Image

ഒടുവില്‍ അതു സംഭവിച്ചു (പകല്‍ക്കിനാവ്- 98: ജോര്‍ജ് തുമ്പയില്‍)

Published on 13 April, 2018
ഒടുവില്‍ അതു സംഭവിച്ചു (പകല്‍ക്കിനാവ്- 98: ജോര്‍ജ് തുമ്പയില്‍)
ഫേസ്ബുക്ക് തുടങ്ങിയ കാലം മുതല്‍ക്കേ, എന്തോ ഞാന്‍ അതിന്റെ കടുത്ത എതിരാളിയാണ്. ഇത് ഏതോ ആളെക്കൊല്ലുന്ന പരിപാടിയാണെന്നാണ് അന്നേ എനിക്ക് തോന്നിയിരുന്നു. അത് ഏതോ ഇല്യൂഷന്‍ കൊണ്ടു തോന്നിയതാവാം. എന്തായാലും, ഇപ്പോള്‍ കൊല്ലം അഞ്ചു കഴിയുന്നതിനു മുന്നേ ഫേസ്ബുക്കിന്റെ കാര്യത്തില്‍ ഏതാണ്ട് തീരുമാനമായ മട്ടാണ്. അതിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. വിശ്വാസ്യത പോയാല്‍ പിന്നെ എന്തു പറഞ്ഞിട്ടെന്താണ്. വിശ്വാസം, അതല്ലേ എല്ലാം. അതില്ലെങ്കില്‍ പിന്നെ ബാക്കിയെല്ലാം ഉണ്ടെന്നു പറഞ്ഞിട്ടു പ്രത്യേകിച്ചു കാര്യമൊന്നുമില്ലല്ലോ. ഇപ്പോള്‍ ഫേ്‌സ്ബുക്ക് വഴി ലോകമാകെ വ്യക്തിവിവരങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നത് ഏതാണ്ട്, 8.70 കോടി പേരുടേതാണ്. 5.64 ലക്ഷം പേരുടെ സ്വകാര്യവിവരങ്ങള്‍ നഷ്ടമായ നമ്മുടെ ഇന്ത്യ ഈ പട്ടികയില്‍ ഏഴാം സ്ഥാനത്തും നില്‍ക്കുന്നു. ആദ്യസ്ഥാനം യു.എസിനുമാണ്. 7.06 കോടി പേരുടെ വിവരങ്ങളാണ് യുഎസില്‍ നിന്നും ചോര്‍ത്തപ്പെട്ടത്. ചോര്‍ത്തലിന്റെ പശ്ചാത്തലത്തില്‍, അടുത്ത വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഉള്‍പ്പെടെ ലോകമെങ്ങും നടക്കുന്ന പ്രധാന തിരഞ്ഞെടുപ്പുകളില്‍ ഫേസ്ബുക്ക് വിവരങ്ങള്‍ അവിഹിതമായി ഉപയോഗിക്കപ്പെടുന്നതു തടയാന്‍ നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുമെന്നു ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് എത്രമാത്രം വിശ്വസിക്കാന്‍ കഴിയുമെന്നു കണ്ടറിയണം. കാരണം, ഫേസ്ബുക്കില്‍ ചേരുമ്പോള്‍ തന്നെ സ്വകാര്യത കാത്തു സൂക്ഷിക്കുമെന്ന് അവര്‍ ഉറപ്പു നല്‍കിയിരുന്നതാണ്. അതാണ് ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഫേസ്ബുക്ക് ഉപയോക്താക്കളുള്ള ഇന്ത്യയിലും ഇപ്പോള്‍ ഭൂകമ്പമുണ്ടാക്കി കഴിഞ്ഞു. ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യൂ എന്ന ക്യാംപെയിന്‍ ലോകവ്യാപകമായി ശക്തിപ്രാപിക്കുമ്പോള്‍ ഓരോ ഉപയോക്താവും ചോദിക്കുന്നത് ഒരേ ചോദ്യം. ഫേസ്ബുക്കില്‍ അപകടത്തിലാകുന്നതാരാണ്.

ഇന്ത്യ, ബ്രസീല്‍, മെക്‌സികോ, പാക്കിസ്ഥാന്‍, ഹംഗറി തുടങ്ങിയ രാജ്യങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുമെന്നൊക്കെ പറയുന്നുണ്ട്. ഇതിന്റെ ഭാഗമായി റഷ്യയിലെ ഇന്റര്‍നെറ്റ് റിസര്‍ച് ഏജന്‍സിയുടെ (ഐആര്‍എ) ഫേസ്ബുക്ക് സാന്നിധ്യം റദ്ദാക്കിയിട്ടുണ്ട്. 2016 യുഎസ് തിരഞ്ഞെടുപ്പില്‍ ഐആര്‍എ അവിഹിതമായി ഇടപെട്ടുവെന്നാണു കണ്ടെത്തല്‍. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകനായ അലക്‌സാണ്ട് കോഗന്‍ വികസിപ്പിച്ച 'ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ്' എന്ന തേര്‍ഡ് പാര്‍ട്ടി ആപ് ഇന്ത്യയില്‍ ഉപയോഗിച്ചത് 335 പേര്‍. ഇവരുടെയും 5,62,120 സുഹൃത്തുക്കളുടെയും ഫേസ്ബുക്ക്് വിവരങ്ങള്‍ കോഗന്‍ ശേഖരിച്ചുവത്രേ.വ്യക്തികളുടെ താല്‍പര്യങ്ങള്‍, അഭിരുചികള്‍, ഇഷ്ടങ്ങള്‍, ബന്ധങ്ങള്‍ എന്നിവയടങ്ങിയ വിവരശേഖരം കേംബ്രിജ് അനലിറ്റിക്ക കമ്പനിക്കു കൈമാറിയത്രേ. മാധ്യമങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന വിവരം പ്രകാരം, ചോര്‍ന്നത് ഇത്രയുമാണ്. യുഎസ്: 7,06,32,350 (81.6%) ഫിലിപ്പീന്‍സ്: 11,75,870 (1.4%) ഇന്തൊനീഷ്യ: 10,96,666 (1.3%) ബ്രിട്ടന്‍: 10,79,031 (1.2%) മെക്‌സിക്കോ: 7,89,880 (0.9%) കാനഡ: 6,22,161 (0.7%) ഇന്ത്യ: 5,62,455 (0.6%) ബ്രസീല്‍: 4,43,117 (0.5%) വിയറ്റ്‌നാം: 4,27,446 (0.5%) ഓസ്‌ട്രേലിയ: 3,11,127 (0.4%)

ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ധനികരില്‍ ഒരാള്‍ കൂടിയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഫേസ്ബുക്കിന്റെ വളര്‍ച്ച അമ്പരപ്പിക്കുന്നതായിരുന്നു. ഇന്ന് ഫേസ്ബുക്കിന്റെ ചുവടു പിടിച്ച് ധാരാളം സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ സമൂഹമാധ്യമകൂട്ടായ്മയായ ഫേസ്ബുക്ക് നിങ്ങളെ ഒറ്റിക്കൊടുക്കുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഏവരെയും അമ്പരിപ്പിക്കുന്നത്? ഇന്ത്യയില്‍ ഒരു പടി കൂടി കടന്ന് രാഷ്ട്രീയവിവാദത്തിനും തുടക്കമായി. ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വാട്‌സാപ്പ് സഹ സ്ഥാപകന്‍ ബ്രയാന്‍ ആക്ടണ്‍ രംഗത്തു വന്നു കഴിഞ്ഞു. ജാന്‍ കൗമും ബ്രയാന്‍ ആക്ടണും ചേര്‍ന്നാണ് 2009ല്‍ വാട്‌സ് ആപ്പ് മെസഞ്ചര്‍ ഉണ്ടാക്കിയത്. ഇത് 2014ല്‍ ഫേസ്ബുക്കിന് വിറ്റിരുന്നു. 1900 കോടി ഡോളറിനായിരുന്നു വില്‍പന. പത്തു ദശലക്ഷം ഫേസ്ബുക്ക് ഉപഭോക്താക്കളില്‍നിന്നായി കേംബ്രിഡ്ജ് അനലിറ്റിക്ക ശേഖരിച്ച വിവരങ്ങള്‍ നീക്കം ചെയ്യുന്നില്ലെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്ക് കുറ്റപ്പെടുത്തിയിരുന്നു.

തൊഴുത്തില്‍ക്കുത്ത് ഇങ്ങനെ മുന്നേറുമ്പോള്‍ ഒരു കാര്യം ഏതാണ്ട് ഉറപ്പായി. നമ്മുടെ സ്വകാര്യ വിവരങ്ങളൊന്നും ഒരിടത്തും ഉറപ്പില്ലാതായിരിക്കുന്നു. ഫേസ്ബുക്കിനെ എതിര്‍ത്തവരുടെ ന്യായങ്ങള്‍ ഇപ്പോള്‍ സത്യമായിരിക്കുന്നു. ഫേസ്ബുക്കില്‍ ഇല്ലേ, നിങ്ങളെന്തൊരു പിന്തിരിപ്പന്‍ എന്നൊക്കെ ചോദിച്ചവര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ലാതായിട്ടുണ്ട്. ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള ക്യാംപെയ്ന്‍ എല്ലായിടത്തും ശക്തിപ്രാപിച്ചിട്ടുണ്ട്. അക്കൗണ്ട് ഉണ്ടാക്കാതിരിക്കുന്നത് എത്ര നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നു. എല്ലാം നല്ലതിനെന്ന് ശുഭാപ്തി വിശ്വാസമാണ് ഇവിടെയും തുണയായത്. ഇനി എല്ലാവരുമൊന്നു സൂക്ഷിച്ചോളൂ. വാട്‌സ് ആപ്പും വൈകാതെ പണി തന്നേക്കാം...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക