്കാനും എല്ലാ ഇടവകാംഗങ്ങളെയും, സുഹൃത്തുക്കളെയും, ഇടവക വികാരി ബഹു . ലിഗോറി ജോണ്‍സന്‍ ഫിലിപ്‌സ് സ്‌നേഹത്തോടെ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

തോമസ് ചെറിയാന്‍ പടവില്‍ (908) 906-1709, മിനേഷ് ജോസഫ് (ട്രസ്റ്റി) (201) 978-9828, മേരീദാസന്‍ തോമസ് (ട്രസ്റ്റി) (201) 912-6451, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732) 762-6744, സാബിന്‍ മാത്യു (ട്രസ്റ്റി) (848) 391-8461.

Address: 508 Elizabeth Ave, Somerset, NJ 08873
വെബ്:www.Stthomassyronj.org
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക